ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ ഡിജിറ്റൽ ആപ്ലിക്കേഷനുകൾ ഉൾപ്പെടെ ബാങ്കിംഗ് മേഖലയുടെ പ്രവർത്തനക്ഷമതയും, സൈബർ സുരക്ഷാ തയ്യാറെടുപ്പുകളും അവലോകനം ചെയ്യുന്നതിനുള്ള യോഗം കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്നു

എല്ലാ ബാങ്കുകളും പൂർണ്ണമായും ജാഗ്രത പാലിക്കണമെന്നും ഏത് വിപരീത സാഹചര്യവും പ്രതിസന്ധിയും നേരിടാൻ സജ്ജരായിരിക്കണമെന്നും, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ തടസ്സരഹിതമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ശ്രീമതി സീതാരാമൻ നിർദ്ദേശിച്ചു.

അതിർത്തി പ്രദേശങ്ങളിലെ ശാഖകളിൽ ജോലി ചെയ്യുന്ന ബാങ്ക് ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ധനമന്ത്രി ബാങ്കുകളോട് നിർദ്ദേശിച്ചു.

ഇൻഷുറൻസ് കമ്പനികൾ സമയബന്ധിതമായി നഷ്ടപരിഹാരങ്ങൾ തീർപ്പാക്കുകയും (Claim settlements) തടസ്സരഹിതമായി ഉപഭോക്തൃ സേവനം ലഭ്യമാക്കുകയും വേണം: ധനമന്ത്രി ശ്രീമതി സീതാരാമൻ

Posted On: 09 MAY 2025 6:55PM by PIB Thiruvananthpuram
അതിർത്തിയിലെ സംഘർഷങ്ങൾ മൂലമുണ്ടാകുന്ന സുരക്ഷാ ആശങ്കകൾക്കിടെ, കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പൊതു, സ്വകാര്യ മേഖല ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും മാനേജിംഗ് ഡയറക്ടർമാർ, സിഇഒമാർ ഉൾപ്പെടെയുള്ളവരുടെ ഉന്നതതല യോഗം വിളിച്ചുചേർത്തു.
 
ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ ഡിജിറ്റൽ ആപ്ലിക്കേഷനുകൾ ഉൾപ്പെടെ ബാങ്കിംഗ് മേഖലയുടെ പ്രവർത്തനക്ഷമതയും, സൈബർ സുരക്ഷാ തയ്യാറെടുപ്പുകളും അവലോകനം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച യോഗത്തിൽ ധനകാര്യ സേവന വകുപ്പ് (DFS), ധനകാര്യ മന്ത്രാലയം, CERT-In, RBI, IRDAI, NPCI എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
 
അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ കണക്കിലെടുത്ത്, എല്ലാ ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും മാനേജിംഗ് ഡയറക്ടർമാരും സിഇഒമാരും തങ്ങൾ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയെ ധരിപ്പിച്ചു.
 
ബാങ്കിംഗ് സംവിധാനത്തിലുടനീളം സൈബർ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ബാങ്കുകളുടെ എംഡിമാരും സിഇഒമാരും അറിയിച്ചു. ഗുരുതര സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി ബാങ്കുകൾ Anti-DDoS (Distributed Denial-of-Service) സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. സ്ഥാപനപരമായ സന്നദ്ധത ഉറപ്പാക്കുന്നതിന്, ഉന്നത തലങ്ങളിൽ ഉൾപ്പെടെ സൈബർ സുരക്ഷയും ദുരന്ത നിവാരണ സാഹചര്യങ്ങളും വിലയിരുത്തുന്ന മോക്ക് ഡ്രില്ലുകൾ നടത്തിയിട്ടുണ്ട്. ഫിഷിംഗ് ശ്രമങ്ങൾ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നും അവബോധം വർദ്ധിപ്പിക്കുന്നതിനായി ജീവനക്കാർക്ക് ആന്തരിക മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു.
 
സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററും (SOC) നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്ററുകളും പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും അതീവ ജാഗ്രതയിലാണെന്നും ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ കേന്ദ്രങ്ങൾ CERT-In, നാഷണൽ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ പ്രൊട്ടക്ഷൻ സെന്റർ (NCIIPC) എന്നിവയുമായി അടുത്ത ബന്ധം പുലർത്തുന്നതിനാൽ തത്സമയ ഡാറ്റ പങ്കിടലും അപകട നിരീക്ഷണവും സാധ്യമാകുന്നു.
 
ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളും ശക്തിപ്പെടുന്ന സാഹചര്യത്തിൽ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ ബാങ്കിംഗ്, ധനകാര്യ മേഖലകൾ വഹിക്കുന്ന നിർണ്ണായക പങ്കിനെക്കുറിച്ച് യോഗത്തിൽ ശ്രീമതി സീതാരാമൻ ഊന്നിപ്പറഞ്ഞു.
 
രാജ്യമെമ്പാടുമുള്ള പൗരന്മാർക്ക്, പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളിലെ പൗരന്മാർക്ക് ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയവ തടസ്സരഹിതമായി ലഭ്യമാകുന്നു എന്ന് ഉറപ്പാക്കിക്കൊണ്ട്, ഏത് അടിയന്തിര സാഹചര്യത്തെയും പ്രതിസന്ധിയെയും നേരിടാൻ പൂർണ്ണമായും ജാഗ്രത പാലിക്കാനും സജ്ജരായിരിക്കാനും കേന്ദ്ര ധനമന്ത്രി എല്ലാ ബാങ്കുകളോടും നിർദ്ദേശിച്ചു. ഭൗതിക, ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സങ്ങളോ തകരാറുകളോ ഇല്ലാതെ പ്രവർത്തനക്ഷമമായിരിക്കണമെന്നും ഉയർന്നുവരുന്ന ഏതൊരു ആകസ്മിക സാഹചര്യവും കൈകാര്യം ചെയ്യുന്നതിന് അടിയന്തര പ്രോട്ടോക്കോളുകൾ പുതുക്കുകയും പരീക്ഷിക്കുകയും ചെയ്യണമെന്നും ശ്രീമതി സീതാരാമൻ നിർദ്ദേശിച്ചു.
 
അതിർത്തി പ്രദേശങ്ങളിലെ ശാഖകളിൽ ജോലി നോക്കുന്ന ബാങ്ക് ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയിൽ കേന്ദ്ര ധനമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും സുരക്ഷാ ഏജൻസികളുമായുള്ള ഫലപ്രദമായ ഏകോപനത്തോടെ മതിയായ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകളോട് നിർദ്ദേശിക്കുകയും ചെയ്തു.
 
ഒരു സാഹചര്യത്തിലും പൗരന്മാർക്കും ബിസിനസ് ഇടപാടുകൾക്കും ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര ധനമന്ത്രി ബാങ്കുകളോട് ആവശ്യപ്പെട്ടു. എടിഎമ്മുകളിൽ തടസ്സരഹിത പണ ലഭ്യത, തടസ്സരഹിത യുപിഐ, ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ, അവശ്യ ബാങ്കിംഗ് സൗകര്യങ്ങളുടെ തുടർ ലഭ്യത എന്നിവയ്ക്ക് മുൻഗണന നൽകണം.
 
സൈബർ സുരക്ഷാ സംവിധാനങ്ങളുടെയും ഡാറ്റാ സെന്ററുകളുടെയും പതിവ് ഓഡിറ്റുകൾ പൂർത്തിയാക്കാനും, എല്ലാ ഡിജിറ്റൽ, കോർ ബാങ്കിംഗ് അടിസ്ഥാന സൗകര്യങ്ങളും പൂർണ്ണമായും ഫയർവാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും, ലംഘനങ്ങളോ ശത്രുതാപരമായ സൈബർ പ്രവർത്തനങ്ങളോ തടയുന്നതിന് 24 മണിക്കൂറും നിരീക്ഷിക്കാനും ശ്രീമതി നിർമ്മല സീതാരാമൻ ബാങ്കുകളോട് നിർദ്ദേശിച്ചു.
 
സൈബർ സംബന്ധമായ എല്ലാ കാര്യങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനും ബാങ്ക് ശാഖകളുടെ പ്രവർത്തനവും എടിഎമ്മുകളിലെ പണ ലഭ്യതയും ഉൾപ്പെടെയുള്ള പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനും ബാങ്ക് ആസ്ഥാനം നിയോഗിക്കുന്ന സമർപ്പിതരായ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാൻ കേന്ദ്ര ധനമന്ത്രി ബാങ്കുകളോട് നിർദ്ദേശിച്ചു. ഇക്കാര്യത്തിനായി സമർപ്പിതരായ രണ്ട് ഉദ്യോഗസ്ഥരും ഏത് സംഭവവും CERT-In / ബന്ധപ്പെട്ട ഏജൻസികൾ, DFS എന്നിവയിലേക്ക് തത്സമയം റിപ്പോർട്ട് ചെയ്യണം.
 
ഇക്കാര്യത്തിൽ, ശക്തവും ചടുലവുമായ വിവര കൈമാറ്റവും പ്രതികരണവും ഉറപ്പാക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, CERT-In, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ എന്നിവയുമായി തത്സമയ ഏകോപനം ഉറപ്പാക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടു.
 
സമയബന്ധിതമായി നഷ്ടപരിഹാരങ്ങൾ തീർപ്പാക്കുകയും (Claim settlements) തടസ്സരഹിത ഉപഭോക്തൃ സേവനം ഉറപ്പാക്കുകയും വേണമെന്ന് ശ്രീമതി സീതാരാമൻ ഇൻഷുറൻസ് കമ്പനികളോട് നിർദ്ദേശിച്ചു.
 
ഈ സമയത്ത് സ്പോൺസർ ബാങ്കുകൾ RRB കൾക്ക് മികച്ച പിന്തുണ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, അടിയന്തിര സാഹചര്യങ്ങൾ നേരിട്ടാൽ അവരെ സഹായിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിർദ്ദേശിച്ചു.
 
ദേശസുരക്ഷയിലും സാമ്പത്തിക സ്ഥിരതയിലും ഭാരത സർക്കാർ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ശ്രീമതി സീതാരാമൻ ആവർത്തിച്ചു. കൂടാതെ രാജ്യത്തിന്റെ ബാങ്കിംഗ്, സാമ്പത്തിക സംവിധാനങ്ങൾ ശക്തിയും പ്രതിരോധശേഷിയും പ്രകടമാക്കി അചഞ്ചലമായി നിലകൊള്ളുന്നതായും ധനമന്ത്രി ചൂണ്ടിക്കാട്ടി.
 
**** 

(Release ID: 2128033) Visitor Counter : 2