പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കൃത്യവും, സമയബന്ധിതവുമായ ഫലങ്ങൾ കൈവരിക്കാനും, സാങ്കേതിക സഹായവും വിവര കൈമാറ്റവും ഉപയോഗിച്ച് ധനസഹായം ലഭ്യമാക്കുന്നതിന് ഒരു ആഗോള സൗകര്യം സൃഷ്ടിക്കാനും ജനീവയിൽ നടന്ന ദുരന്തസാധ്യതാ ലഘൂകരണത്തിനുള്ള ധനസഹായം സംബന്ധിച്ച മന്ത്രിതല സമ്മേളനത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു


ഇന്ത്യയുടെ ദുരന്ത സാധ്യതാ ലഘൂകരണ ധനസഹായ സംവിധാനം ലോകത്തിലെ ഏറ്റവും വലിയ ദേശീയ സംവിധാനങ്ങളിലൊന്നായി വളർന്നു: ഡോ. പി കെ മിശ്ര

പ്രതിരോധശേഷിയുടെ ഒരു ആണിക്കല്ലെന്ന നിലയിൽ ശക്തവും പ്രതികരണശേഷിയുള്ളതുമായ ദുരന്ത സാധ്യതാ ലഘൂകരണ ധനസഹായ ഘടനയിൽ ഇന്ത്യ വിശ്വസിക്കുന്നു: ഡോ. പി കെ മിശ്ര

ദുരന്തസാധ്യതാ ധനസഹായം ദേശീയ ഉടമസ്ഥതയിൽ നയിക്കപ്പെടുന്നതും അന്താരാഷ്ട്ര ധനസഹായത്തോടെ ഉളളതുമാകണം: ഡോ. പി കെ മിശ്ര

Posted On: 06 JUN 2025 11:27AM by PIB Thiruvananthpuram

2025 ജൂൺ 04 ന് ജനീവയിൽ നടന്ന ദുരന്തസാധ്യതാ ലഘൂകരണ (ഡി ആർ ആർ) ധനസഹായത്തെക്കുറിച്ചുള്ള മന്ത്രിതല വട്ടമേശാ സമ്മേളനത്തെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര അഭിസംബോധന ചെയ്തു. ഈ നിർണായക ചർച്ച വിളിച്ചുകൂട്ടിയതിന് യുഎൻഡിആർആറിനെയും അതിന്റെ പങ്കാളികളെയും അദ്ദേഹം അഭിനന്ദിച്ചു. ജി 20 പ്രസിഡന്റുമാർ വഴി ആഗോള സംഭാഷണം തുടരുന്നതിൽ ബ്രസീലിന്റെയും ദക്ഷിണാഫ്രിക്കയുടെയും സംഭാവനകളും ഇന്ത്യ അംഗീകരിച്ചു.

ഡിആർആർ ധനസഹായം ഒരു ബാഹ്യ പ്രശ്നമല്ലെന്നും, വർദ്ധിച്ചുവരുന്ന കാലാവസ്ഥയും ദുരന്തസാധ്യതകളും നേരിടുമ്പോൾ ദേശീയ ദുരന്തനിവാരണ സംവിധാനങ്ങളുടെ ഫലപ്രദമായ പ്രവർത്തനത്തിനും വികസന നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും കേന്ദ്രബിന്ദുവായി ഇതു മാറുമെന്ന് ഡോ. മിശ്ര അടിവരയിട്ടു. ശക്തവും പ്രതികരണശേഷിയുള്ളതുമായ ഡിആർആർ ധനസഹായ ഘടന പ്രതിരോധശേഷിയുടെ ഒരു ആണിക്കല്ലാണെന്ന ഇന്ത്യയുടെ വിശ്വാസം അദ്ദേഹം വീണ്ടും ഉറപ്പിച്ചു.

ഡിആർആർ ധനസഹായത്തിൽ ഇന്ത്യയുടെ യാത്ര എടുത്തുകാണിച്ചുകൊണ്ട്, ആദ്യകാല ധനകാര്യ കമ്മീഷനുകളുടെ പ്രാരംഭ വിഹിതം 60 മില്യൺ രൂപ (ഏകദേശം 0.7 മില്യൺ യുഎസ് ഡോളർ) ആയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന്, 15-ാം ധനകാര്യ കമ്മീഷന്റെ കീഴിലുള്ള മൊത്തം വിഹിതം 2.32 ട്രില്യൺ രൂപ (ഏകദേശം 28 ബില്യൺ യുഎസ് ഡോളർ) കവിഞ്ഞു.

2005 ലെ ദുരന്തനിവാരണ നിയമത്തിന്റെ പിന്തുണയോടെ, ദേശീയ തലങ്ങളിൽ നിന്ന് സംസ്ഥാന, ജില്ലാ തലങ്ങളിലേക്ക് മുൻകൂട്ടി നിശ്ചയിച്ചതും നിയമാധിഷ്ഠിതവുമായ വിഹിതം നൽകേണ്ടതിന്റെ പ്രാധാന്യം ഡോ. മിശ്ര ഊന്നിപ്പറഞ്ഞു. ഈ പരിവർത്തനം ദുരന്ത ധനസഹായം പ്രതിപ്രവർത്തനപരമല്ല, മറിച്ച് ഘടനാപരവും പ്രവചനാത്മകവുണെന്ന് ഉറപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

നാല് പ്രധാന തത്വങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യയുടെ ഡിആർആർ ധനസഹായ സമീപനത്തെ വിവരിച്ചുകൊണ്ട്, ആദ്യത്തേത്, തയ്യാറെടുപ്പ്, ലഘൂകരണം, ദുരിതാശ്വാസം, വീണ്ടെടുക്കൽ എന്നിവയ്ക്കായുള്ള സമർപ്പിത സാമ്പത്തിക ജാലകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമത്തേത്, ബാധിതരുടെയും ദുർബല സമൂഹങ്ങളുടെയും ആവശ്യങ്ങൾക്ക് മുൻഗണന നൽകുക എന്നതാണ്. മൂന്നാമത്തേത്, എല്ലാ ഗവൺമെന്റ് തലങ്ങളിലും - കേന്ദ്ര, സംസ്ഥാന, തദ്ദേശ - സാമ്പത്തിക വിഭവങ്ങളുടെ ലഭ്യതയാണ്. നാലാമത്തെ തത്വം ഉത്തരവാദിത്തം, സുതാര്യത, എല്ലാ ചെലവുകളെയും നയിക്കുന്ന അളക്കാവുന്ന ഫലങ്ങൾ എന്നിവയാണ്.

 ദുരന്തസാധ്യതാ ധനസഹായം ദേശീയ ഉടമസ്ഥതയിൽ നയിക്കപ്പെടുന്നതും അന്താരാഷ്ട്ര ധനസഹായത്തോടെ ഉള്ളതുമാകണമെന്ന് ഡോ. മിശ്ര ഊന്നിപ്പറഞ്ഞു. ഓരോ രാജ്യവും അതിന്റെ സംവിധാനത്തെ അതിന്റെ ഭരണ ചട്ടക്കൂട്, സാമ്പത്തിക സാഹചര്യം, അപകടസാധ്യത എന്നിവയ്ക്ക് അനുസൃതമായി ക്രമീകരിക്കേണ്ടതുണ്ടെങ്കിലും ആഗോള മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും  അനിവാര്യമായി തുടരുന്നു.

പൊതു ധനകാര്യത്തിനപ്പുറം വൈവിധ്യമാർന്ന സാമ്പത്തിക ഉപകരണങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, പ്രാദേശികമായി താങ്ങാനാവുന്ന വിലയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും അനുസൃതമായി റിസ്ക് പൂളിംഗ്, ഇൻഷുറൻസ്, നൂതന സാമ്പത്തിക ഉപകരണങ്ങൾ തുടങ്ങിയ സംവിധാനങ്ങൾ വികസിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഗോള തലത്തിൽ, ഡോ. മിശ്രയ്ക്ക് ഒരു നിർണായകമായ 
തിരിച്ചറിവ്  ഉണ്ടായി : ഡിആർആർ ധനസഹായ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിന് ഒരു സമർപ്പിത അന്താരാഷ്ട്ര സാമ്പത്തിക സംവിധാനത്തിന്റെ അഭാവമാണത്. കാറ്റലറ്റിക് ഫണ്ടിംഗ്, സാങ്കേതിക സഹായം, അറിവ് വിനിമയത്തിനുള്ള ഒരു വേദി എന്നിവ നൽകുന്നതിന് യുഎൻ സംവിധാനത്തിന്റെയും ബഹുമുഖ ധനകാര്യ സ്ഥാപനങ്ങളുടെയും പിന്തുണയുള്ള ഒരു ആഗോള സൗകര്യം സൃഷ്ടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രസ്താവനകൾക്കപ്പുറം കൃത്യമായ, സമയബന്ധിതമായ ഫലങ്ങളിലേക്ക് നീങ്ങാൻ ഇന്ത്യ മന്ത്രിതല വട്ടമേശ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദേശീയതലത്തിൽ നയിക്കപ്പെടുന്നതും എന്നാൽ അന്താരാഷ്ട്രതലത്തിൽ പിന്തുണയ്ക്കുന്നതുമായ ഡിആർആർ ധനസഹായ ചട്ടക്കൂട് വികസിപ്പിക്കുന്നതിൽ നേതൃത്വത്തിനും സഹകരണത്തിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഡോ. മിശ്ര വീണ്ടും ഉറപ്പിച്ചു.

 

 

***

NK


(Release ID: 2134496) Visitor Counter : 2