പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രഗതി (PRAGATI) യോഗം ചേർന്നു
പ്രധാനമന്ത്രി 62,000 കോടിയിലധികം രൂപയുടെ ബൃഹദ് അടിസ്ഥാനസൗകര്യപദ്ധതികൾ അവലോകനം ചെയ്തു
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു പ്രധാനമന്ത്രി ഊന്നൽ നൽകി; കാര്യക്ഷമതയും ഉത്തരവാദിത്വവും ഉറപ്പാക്കാൻ ആഹ്വാനം ചെയ്തു
യോഗ്യതയുള്ള എല്ലാ റിയൽ എസ്റ്റേറ്റ് പദ്ധതികളും RERA-യിൽ നിർബന്ധമായി രജിസ്റ്റർ ചെയ്യണമെന്നു പ്രധാനമന്ത്രി സംസ്ഥാന ഗവണ്മെന്റുകളോട് ആവശ്യപ്പെട്ടു
വീടു വാങ്ങുന്നവർക്കു നീതി ഉറപ്പാക്കാൻ പരാതികൾ സമയബന്ധിതമായും മികച്ച രീതിയിലും പരിഹരിക്കണമെന്നു പ്രധാനമന്ത്രി
ഇന്ത്യയിലെ സെമികണ്ടക്ടർ മേഖലയുമായി ബന്ധപ്പെട്ട മികച്ച സമ്പ്രദായങ്ങൾ പ്രധാനമന്ത്രി വിലയിരുത്തി
Posted On:
28 MAY 2025 9:10PM by PIB Thiruvananthpuram
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവ ഭരണനിർവഹണത്തിനും സമയോചിത ഇടപെടലിനുമായുള്ള ഐസിടി അധിഷ്ഠിത ബഹുതലവേദി ‘പ്രഗതി’യുടെ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷനായി.
യോഗത്തിൽ, വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായുള്ള റോഡ് ഗതാഗതം-വൈദ്യുതി-ജലവിഭവ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 62,000 കോടിയിലധികം രൂപയുടെ മൂന്നു പ്രധാന അടിസ്ഥാനസൗകര്യപദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു. ഈ പദ്ധതികളുടെ തന്ത്രപരമായ പ്രാധാന്യത്തിന് ഊന്നൽ നൽകിയ അദ്ദേഹം, നടപ്പാക്കലിലെ തടസ്സങ്ങൾ മറികടക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും കൂട്ടായ ശ്രമങ്ങൾ വേണമെന്ന് ആഹ്വാനം ചെയ്തു.
പദ്ധതികൾ വൈകുന്നതിന്റെ പ്രത്യാഘാതം എടുത്തുകാട്ടിയ പ്രധാനമന്ത്രി, അത്തരം തിരിച്ചടികൾ ചെലവു വർധിപ്പിക്കുന്നതിനൊപ്പം അവശ്യസേവനങ്ങളും അടിസ്ഥാനസൗകര്യങ്ങളും പൗരന്മാർക്കു നഷ്ടപ്പെടുത്തുമെന്നും ആവർത്തിച്ചു. കാര്യക്ഷമതയ്ക്കും ഉത്തരവാദിത്വത്തിനും മുൻഗണനയേകാൻ എല്ലാ പങ്കാളികളോടും അദ്ദേഹം അഭ്യർഥിച്ചു. സാമൂഹ്യ-സാമ്പത്തിക ഫലങ്ങൾ പരമാവധി നേടുന്നതിനു സമയബന്ധിത പദ്ധതിപൂർത്തീകരണം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി (RERA) ബന്ധപ്പെട്ട പൊതുജന പരാതി അവലോകനത്തിനിടെ, വീടു വാങ്ങുന്നവർക്കു നീതി ഉറപ്പാക്കാൻ പരാതിപരിഹാരം സമയബന്ധിതമായി മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. യോഗ്യതയുള്ള എല്ലാ റിയൽ എസ്റ്റേറ്റ് പദ്ധതികളും RERA നിയമപ്രകാരം നിർബന്ധമായി രജിസ്റ്റർ ചെയ്യണമെന്നു പ്രധാനമന്ത്രി സംസ്ഥാന ഗവണ്മെന്റുകളോട് ആവശ്യപ്പെട്ടു. വീടുവിൽപ്പനാവിപണിയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് RERA വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ വികസനവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ മികച്ച പ്രവർത്തനമാതൃകകൾ പ്രധാനമന്ത്രി വിലയിരുത്തി. അത്തരം സംരംഭങ്ങൾ മറ്റുമേഖലകൾക്കും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മാർഗനിർദേശമാതൃകയായി വർത്തിക്കുമെന്നും അതുവഴി ദേശീയ സെമികണ്ടക്ടർ ദൗത്യത്തിനു കരുത്തുപകരാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ നടന്ന പ്രഗതി യോഗങ്ങളിൽ ഏകദേശം 20.64 ലക്ഷം കോടി രൂപ മൊത്തം ചെലവുള്ള 373 പദ്ധതികൾ അവലോകനം ചെയ്തിട്ടുണ്ട്.
-SK-
(Release ID: 2132201)
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada