പ്രധാനമന്ത്രിയുടെ ഓഫീസ്
ജനീവയിൽ നടക്കുന്ന ലോകാരോഗ്യ അസംബ്ലിയുടെ 78-ാമത് സെഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
ഈ വർഷത്തെ ലോകാരോഗ്യ അസംബ്ലിയുടെ പ്രമേയം 'ആരോഗ്യത്തിനായി ഒരു ലോകം' എന്നതാണ്, ഇത് ആഗോള ആരോഗ്യത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുമായി ചേർന്നു പോകുന്നതാണ്: പ്രധാനമന്ത്രി
ഉൾച്ചേർക്കൽ, സംയോജിത ദർശനം, സഹകരണം എന്നിവയെ ആശ്രയിച്ചാണ് ആരോഗ്യമുളള ഒരു ലോകത്തിന്റെ ഭാവി: പ്രധാനമന്ത്രി
ഏറ്റവും ദുർബലരായവരെ നാം എത്രത്തോളം നന്നായി പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലോകത്തിന്റെ ആരോഗ്യം: പ്രധാനമന്ത്രി
ഗ്ലോബൽ സൗത്തിനെ പ്രത്യേകമായി ആരോഗ്യ വെല്ലുവിളികൾ ബാധിച്ചിട്ടുണ്ട്. ആവർത്തിക്കാവുന്നതും, വിപുലീകരിക്കാവുന്നതും, സുസ്ഥിരവുമായ മാതൃകകൾ ഇന്ത്യയുടെ സമീപനം വാഗ്ദാനം ചെയ്യുന്നു: പ്രധാനമന്ത്രി
ജൂണിൽ, 11-ാമത് അന്താരാഷ്ട്ര യോഗ ദിനം വരുന്നു, ഈ വർഷത്തെ പ്രമേയം 'ഒരു ഭൂമിക്കും, ഒരു ആരോഗ്യത്തിനുമായി യോഗ' എന്നതാണ്: പ്രധാനമന്ത്രി
ആരോഗ്യമുള്ള ഒരു ഗ്രഹം നിർമ്മിക്കുമ്പോൾ, ആരും ഒഴിവാക്കപ്പെടുന്നില്ലെന്ന് നമുക്ക് ഉറപ്പാക്കാം: പ്രധാനമന്ത്രി
Posted On:
20 MAY 2025 4:27PM by PIB Thiruvananthpuram
ജനീവയിൽ ഇന്ന് നടന്ന ലോകാരോഗ്യ അസംബ്ലിയുടെ 78-ാമത് സെഷനെ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, അദ്ദേഹം സദസ്സിൽ സന്നിഹിതരായ എല്ലാവർക്കും ഊഷ്മളമായ ആശംസകൾ നേർന്നു, ഈ വർഷത്തെ പ്രമേയമായ 'ആരോഗ്യത്തിന് ഒരു ലോകം' എന്ന വിഷയം ഉയർത്തിക്കാട്ടുകയും അത് ഇന്ത്യയുടെ ആഗോള ആരോഗ്യ ദർശനവുമായി യോജിക്കുന്നുവെന്ന് ഊന്നിപ്പറയുകയും ചെയ്തു. 2023 ലെ ലോകാരോഗ്യ അസംബ്ലിയിൽ 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്നതിനെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗം അദ്ദേഹം ഓർമ്മിപ്പിച്ചു. ആരോഗ്യകരമായ ഒരു ലോകത്തിന്റെ ഭാവി ഉൾച്ചേർക്കൽ, സംയോജിത ദർശനം, സഹകരണം എന്നിവയെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ആരോഗ്യ പരിഷ്കാരങ്ങളുടെ കാതൽ ഉൾപ്പെടുത്തൽ ആണെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് എടുത്തുപറഞ്ഞു, ഇത് 580 ദശലക്ഷം ആളുകളെ ഉൾക്കൊള്ളുകയും സൗജന്യ ചികിത്സ നൽകുകയും ചെയ്യുന്നു. 70 വയസ്സിനു മുകളിലുള്ള എല്ലാ ഇന്ത്യക്കാരെയും ഉൾപ്പെടുത്തുന്നതിനായി ഈ പരിപാടി അടുത്തിടെ വിപുലീകരിച്ചു. കാൻസർ, പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ രോഗങ്ങൾ നേരത്തേ പരിശോധിക്കുന്നതിനും കണ്ടെത്തുന്നതിനും സഹായിക്കുന്ന ആയിരക്കണക്കിന് ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങളുടെ വിപുലമായ ശൃംഖല ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയർന്ന നിലവാരമുള്ള മരുന്നുകൾ ഗണ്യമായി കുറഞ്ഞ വിലയ്ക്ക് നൽകുന്ന ആയിരക്കണക്കിന് പൊതു ഫാർമസികളുടെ പങ്കിനെക്കുറിച്ചും അദ്ദേഹം അടിവരയിട്ടു. ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് എടുത്തുകാണിച്ചുകൊണ്ട്, ഗർഭിണികളുടെയും കുട്ടികളുടെയും വാക്സിനേഷൻ ട്രാക്ക് ചെയ്യുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം, ആനുകൂല്യങ്ങൾ, ഇൻഷുറൻസ്, രേഖകൾ, വിവരങ്ങൾ എന്നിവ സംയോജിപ്പിക്കാൻ സഹായിക്കുന്ന അതുല്യമായ ഡിജിറ്റൽ ആരോഗ്യ ഐഡന്റിറ്റി സിസ്റ്റം തുടങ്ങിയ ഇന്ത്യയുടെ ഡിജിറ്റൽ സംരംഭങ്ങളെ ശ്രീ മോദി പരാമർശിച്ചു. ടെലിമെഡിസിൻ ഉപയോഗിച്ച് ആരും ഒരു ഡോക്ടറിൽ നിന്ന് വളരെ അകലെയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 340 ദശലക്ഷത്തിലധികം കൺസൾട്ടേഷനുകൾ സാധ്യമാക്കിയ ഇന്ത്യയുടെ സൗജന്യ ടെലിമെഡിസിൻ സേവനത്തെ അദ്ദേഹം എടുത്തുകാട്ടി. ഇന്ത്യയുടെ ആരോഗ്യ സംരംഭങ്ങളുടെ പോസിറ്റീവ് സ്വാധീനത്തെക്കുറിച്ച് പ്രതിഫലിപ്പിച്ചുകൊണ്ട്, മൊത്തം ആരോഗ്യ ചെലവിന്റെ ശതമാനം നോക്കുമ്പോൾ കൈയിൽ നിന്നും ചെലവഴിക്കുന്ന തുകയിൽ ഗണ്യമായ കുറവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം, ഗവൺമെന്റ് ആരോഗ്യ ചെലവ് ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
"ലോകത്തിന്റെ ആരോഗ്യം ഏറ്റവും ദുർബലരായവരെ നമ്മൾ എത്രത്തോളം പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു", എന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു, ഗ്ലോബൽ സൗത്ത് ആരോഗ്യ വെല്ലുവിളികൾ പ്രത്യേകിച്ച് ബാധിക്കുന്നുണ്ടെന്ന് എടുത്തുകാണിച്ചു. ആവർത്തിക്കാവുന്നതും, വിപുലീകരിക്കാവുന്നതും, സുസ്ഥിരവുമായ മാതൃകകൾ ഇന്ത്യയുടെ സമീപനം നൽകുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകവുമായി, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തുമായി, തങ്ങളുടെ പഠനങ്ങളും മികച്ച രീതികളും പങ്കിടാനുള്ള ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചു. ജൂണിൽ നടക്കുന്ന 11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിനായി കാത്തിരിക്കുന്ന വേളയിൽ, പ്രധാനമന്ത്രി പരിപാടിയിലെ ആഗോള പങ്കാളിത്തത്തെ പ്രോത്സാഹിപ്പിച്ചു. ഈ വർഷത്തെ പ്രമേയമായ 'ഒരു ഭൂമിക്കും, ഒരു ആരോഗ്യത്തിനുമായി യോഗ' അദ്ദേഹം എടുത്തുകാട്ടി, യോഗയുടെ ജന്മസ്ഥലമെന്ന നിലയിൽ ഇന്ത്യയുടെ പങ്കിനെ ഊന്നിപ്പറഞ്ഞുകൊണ്ട് എല്ലാ രാജ്യങ്ങളെയും ക്ഷണമറിയിച്ചു.
ഐഎൻബി ഉടമ്പടിയുടെ വിജയകരമായ ചർച്ചകളിൽ ലോകാരോഗ്യ സംഘടനയ്ക്കും (ഡബ്ല്യുഎച്ച്ഒ) എല്ലാ അംഗരാജ്യങ്ങൾക്കും ശ്രീ മോദി അഭിനന്ദനങ്ങൾ അറിയിച്ചു. കൂടുതൽ ആഗോള സഹകരണത്തിലൂടെ ഭാവിയിലെ പകർച്ചവ്യാധികളെ ചെറുക്കുന്നതിനുള്ള ഒരു പരസ്പര പ്രതിബദ്ധതയാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ആരും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് ആരോഗ്യകരമായ ഒരു ഗ്രഹം കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രധാനമന്ത്രി വേദങ്ങളിൽ നിന്ന് ഒരു കാലാതീതമായ പ്രാർത്ഥന നടത്തി, എല്ലാവരും ആരോഗ്യമുള്ളവരും, സന്തുഷ്ടരും, രോഗരഹിതരുമായിരിക്കുന്ന ഒരു ലോകത്തിനായി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഇന്ത്യയിലെ ഋഷിമാർ എങ്ങനെ പ്രാർത്ഥിച്ചിരുന്നുവെന്ന് അദ്ദേഹം ഓർമ്മിച്ചു. ഈ ദർശനം ലോകത്തെ ഒന്നിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
-SK-
(Release ID: 2129973)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada