പ്രധാനമന്ത്രിയുടെ ഓഫീസ്
സൈപ്രസ് പ്രസിഡന്റിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
Posted On:
18 JUN 2025 9:32AM by PIB Thiruvananthpuram
ബഹുമാനപ്പെട്ട പ്രസിഡന്റ്,
ഇരുരാജ്യങ്ങളിലെയും പ്രതിനിധികളേ,
മാധ്യമസുഹൃത്തുക്കളേ,
നമസ്കാരം!
കലിമേര!
ആദ്യമേ, ബഹുമാനപ്പെട്ട പ്രസിഡന്റ് നൽകിയ ഊഷ്മളമായ സ്വാഗതത്തിനും ഹൃദ്യമായ ആതിഥ്യമര്യാദയ്ക്കും ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇന്നലെ സൈപ്രസ് മണ്ണിൽ കാലുകുത്തിയ നിമിഷം മുതൽ, പ്രസിഡന്റും ഈ രാജ്യത്തെ ജനങ്ങളും കാട്ടിയ സ്നേഹവാത്സല്യങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു.
കുറച്ചുമുമ്പ്, സൈപ്രസ് എനിക്ക് അഭിമാനകരമായ ബഹുമതി നൽകി. ഈ ബഹുമതി എനിക്കു മാത്രമുള്ളതല്ല; ഇത് 140 കോടി ഇന്ത്യക്കാർക്കുള്ള ആദരമാണ്. ഇന്ത്യയും സൈപ്രസും തമ്മിലുള്ള ശാശ്വതമായ സൗഹൃദത്തിന്റെ പ്രതീകമാണിത്. ഈ ആദരത്തിനു ഞാൻ വീണ്ടും എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.
സുഹൃത്തുക്കളേ,
സൈപ്രസുമായുള്ള ബന്ധത്തിനു ഞങ്ങൾ വലിയ പ്രാധാന്യമേകുന്നു. ജനാധിപത്യം, നിയമവാഴ്ച തുടങ്ങിയ മൂല്യങ്ങളോടുള്ള നമ്മുടെ പൊതുവായ പ്രതിജ്ഞാബദ്ധതയാണു നമ്മുടെ പങ്കാളിത്തത്തിന്റെ കരുത്തുറ്റ അടിത്തറ. ഇന്ത്യയും സൈപ്രസും തമ്മിലുള്ള സൗഹൃദം സാഹചര്യങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞതോ അതിർത്തികളിൽ ഒതുങ്ങി നിൽക്കുന്നതോ അല്ല.
കാലത്തിന്റെ പരീക്ഷണങ്ങളെ അതു വീണ്ടും വീണ്ടും അതിജീവിച്ചു. എല്ലാ കാലഘട്ടങ്ങളിലും, സഹകരണത്തിന്റെയും ബഹുമാനത്തിന്റെയും പരസ്പരപിന്തുണയുടെയും മനോഭാവം ഞങ്ങൾ ഉയർത്തിപ്പിടിച്ചു. പരസ്പരം പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ഞങ്ങൾ ബഹുമാനിക്കുന്നു.
സുഹൃത്തുക്കളേ,
രണ്ടു പതിറ്റാണ്ടിനുശേഷം ഇന്ത്യൻ പ്രധാനമന്ത്രി സൈപ്രസിലേക്കു നടത്തുന്ന ആദ്യ സന്ദർശനമാണിത്. നമ്മുടെ ഉഭയകക്ഷിബന്ധത്തിൽ പുതിയ അധ്യായം രചിക്കാനുള്ള സുവർണാവസരമാണിത്. ഇന്ന്, ബഹുമാനപ്പെട്ട പ്രസിഡന്റും ഞാനും നമ്മുടെ പങ്കാളിത്തത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും വിപുലമായ ചർച്ചകൾ നടത്തി.
സൈപ്രസിന്റെ “വിഷൻ 2035”നും “വികസിത ഭാരതം 2047” എന്ന നമ്മുടെ കാഴ്ചപ്പാടിനുമിടയിൽ നിരവധി സമാനതകളുണ്ട്. അതിനാൽ, നമ്മുടെ പൊതുഭാവി രൂപപ്പെടുത്തുന്നതിനു നാം ഒരുമിച്ചു പ്രവർത്തിക്കും. നമ്മുടെ പങ്കാളിത്തത്തിനു തന്ത്രപരമായ ദിശാബോധം നൽകുന്നതിന്, അടുത്ത അഞ്ചു വർഷത്തേക്കു നാം വ്യക്തമായ മാർഗരേഖ വികസിപ്പിക്കും.
നമ്മുടെ പ്രതിരോധ-സുരക്ഷ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, ഉഭയകക്ഷി പ്രതിരോധ സഹകരണ പരിപാടി പ്രതിരോധ വ്യവസായ സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സൈബർ മേഖല, സമുദ്ര സുരക്ഷ എന്നിവയിൽ പ്രത്യേക ചർച്ചകൾക്കു തുടക്കംകുറിക്കും.
അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനു സൈപ്രസ് നൽകുന്ന തുടർച്ചയായ പിന്തുണയ്ക്കു ഞങ്ങൾ ആഴത്തിൽ നന്ദി അറിയിക്കുന്നു. ഭീകരവാദം, മയക്കുമരുന്നു കടത്ത്, ആയുധക്കടത്ത് എന്നിവ ചെറുക്കുന്നതിന്, ഇരുരാജ്യങ്ങളിലെയും പ്രസക്ത ഏജൻസികൾക്കിടയിൽ തത്സമയ വിവരവിനിമയത്തിനായി സംവിധാനമൊരുക്കും. ഉഭയകക്ഷിവ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിൽ വളരെയധികം സാധ്യതകളുണ്ടെന്നു നാം ഇരുവരും അംഗീകരിക്കുന്നു.
ഇന്നലെ, ബഹുമാനപ്പെട്ട പ്രസിഡന്റുമായുള്ള എന്റെ ആശയവിനിമയത്തിനിടെ, നമ്മുടെ സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചു വ്യാവസായിക സമൂഹത്തിൽ വലിയ ആവേശവും ഏകോപനവുമുണ്ടെന്നതു ഞാൻ തിരിച്ചറിഞ്ഞു. വർഷാവസാനത്തോടെ പരസ്പരപ്രയോജനകരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂർത്തീകരിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നു.
ഈ വർഷം, “ഇന്ത്യ-സൈപ്രസ്-ഗ്രീസ് വ്യവസായ-നിക്ഷേപ സമിതി”ക്കു തുടക്കംകുറിച്ചു. അത്തരം സംരംഭങ്ങൾ നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷിവ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കും.
സാങ്കേതികവിദ്യ, നവീകരണം, ആരോഗ്യം, കൃഷി, പുനരുപയോഗ ഊർജം, കാലാവസ്ഥാ നീതി തുടങ്ങിയ മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ചും ഞങ്ങൾ വിശദമായ ചർച്ചകൾ നടത്തി. സൈപ്രസിൽ യോഗയ്ക്കും ആയുർവേദത്തിനും വർദ്ധിച്ചുവരുന്ന ജനപ്രീതി ഞങ്ങൾക്കു സന്തോഷമേകുന്നു.
ഇന്ത്യൻ വിനോദസഞ്ചാരികൾക്കു പ്രിയപ്പെട്ട സ്ഥലമാണു സൈപ്രസ്. അവരുടെ യാത്ര സുഗമമാക്കുന്നതിനു നേരിട്ടുള്ള വ്യോമഗതാഗതം സ്ഥാപിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും. മൊബിലിറ്റി കരാറിന്റെ അന്തിമരൂപം വേഗത്തിലാക്കാൻ ഞങ്ങൾ തീരുമാനിച്ചു.
സുഹൃത്തുക്കളേ,
യൂറോപ്യൻ യൂണിയനിൽ, ഞങ്ങളുടെ വിശ്വസ്ത പങ്കാളിയാണു സൈപ്രസ്. അടുത്ത വർഷം യൂറോപ്യൻ യൂണിയന്റെ അധ്യക്ഷപദത്തിലേക്കെത്തുന്ന സൈപ്രസിന് ആശംസകൾ നേരുന്നു. നിങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യ-ഇയു ബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്നു ഞങ്ങൾക്കുറപ്പുണ്ട്.
ഐക്യരാഷ്ട്രസഭയെ കൂടുതൽ പ്രാതിനിധ്യമുള്ളതാക്കി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുരാജ്യങ്ങളും പൊതുവായ കാഴ്ചപ്പാടുകൾ പങ്കിടുന്നു. യുഎൻ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ചതിനു സൈപ്രസിനോടു ഞങ്ങൾക്കു കടപ്പാടുണ്ട്.
പശ്ചിമേഷ്യയിലും യൂറോപ്പിലും നടക്കുന്ന സംഘർഷങ്ങളിൽ ഞങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സംഘർഷങ്ങളുടെ പ്രതികൂല ആഘാതം അതതു പ്രദേശങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. ഇതു യുദ്ധത്തിന്റെ യുഗമല്ലെന്നു ഞങ്ങൾ രണ്ടുപേരും വിലയിരുത്തുന്നു.
സംഭാഷണവും നിലനിൽപ്പു വീണ്ടെടുക്കലുമാണു മാനവികതയുടെ ആഹ്വാനങ്ങൾ. മെഡിറ്ററേനിയൻ മേഖലയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ചചെയ്തു. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഈ മേഖലയിൽ സമാധാനത്തിനും സമൃദ്ധിക്കും വഴിയൊരുക്കുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
ബഹുമാനപ്പെട്ട പ്രസിഡന്റ്,
ഇന്ത്യ സന്ദർശിക്കാൻ ഞാൻ താങ്കളെ ഹൃദ്യമായി ക്ഷണിക്കുകയാണ്. എത്രയും വേഗം താങ്കളെ ഇന്ത്യയിൽ സ്വാഗതം ചെയ്യാനുള്ള അവസരം ലഭിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.
അതുല്യമായ ആതിഥ്യമര്യാദയ്ക്കും ആദരത്തിനും ഒരിക്കൽകൂടി ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.
***
SK
(Release ID: 2137142)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada