പ്രധാനമന്ത്രിയുടെ ഓഫീസ്
അംഗോള പ്രസിഡന്റിനൊപ്പം നടത്തിയ മാധ്യമപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം (മെയ് 03, 2025)
Posted On:
03 MAY 2025 2:26PM by PIB Thiruvananthpuram
അംഗോള പ്രസിഡന്റിനൊപ്പം നടത്തിയ മാധ്യമപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം (മെയ് 03, 2025)
ആദരണീയ പ്രസിഡന്റ് ലോറെൻസോ,
ഇരുരാജ്യങ്ങളിലെയും പ്രതിനിധികളേ,
മാധ്യമസുഹൃത്തുക്കളേ,
നമസ്‌കാരം!
ബെം വിന്ദോ!
പ്രസിഡന്റ് ലോറെൻസോയെയും അദ്ദേഹത്തിന്റെ പ്രതിനിധിസംഘത്തെയും ഞാൻ ഇന്ത്യയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഇതൊരു ചരിത്രനിമിഷമാണ്. 38 വർഷത്തിനുശേഷമാണ് അംഗോള പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത്. അദ്ദേഹത്തിന്റെ സന്ദർശനം ഇന്ത്യ-അംഗോള ബന്ധങ്ങൾക്കു പുതിയ ദിശാബോധവും ഗതിവേഗവും നൽകുക മാത്രമല്ല, ഇന്ത്യ-ആഫ്രിക്ക പങ്കാളിത്തത്തിനു കരുത്തേകുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഈ വർഷം ഇന്ത്യയും അംഗോളയും നയതന്ത്ര ബന്ധത്തിന്റെ 40-ാം വാർഷികം ആഘോഷിക്കുകയാണ്. എന്നാൽ നമ്മുടെ ബന്ധങ്ങൾ അതിനേക്കാളേറെ പഴക്കമുള്ളതും ആഴമേറിയതുമാണ്. അംഗോള സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോൾ, ഇന്ത്യ അചഞ്ചലമായ വിശ്വാസത്തോടും സൗഹൃദത്തോടും ആ നാടിനൊപ്പം നിന്നു.
സുഹൃത്തുക്കളേ,
ഇന്ന്, വിവിധ മേഖലകളിൽ നമുക്കു വളരെയടുത്ത സഹകരണമുണ്ട്. അംഗോളയുടെ എണ്ണയും വാതകവും ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഊർജപങ്കാളിത്തം വികസിപ്പിക്കാൻ ഞങ്ങൾ ധാരണയായി. അംഗോളയുടെ സായുധസേനയുടെ ആധുനികവൽക്കരണത്തിനായി 200 ദശലക്ഷം ഡോളറിന്റെ പ്രതിരോധ വായ്പാസൗകര്യത്തിന് അംഗീകാരം നൽകിയതായി പ്രഖ്യാപിക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്. പ്രതിരോധസംവിധാനങ്ങളുടെയും വിതരണങ്ങളുടെയും അറ്റകുറ്റപ്പണികളും നവീകരണവും ഞങ്ങൾ ചർച്ച ചെയ്തു. അംഗോളയുടെ സായുധസേനാപരിശീലനത്തിൽ സഹകരിക്കുന്നതിൽ ഇന്ത്യക്കു സന്തോഷമുണ്ട്.
വികസനപങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിലൂടെ, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, ബഹിരാകാശ സാങ്കേതികവിദ്യ, ശേഷിവികസനം എന്നിവയിൽ അംഗോളയുമായി ഞങ്ങളുടെ കഴിവുകൾ പങ്കിടും. ആരോഗ്യസംരക്ഷണം, വജ്രസംസ്കരണം, വളം, നിർണായക ധാതുക്കൾ എന്നീ മേഖലകളിലെ ഞങ്ങളുടെ ബന്ധത്തിനു കൂടുതൽ കരുത്തുപകരാനും ഇന്നു ഞങ്ങൾ തീരുമാനിച്ചു. അംഗോളയിൽ യോഗയ്ക്കും ബോളിവുഡിനുമുള്ള ജനപ്രീതി നമ്മുടെ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരികബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധത്തിനു കരുത്തേകുന്നതിന്, നമ്മുടെ യുവാക്കൾക്കിടയിൽ യുവജനവിനിമയപരിപാടി ആരംഭിക്കാൻ ഞങ്ങൾ ധാരണയായി.
സുഹൃത്തുക്കളേ,
അന്താരാഷ്ട്ര സൗരസഖ്യത്തിൽ ചേരാനുള്ള അംഗോളയുടെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ സംരംഭങ്ങളായ ദുരന്തനിവാരണ അടിസ്ഥാനസൗകര്യസഖ്യം, ബൃഹദ് മാർജാര സഖ്യം, ആഗോള ജൈവഇന്ധന സഖ്യം എന്നിവയുടെ ഭാഗമാകാനും അംഗോളയെ ഞങ്ങൾ ക്ഷണിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
മാനവികതയ്ക്കെതിരായ ഏറ്റവും വലിയ ഭീഷണിയാണു ഭീകരതയെന്നു ഞങ്ങൾ ഇരുവരും വിലയിരുത്തുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞ സംഭവത്തിൽ അനുശോചനം അറിയിച്ചതിനു പ്രസിഡന്റ് ലോറെൻസോയോടും അംഗോളയിലെ ജനങ്ങളോടും ഞാൻ നന്ദി പറഞ്ഞു. ഭീകരർക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ ദൃഢവും നിർണായകവുമായ നടപടി സ്വീകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിർത്തികടന്നുള്ള ഭീകരതയ്‌ക്കെതിരായ ഞങ്ങളുടെ പോരാട്ടത്തിൽ അംഗോള നൽകിയ പിന്തുണയ്ക്കു ഞങ്ങൾ നന്ദി പറയുന്നു.
സുഹൃത്തുക്കളേ,
1.4 ശതകോടി ഇന്ത്യക്കാരുടെ പേരിൽ, ആഫ്രിക്കൻ യൂണിയന്റെ അധ്യക്ഷസ്ഥാനത്തിന് അംഗോളയ്ക്കു ഞാൻ ആശംസകൾ നേരുന്നു. ഇന്ത്യയുടെ ജി-20 അധ്യക്ഷവേളയിൽ ആഫ്രിക്കൻ യൂണിയനു ജി-20യിൽ സ്ഥിരാംഗത്വം ലഭിച്ചതു ഞങ്ങൾക്കു വളരെയധികം അഭിമാനകരമാണ്. കോളനിവാഴ്ചയ്ക്കെതിരെ ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും ഐക്യത്തോടെ ശബ്ദമുയർത്തി. ഈ പ്രക്രിയയിൽ പരസ്പരം പ്രചോദനമേകി. ഇന്ന്, ഗ്ലോബൽ സൗത്തിന്റെ താൽപ്പര്യങ്ങൾക്കും പ്രതീക്ഷകൾക്കും അഭിലാഷങ്ങൾക്കുമായി വാദിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു.
ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള നമ്മുടെ സഹകരണം കഴിഞ്ഞ ദശകത്തിൽ കരുത്തുപ്രാപിച്ചു. നമ്മുടെ പരസ്പരവ്യാപാരം ഏകദേശം 100 ശതകോടി ഡോളറിലെത്തി. പ്രതിരോധസഹകരണത്തിലും സമുദ്രസുരക്ഷയിലും പുരോഗതി കൈവന്നു.
കഴിഞ്ഞ മാസം, ഇന്ത്യയും ആഫ്രിക്കയും ഒരുമിച്ചുള്ള ആദ്യ നാവിക സമുദ്രാഭ്യാസമായ “AIKEYME” സംഘടിപ്പിച്ചു. കഴിഞ്ഞ ദശകത്തിൽ, ആഫ്രിക്കയിലുടനീളം ഞങ്ങൾ 17 പുതിയ എംബസികൾ സ്ഥാപിച്ചു. ആഫ്രിക്കയ്ക്കായി 12 ശതകോടി ഡോളറിലധികം വിലമതിക്കുന്ന വായ്പാസൗകര്യം അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആഫ്രിക്കൻ രാജ്യങ്ങൾക്ക് 700 ദശലക്ഷം ഡോളറിന്റെ ധനസഹായം നൽകിയിട്ടുണ്ട്. 8 ആഫ്രിക്കൻ രാജ്യങ്ങളിൽ തൊഴിൽ പരിശീലനകേന്ദ്രങ്ങൾ തുറന്നു. ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ വികസനത്തിൽ അഞ്ച് ആഫ്രിക്കൻ രാജ്യങ്ങളുമായി ഞങ്ങൾ സഹകരിക്കുന്നു. ദുരന്തസമയത്ത്, ആഫ്രിക്കയിലെ ജനങ്ങളുമായി തോളോടുതോൾ ചേർന്ന് ‘ആദ്യം പ്രതികരിക്കുന്നവരായി’ പ്രവർത്തിക്കാൻ ഞങ്ങൾക്കു ഭാഗ്യം ലഭിച്ചു.
ഇന്ത്യയും ആഫ്രിക്കൻ യൂണിയനും മുന്നേറ്റത്തിൽ പങ്കാളികളാണ്. നാം ഗ്ലോബൽ സൗത്തിന്റെ നെടുംതൂണുകളാണ്. അംഗോളയുടെ നേതൃത്വത്തിൽ, ഇന്ത്യയും ആഫ്രിക്കൻ യൂണിയനും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്ന് എനിക്കുറപ്പുണ്ട്.
ആദരണീയ പ്രസിഡന്റ്,
ഒരിക്കൽകൂടി, താങ്കളെയും താങ്കളുടെ പ്രതിനിധിസംഘത്തെയും ഞാൻ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു.
വളരെ നന്ദി.
ഒബ്രിഗാദോ.
****
SK
(Release ID: 2126612)
Visitor Counter : 17
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu