പ്രധാനമന്ത്രിയുടെ ഓഫീസ്
അഹമ്മദാബാദ് വിമാനാപകടമേഖലയിലെ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര അവലോകനം ചെയ്തു
ദുരന്തത്തിന് ഇരയായവരെയും കുടുംബാംഗങ്ങളെയും ഡോ. പി കെ മിശ്ര സിവിൽ ആശുപത്രിയിൽ സന്ദർശിച്ചു
അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള പ്രക്രിയ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി
Posted On:
15 JUN 2025 8:09PM by PIB Thiruvananthpuram
അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തെത്തുടർന്നു സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി. കെ. മിശ്ര ഇന്നു ദുരന്തമേഖല സന്ദർശിച്ചു. വേഗത്തിലുള്ള ദുരിതാശ്വാസം, സമഗ്രമായ അന്വേഷണം, അപകടത്തിനിരയായവർക്കും അവരുടെ കുടുംബങ്ങൾക്കും സമഗ്രമായ പിന്തുണ എന്നിവ ഉറപ്പാക്കണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിർദേശത്തിനു കരുത്തുപകരുന്നതാണു ഡോ. മിശ്രയുടെ സന്ദർശനം.
മേഘാനി നഗറിലെ ബി.ജെ. മെഡിക്കൽ കോളേജിന് സമീപമുള്ള ദുരന്തസ്ഥലം ശ്രീ മിശ്ര സന്ദർശിച്ചു. സംസ്ഥാന ഗവണ്മെന്റ്, എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി), ഇന്ത്യയുടെ വിമാനത്താവള അതോറിറ്റി എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവങ്ങളുടെ ക്രമത്തെക്കുറിച്ചും ഉടനടി സ്വീകരിച്ച പ്രതികരണ നടപടികളെക്കുറിച്ചും അദ്ദേഹത്തെ അറിയിച്ചു.
അഹമ്മദാബാദ് സിവിൽ ആശുപത്രി സന്ദർശിച്ച ഡോ. മിശ്ര ദുഃഖിതരായ കുടുംബങ്ങളെ സന്ദർശിക്കുകയും ഡിഎൻഎ സാമ്പിൾ പരിശോധന നിരീക്ഷിക്കുകയും പൂർണസഹായം നൽകാനും സുഗമവും അനുകമ്പാപൂർണവുമായ പ്രക്രിയ ഉറപ്പാക്കാനും അധികൃതർക്കു നിർദേശം നൽകുകയും ചെയ്തു. പരിക്കേറ്റവരുമായി അദ്ദേഹം സംവദിക്കുകയും, ചികിത്സയ്ക്കും പുനരധിവാസത്തിനും മുൻഗണന നൽകാൻ ആശുപത്രി അധികൃതരോടു നിർദേശിക്കുകയും ചെയ്തു.
ഗാന്ധിനഗറിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്എസ്എൽ) ഡോ. മിശ്ര ഡിഎൻഎ സാമ്പിൾ ശേഖരണശ്രമങ്ങൾ അവലോകനം ചെയ്തു. അവയുടെ ശാസ്ത്രീയമായ കൃത്യത നിലനിർത്തി, തിരിച്ചറിയൽ വേഗത്തിൽ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി.
അഹമ്മദാബാദിലെ സർക്യൂട്ട് ഹൗസിൽ ഡോ. മിശ്രയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു. നടന്നുവരുന്ന ദുരിതാശ്വാസ-രക്ഷാപ്രവർത്തന-അന്വേഷണ ശ്രമങ്ങളെക്കുറിച്ചു കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ, എഎഐബി, ഇന്ത്യയുടെ വിമാനത്താവള അതോറിറ്റി എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ചചെയ്തു. അമേരിക്കൻ നിർമിത വിമാനമായതിനാൽ എഎഐബി വിശദമായ അന്വേഷണം ആരംഭിച്ചു. കൂടാതെ, അമേരിക്കയുടെ ദേശീയ ഗതാഗത സുരക്ഷാബോർഡ് (എൻടിഎസ്ബി) അന്താരാഷ്ട്ര നടപടിക്രമങ്ങൾക്കനുസൃതമായി സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ (എഫ്ഡിആർ), കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (സിവിആർ) എന്നിവ കണ്ടെത്തി സുരക്ഷിതമാക്കിയെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ദുരന്തത്തിൽപ്പെട്ടവർക്കും കുടുംബങ്ങൾക്കും സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കണമെന്നും വിവിധ ഏജൻസികളുടെ ഏകോപനത്തിലൂടെയുള്ള പ്രതികരണം മുന്നോട്ടുകൊണ്ടുപോകണമെന്നുമുള്ള പ്രധാനമന്ത്രി നിർദേശം ഡോ. മിശ്ര ആവർത്തിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരായ ഉപദേഷ്ടാവ് ശ്രീ തരുൺ കപൂർ, ഡെപ്യൂട്ടി സെക്രട്ടറി ശ്രീ മംഗേഷ് ഘിൽഡിയാൽ എന്നിവരും പ്രിൻസിപ്പൽ സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.
SK
***
(Release ID: 2136526)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada