വനിതാ, ശിശു വികസന മന്ത്രാലയം
പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം 2025 ലേക്കുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു
നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 31 ആണ്
ഔദ്യോഗിക രാഷ്ട്രീയ പുരസ്കാർ പോർട്ടൽ വഴി ഓൺലൈനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കണം
Posted On:
03 MAY 2025 10:44AM by PIB Thiruvananthpuram
രാജ്യത്തുടനീളമായി കുട്ടികളുടെ അസാധാരണ നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി എല്ലാ വർഷവും രാഷ്ട്രപതി സമ്മാനിക്കുന്ന അഭിമാനകരമായ ദേശീയ പുരസ്കരമാണ് പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ (PMRBP).2025 ലെ പുരസ്കാരത്തിന് ഗവൺമെന്റ് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 31 ആണ്. എല്ലാ നാമനിർദ്ദേശങ്ങളും https://awards.gov.in എന്ന ഔദ്യോഗിക രാഷ്ട്രീയ പുരസ്കാർ പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കണം.
5 നും 18 നും ഇടയിൽ പ്രായമുള്ള (2025 ജൂലൈ 31 വരെ) കുട്ടികൾക്ക് നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം. അസാധാരണ നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ PMRBP യിലേക്ക് ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ നാമനിർദ്ദേശം ചെയ്യാം. കുട്ടികൾക്ക് സ്വയമായും അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിന് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ ലോഗിൻ ചെയ്യുകയോ വേണം. അപേക്ഷകന്റെ ആദ്യ നാമം, അവസാന നാമം, ജനനത്തീയതി, അപേക്ഷകന്റെ തരം (വ്യക്തി/സ്ഥാപനം), മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ആധാർ നമ്പർ മുതലായവയും ക്യാപ്ച്ച സ്ഥിരീകരണവും നൽകി പോർട്ടലിൽ പ്രവേശിക്കണം.രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, 'നോമിനേഷനുകൾ'എന്ന വിഭാഗത്തിന് കീഴിലുള്ള “പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ 2025' തിരഞ്ഞെടുത്ത് “ഇപ്പോൾ നാമനിർദ്ദേശം ചെയ്യുക/അപേക്ഷിക്കുക” എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് അപേക്ഷകർ പ്രസക്തമായ പുരസ്കാര വിഭാഗം തിരഞ്ഞെടുത്ത് അപേക്ഷ സ്വയം നൽകുന്നതാണോ അല്ലെങ്കിൽ മറ്റാർക്കെങ്കിലും വേണ്ടിയാണോ എന്ന് സൂചിപ്പിക്കണം.
അപേക്ഷാ ഫോമിൽ നോമിനിയുടെ വിശദാംശങ്ങൾ, കൈവരിച്ച നേട്ടവും അതിന്റെ സ്വാധീനവും വിവരിക്കുന്ന ഒരു സംക്ഷിപ്ത വിവരണം (പരമാവധി 500 വാക്കുകൾ), അനുബന്ധ രേഖകൾ (PDF ഫോർമാറ്റ്, പരമാവധി 10 അറ്റാച്ചുമെന്റുകൾ വരെ), സമീപകാല ഫോട്ടോ (jpg/jpeg/png ഫോർമാറ്റിൽ) എന്നിവ ആവശ്യമാണ്. അപേക്ഷകൾ ഡ്രാഫ്റ്റുകളായി സേവ് ചെയ്യാനും അന്തിമ സമർപ്പണത്തിന് മുമ്പ് വരെഎഡിറ്റ് ചെയ്യാനും കഴിയും. അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, അപേക്ഷയുടെ ഡൗൺലോഡ് ചെയ്യാവുന്ന ഒരു പകർപ്പ് റഫറൻസിനായി ലഭ്യമാകും.
ധീരത, സാമൂഹിക സേവനം, പരിസ്ഥിതി, കായികം, കല & സംസ്കാരം, ശാസ്ത്ര & സാങ്കേതികവിദ്യ എന്നീ ആറ് വിഭാഗങ്ങളിൽ മികവ് പ്രകടിപ്പിച്ച 18 വയസ്സിന് താഴെയുള്ള (2025 ജൂലൈ 31 വരെ) യുവാക്കളെ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ നൽകി ആദരിക്കുന്നു.
രാജ്യത്തെ യുവാക്കളുടെ വൈവിധ്യമാർന്ന മേഖലകളിലെ നേട്ടങ്ങൾ ആഘോഷിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുക, യഥാർത്ഥ ജീവിത മാതൃകകൾ പ്രദർശിപ്പിച്ചുകൊണ്ട് രാജ്യമെമ്പാടുമുള്ള സമപ്രായക്കാരെ പ്രചോദിപ്പിക്കുക, കുട്ടികളുടെ സമഗ്ര വികസനത്തിന് പ്രാപ്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരങ്ങളുടെ ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾക്കും നാമനിർദ്ദേശം ചെയ്യുന്നതിനും https://awards.gov.in സന്ദർശിക്കുക.
SKY
***********************
(Release ID: 2126465)
Read this release in:
Bengali
,
English
,
Khasi
,
Urdu
,
Hindi
,
Marathi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada