പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

Posted On: 04 MAY 2025 8:16PM by PIB Thiruvananthpuram

ബിഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, മൻസുഖ് ഭായ്, സഹോദരി രക്ഷാ ഖഡ്‌സെ, ശ്രീ രാം നാഥ് താക്കൂർ ജി, ബിഹാർ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി ജി, വിജയ് കുമാർ സിൻഹ ജി, ഇവിടെ സന്നിഹിതരായ മറ്റ് വിശിഷ്ടാതിഥികളേ,എല്ലാ കളിക്കാരേ, പരിശീലകരേ, മറ്റ് സ്റ്റാഫ് അംഗങ്ങളേ, എന്റെ പ്രിയപ്പെട്ട യുവ സുഹൃത്തുക്കളേ!

രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും എത്തിയ എല്ലാ കായികതാരങ്ങളെയും ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു - ഓരോരുത്തരും മികച്ചവരും, കഴിവുള്ളവരുമാണ്.

സുഹൃത്തുക്കളേ,

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ബിഹാറിലെ വിവിധ നഗരങ്ങളിലായി മത്സരങ്ങൾ നടക്കും. പട്ന മുതൽ രാജ്ഗിർ വരെയും, ഗയ മുതൽ ഭഗൽപൂർ, ബെഗുസാരായ് വരെയും, 6,000-ത്തിലധികം സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള 6,000-ത്തിലധികം യുവ കായികതാരങ്ങൾ അടുത്ത കുറച്ച് ദിവസങ്ങളിൽ ബിഹാറിന്റെ ഈ പുണ്യഭൂമിയിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കും. എല്ലാ കളിക്കാർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു. ഭാരതത്തിൽ കായിക രം​ഗം ഇപ്പോൾ ഒരു സാംസ്കാരിക സ്വത്വമായി സ്വയം സ്ഥാപിക്കപ്പെടുന്നു. ഭാരതത്തിൽ നമ്മുടെ കായിക സംസ്കാരം എത്രത്തോളം വളരുന്നുവോ അത്രത്തോളം ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ സോഫ്റ്റ് പവർ വർദ്ധിക്കും. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഈ ദിശയിൽ രാജ്യത്തെ യുവാക്കൾക്ക് ഒരു പ്രധാന വേദിയായി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ,

ഏതൊരു കായികതാരത്തിനും അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും നിരന്തരം സ്വയം പരീക്ഷിക്കുന്നതിനും, കൂടുതൽ മത്സരങ്ങളിൽ കളിക്കുകയും, പങ്കെടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എൻ‌ഡി‌എ ​ഗവണ്മെൻ്റ് എല്ലായ്പ്പോഴും അവരുടെ നയങ്ങളിൽ ഇതിന് മുൻ‌തൂക്കം നൽകിയിട്ടുണ്ട്. ഇന്ന്, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, ഖേലോ ഇന്ത്യ വിന്റർ ഗെയിംസ്, ഖേലോ ഇന്ത്യ പാരാ ഗെയിംസ് എന്നിവയുണ്ട്. അതായത്, ദേശീയ തലത്തിലുള്ള മത്സരങ്ങൾ വർഷം മുഴുവനും, വിവിധ തലങ്ങളിൽ, രാജ്യത്തുടനീളം പതിവായി നടക്കുന്നു. ഇത് നമ്മുടെ കായികതാരങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും അവരുടെ കഴിവുകൾ ശോഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ക്രിക്കറ്റ് ലോകത്ത് നിന്ന് ഞാൻ നിങ്ങൾക്ക് ഒരു ഉദാഹരണം നൽകട്ടെ. അടുത്തിടെ, ബിഹാറിന്റെ സ്വന്തം പുത്രൻ വൈഭവ് സൂര്യവംശിയുടെ ഐ‌പി‌എല്ലിൽ മികച്ച പ്രകടനം നമ്മൾ കണ്ടു. ഇത്രയും ചെറുപ്പത്തിൽ തന്നെ വൈഭവ് ഒരു വലിയ റെക്കോർഡ് സ്ഥാപിച്ചു. അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിന് പിന്നിൽ, തീർച്ചയായും, അദ്ദേഹത്തിന്റെ കഠിനാധ്വാനമുണ്ട്, മാത്രമല്ല, അദ്ദേഹത്തിന്റെ കഴിവുകൾ ഉയർന്നുവരാൻ അവസരം നൽകിയ വിവിധ തലങ്ങളിലുള്ള നിരവധി മത്സരങ്ങളും ഉണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ കൂടുതൽ കളിക്കുന്തോറും നിങ്ങൾ കൂടുതൽ വളരുന്നു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ, എല്ലാ കായികതാരങ്ങൾക്കും ദേശീയ തലത്തിൽ കളിക്കുന്നതിന്റെ വ്യത്യാസം മനസ്സിലാക്കാൻ അവസരം ലഭിക്കും, നിങ്ങൾക്ക് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയും.


സുഹൃത്തുക്കളേ,

ഭാരതത്തിൽ ഒളിമ്പിക്സ് നടത്തുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും വളരെക്കാലത്തെ സ്വപ്നമാണ്. ഇന്ന്, 2036-ൽ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഭാരതം പരിശ്രമിക്കുന്നു. അന്താരാഷ്ട്ര കായിക ഇനങ്ങളിൽ ഭാരതത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും സ്കൂൾ തലത്തിൽ കായിക പ്രതിഭകളെ തിരിച്ചറിയുന്നതിനും, സ്കൂൾ ഘട്ടം മുതൽ തന്നെ ​ഗവണ്മെൻ്റ് കായികതാരങ്ങളെ പരിശീലിപ്പിക്കുന്നു. ഖേലോ ഇന്ത്യ സംരംഭം മുതൽ ടോപ്സ് (ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം) വരെ, ഇതിനായി ഒരു മുഴുവൻ ആവാസവ്യവസ്ഥയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ന്, ബിഹാറിൽ നിന്നുള്ളവർ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് കായികതാരങ്ങൾ ഇതിന്റെ പ്രയോജനം നേടുന്നു. നമ്മുടെ കളിക്കാർക്ക് കൂടുതൽ കായിക വിനോദങ്ങൾ പര്യവേക്ഷണം ചെയ്യാനും കളിക്കാനുമുള്ള അവസരങ്ങൾ നൽകുന്നതിലും ​ഗവണ്മെൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതുകൊണ്ടാണ് ഗട്ക, കളരിപ്പയറ്റ്, ഖോ-ഖോ, മല്ലഖാംബ്, യോഗാസന തുടങ്ങിയ ഗെയിമുകൾ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമീപകാലത്ത്, നമ്മുടെ അത്‌ലറ്റുകൾ നിരവധി പുതിയ കായിക ഇനങ്ങളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. ഇന്ത്യൻ അത്‌ലറ്റുകൾ ഇപ്പോൾ വുഷു, സെപക് തക്രോ, പെൻകാക് സിലാത്ത്, ലോൺ ബൗൾസ്, റോളർ സ്കേറ്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ മികവ് പുലർത്തുന്നു. 2022 ലെ കോമൺ‌വെൽത്ത് ഗെയിംസിൽ, ലോൺ ബൗൾസിൽ മെഡൽ നേടി നമ്മുടെ വനിതാ ടീം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു.


സുഹൃത്തുക്കളേ,

ഭാരതത്തിലെ കായിക അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിലും ​ഗവണ്മെൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, കായിക ബജറ്റ് മൂന്ന് മടങ്ങിലധികം വർദ്ധിപ്പിച്ചു. ഈ വർഷം കായിക ബജറ്റ് ഏകദേശം 4,000 കോടി രൂപയാണ്. ഈ ബജറ്റിന്റെ ഒരു പ്രധാന ഭാഗം കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് ചെലവഴിക്കുന്നത്. ഇന്ന്, രാജ്യത്തുടനീളം ആയിരത്തിലധികം ഖേലോ ഇന്ത്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്, അവയിൽ മൂന്ന് ഡസനിലധികം ബിഹാറിൽ മാത്രം സ്ഥിതിചെയ്യുന്നു. എൻ‌ഡി‌എയുടെ ഇരട്ട എഞ്ചിൻ 
​ഗവണ്മെൻ്റ് മാതൃകയിൽ നിന്ന് ബിഹാറും പ്രയോജനം നേടുന്നു. സംസ്ഥാന ​ഗവണ്മെൻ്റ് സ്വന്തം തലത്തിൽ നിരവധി പദ്ധതികൾ വികസിപ്പിക്കുന്നു. രാജ്ഗീറിൽ ഒരു ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് (മികവിൻ്റെ കേന്ദ്രം) സ്ഥാപിച്ചിട്ടുണ്ട്. ബിഹാറിന് ബിഹാർ കായിക സർവ്വകലാശാല, സ്റ്റേറ്റ് സ്പോർട്സ് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളും നൽകിയിട്ടുണ്ട്. പട്ന-ഗയ ഹൈവേയിൽ ഒരു സ്പോർട്സ് സിറ്റി നിർമ്മിക്കുന്നു. ബിഹാറിലെ ഗ്രാമങ്ങളിൽ കായിക സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ദേശീയ കായിക ഭൂപടത്തിൽ ബിഹാറിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തും.

സുഹൃത്തുക്കളേ,

കായിക ലോകവും കായികവുമായി ബന്ധപ്പെട്ട സമ്പദ്‌വ്യവസ്ഥയും ഇനി കളിക്കളത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഇന്ന്, അത് യുവാക്കൾക്ക് തൊഴിലിനും സ്വയം തൊഴിലിനും പുതിയ വഴികൾ സൃഷ്ടിക്കുകയാണ്. ഫിസിയോതെറാപ്പി, ഡാറ്റ അനലിറ്റിക്സ്, സ്പോർട്സ് ടെക്നോളജി, ബ്രോഡ്കാസ്റ്റിംഗ്, ഇ-സ്പോർട്സ്, മാനേജ്മെന്റ് തുടങ്ങിയ മേഖലകൾ പ്രധാനപ്പെട്ട ഉപമേഖലകളായി ഉയർന്നുവരുന്നു. നമ്മുടെ യുവാക്കൾക്ക് പരിശീലകർ, ഫിറ്റ്നസ് പരിശീലകർ, റിക്രൂട്ട്മെന്റ് ഏജന്റുമാർ, ഇവന്റ് മാനേജർമാർ, സ്പോർട്സ് അഭിഭാഷകർ, സ്പോർട്സ് മീഡിയ വിദഗ്ധർ എന്നീ നിലകളിലും കരിയർ പരിഗണിക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു സ്റ്റേഡിയം ഇനി മത്സരങ്ങൾ കളിക്കാനുള്ള ഒരു സ്ഥലം മാത്രമല്ല - അത് ആയിരക്കണക്കിന് തൊഴിലവസരങ്ങളുടെ ഉറവിടമായി മാറിയിരിക്കുന്നു. സ്പോർട്സ് സംരംഭകത്വ മേഖലയിൽ യുവാക്കൾക്ക് നിരവധി പുതിയ സാധ്യതകൾ തുറന്നിടുന്നുണ്ട്. രാജ്യത്ത് സ്ഥാപിക്കപ്പെടുന്ന ദേശീയ കായിക സർവകലാശാലകളും സ്പോർട്സിനെ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയവും മികച്ച കായികതാരങ്ങളെ മാത്രമല്ല, ഇന്ത്യയിൽ ഉന്നതതല കായിക പ്രൊഫഷണലുകളെയും സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.

എന്റെ യുവ സുഹൃത്തുക്കളേ,

ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്‌പോർട്‌സ്‌മാൻഷിപ്പ് എത്രത്തോളം പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. കൂട്ടായ പരിശ്രമവും, മറ്റുള്ളവരുമായി ഐക്യത്തോടെ എങ്ങനെ മുന്നോട്ട് പോകാമെന്നും നമ്മൾ കായിക രം​ഗത്ത് പഠിക്കുന്നു. നിങ്ങൾ മൈതാനത്ത് നിങ്ങളുടെ പരമാവധി നൽകണം, കൂടാതെ ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് (ഒരു ഇന്ത്യ, മഹത്തായ ഇന്ത്യ) എന്നിത്തിൻ്റെ ബ്രാൻഡ് അംബാസഡർമാരായി നിങ്ങളുടെ പങ്ക് ശക്തിപ്പെടുത്തുകയും വേണം. നിരവധി അത്ഭുതകരമായ ഓർമ്മകളുമായി നിങ്ങൾ ബിഹാറിൽ നിന്ന് മടങ്ങിവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബിഹാറിന് പുറത്തുനിന്നുള്ള കായികതാരങ്ങളോട്, നിങ്ങൾ ലിട്ടി-ചോഖയുടെ രുചി ആസ്വദിക്കാൻ മറക്കരുത്. ബിഹാറിൽ നിന്നുള്ള മഖാനയും നിങ്ങൾ തീർച്ചയായും ആസ്വദിക്കും.

സുഹൃത്തുക്കളേ,

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ നിന്ന് ഉയർന്ന സ്‌പോർട്‌സ്‌മാൻഷിപ്പിന്റെയും ദേശസ്‌നേഹത്തിന്റെയും ആവേശത്തോടെ, ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഞാൻ ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.

**** 

SK


(Release ID: 2129197)