രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഓപ്പറേഷൻ സിന്ദൂർ കേവലം സൈനിക നടപടിയല്ലെന്നും ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹ്യവും തന്ത്രപരവുമായ ഇച്ഛാശക്തിയുടെ പ്രതീകമാണെന്നും രാജ്യരക്ഷാ മന്ത്രി

‘ഇന്ത്യ ഭീകരതയ്‌ക്കെതിരെ പ്രവർത്തിക്കുമ്പോള്‍ അതിർത്തിമേഖല പോലും ഭീകരവാദികൾക്കും അവരുടെ യജമാനന്മാർക്കും സുരക്ഷിതമല്ലെന്നതിന്റെ തെളിവ്’


‘ഇന്ത്യാ വിരുദ്ധരുടെയും ഭീകരസംഘടനകളുടെയും കൈകളാൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിരപരാധികളായ കുടുംബങ്ങൾക്ക് സായുധ സേന നീതി ഉറപ്പാക്കി’


ലഖ്‌നൗവിൽ ബ്രഹ്മോസ് സംയോജന - പരീക്ഷണ കേന്ദ്രം ശ്രീ രാജ്‌നാഥ് സിങ് വെർച്വലായി ഉദ്ഘാടനം ചെയ്തു


ഇന്ത്യയുടെ സ്വയംപര്യാപ്തത ശ്രമങ്ങളെ കേന്ദ്രം ശക്തിപ്പെടുത്തുകയും മേഖലയുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും ചെയ്യുമെന്ന് രാജ്യരക്ഷാമന്ത്രി

Posted On: 11 MAY 2025 2:36PM by PIB Thiruvananthpuram

ഓപ്പറേഷൻ സിന്ദൂർ കേവലം സൈനിക നടപടി മാത്രമായിരുന്നില്ലെന്നും ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹ്യവും തന്ത്രപരവുമായ ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നുവെന്നും 2025 മെയ് 11 ന് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ബ്രഹ്മോസ് സംയോജന - പരീക്ഷണകേന്ദ്രം  വെര്‍ച്വലായി ഉദ്ഘാടനം ചെയ്യവെ രാജ്യരക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിങ് പറഞ്ഞു.   ഇന്ത്യൻ മണ്ണില്‍ ഇന്ത്യാ വിരുദ്ധരുടെയും ഭീകരസംഘടനകളുടെയും കൈകളാൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിരപരാധികളായ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കിയ  ഇന്ത്യന്‍ സായുധ സേനയുടെ കഴിവിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഭീകരതയ്‌ക്കെതിരായ രാജ്യത്തിന്റെ  ഇച്ഛാശക്തിയുടെയും  പ്രകടനമായാണ്  അദ്ദേഹം  ദൗത്യത്തെ വിശേഷിപ്പിച്ചത്.

ഭീകരതയ്‌ക്കെതിരെ ഇന്ത്യ നടപടിയെടുക്കുമ്പോള്‍ അതിർത്തിമേഖല പോലും  ഭീകരര്‍ക്കും അവരുടെ യജമാനർക്കും സുരക്ഷിതമല്ലെന്നതിന് തെളിവാണ് ഓപ്പറേഷൻ സിന്ദൂര്‍ എന്ന് രാജ്യരക്ഷാമന്ത്രി പറഞ്ഞു. ഉറി സംഭവത്തിന് ശേഷമുണ്ടായ സർജിക്കൽ സ്‌ട്രൈക്കിലൂടെയും പുൽവാമ ആക്രമണത്തിന് ശേഷം നടത്തിയ വ്യോമാക്രമണങ്ങളിലൂടെയും പഹൽഗാം ആക്രമണത്തിന് ശേഷം ഇപ്പോൾ പലതവണ നടത്തിയ തിരിച്ചടികളിലൂടെയും സ്വന്തം മണ്ണിൽ ഭീകരാക്രമണമുണ്ടായാല്‍  ഇന്ത്യക്ക് എന്തുചെയ്യാനാവുമെന്ന്  ലോകം കണ്ടു.  ഭീകരതയ്‌ക്കെതിരെ സഹിഷ്ണുതയില്ലാത്ത നയം പിന്തുടർന്ന് അതിർത്തിയുടെ ഇരുവശത്തും  ഫലപ്രദമായ നടപടി സ്വീകരിക്കുന്നതാണ് പുതിയ ഇന്ത്യയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിനാണ് ഓപ്പറേഷൻ സിന്ദൂര്‍  ആരംഭിച്ചതെന്നും നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടില്ലെന്നും ശ്രീ രാജ്‌നാഥ് സിംഗ് എടുത്തുപറഞ്ഞു. എന്നാല്‍‌ ഇന്ത്യയിലെ സിവിലിയൻ പ്രദേശങ്ങൾ ലക്ഷ്യമാക്കി ക്ഷേത്രങ്ങളും  ഗുരുദ്വാരകളും ക്രിസ്ത്യന്‍ പള്ളികളും ആക്രമിക്കാനാണ് പാക്കിസ്ഥാന്‍  ശ്രമിച്ചത്. ധീരതയും സംയമനവും പ്രകടിപ്പിച്ച രാജ്യത്തെ സായുധ സേന പാകിസ്ഥാനിലെ നിരവധി സൈനിക താവളങ്ങൾ ആക്രമിച്ച് ഉചിതമായ മറുപടി നൽകി.  അതിർത്തിയോട് ചേർന്ന സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ നടപടികള്‍ക്കപ്പുറം ഇന്ത്യന്‍  സായുധ സേനയുടെ രോഷം പാകിസ്ഥാൻ സൈനികാസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടി വരെ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

 

ബ്രഹ്മോസ് സംയോജന - പരീക്ഷണ കേന്ദ്രം പ്രതിരോധരംഗത്ത് സ്വയംപര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം  പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് മേഖലയുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് സംഭാവന നൽകുമെന്ന് രാജ്യരക്ഷാ മന്ത്രി പറഞ്ഞു. ദേശീയ സാങ്കേതിക ദിനത്തില്‍ നടക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ത്യയുടെ വളർന്നുവരുന്ന നൂതന ഊർജത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും നിർണായക - ഉന്നതനിലവാര അതിർത്തി സാങ്കേതികവിദ്യകളില്‍ ദ്രുതഗതിയില്‍ നടക്കുന്ന ആഗോള പരിവർത്തനവുമായി ചേര്‍ന്നുനില്‍ക്കുന്ന നാഴികക്കല്ലാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

 

ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിൽ ഒന്നുമാത്രമല്ല,  ഇന്ത്യൻ സായുധ സേനയുടെ ശക്തിയുടെയും എതിരാളികളെ പ്രതിരോധിക്കുന്നതിന്റെയും അതിർത്തി സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ അചഞ്ചല പ്രതിബദ്ധതയുടെയും സന്ദേശമാണ് ബ്രഹ്മോസെന്ന് ശ്രീ രാജ്‌നാഥ് സിങ് പറഞ്ഞു.  ഇന്ത്യയുടെയും റഷ്യയുടെയും മികച്ച പ്രതിരോധ സാങ്കേതികവിദ്യകളുടെ സംഗമമാണ് ബ്രഹ്മോസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

'ലോകത്തോളം ഉയത്തില്‍ നിലകൊണ്ടില്ലെങ്കിൽ ആരും ഇന്ത്യയെ ആദരിക്കില്ലെ’ന്ന് ഇന്ത്യയുടെ മിസൈൽ മനുഷ്യനും മുൻ രാഷ്ട്രപതിയുമായ ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.  ലോകത്ത് ഭയത്തിന് സ്ഥാനമില്ലെന്നും ശക്തി മാത്രമാണ് ശക്തിയെ ബഹുമാനിക്കുന്നതെന്നും അഭിപ്രായപ്പെട്ട രാജ്യരക്ഷാമന്ത്രി ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യയെന്നും രാജ്യത്തെ  കൂടുതൽ ശക്തിപ്പെടുത്താന്‍ ഈ കേന്ദ്രം സഹായിക്കുമെന്നും  വ്യക്തമാക്കി.  

 

ഉത്തർപ്രദേശ് പ്രതിരോധ വ്യാവസായിക ഇടനാഴിക്ക് (യുപിഡിഐസി) അഭിമാനകരമായ  സൗകര്യമായി കേന്ദ്രത്തെ വിശേഷിപ്പിച്ച ശ്രീ രാജ്‌നാഥ് സിങ് പ്രതിരോധ ഉൽ‌പാദന കേന്ദ്രമെന്ന നിലയിൽ സംസ്ഥാനത്തിന്റെ വളർന്നുവരുന്ന നിലവാരത്തെ പ്രതിഫലിപ്പിക്കുംവിധം ഏകദേശം 500 പ്രത്യക്ഷവും 1000 പരോക്ഷവുമായ തൊഴിലവസരങ്ങൾ കേന്ദ്രം സൃഷ്ടിച്ചതായും അറിയിച്ചു.  ലോകത്തെ  ഏറ്റവും മികച്ച പ്രതിരോധ ഉൽ‌പാദന - കയറ്റുമതി കേന്ദ്രമായി സംസ്ഥാനത്തെ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ ഇടനാഴിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സർക്കാരിന്റെ കാഴ്ചപ്പാടെന്ന്  അദ്ദേഹം എടുത്തുപറഞ്ഞു.

 

'ഇന്ത്യയിൽ നിർമിക്കാം, ലോകത്തിനായി’ എന്ന സർക്കാരിന്റെ കാഴ്ചപ്പാട് ആവര്‍ത്തിച്ച ശ്രീ രാജ്‌നാഥ് സിങ്  സ്വാശ്രയത്വമെന്നാൽ രാജ്യത്തിന്റെ സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ലെന്നും ആഗോള വിപണിയിലേക്ക് പ്രതിരോധ ഉപകരണങ്ങളുടെ  പ്രധാന കയറ്റുമതികേന്ദ്രമായി രാജ്യത്തെ മാറ്റുന്നത് ഇതിന്റെ ലക്ഷ്യമാണെന്നും വ്യക്തമാക്കി. 2024 ൽ ആഗോള സൈനിക ചെലവ് 2,718 ബില്യൺ ഡോളറായി ഉയർന്നുവെന്ന സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമീപകാല റിപ്പോർട്ട് ഉദ്ധരിച്ച അദ്ദേഹം ഇന്ത്യ ഉപയോഗപ്പെടുത്തേണ്ട  അവസരമാണ് ഈ വലിയ വിപണിയെന്ന്  അഭിപ്രായപ്പെട്ടു. ലോക പ്രതിരോധ ഉൽ‌പാദന ആവാസവ്യവസ്ഥയിൽ ഇന്ത്യയെ സുപ്രധാന പങ്കാളിയാക്കുന്നതിന് ഉറച്ച ചുവടുവയ്പ്പാണ് ബ്രഹ്മോസ് കേന്ദ്രത്തിന്റെ തുടക്കമെന്നും രാജ്യരക്ഷാമന്ത്രി പറഞ്ഞു.  

.

ലഖ്‌നൗവില്‍‌‍ 200 ഏക്കർ വിസ്തൃതിയില്‍ സ്ഥാപിച്ച ബ്രഹ്മോസ് സംയോജന  പരീക്ഷണ കേന്ദ്രത്തില്‍ ബൂസ്റ്റർ ഉപ-ഘടകങ്ങള്‍, ഏവിയോണിക്സ്, പ്രൊപ്പല്ലന്റ്, റാംജെറ്റ് എഞ്ചിനുകൾ എന്നിവയുടെ സംയോജനം സാധ്യമാകും. രൂപകല്പനാ- ഭരണനിര്‍വഹണ ബ്ലോക്കുകളടങ്ങുന്ന പ്രോഗ്രാം കേന്ദ്രവും സമുച്ചയത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.

 

ഏകദേശം. 300 കോടി രൂപയുടെ ഈ സമുച്ചയം വ്യവസായമേഖലയ്ക്കും സംരംഭകർക്കും ദീർഘകാല നൈപുണ്യ വികസനത്തിന് വഴിയൊരുക്കും. സമുച്ചയത്തെ പിന്തുണയ്ക്കാന്‍ അനുബന്ധ ഉപ-സംയോജനത്തിന്റെ മുഴുവൻ പ്രതിരോധ ആവാസവ്യവസ്ഥയും സമീപ പ്രദേശത്ത് വികസിപ്പിക്കും. ഐടിഐ വിദ്യാർത്ഥികള്‍ക്കും മേല്‍നോട്ടം വഹിക്കുന്നവര്‍ക്കും എഞ്ചിനീയർമാര്‍ക്കും വ്യവസായവൽക്കരണത്തിനും നൈപുണ്യ വികസനത്തിനും കേന്ദ്രം വലിയ രീതിയില്‍ സഹായകമാവും. തൊഴിലവസരങ്ങൾ തേടി ആളുകൾ കുടിയേറാൻ നിർബന്ധിതരാകുന്നില്ലെന്ന് ഇത് ഉറപ്പാക്കും.

കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് 36 ട്രെയിനികളെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട  അഞ്ച് പേരെ ഉദ്ഘാടനവേളയില്‍    യുപി മുഖ്യമന്ത്രി ആദരിച്ചു.

 

ഉപമുഖ്യമന്ത്രിമാരായ ശ്രീ കേശവ് പ്രസാദ് മൗര്യ, ശ്രീ ബ്രിജേഷ് പഥക്, ചീഫ് സെക്രട്ടറി ശ്രീ മനോജ് കുമാർ സിങ്, പ്രതിരോധ ഗവേഷണ വികസന സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ഡോ. സാമിർ വി കാമത്ത്, ബ്രഹ്മോസ് ഡിജി  ഡോ. ജയതീർത്ഥ് ആർ ജോഷി എന്നിവരും കേന്ദ്ര - സംസ്ഥാന സർക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും    ചടങ്ങിൽ പങ്കെടുത്തു.

 

******


(Release ID: 2128154) Visitor Counter : 2