പ്രധാനമന്ത്രിയുടെ ഓഫീസ്
റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Posted On:
23 MAY 2025 2:03PM by PIB Thiruvananthpuram
കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകരായ ജ്യോതിരാദിത്യ സിന്ധ്യാ ജി, സുകാന്ത മജുംദാർ ജി, മണിപ്പൂർ ഗവർണർ അജയ് ഭല്ല ജി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ജി, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ജി, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ ജി, മിസോറം മുഖ്യമന്ത്രി ലാൽദുഹോമ ജി, എല്ലാ വ്യവസായ പ്രമുഖരേ നിക്ഷേപകരേ, മഹതികളേ മാന്യരേ!
റൈസിംഗ് നോർത്ത് ഈസ്റ്റിന്റെ ഈ മഹത്തായ വേദിയിൽ, എനിക്ക് അഭിമാനവും, ഊഷ്മളതയും, അടുപ്പവും , എല്ലാറ്റിനുമുപരി, ഭാവിയിൽ വലിയ ആത്മവിശ്വാസവും തോന്നുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ്, നാം ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി ഉത്സവം ആഘോഷിച്ചു. ഇന്ന്, വടക്കുകിഴക്കൻ മേഖലയിലെ നിക്ഷേപങ്ങളുടെ ഉത്സവം നമ്മൾ ആഘോഷിക്കുകയാണ്. നിരവധി വ്യവസായ നേതാക്കൾ ഇവിടെ ഒത്തുകൂടി. വടക്കുകിഴക്കൻ മേഖലയെക്കുറിച്ച് എല്ലാവർക്കും ഉള്ള ആവേശവും, ഉത്സാഹവും, പുതിയ സ്വപ്നങ്ങളും ഇത് കാണിക്കുന്നു. ഈ നേട്ടത്തിന് എല്ലാ മന്ത്രാലയങ്ങൾക്കും സംസ്ഥാന ഗവണ്മെൻ്റുകൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. നിങ്ങളുടെ ശ്രമങ്ങൾ അവിടെ നിക്ഷേപത്തിന് മികച്ച അന്തരീക്ഷം സൃഷ്ടിച്ചു. എന്റെയും ഇന്ത്യാ ഗവണ്മെൻ്റിൻ്റെയും പേരിൽ, നോർത്ത് ഈസ്റ്റ് റൈസിംഗ് ഉച്ചകോടിയുടെ വിജയത്തിനായി നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു.
സുഹൃത്തുക്കളേ,
ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന രാഷ്ട്രമായി ഭാരതം കണക്കാക്കപ്പെടുന്നു, നമ്മുടെ വടക്കുകിഴക്ക് ഈ വൈവിധ്യമാർന്ന രാഷ്ട്രത്തിന്റെ ഏറ്റവും വൈവിധ്യമാർന്ന ഭാഗമാണ്. വ്യാപാരം മുതൽ പാരമ്പര്യം വരെ, തുണിത്തരങ്ങൾ മുതൽ ടൂറിസം വരെ, വടക്കുകിഴക്കിന്റെ വൈവിധ്യമാണ് അതിന്റെ ഏറ്റവും വലിയ ശക്തി. വടക്കുകിഴക്ക് എന്നാൽ ജൈവ സമ്പദ്‌വ്യവസ്ഥയും മുളയും; വടക്കുകിഴക്ക് എന്നാൽ തേയില ഉൽപാദനവും പെട്രോളിയവും; വടക്കുകിഴക്ക് എന്നാൽ കായികവും നൈപുണ്യവും; വടക്കുകിഴക്ക് എന്നാൽ ഇക്കോ ടൂറിസത്തിന്റെ കേന്ദ്രമായി ഉയർന്നുവരുന്നു; വടക്കുകിഴക്ക് ജൈവ ഉൽപ്പന്നങ്ങളുടെ ഒരു പുതിയ ലോകത്തെ പ്രതിനിധീകരിക്കുന്നു; വടക്കുകിഴക്ക് ഊർജ്ജത്തിന്റെ ഒരു ശക്തികേന്ദ്രമാണ്. അതുകൊണ്ടാണ്, വടക്കുകിഴക്ക് നമ്മുടെ അഷ്ടലക്ഷ്മി (എട്ട് സമൃദ്ധിയുടെ രൂപങ്ങൾ) ആയിരിക്കുന്നത്. ഈ അഷ്ടലക്ഷ്മിയുടെ അനുഗ്രഹത്താൽ, വടക്കുകിഴക്കൻ മേഖലയിലെ ഓരോ സംസ്ഥാനവും പറയുന്നു - ഞങ്ങൾ നിക്ഷേപത്തിന് തയ്യാറാണ്, ഞങ്ങൾ നയിക്കാൻ തയ്യാറാണ്.
സുഹൃത്തുക്കളേ,
ഒരു 'വികസിത ഭാരതം' (വികസിത ഇന്ത്യ) കെട്ടിപ്പടുക്കുന്നതിന് കിഴക്കൻ ഭാരതം വികസിക്കേണ്ടത് അത്യാവശ്യമാണ്. കിഴക്കൻ ഭാരതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വടക്കുകിഴക്കൻ മേഖല. ഞങ്ങൾക്ക്, കിഴക്ക് എന്നത് വെറുമൊരു ദിശ മാത്രമല്ല - അത് ശാക്തീകരിക്കുക, പ്രവർത്തിക്കുക, ശക്തിപ്പെടുത്തുക, പരിവർത്തനം ചെയ്യുക എന്നതാണ്. കിഴക്കൻ ഭാരതത്തിനായുള്ള ഞങ്ങളുടെ ഗവൺമെന്റിന്റെ നയമാണിത്. ഇതേ നയം, ഇതേ മുൻഗണന, കിഴക്കൻ ഭാരതത്തെയും നമ്മുടെ വടക്കുകിഴക്കിനെയും വളർച്ചയുടെ കേന്ദ്ര സ്ഥാനത്തേക്ക് കൊണ്ടുവന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ 11 വർഷത്തിനിടയിൽ വടക്കുകിഴക്കൻ മേഖല കണ്ട പരിവർത്തനം വെറും സംഖ്യകളുടെ കാര്യമല്ല - അത് താഴെത്തട്ടിൽ അനുഭവിക്കാൻ കഴിയുന്ന മാറ്റമാണ്. ഗവണ്മെൻ്റ് പദ്ധതികളിലൂടെ വടക്കുകിഴക്കൻ മേഖലയുമായി ഞങ്ങൾ ഒരു ബന്ധം കെട്ടിപ്പടുത്തിട്ടില്ല - ഹൃദയത്തിൽ നിന്ന് ഒരു ബന്ധം ഞങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്. ഇത് കേൾക്കുമ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം: നമ്മുടെ കേന്ദ്ര ഗവണ്മെൻ്റിലെ മന്ത്രിമാർ 700-ലധികം തവണ വടക്കുകിഴക്കൻ മേഖല സന്ദർശിച്ചിട്ടുണ്ട്. സന്ദർശിക്കുകയും പോകുകയും ചെയ്യുക മാത്രമല്ല ചെയ്തത് - രാത്രി തങ്ങുക എന്നതായിരുന്നു നിയമം. അവർ ആ നാടിൻ്റെ വികാരം അനുഭവിച്ചറിഞ്ഞു, ജനങ്ങളുടെ കണ്ണുകളിലെ പ്രതീക്ഷ അവർ കണ്ടു, ആ വിശ്വാസത്തെ വികസനാധിഷ്ഠിത നയമാക്കി മാറ്റി. അടിസ്ഥാന സൗകര്യങ്ങളെ വെറും ഇഷ്ടികയും സിമന്റും ആയി ഞങ്ങൾ കണ്ടില്ല - വൈകാരിക ബന്ധത്തിനുള്ള ഒരു മാധ്യമമാക്കി ഞങ്ങൾ അതിനെ മാറ്റി. ആക്ട് ഈസ്റ്റ് എന്ന മന്ത്രം സ്വീകരിക്കാൻ ഞങ്ങൾ ലുക്ക് ഈസ്റ്റ് നയത്തിനപ്പുറം നീങ്ങി, ഇന്ന് നമ്മൾ അതിന്റെ ഫലങ്ങൾ കാണുന്നു. വടക്കുകിഴക്കൻ മേഖലയെ ഒരു അതിർത്തി മേഖല എന്ന് മാത്രം പരാമർശിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്, അത് വളർച്ചയുടെ മുൻനിരയിലേക്ക് മാറുകയാണ്.
സുഹൃത്തുക്കളേ,
നല്ല അടിസ്ഥാന സൗകര്യങ്ങൾ ടൂറിസത്തെ കൂടുതൽ ആകർഷകമാക്കുന്നു. ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ ഉള്ളിടത്ത് നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കുന്നു. മികച്ച റോഡുകൾ, ശക്തമായ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ, കാര്യക്ഷമമായ ലോജിസ്റ്റിക്സ് ശൃംഖല എന്നിവയാണ് ഏതൊരു വ്യവസായത്തിന്റെയും നട്ടെല്ല്. തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉള്ളിടത്ത് വ്യാപാരം അഭിവൃദ്ധി പ്രാപിക്കുന്നു - മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഏതൊരു തരത്തിലുള്ള വികസനത്തിന്റെയും അടിത്തറയും ആദ്യ ആവശ്യകതയും ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളാണ്. അതുകൊണ്ടാണ് വടക്കുകിഴക്കൻ മേഖലയിൽ ഞങ്ങൾ ഒരു അടിസ്ഥാന സൗകര്യ വിപ്ലവത്തിന് തുടക്കമിട്ടത്. വളരെക്കാലമായി, വടക്കുകിഴക്കൻ മേഖല അവഗണിക്കപ്പെട്ടു. എന്നാൽ ഇപ്പോൾ, വടക്കുകിഴക്കൻ മേഖല അവസരങ്ങളുടെ നാടായി മാറുകയാണ്. വടക്കുകിഴക്കൻ മേഖലയിൽ കണക്റ്റിവിറ്റി അടിസ്ഥാന സൗകര്യങ്ങളിൽ ലക്ഷക്കണക്കിന് കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. നിങ്ങൾ അരുണാചൽ പ്രദേശിലേക്ക് പോയാൽ, സേല ടണൽ പോലുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ നിങ്ങൾക്ക് കാണാൻ കഴിയും. അസമിൽ, ഭൂപൻ ഹസാരിക പാലം പോലുള്ള മെഗാ പദ്ധതികൾക്ക് നിങ്ങൾ സാക്ഷ്യം വഹിക്കും. ഒരു ദശാബ്ദത്തിനുള്ളിൽ, വടക്കുകിഴക്കൻ മേഖലയിൽ 11,000 കിലോമീറ്റർ പുതിയ ഹൈവേകൾ ഞങ്ങൾ നിർമ്മിച്ചു. നൂറുകണക്കിന് കിലോമീറ്റർ പുതിയ റെയിൽവേ ലൈനുകൾ സ്ഥാപിച്ചു. വടക്കുകിഴക്കൻ മേഖലയിലെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. ബ്രഹ്മപുത്ര, ബരാക് നദികളിലൂടെ ജലപാതകൾ വികസിപ്പിക്കുന്നു. നൂറുകണക്കിന് മൊബൈൽ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്, അതുമാത്രമല്ല - 1,600 കിലോമീറ്റർ നീളമുള്ള ഒരു പൈപ്പ്‌ലൈനായ നോർത്ത് ഈസ്റ്റ് ഗ്യാസ് ഗ്രിഡ് സ്ഥാപിച്ചിട്ടുണ്ട്. ഇത് വ്യവസായത്തിന് വിശ്വസനീയമായ വാതക വിതരണം ഉറപ്പാക്കുന്നു. ചുരുക്കത്തിൽ - ഹൈവേകൾ, റെയിൽവേകൾ, ജലപാതകൾ, ഐ-വേകൾ - വടക്കുകിഴക്കൻ മേഖലയിൽ എല്ലാ രൂപത്തിലുമുള്ള കണക്റ്റിവിറ്റിയാൽ ശക്തിപ്പെടുത്തുന്നു. വടക്കുകിഴക്കൻ മേഖലയിൽ ഇതിനുള്ള അടിത്തറ ഒരുക്കിക്കഴിഞ്ഞു. നമ്മുടെ വ്യവസായങ്ങൾ മുന്നോട്ട് വന്ന് ഈ അവസരം പൂർണ്ണമായി പ്രയോജനപ്പെടുത്തണം. ഫസ്റ്റ് മൂവർ അഡ്വാന്റേജ് (ഒരു ഉൽപ്പന്നം, സേവനം അല്ലെങ്കിൽ സാങ്കേതികവിദ്യ വിപണിയിൽ ആദ്യമായി അവതരിപ്പിക്കുന്നതിലൂടെ കമ്പനിക്കുണ്ടാകുന്ന നേട്ടം ) നിങ്ങൾ നഷ്ടപ്പെടുത്തരുത്.
സുഹൃത്തുക്കളേ,
വരും ദശകത്തിൽ, വടക്കുകിഴക്കൻ മേഖലയുടെ വ്യാപാര സാധ്യതകൾ പലമടങ്ങ് വളരും. ഇന്ന്, ഭാരതത്തിനും ആസിയാനും ഇടയിലുള്ള വ്യാപാര വ്യാപ്തി ഏകദേശം 125 ബില്യൺ ഡോളറാണ്. വരും വർഷങ്ങളിൽ ഇത് 200 ബില്യൺ ഡോളർ കവിയും, വടക്കുകിഴക്കൻ മേഖല ഈ വ്യാപാരത്തിന് ശക്തമായ ഒരു പാലമായി മാറും - ആസിയാനിലേക്കുള്ള ഒരു കവാടം. ഈ ദർശനത്തെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഞങ്ങൾ വേഗത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭാരത്-മ്യാൻമർ-തായ്‌ലൻഡ് ത്രിരാഷ്ട്ര ഹൈവേ മ്യാൻമർ വഴി തായ്‌ലൻഡിലേക്ക് നേരിട്ട് കണക്റ്റിവിറ്റി സ്ഥാപിക്കും. ഇത് തായ്‌ലൻഡ്, വിയറ്റ്നാം, ലാവോസ് തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ കണക്റ്റിവിറ്റി എളുപ്പമാക്കും. കൊൽക്കത്ത തുറമുഖത്തെ മ്യാൻമറിലെ സിറ്റ്‌വെ തുറമുഖവുമായി ബന്ധിപ്പിക്കുകയും വടക്കുകിഴക്കൻ പ്രദേശത്തിന്റെ ബാക്കി ഭാഗങ്ങളെ മിസോറാം വഴി ബന്ധിപ്പിക്കുകയും ചെയ്യുന്ന കലാദാൻ മൾട്ടിമോഡൽ ട്രാൻസിറ്റ് പ്രോജക്റ്റ് പൂർത്തിയാക്കാൻ ഞങ്ങളുടെ ഗവണ്മെൻ്റ് വേഗത്തിൽ പ്രവർത്തിക്കുന്നു. ഇത് പശ്ചിമ ബംഗാളിനും മിസോറാമിനും ഇടയിലുള്ള ദൂരം ഗണ്യമായി കുറയ്ക്കുകയും വ്യവസായത്തിനും വ്യാപാരത്തിനും ഒരു വലിയ അനുഗ്രഹമാണെന്ന് തെളിയിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ,
ഇന്ന്, ഗുവാഹത്തി, ഇംഫാൽ, അഗർത്തല തുടങ്ങിയ നഗരങ്ങൾ ബഹു മാതൃകാ ലോജിസ്റ്റിക്സ് ഹബ്ബുകളായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. മേഘാലയയിലും മിസോറാമിലും, ലാൻഡ് കസ്റ്റംസ് സ്റ്റേഷനുകൾ ഇപ്പോൾ അന്താരാഷ്ട്ര വ്യാപാരത്തിന് ഒരു പുതിയ ഉത്തേജനം നൽകുന്നു. ഈ എല്ലാ ശ്രമങ്ങളിലൂടെയും, ഇന്തോ-പസഫിക് രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ വടക്കുകിഴക്കൻ മേഖല ഒരു പുതിയ പേരായി ഉയർന്നുവരുന്നു. അതായത് വടക്കുകിഴക്കൻ മേഖലയിൽ നിങ്ങൾക്കായി സാധ്യതകളുടെ ഒരു പുതിയ ആകാശം തുറക്കുന്നു.
സുഹൃത്തുക്കളേ,
ഭാരതത്തെ ഒരു ആഗോള ആരോഗ്യ-ക്ഷേമ പരിഹാര ദാതാവായി സ്ഥാപിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു. "ഇന്ത്യയിൽ സുഖപ്പെടുത്തുക" എന്ന മന്ത്രം ഒരു ആഗോള മന്ത്രമാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. വടക്കുകിഴക്കൻ മേഖല പ്രകൃതിയാൽ സമ്പന്നമാണെന്ന് മാത്രമല്ല, പ്രകൃതിദത്ത ജീവിതശൈലിക്ക് അനുയോജ്യമായ ഒരു സ്ഥലവുമാണ്. അതിന്റെ ജൈവവൈവിധ്യം, കാലാവസ്ഥ - അവ ക്ഷേമത്തിനുള്ള പ്രകൃതിദത്ത മരുന്ന് പോലെ പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് ഹീൽ ഇൻ ഇന്ത്യ ദൗത്യത്തിൽ നിക്ഷേപ അവസരങ്ങൾക്കായി വടക്കുകിഴക്കൻ മേഖല പര്യവേക്ഷണം ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നത്.
സുഹൃത്തുക്കളേ,
സംഗീതം, നൃത്തം, ആഘോഷം എന്നിവ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സംസ്കാരത്തിൽ തന്നെ ഇഴചേർന്നിരിക്കുന്നു. അത് ആഗോള സമ്മേളനങ്ങൾ, കൺസേർട്ടുകൾ, ഡെസ്റ്റിനേഷൻ വിവാഹങ്ങൾ എന്നിവയ്‌ക്കുള്ള ഒരു മികച്ച സ്ഥലമാക്കി മാറ്റുന്നു. പല തരത്തിൽ, വടക്കുകിഴക്കൻ മേഖല വിനോദസഞ്ചാരത്തിന് ഒരു സമ്പൂർണ്ണ പാക്കേജാണ്. ഇപ്പോൾ വികസനത്തിന്റെ നേട്ടങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലും എത്തുന്നതിനാൽ, വിനോദസഞ്ചാരത്തിലും ഒരു നല്ല സ്വാധീനം നാം കാണുന്നു. വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായി, ഇത് എണ്ണത്തിൽ മാത്രമല്ല - ഗ്രാമങ്ങളിൽ ഹോം സ്റ്റേകൾ നിർമ്മിക്കപ്പെടുന്നു, യുവാക്കൾക്ക് ഗൈഡുകളായി പുതിയ അവസരങ്ങൾ ലഭിക്കുന്നു, ഒരു പൂർണ്ണ ടൂർ, യാത്രാ ആവാസവ്യവസ്ഥ വികസിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ നമ്മൾ ഇത് കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകണം. ഇക്കോ-ടൂറിസത്തിലും സാംസ്കാരിക ടൂറിസത്തിലും, നിങ്ങളെയെല്ലാം കാത്തിരിക്കുന്ന ധാരാളം പുതിയ നിക്ഷേപ അവസരങ്ങളുണ്ട്.
സുഹൃത്തുക്കളേ,
ഏതൊരു പ്രദേശത്തിന്റെയും വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട ആവശ്യം സമാധാനവും ക്രമസമാധാനവുമാണ്. അത് ഭീകരതയായാലും മാവോയിസ്റ്റ് കലാപമായാലും, നമ്മുടെ ഗവണ്മെൻ്റ് ഒരു സഹിഷ്ണുതയില്ലാ നയമാണ് പിന്തുടരുന്നത്. വടക്കുകിഴക്കൻ മേഖല ബോംബുകൾ, തോക്കുകൾ, ഉപരോധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. വടക്കുകിഴക്കൻ മേഖലയെക്കുറിച്ചുള്ള പരാമർശം തന്നെ ഈ ചിത്രങ്ങളെ ഓർമ്മിപ്പിച്ചു. ഇത് മേഖലയിലെ യുവാക്കൾക്ക് വലിയ നഷ്ടമുണ്ടാക്കി - എണ്ണമറ്റ അവസരങ്ങൾ അവരുടെ കൈകളിൽ നിന്ന് നഷ്ടപ്പെട്ടു. വടക്കുകിഴക്കൻ മേഖലയിലെ യുവാക്കളുടെ ഭാവിയിലാണ് ഞങ്ങളുടെ ശ്രദ്ധ. അതുകൊണ്ടാണ് വികസനത്തിന്റെ മുഖ്യധാരയിൽ ചേരാൻ യുവാക്കൾക്ക് അവസരം നൽകിക്കൊണ്ട് ഞങ്ങൾ ഒന്നിനുപുറകെ ഒന്നായി സമാധാന കരാറുകളിൽ ഒപ്പുവെച്ചത്. കഴിഞ്ഞ 10–11 വർഷത്തിനിടെ, 10,000-ത്തിലധികം യുവാക്കൾ ആയുധം താഴെവെച്ച് സമാധാനത്തിന്റെ പാത തെരഞ്ഞെടുത്തു. ഇന്ന്, വടക്കുകിഴക്കൻ മേഖലയിലെ യുവാക്കൾക്ക് സ്വന്തം മേഖലയിൽ തന്നെ തൊഴിലിനും സ്വയംതൊഴിലിനും പുതിയ അവസരങ്ങൾ ലഭിക്കുന്നു. മുദ്ര യോജനയിലൂടെ, വടക്കുകിഴക്കൻ മേഖലയിലെ ദശലക്ഷക്കണക്കിന് യുവാക്കൾക്ക് ആയിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചു. വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ യുവാക്കളെ അവരുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇപ്പോൾ, വടക്കുകിഴക്കൻ മേഖലയിലെ യുവാക്കൾ വെറും ഇന്റർനെറ്റ് ഉപയോക്താക്കളല്ല - അവർ ഡിജിറ്റൽ നൂതനാശയക്കാരായി മാറുകയാണ്. 13,000 കിലോമീറ്ററിലധികം ഒപ്റ്റിക്കൽ ഫൈബർ, 4G, 5G കവറേജ്, സാങ്കേതികവിദ്യയിൽ ഉയർന്നുവരുന്ന അവസരങ്ങൾ എന്നിവയിലൂടെ, യുവാക്കൾ ഇപ്പോൾ സ്വന്തം പട്ടണങ്ങളിൽ നിന്ന് വലിയ തോതിലുള്ള സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നു. വടക്കുകിഴക്കൻ മേഖല ഭാരതത്തിന്റെ ഡിജിറ്റൽ പ്രവേശനമാർഗ്ഗമായി മാറുകയാണ്.
സുഹൃത്തുക്കളേ,
വളർച്ചയ്ക്കും മികച്ച ഭാവിക്കും കഴിവുകൾ എത്രത്തോളം പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. വടക്കുകിഴക്കൻ മേഖല ഇതിനുള്ള അനുകൂലമായ അന്തരീക്ഷവും നൽകുന്നു. മേഖലയിലെ വിദ്യാഭ്യാസ, നൈപുണ്യ വികസന ആവാസവ്യവസ്ഥയിൽ കേന്ദ്ര ഗവണ്മെൻ്റ് വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. കഴിഞ്ഞ ദശകത്തിൽ, വടക്കുകിഴക്കൻ മേഖലയിലെ വിദ്യാഭ്യാസ മേഖലയിൽ 21,000 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഏകദേശം 850 പുതിയ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. വടക്കുകിഴക്കൻ മേഖലയിലെ ആദ്യത്തെ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ഇപ്പോൾ പ്രവർത്തനക്ഷമമായി. ഒമ്പത് പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിച്ചു. രണ്ട് പുതിയ ഐഐഐടികൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി) ഈ മേഖലയിൽ സ്ഥാപിച്ചു. മിസോറാമിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ ഒരു കാമ്പസ് സ്ഥാപിച്ചു. വടക്കുകിഴക്കൻ മേഖലയിൽ ഏകദേശം 200 പുതിയ നൈപുണ്യ വികസന സ്ഥാപനങ്ങൾ സ്ഥാപിച്ചു. രാജ്യത്തെ ആദ്യത്തെ സ്പോർട്സ് യൂണിവേഴ്സിറ്റിയും അവിടെ നിർമ്മിക്കപ്പെടുന്നു. ഖേലോ ഇന്ത്യ പരിപാടിയുടെ കീഴിൽ, വടക്കുകിഴക്കൻ മേഖലയിൽ നൂറുകണക്കിന് കോടി രൂപയുടെ പദ്ധതികൾ നടന്നുവരികയാണ്. മേഖലയിൽ മാത്രം 8 ഖേലോ ഇന്ത്യ മികവിൻ്റെ കേന്ദ്രങ്ങളും 250 ലധികം ഖേലോ ഇന്ത്യ സെന്ററുകളും ഉണ്ട്. ഇതിനർത്ഥം എല്ലാ മേഖലകളിലെയും മികച്ച പ്രതിഭകൾ വടക്കുകിഴക്കൻ മേഖലയിൽ ലഭ്യമാണ് എന്നാണ്. ഈ അവസരം നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.
സുഹൃത്തുക്കളേ,
ഇന്ന്, ജൈവ ഭക്ഷണത്തിനുള്ള ആഗോള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമഗ്ര ആരോഗ്യ സംരക്ഷണത്തോടുള്ള അഭിനിവേശം വർദ്ധിച്ചുവരികയാണ്, എനിക്ക് ഒരു സ്വപ്നമുണ്ട് - ലോകത്തിലെ എല്ലാ തീൻ മേശയിലും കുറഞ്ഞത് ഒരു ഇന്ത്യൻ ഭക്ഷണ ബ്രാൻഡെങ്കിലും ഉണ്ടായിരിക്കണം. ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് നിർണായക പങ്കുണ്ട്. കഴിഞ്ഞ ദശകത്തിൽ, വടക്കുകിഴക്കൻ മേഖലയിലെ ജൈവകൃഷിയുടെ വ്യാപ്തി ഇരട്ടിയായി. ചായ, പൈനാപ്പിൾ, ഓറഞ്ച്, നാരങ്ങ, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് നമ്മുടെ പ്രദേശം പേരുകേട്ടതാണ് - അവയുടെ രുചിയും ഗുണനിലവാരവും ശരിക്കും അസാധാരണമാണ്. ഈ ഉൽപ്പന്നങ്ങൾക്കുള്ള ആവശ്യം ആഗോളതലത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഈ വർദ്ധിച്ചുവരുന്ന ആവശ്യം നിങ്ങൾക്കെല്ലാവർക്കും മികച്ച അവസരങ്ങൾ തുറക്കുന്നു.
സുഹൃത്തുക്കളേ,
വടക്കുകിഴക്കൻ മേഖലയിൽ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നത് എളുപ്പമാക്കുന്നതിനായി ഗവണ്മെൻ്റ് പ്രവർത്തിക്കുന്നു. മെച്ചപ്പെട്ട കണക്റ്റിവിറ്റി ഇതിനകം തന്നെ സഹായകമായി വരുന്നുണ്ട്, കൂടാതെ, ഞങ്ങൾ മെഗാ ഫുഡ് പാർക്കുകൾ നിർമ്മിക്കുകയും കോൾഡ് സ്റ്റോറേജ് ശൃംഖല വികസിപ്പിക്കുകയും പരിശോധനാ ലബോറട്ടറികൾ സ്ഥാപിക്കുകയും ചെയ്യുന്നു. ഗവണ്മെൻ്റ് ഓയിൽ പാം ദൗത്യവും ആരംഭിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ മേഖലയിലെ മണ്ണും കാലാവസ്ഥയും ഓയിൽ പാം കൃഷിക്ക് വളരെ അനുയോജ്യമാണ്. ഇത് നമ്മുടെ കർഷകർക്ക് ഒരു പ്രധാന വരുമാന സ്രോതസ്സായി മാറും, കൂടാതെ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളെ ഭാരതം ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും. പാം ഓയിൽ കൃഷി നമ്മുടെ വ്യവസായങ്ങൾക്കും ഒരു വലിയ അവസരമാണ്.
സുഹൃത്തുക്കളേ,
ഊർജ്ജം, സെമികണ്ടക്ടറുകൾ എന്നീ രണ്ട് മേഖലകൾ കൂടി ഉൾക്കൊള്ളുന്ന ഒരു പ്രധാന ലക്ഷ്യസ്ഥാനമായി നമ്മുടെ വടക്കുകിഴക്കൻ മേഖല ഉയർന്നുവരുന്നു. ജലവൈദ്യുതിയോ സൗരോർജ്ജമോ ആകട്ടെ, വടക്കുകിഴക്കൻ മേഖലയിലെ എല്ലാ സംസ്ഥാനങ്ങളിലും ഗവണ്മെൻ്റ് വലിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾക്ക് ഇതിനകം അംഗീകാരം ലഭിച്ചു കഴിഞ്ഞു. പ്ലാന്റുകളിലും അടിസ്ഥാന സൗകര്യങ്ങളിലും നിങ്ങൾക്ക് നിക്ഷേപ അവസരങ്ങൾ മാത്രമല്ല, ഉൽപ്പാദനത്തിലും ഒരു സുവർണ്ണാവസരവുമുണ്ട്. സോളാർ മൊഡ്യൂളുകൾ, സെല്ലുകൾ, സംഭരണം, ഗവേഷണം എന്നിവയായാലും, നമുക്ക് കൂടുതൽ നിക്ഷേപങ്ങൾ ആവശ്യമാണ്. ഇതാണ് നമ്മുടെ ഭാവി - ഇന്ന് നമ്മൾ അതിൽ കൂടുതൽ നിക്ഷേപിക്കുന്തോറും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയും. ഇന്ന്, വടക്കുകിഴക്കൻ മേഖല - പ്രത്യേകിച്ച് അസം - രാജ്യത്തിന്റെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരെ വേഗം, വടക്കുകിഴക്കൻ മേഖലയിലെ ഒരു സെമികണ്ടക്ടർ പ്ലാന്റിൽ നിന്നുള്ള ആദ്യത്തെ മെയ്ഡ്-ഇൻ-ഇന്ത്യ ചിപ്പ് രാജ്യത്തിന് ലഭ്യമാകും. ഈ പ്ലാന്റ് സെമികണ്ടക്ടർ മേഖലയ്ക്കും മേഖലയിലെ മറ്റ് അത്യാധുനിക സാങ്കേതികവിദ്യകൾക്കും അവസരങ്ങളുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു.
സുഹൃത്തുക്കളേ,
റൈസിംഗ് നോർത്ത് ഈസ്റ്റ് ഒരു നിക്ഷേപക ഉച്ചകോടി മാത്രമല്ല - അതൊരു പ്രസ്ഥാനമാണ്. ഇത് പ്രവർത്തനത്തിനുള്ള ആഹ്വാനമാണ്. വടക്കുകിഴക്കിന്റെ ശോഭനമായ ഭാവിയിലൂടെ ഭാരതത്തിന്റെ ഭാവി പുതിയ ഉയരങ്ങളിലേക്ക് മുന്നേറും. എല്ലാ ബിസിനസ് നേതാക്കളിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. വരൂ, നമുക്ക് ഒരുമിച്ച് നമ്മുടെ അഷ്ടലക്ഷ്മിയെ ഒരു 'വികസിത ഭാരത'ത്തിന് പ്രചോദനമാക്കാം. ഇന്നത്തെ കൂട്ടായ ശ്രമങ്ങളും, നിങ്ങളുടെ ഉത്സാഹവും, നിങ്ങളുടെ പ്രതിബദ്ധതയും പ്രതീക്ഷയെ വിശ്വാസമാക്കി മാറ്റുന്നുവെന്ന് എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട്. രണ്ടാമത്തെ റൈസിംഗ് നോർത്ത് ഈസ്റ്റ് ഉച്ചകോടി നടക്കുമ്പോഴേക്കും നമ്മൾ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
വളരെ നന്ദി!
-SK-
(Release ID: 2130952)
Read this release in:
Odia
,
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada