പ്രധാനമന്ത്രിയുടെ ഓഫീസ്
ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Posted On:
30 MAR 2025 6:05PM by PIB Thiruvananthpuram
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഛത്തീസ്ഗഢ് മഹ്താരി കീ ജയ്! (ഛത്തീസ്ഗഢ് കീ ജയ്)
രത്തൻപൂർ വാലി മാതാ മഹാമായ കീ ജയ്!
കർമ്മ മായ കീ ജയ്! ബാബ ഗുരു ഘാസിദാസ് കീ ജയ്!
जम्मो संगी-साथी-जहुंरिया,
महतारी-दीदी-बहिनी अउ सियान-जवान,
(പ്രാദേശിക ഭാഷയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നു)
എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ജയ് ജോഹാർ!
ഛത്തീസ്ഗഢ് ഗവർണർ ശ്രീ രാമൻ ഡേക ജി; സംസ്ഥാനത്തിന്റെ ജനപ്രിയനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി ശ്രീ വിഷ്ണുദേവ് സായ് ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ ബഹുമാന്യനായ സഹപ്രവർത്തകൻ മനോഹർ ലാൽ ജി; ഈ മേഖലയിലെ പാർലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമായ തോഖൻ സാഹു ജി; ഛത്തീസ്ഗഢ് നിയമസഭാ സ്പീക്കറും എന്റെ പ്രിയ സുഹൃത്തുമായ രമൻ സിംഗ് ജി; ഉപമുഖ്യമന്ത്രി വിജയ് ശർമ്മ ജി; അരുൺ സാഹു ജി; ഛത്തീസ്ഗഢ് ഗവൺമെൻ്റിലെ എല്ലാ മന്ത്രിമാരെ, എംപിമാരെ, എംഎൽഎമാരെ; ദൂരദേശങ്ങളിൽ നിന്ന് ഇവിടെ ഒത്തുകൂടിയ എന്റെ സഹോദരീ സഹോദരന്മാരെ!
ഇന്ന് പുതുവത്സരത്തിന്റെ ആരംഭം കുറിക്കുന്നു. നവരാത്രിയുടെ ആദ്യ ദിനം കൂടിയാണിത്, മാതാ മഹാമായയുടെ വാസസ്ഥലമായി ഈ ഭൂമി അനുഗ്രഹീതമാണ്. മാതാ കൗസല്യയുടെ പിതൃഭവനമാണ് ഛത്തീസ്ഗഢ്. ഈ പുണ്യ സന്ദർഭത്തിൽ, ദിവ്യമായ സ്ത്രീശക്തിക്കായി സമർപ്പിച്ചിരിക്കുന്ന ഈ ഒമ്പത് ദിവസങ്ങൾ ഛത്തീസ്ഗഢിന് പ്രത്യേക പ്രാധാന്യമുള്ളതാണ്. നവരാത്രിയുടെ ആദ്യ ദിവസം തന്നെ ഇവിടെ എത്താൻ കഴിഞ്ഞതിൽ ഞാൻ ശരിക്കും ഭാഗ്യവാനാണെന്ന് കരുതുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഭക്ത ശിരോമണി മാതാ കർമ്മയോടുള്ള ആദരസൂചകമായി ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി, ഈ അവസരത്തിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
സുഹൃത്തുക്കളെ,
രാമനവമിയുടെ മഹത്തായ ആഘോഷത്തോടെയാണ് നവരാത്രി ഉത്സവം സമാപിക്കുക, ഛത്തീസ്ഗഢിന്റെ ശ്രീരാമനോടുള്ള ഭക്തി ശരിക്കും ശ്രദ്ധേയമാണ്. നമ്മുടെ രാമനാമ സമാജം (ഒരു വിഭാഗം) ഭഗവാൻ ശ്രീരാമന്റെ ദിവ്യനാമത്തിനായി സ്വയം സമർപ്പിച്ചിരിക്കുന്നു. ശ്രീരാമന്റെ മാതൃരാജ്യത്തിലെ ജനങ്ങൾക്കും എന്റെ സുഹൃത്തുക്കളായ നിങ്ങൾക്കെല്ലാവർക്കും എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു. ജയ് ശ്രീറാം!
സുഹൃത്തുക്കളെ,
ഈ ശുഭദിനത്തിൽ, മൊഹ്ഭട്ട സ്വയംഭൂ ശിവലിംഗ മഹാദേവന്റെ അനുഗ്രഹത്താൽ, ഛത്തീസ്ഗഢിന്റെ വികസനം കൂടുതൽ ത്വരിതപ്പെടുത്താനുള്ള അവസരം എനിക്ക് ലഭിച്ചു. കുറച്ചു മുൻപ്, 33,700 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് ഞങ്ങൾ തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ഈ പദ്ധതികളിൽ പാവപ്പെട്ടവർക്കുള്ള ഭവനം, സ്കൂളുകൾ, റോഡുകൾ, റെയിൽവേ, വൈദ്യുതി, ഗ്യാസ് പൈപ്പ്‌ലൈനുകൾ എന്നിവ ഉൾപ്പെടുന്നു - ഛത്തീസ്ഗഢിലെ ജനങ്ങളുടെ ജീവിത നിലവാരം ഗണ്യമായി ഉയർത്തുന്ന സംരംഭങ്ങൾ. യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഈ സുപ്രധാന വികസന പദ്ധതികൾക്ക് നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
സുഹൃത്തുക്കളെ,
നമ്മുടെ പാരമ്പര്യത്തിൽ, ഒരാൾക്ക് അഭയം നൽകുന്നത് ഒരു മഹത്തായ പുണ്യമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഒരു വീട് സ്വന്തമാക്കുക എന്ന ഒരാളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനേക്കാൾ വലിയ സന്തോഷം മറ്റെന്താണ്? ഇന്ന്, നവരാത്രിയുടെയും പുതുവത്സരത്തിന്റെയും ഈ ശുഭകരമായ അവസരത്തിൽ, ഛത്തീസ്ഗഢിലെ മൂന്ന് ലക്ഷം നിർദ്ധന കുടുംബങ്ങൾ അവരുടെ പുതിയ വീടുകളിലേക്ക് താമസം മാറുകയാണ്. കുറച്ചു മുമ്പ്, മൂന്ന് ഗുണഭോക്താക്കളെ കാണാൻ എനിക്ക് അവസരം ലഭിച്ചു, അവരുടെ മുഖത്ത് അതിരറ്റ സന്തോഷം എനിക്ക് കാണാൻ കഴിഞ്ഞു. അവരിൽ ഒരാൾ സന്തോഷത്താൽ മതിമറന്നതിനാൽ അവർക്ക് വികാരങ്ങൾ അടക്കിനിർത്താൻ കഴിഞ്ഞില്ല. ജീവിതത്തിലെ ഈ പുതിയ അധ്യായത്തിൽ ഈ എല്ലാ കുടുംബങ്ങൾക്കും - മൂന്ന് ലക്ഷം കുടുംബങ്ങൾക്കും - എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ഈ ദരിദ്ര കുടുംബങ്ങളുടെ തലയ്ക്ക് മുകളിൽ സുരക്ഷിതമായ മേൽക്കൂരയുടെ സാധ്യത യാഥാർത്ഥ്യമായത് നിങ്ങളുടെയെല്ലാം സഹായത്താലാണ്. മോദിയുടെ ഉറപ്പിൽ നിങ്ങൾ വിശ്വാസമർപ്പിച്ചതിനാലാണ് ഞാൻ ഇത് പറയുന്നത്. മുൻ ഗവൺമെൻ്റിൻ്റെ കീഴിൽ, ഛത്തീസ്ഗഢിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഒരു ഉറപ്പുള്ള വീട് എന്ന സ്വപ്നം ഫയലുകളിൽ പൂഴ്ത്തിവെച്ചിരുന്നു. ഞങ്ങളുടെ ഗവൺമെൻ്റ് ഈ സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. അതുകൊണ്ടാണ്, വിഷ്ണുദേവ് ജിയുടെ ഗവൺമെൻ്റ് രൂപീകരിച്ചയുടൻ, ആദ്യത്തെ മന്ത്രിസഭാ തീരുമാനം 18 ലക്ഷം വീടുകൾ നിർമ്മിക്കുക എന്നതായിരുന്നു. ഇന്ന്, അതിൽ മൂന്ന് ലക്ഷം വീടുകൾ പൂർത്തിയായി. ഈ വീടുകളിൽ പലതും ഗോത്രവർഗ മേഖലകളിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നതിൽ ഞാൻ പ്രത്യേകിച്ചും സന്തോഷിക്കുന്നു. ബസ്തറിൽ നിന്നും സർഗുജയിൽ നിന്നുമുള്ള നിരവധി കുടുംബങ്ങൾക്ക് ഇപ്പോൾ അടച്ചുറപ്പുള്ള വീടുകളുണ്ട്. താൽക്കാലിക കുടിലുകളിൽ തലമുറകളായി കഷ്ടപ്പാടുകൾ സഹിച്ച കുടുംബങ്ങൾക്ക് ഇതിന്റെ പ്രാധാന്യം ശരിക്കും മനസ്സിലാക്കാൻ കഴിയും. ഈ മാറ്റത്തിന്റെ വ്യാപ്തി പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്തവർക്ക്, ഞാൻ അത് മനസ്സിലാക്കി തരാം. ട്രെയിനിലോ ബസിലോ ഒരു നീണ്ട യാത്രയിൽ, സീറ്റ് കണ്ടെത്താൻ കഴിയാത്തതിനാൽ നിങ്ങൾ മുഴുവൻ യാത്രയിലും നിൽക്കേണ്ടി വരുന്നതായി സങ്കൽപ്പിക്കുക. നിങ്ങൾ ഒരു സീറ്റ് നേടുന്ന നിമിഷം, നിങ്ങൾക്ക് അനുഭവപ്പെടുന്ന ആശ്വാസവും സന്തോഷവും വളരെ വലുതാണ്, അല്ലേ? ഇപ്പോൾ, ചേരികളിലോ കുടിലുകളിലോ ജീവിതം മുഴുവൻ ചെലവഴിച്ച കുടുംബങ്ങളെ സങ്കൽപ്പിക്കുക. ഇന്ന്, അവർ അടച്ചുറുപ്പുള്ള വീടുകളിലേക്ക് മാറുമ്പോൾ, അവരുടെ സന്തോഷത്തിന് അതിരുകളില്ല. ഈ പരിവർത്തനം കാണുമ്പോൾ, അത് എനിക്ക് പുതിയ ഊർജ്ജം പകരുകയും എന്റെ സഹവാസികൾക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കാനുള്ള എന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
ഈ വീടുകൾ നിർമ്മിക്കുന്നതിന് ഗവൺമെൻ്റ് സഹായം നൽകിയിട്ടുണ്ടെങ്കിലും, ഓരോ വീടും എങ്ങനെ നിർമ്മിക്കണമെന്ന് തീരുമാനിക്കേണ്ടത് ഗുണഭോക്താക്കളാണ്, ഗവൺമെൻ്റല്ല. ഇവ നിങ്ങളുടെ സ്വപ്നങ്ങളിലെ വീടുകളാണ്, നമ്മുടെ ഗവൺമെൻ്റ് വീടുകൾ നിർമ്മിക്കുക മാത്രമല്ല, അവയിൽ താമസിക്കുന്നവരുടെ ജീവിതം സമ്പന്നമാക്കാൻ ശ്രമിക്കുന്നു. ശൗചാലയങ്ങൾ , വൈദ്യുതി, ഉജ്ജ്വല ഗ്യാസ് കണക്ഷനുകൾ, പൈപ്പ് വെള്ളം എന്നിവയുൾപ്പെടെയുള്ള അവശ്യ സൗകര്യങ്ങൾ കൊണ്ട് ഈ വീടുകളെ സജ്ജമാക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇന്ന് ഇവിടെ ധാരാളം അമ്മമാരും സഹോദരിമാരും ഉണ്ടെന്ന് എനിക്ക് കാണാൻ കഴിയുന്നു. ഈ അടച്ചുറപ്പുള്ള വീടുകളിൽ ഭൂരിഭാഗവും നമ്മുടെ സ്ത്രീകളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് സഹോദരിമാർക്ക് ആദ്യമായി അവരുടെ പേരിൽ നിയമപരമായി ഒരു സ്വത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട അമ്മമാരേ, സഹോദരിമാരേ, നിങ്ങളുടെ മുഖത്തെ സന്തോഷവും നിങ്ങളുടെ ഹൃദയംഗമമായ അനുഗ്രഹങ്ങളുമാണ് എന്റെ ഏറ്റവും വലിയ സ്വത്ത്.
സുഹൃത്തുക്കളെ,
ഇത്രയും വലിയ സംഖ്യയിൽ വീടുകൾ നിർമ്മിക്കപ്പെടുമ്പോൾ - ലക്ഷക്കണക്കിന് - അത് മറ്റൊരു പ്രധാന വികസനത്തിലേക്ക് നയിക്കുന്നു. ഇത് പരിഗണിക്കുക: ആരാണ് ഈ വീടുകൾ നിർമ്മിക്കുന്നത്? അവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ എവിടെ നിന്നാണ് വരുന്നത്? ഈ വസ്തുക്കൾ ഡൽഹിയിൽ നിന്നോ മുംബൈയിൽ നിന്നോ ലഭിക്കുന്നില്ല; മറിച്ച്, അവ പ്രാദേശിക വിപണികളിൽ നിന്നാണ് വരുന്നത്. വലിയ തോതിലുള്ള വീടുകളുടെ നിർമ്മാണം നമ്മുടെ മേസ്തിരിമാർക്കും, പ്രധാന മേസ്തിരികൾ (രാജ്ഞി/ഹെഡ് മേസൺമാർ) പോലുള്ള വിദഗ്ധ തൊഴിലാളികൾക്കും, ഗ്രാമങ്ങളിലെ തൊഴിലാളികൾക്കും തൊഴിൽ നൽകുന്നു. നിർമ്മാണ സാമഗ്രികൾ വിതരണം ചെയ്യുന്ന പ്രാദേശിക ചെറുകിട കടയുടമകൾക്കും ഇത് പ്രയോജനം ചെയ്യുന്നു. കൂടാതെ, ട്രക്കുകളിലും മറ്റ് വാഹനങ്ങളിലും ഈ സാധനങ്ങൾ കൊണ്ടുപോകുന്നവർക്ക് തൊഴിലവസരങ്ങൾ ലഭിക്കുന്നു. ഈ രീതിയിൽ, ലക്ഷക്കണക്കിന് വീടുകളുടെ നിർമ്മാണം ഛത്തീസ്ഗഢിലുടനീളം പാർപ്പിടം നൽകുക മാത്രമല്ല, വ്യാപകമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
സുഹൃത്തുക്കളെ,
ഛത്തീസ്ഗഢിലെ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും ബിജെപി ഗവൺമെൻ്റ് ദൃഢമായി പാലിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിടെ നടന്നതായി മുഖ്യമന്ത്രി പരാമർശിച്ചു - ത്രിതല തെരഞ്ഞെടുപ്പുകൾ - നിങ്ങൾ കാണിച്ച അതിശക്തമായ പിന്തുണ ശരിക്കും പ്രശംസനീയമാണ്. ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ, നിങ്ങളുടെ വിശ്വാസത്തിനും അനുഗ്രഹങ്ങൾക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു.
സുഹൃത്തുക്കളെ,
വിവിധ ഗവൺമെൻ്റ് പദ്ധതികളുടെ ഗുണഭോക്താക്കൾ ഇന്ന് ഇവിടെ ഒത്തുകൂടി. നമ്മുടെ ഗവൺമെൻ്റ് എത്ര വേഗത്തിൽ തങ്ങളുടെ പ്രതിബദ്ധതകൾ നിറവേറ്റുന്നുവെന്ന് നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. ഛത്തീസ്ഗഢിലെ സ്ത്രീകൾക്കുള്ള ഞങ്ങളുടെ വാഗ്ദാനം ഞങ്ങൾ നിറവേറ്റി. രണ്ട് വർഷത്തേക്ക് നൽകേണ്ട ബോണസുകൾ നെൽകർഷകർക്ക് ലഭിച്ചു, കൂടാതെ വർദ്ധിച്ച മിനിമം താങ്ങുവിലയിൽ (എംഎസ്പി) നെല്ല് സംഭരിച്ചു. തൽഫലമായി, ലക്ഷക്കണക്കിന് കർഷക കുടുംബങ്ങൾക്ക് ഒരുമിച്ച് ആയിരക്കണക്കിന് കോടി രൂപ ലഭിച്ചു. മുൻ കോൺഗ്രസ് ഗവൺമെൻ്റിൻ്റെ കീഴിൽ, നിയമന പരീക്ഷകൾ വ്യാപകമായ അഴിമതിയാൽ നിറഞ്ഞിരുന്നു. ഈ പരീക്ഷാ തട്ടിപ്പുകളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ബിജെപി ഗവൺമെൻ്റ് ഉത്തരവിട്ടിട്ടുണ്ട്. മാത്രമല്ല, പൂർണ്ണ സുതാര്യതയോടെയാണ് നിയമന പരീക്ഷകൾ നടത്തുന്നതെന്ന് ഞങ്ങൾ ഇപ്പോൾ ഉറപ്പാക്കുന്നു. ഈ സത്യസന്ധമായ ശ്രമങ്ങൾ ബിജെപിയിലുള്ള പൊതുജനവിശ്വാസം ശക്തിപ്പെടുത്തിയിട്ടുണ്ട്. നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം, ഛത്തീസ്ഗഢിലുടനീളം അതിന്റെ പതാക പറന്നുയരുന്ന തരത്തിൽ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ബിജെപി ഇപ്പോൾ വിജയം നേടിയിട്ടുണ്ട്. ഈ സംസ്ഥാനത്തെ ജനങ്ങൾ ബിജെപി ഗവൺമെൻ്റിൻ്റെ ദർശനങ്ങളെയും സംരംഭങ്ങളെയും പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നു.
സുഹൃത്തുക്കളെ,
ഛത്തീസ്ഗഢ് ഒരു സംസ്ഥാനമായി 25 വർഷം പൂർത്തിയാക്കിയിരിക്കുന്നു, അതിന്റെ രജത ജൂബിലി വർഷമാണിത്. യാദൃശ്ചികമായി, ഈ വർഷം അടൽ ജിയുടെ ശതാബ്ദിയും അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട്, ഛത്തീസ്ഗഢ് ഗവൺമെൻ്റ് 2025 അടൽ നിർമ്മാൺ വർഷം ആയി ആഘോഷിക്കുന്നു. ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമാണ് - ഞങ്ങൾ അത് നിർമ്മിച്ചു, ഞങ്ങൾ അതിനെ കൂടുതൽ മികച്ചതാക്കും. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയോ ആരംഭിക്കുകയോ ചെയ്ത ഓരോ അടിസ്ഥാന സൗകര്യ പദ്ധതിയും ഈ ദൃഢനിശ്ചയത്തിന്റെ തെളിവാണ്.
സുഹൃത്തുക്കളെ,
ഛത്തീസ്ഗഢ് ഒരു പ്രത്യേക സംസ്ഥാനമായി സൃഷ്ടിക്കപ്പെട്ടത് വികസനത്തിന്റെ ഗുണങ്ങൾ അവിടുത്തെ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനാണ്. എന്നിരുന്നാലും, കോൺഗ്രസ് ഭരണകാലത്ത് വികസനം സ്തംഭനാവസ്ഥയിലായിരുന്നു, എവിടെയെല്ലാം ജോലികൾ നടന്നോ അവിടെ അഴിമതികളും തുടർന്നു. കോൺഗ്രസ് പാർട്ടി ഒരിക്കലും നിങ്ങളുടെ ക്ഷേമത്തിനായി ശരിക്കും ശ്രദ്ധിച്ചിട്ടില്ല. പക്ഷേ ഞങ്ങൾ ചെയ്തിട്ടുണ്ട്. നിങ്ങളുടെ ജീവിതത്തിനും, നിങ്ങളുടെ സുഖസൗകര്യങ്ങൾക്കും, നിങ്ങളുടെ കുട്ടികളുടെ ഭാവിക്കും ഞങ്ങൾ മുൻഗണന നൽകിയിട്ടുണ്ട്. ഛത്തീസ്ഗഢിലെ എല്ലാ ഗ്രാമങ്ങളിലും ഞങ്ങളുടെ ഗവൺമെൻ്റ് വികസന സംരംഭങ്ങൾ ആരംഭിച്ചു. ഇവിടെ ഒരു പെൺകുട്ടി കുറച്ചു നേരമായി ഒരു പെയിന്റിംഗ് ഉയർത്തിപ്പിടിച്ച് നിൽക്കുന്നത് ഞാൻ കാണുന്നു. സുരക്ഷാ ഉദ്യോഗസ്ഥരോട് അവളുടെ പേരും വിലാസവും രേഖപ്പെടുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. മകളേ, ഞാൻ നിങ്ങൾക്ക് ഒരു കത്ത് അയയ്ക്കാം. ദയവായി ആരെങ്കിലും അത് വാങ്ങി എൻ്റെ കൈയ്യിലേക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നന്ദി, പ്രിയപ്പെട്ട കുഞ്ഞേ. വളരെ നന്ദി. ഇന്ന്, പരിവർത്തനം സംഭവിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും - നല്ല റോഡുകൾ ഇപ്പോൾ ഏറ്റവും വിദൂര ആദിവാസി മേഖലകളിലേക്ക് പോലും എത്തുന്നു. ആദ്യമായി, ട്രെയിനുകൾ പുതിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു, ഞാൻ ഇവിടെ ഒരു പുതിയ സേവനം ഫ്ലാഗ് ഓഫ് ചെയ്തു. വൈദ്യുതി ഈ സ്ഥലങ്ങളിൽ ആദ്യമായി എത്തുന്നു, പൈപ്പ് ജലവിതരണം യാഥാർത്ഥ്യമാകുകയാണ്, മുമ്പ് കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കപ്പെടുന്നു. പുതിയ സ്കൂളുകളും കോളേജുകളും ആശുപത്രികളും നിർമ്മിക്കപ്പെടുന്നു. ഛത്തീസ്ഗഢിന്റെ ഭൂപ്രകൃതി മാറിക്കൊണ്ടിരിക്കുന്നു, അതോടൊപ്പം അതിന്റെ തലവരയും മാറ്റിയെഴുതപ്പെടുന്നു.
സുഹൃത്തുക്കളെ,
റെയിൽവേ ശൃംഖലയുടെ 100% വും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളുടെ നിരയിൽ ഛത്തീസ്ഗഢും ഇപ്പോൾ ചേർന്നിരിക്കുന്നു - ഇത് ഒരു ശ്രദ്ധേയമായ നേട്ടമാണ്. നിലവിൽ, ഏകദേശം 40,000 കോടി രൂപയുടെ റെയിൽവേ പദ്ധതികൾ ഛത്തീസ്ഗഢിൽ പുരോഗമിക്കുന്നു. കൂടാതെ, ഈ വർഷത്തെ ബജറ്റിൽ സംസ്ഥാനത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾക്കായി പ്രത്യേകമായി 7,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ വികസനങ്ങൾ ഛത്തീസ്ഗഢിലെ വിവിധ പ്രദേശങ്ങളിലുടനീളം റെയിൽ കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിപ്പിക്കുകയും അയൽ സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യും.
സുഹൃത്തുക്കളെ,
സാമ്പത്തിക സ്രോതസ്സുകൾക്കൊപ്പം, വികസനത്തിന് നല്ല ഉദ്ദേശ്യങ്ങളും അത്യാവശ്യമാണ്. ചിന്തയിലും പ്രവൃത്തിയിലും സത്യസന്ധതയില്ലായ്മ ഉണ്ടെങ്കിൽ - കോൺഗ്രസ് ഭരണകാലത്ത് നമ്മൾ കണ്ടതുപോലെ - ഏറ്റവും വലിയ ഖജനാവ് പോലും നശിച്ച് പോകും. കോൺഗ്രസിന്റെ ഭരണകാലത്ത് ഇത് സംഭവിക്കുന്നത് നാം കണ്ടു, അഴിമതിയും ദുർഭരണവും ആദിവാസി മേഖലകളിൽ വികസനം എത്തുന്നത് തടഞ്ഞു. ഒരു ഉദാഹരണമായി കൽക്കരി എടുക്കുക - ഛത്തീസ്ഗഢ് കൽക്കരി ശേഖരത്താൽ സമ്പന്നമാണ്, എന്നിട്ടും സംസ്ഥാനത്തിന് അതിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ വൈദ്യുതി ലഭിക്കാൻ പാടുപെട്ടു. കോൺഗ്രസ് ഭരണകാലത്ത് വൈദ്യുതി മേഖല അവഗണിക്കപ്പെട്ടു, വൈദ്യുതി നിലയങ്ങൾ വികസിപ്പിക്കുന്നതിന് കാര്യമായ ശ്രമമൊന്നും നടത്തിയില്ല. ഇതിനു വിപരീതമായി, വിശ്വസനീയമായ ഊർജ്ജ വിതരണം ഉറപ്പാക്കാൻ നമ്മുടെ ഗവൺമെൻ്റ് ഇപ്പോൾ പുതിയ വൈദ്യുതി നിലയങ്ങൾ സജീവമായി സ്ഥാപിക്കുന്നു.
സുഹൃത്തുക്കളെ,
സൗരോർജ്ജത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും ഞങ്ങൾ ഗണ്യമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. മോദി ആരംഭിച്ച ഒരു ശ്രദ്ധേയമായ പദ്ധതി ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തട്ടെ - നിങ്ങളുടെ വൈദ്യുതി ബിൽ ഇല്ലാതാക്കുകയും വീട്ടിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ച് പണം സമ്പാദിക്കാൻ പോലും നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന ഒരു പദ്ധതി. ഈ സംരംഭത്തിന്റെ പേര് പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന എന്നാണ്. ഈ പദ്ധതി പ്രകാരം, സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് നമ്മുടെ ഗവൺമെന്റ് ഒരു വീടിന് 70,000–80,000 രൂപ വരെ സാമ്പത്തിക സഹായം നൽകുന്നു. ഇവിടെ ഛത്തീസ്ഗഡിൽ, രണ്ട് ലക്ഷത്തിലധികം കുടുംബങ്ങൾ ഇതിനകം ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിങ്ങൾ എല്ലാവരും അതിൽ ചേരാനും അതിന്റെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താനും ഞാൻ പ്രോത്സാഹിപ്പിക്കുന്നു.
സുഹൃത്തുക്കളെ,
നല്ല ഭരണത്തിന്റെയും ദർശനത്തിന്റെയും മറ്റൊരു ഉദാഹരണം ഗ്യാസ് പൈപ്പ്‌ലൈനുകളുടെ വികസനമാണ്. കരയാൽ ചുറ്റപ്പെട്ട സംസ്ഥാനമായ ഛത്തീസ്ഗഢ് കടലിൽ നിന്ന് വളരെ അകലെയായതിനാൽ ഗ്യാസ് വിതരണം ഒരു പ്രധാന വെല്ലുവിളിയായി മാറുന്നു. മുൻ ഗവൺമെൻ്റ് ഗ്യാസ് അടിസ്ഥാന സൗകര്യങ്ങളിൽ വേണ്ടത്ര നിക്ഷേപം നടത്തുന്നതിൽ പരാജയപ്പെട്ടു, ഇത് സംസ്ഥാനം ചെലവേറിയ ഗതാഗത രീതികളെ ആശ്രയിക്കേണ്ട അവസ്ഥയിലാക്കി. ഞങ്ങൾ ഇപ്പോൾ ഈ പ്രശ്നം നേരിട്ട് പരിഹരിക്കുകയാണ്. ട്രക്കുകൾ വഴി പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഞങ്ങളുടെ ഗവൺമെൻ്റ് ഛത്തീസ്ഗഢിൽ ഗ്യാസ് പൈപ്പ്‌ലൈനുകൾ സജീവമായി സ്ഥാപിക്കുന്നു. ഇത് ഇന്ധനത്തിനും ഊർജ്ജവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾക്കും വില കുറയ്ക്കും. കൂടാതെ, ഗ്യാസ് പൈപ്പ്‌ലൈനുകൾ ആരംഭിക്കുന്നത് വാഹനങ്ങൾ സിഎൻജിയിൽ ഓടിക്കാൻ പ്രാപ്തമാക്കും, ഇത് ശുദ്ധവും താങ്ങാനാവുന്നതുമായ ഒരു ബദൽ നൽകും. മാത്രമല്ല, ഈ സംരംഭം പൈപ്പ് വഴി പാചകവാതകം നേരിട്ട് വീടുകളിലേക്ക് എത്തിക്കും. പൈപ്പുകൾ വഴി അടുക്കളയിലേക്ക് വെള്ളം ഒഴുകുന്നതുപോലെ, ഇപ്പോൾ ഗ്യാസ് അതേ രീതിയിൽ വിതരണം ചെയ്യും. രണ്ട് ലക്ഷത്തിലധികം വീടുകളെ നേരിട്ട് പൈപ്പ് വഴി ഗ്യാസ് വിതരണവുമായി ബന്ധിപ്പിക്കുന്നതിനാണ് ഞങ്ങൾ നിലവിൽ പ്രവർത്തിക്കുന്നത്. ഗാർഹിക ആനുകൂല്യങ്ങൾക്കപ്പുറം, ഗ്യാസ് ലഭ്യത ഛത്തീസ്ഗഢിൽ പുതിയ വ്യവസായങ്ങൾക്ക് വഴിയൊരുക്കും. ഇത് ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
സുഹൃത്തുക്കളെ,
കഴിഞ്ഞ ദശകങ്ങളിൽ, കോൺഗ്രസിന്റെ നയങ്ങളാണ് ഛത്തീസ്ഗഢ് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ നക്സലിസത്തിന്റെ വ്യാപനത്തിന് ഇന്ധനമായത്. ക്ഷാമവും വികസനമില്ലായ്മയും ഉണ്ടായിരുന്നിടത്തെല്ലാം നക്സലിസം വേരൂന്നി,തഴച്ചുവളർന്നു. എന്നാൽ 60 വർഷം ഭരിച്ച പാർട്ടി എന്താണ് ചെയ്തത്? വെല്ലുവിളികളെ നേരിടുന്നതിനുപകരം, അത്തരം ജില്ലകളെ പിന്നോക്ക ജില്ലകളായി പ്രഖ്യാപിക്കുകയും ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്തിരിയുകയും ചെയ്തു. തൽഫലമായി, നമ്മുടെ യുവാക്കളുടെ മുഴുവൻ തലമുറകളും പാഴാക്കപ്പെട്ടു. നിരവധി അമ്മമാർക്ക് അവരുടെ ആൺമക്കളുടെ ഹൃദയഭേദകമായ നഷ്ടം സഹിക്കേണ്ടിവന്നു, എണ്ണമറ്റ സഹോദരിമാർ അവരുടെ സഹോദരങ്ങളെ ഓർത്ത് ദുഃഖിച്ചു.
സുഹൃത്തുക്കളെ,
മുൻ ഗവൺമെൻ്റുകൾ കാണിച്ച നിസ്സംഗത പ്രതിസന്ധി കൂടുതൽ വഷളാക്കി. ഛത്തീസ്ഗഡിലെ വിവിധ ജില്ലകളിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ചില ഗോത്രവർഗ കുടുംബങ്ങൾ എങ്ങനെ ബുദ്ധിമുട്ടുന്നുവെന്ന് നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. കോൺഗ്രസ് ഗവൺമെൻ്റ് ഒരിക്കലും അവരെ ശ്രദ്ധിച്ചില്ല. ഞങ്ങൾ ശ്രദ്ധിച്ചു. സ്വച്ഛ് ഭാരത് അഭിയാൻ ആരംഭിച്ചതിലൂടെ ദരിദ്രരായ ഗോത്രവർഗ കുടുംബങ്ങൾക്ക് ശരിയായ ശുചിത്വം ഉറപ്പാക്കി. 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്ന ആയുഷ്മാൻ ഭാരത് യോജന അവതരിപ്പിച്ചുകൊണ്ട് അവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്ക് ഞങ്ങൾ മുൻഗണന നൽകി. 80% കിഴിവിൽ മരുന്നുകൾ ലഭ്യമാകുന്ന പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ വഴി അവശ്യ മരുന്നുകൾ താങ്ങാനാവുന്ന വിലയ്ക്ക് ഞങ്ങൾ നൽകി.
സുഹൃത്തുക്കളെ,
സാമൂഹിക നീതിയുടെ വക്താക്കളെന്ന് അവകാശപ്പെടുന്നവർ തന്നെയാണ് പതിറ്റാണ്ടുകളായി ഗോത്രവർഗ സമൂഹത്തെ അവഗണിച്ചത്. അതുകൊണ്ടാണ് ഞാൻ പറയുന്നത്: മറ്റാരും ശ്രദ്ധിക്കാത്തവർക്കുവേണ്ടിയാണ് മോദി നിലകൊള്ളുന്നത്. പ്രത്യേക സംരംഭങ്ങളിലൂടെ ഗോത്രവർഗ സമൂഹത്തിന്റെ ഉന്നമനത്തിനായി ഞങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. അത്തരമൊരു പരിപാടിയാണ് ധർത്തി ആബാ ജൻ ജാതീയ ഉത്കർഷ് അഭിയാൻ, ഇതിനായി 80,000 കോടി രൂപ ഗോത്രവർഗ വികസനത്തിനായി നിക്ഷേപിക്കുന്നു. ഛത്തീസ്ഗഡിലെ മാത്രം ഏകദേശം 7,000 ഗോത്രവർഗ ഗ്രാമങ്ങൾക്ക് ഈ സംരംഭം പ്രയോജനപ്പെടുന്നു. കൂടാതെ, ഗോത്രവർഗ സമൂഹത്തിനുള്ളിൽ, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വളരെ പിന്നോക്ക വിഭാഗങ്ങളുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ആദ്യമായി, ഈ സമൂഹങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത പ്രധാനമന്ത്രി ജൻമൻ യോജന നമ്മുടെ ഗവൺമെൻ്റ് അവതരിപ്പിച്ചു. ഈ പദ്ധതി പ്രകാരം, ഛത്തീസ്ഗഡിലെ 18 ജില്ലകളിലായി 2,000-ത്തിലധികം വാസസ്ഥലങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. രാജ്യവ്യാപകമായി, ഗോത്രവർഗ വാസസ്ഥലങ്ങളിൽ 5,000 കിലോമീറ്റർ റോഡുകൾ അംഗീകരിച്ചു - ഇതിൽ പകുതി, ഏകദേശം 2,500 കിലോമീറ്റർ, പ്രധാനമന്ത്രി ജൻമൻ യോജനയ്ക്ക് കീഴിൽ ഛത്തീസ്ഗഡിൽ തന്നെ നിർമ്മിക്കും. മാത്രമല്ല, ഇന്ന് ഇവിടെ സന്നിഹിതരായിരിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചു. ഇതാണ് ഞങ്ങൾ കൊണ്ടുവരുന്ന പരിവർത്തനം - എല്ലാ വീട്ടുപടിക്കലുമെത്തുന്ന വികസനം.
സുഹൃത്തുക്കളെ,
ഇന്ന്, ഇരട്ട എഞ്ചിൻ ഗവൺമെൻ്റിന് കീഴിൽ, ഛത്തീസ്ഗഢ് ദ്രുതഗതിയിലുള്ള പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്നു. സുകമാ ജില്ലയിലെ ഒരു ആരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിക്കുമ്പോൾ, അത് ആത്മവിശ്വാസം വളർത്തുന്നു. ദന്തേവാഡയിലെ ഒരു ആരോഗ്യ കേന്ദ്രം വർഷങ്ങളുടെ നിഷ്‌ക്രിയത്വത്തിനുശേഷം പ്രവർത്തനം പുനരാരംഭിക്കുമ്പോൾ, അത് പുതിയ ശുഭാപ്തിവിശ്വാസം കൊണ്ടുവരുന്നു. നക്‌സൽ ബാധിത പ്രദേശങ്ങളിൽ ശാശ്വത സമാധാനത്തിന്റെ ഒരു പുതിയ യുഗത്തിന് ഈ ശ്രമങ്ങൾ വഴിയൊരുക്കുന്നു. ഡിസംബറിലെ മൻ കി ബാത്ത് പ്രക്ഷേപണത്തിൽ, ബസ്തർ ഒളിമ്പിക്‌സിനെക്കുറിച്ച് ഞാൻ സംസാരിച്ചു. ആയിരക്കണക്കിന് ചെറുപ്പക്കാർ ആവേശത്തോടെ ഈ പരിപാടിയിൽ പങ്കെടുത്തത് നിങ്ങൾ കേട്ടിരിക്കാം. ഛത്തീസ്ഗഢിൽ വികസിച്ചുകൊണ്ടിരിക്കുന്ന നല്ല മാറ്റത്തിന്റെ വ്യക്തമായ തെളിവാണ് അവരുടെ പങ്കാളിത്തം.
സുഹൃത്തുക്കളെ,
ഛത്തീസ്ഗഢിലെ യുവാക്കൾക്ക് ശോഭനമായ ഒരു ഭാവിയാണ് എനിക്ക് കാണാൻ കഴിയുന്നത്. പുതിയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിലാക്കുന്നത് പ്രശംസനീയമാണ്. രാജ്യത്തുടനീളം 12,000-ത്തിലധികം ആധുനിക പിഎം ശ്രീ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു, അതിൽ ഏകദേശം 350 എണ്ണം ഛത്തീസ്ഗഢിലാണ്. ഈ സ്ഥാപനങ്ങൾ മാതൃകാ സ്കൂളുകളായി പ്രവർത്തിക്കും, ഇത് സംസ്ഥാനത്തിന്റെ മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായത്തെയും ഉയർത്തും. കൂടാതെ, ഛത്തീസ്ഗഢിൽ ഇതിനകം തന്നെ ഏകലവ്യ മോഡൽ സ്കൂളുകൾ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. നക്സൽ ബാധിത പ്രദേശങ്ങളിലെ നിരവധി സ്കൂളുകൾ വീണ്ടും തുറന്നു, കുട്ടികൾക്ക് പഠനത്തിനുള്ള പുതിയ അവസരങ്ങൾ നൽകുന്നു. ഇന്ന്, ഛത്തീസ്ഗഢിൽ വിദ്യാ സമിക്ഷ കേന്ദ്രവും ആരംഭിച്ചു, ഇത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. ഈ സംരംഭം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുകയും ക്ലാസ് മുറികളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും തത്സമയ സഹായം സാധ്യമാക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
നിങ്ങൾക്ക് നൽകിയ മറ്റൊരു വാഗ്ദാനം കൂടി ഞങ്ങൾ പാലിച്ചിരിക്കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രകാരം, മെഡിക്കൽ, എഞ്ചിനീയറിംഗ് പഠനങ്ങൾ ഇപ്പോൾ ഹിന്ദിയിലും ആരംഭിച്ചു. ഗ്രാമങ്ങളിൽ നിന്നും, പിന്നാക്ക പശ്ചാത്തലങ്ങളിൽ നിന്നും, ഗോത്ര സമൂഹങ്ങളിൽ നിന്നുമുള്ള യുവാക്കൾക്ക് അവരുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിന് ഭാഷ ഇനി ഒരു തടസ്സമാകില്ലെന്ന് ഇത് ഉറപ്പാക്കുന്നു.
സുഹൃത്തുക്കളെ,
വർഷങ്ങളായി എന്റെ സുഹൃത്ത് രാമൻ സിംഗ് ജി സ്ഥാപിച്ച ശക്തമായ അടിത്തറ ഇപ്പോൾ നിലവിലെ ഗവൺമെൻ്റ് കൂടുതൽ ശക്തിപ്പെടുത്തുന്നു. അടുത്ത 25 വർഷത്തിനുള്ളിൽ, ഈ ഉറച്ച അടിത്തറയിൽ നാം വികസനത്തിന്റെ ഒരു ഗംഭീരമായ കെട്ടിടം പണിയണം. ഛത്തീസ്ഗഢ് വിഭവങ്ങളാൽ സമ്പന്നമാണ്, അഭിലാഷങ്ങളാൽ നിറഞ്ഞതും, അപാരമായ സാധ്യതകളാൽ നിറഞ്ഞതുമാണ്. ഭാവിയിൽ ഛത്തീസ്ഗഢ് സ്ഥാപിതമായതിന്റെ 50 വർഷം ആഘോഷിക്കുമ്പോൾ, ഛത്തീസ്ഗഢിനെ രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റുക എന്ന നമ്മുടെ ലക്ഷ്യം നിസ്സംശയമായും നാം കൈവരിക്കും. ഛത്തീസ്ഗഢിലെ എല്ലാ കുടുംബങ്ങളിലും വികസനത്തിന്റെ ഫലങ്ങൾ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിൽ ഞങ്ങൾ ഒരു അവസരവും പാഴാക്കില്ലെന്ന് ഞാൻ വീണ്ടും ഉറപ്പിക്കുന്നു. പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ നിരവധി വികസന സംരംഭങ്ങൾക്കും മഹത്തായ അഭിലാഷങ്ങൾ നിറഞ്ഞ ഈ പുതിയ യാത്ര ആരംഭിച്ചതിനും നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. വളരെ നന്ദി!
ഡിസ്ക്ലയ്മർ: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.
****
(Release ID: 2138191)
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu