പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു

യുവജനങ്ങൾ രാഷ്ട്ര നിർമ്മാണത്തിൽ സജീവമായി പങ്കാളികളാകുമ്പോൾ, രാജ്യം അതിവേഗ വികസനം കൈവരിക്കുകയും ആഗോളതലത്തിൽ അംഗീകാരം നേടുകയും ചെയ്യുന്നു: പ്രധാനമന്ത്രി

ഇന്ന്, ഇന്ത്യയിലെ യുവജനങ്ങൾ അവരുടെ സമർപ്പണത്തിലൂടെയും നൂതനാശയങ്ങളിലൂടെയും നമ്മുടെ രാജ്യത്തിന്റെ അപാരമായ സാധ്യതകൾ ലോകത്തിന് മുന്നിൽ തെളിയിക്കുകയാണ്: പ്രധാനമന്ത്രി

നിലവിലെ ബജറ്റിൽ, 'മേക്ക് ഇൻ ഇന്ത്യ' ഉദ്യമം പ്രോത്സാഹിപ്പിക്കാനും ഇന്ത്യയിലെ യുവജനങ്ങൾക്ക് ആഗോള നിലവാരത്തിലുള്ള ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള അവസരം നൽകാനും ലക്ഷ്യമിട്ടുകൊണ്ട് ഗവണ്മെന്റ് 'മാനുഫാക്ചറിംഗ് മിഷൻ' പ്രഖ്യാപിച്ചിട്ടുണ്ട്: പ്രധാനമന്ത്രി

'മാനുഫാക്ചറിംഗ് മിഷൻ' രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് എംഎസ്എംഇകളെയും ചെറുകിട സംരംഭകരെയും പിന്തുണയ്ക്കുക മാത്രമല്ല, രാജ്യവ്യാപകമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും: പ്രധാനമന്ത്രി

മുംബൈ ഉടൻ തന്നെ ലോക ശ്രവ്യ ദൃശ്യ വിനോദ ഉച്ചകോടി (WAVES) 2025 ന് ആതിഥേയത്വം വഹിക്കും, രാജ്യത്തെ യുവജനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഈ പരിപാടി യുവ സ്രഷ്ടാക്കൾക്ക് ആദ്യമായി ഇത്തരമൊരു വേദി ഒരുക്കുന്നു: പ്രധാനമന്ത്രി.

Posted On: 26 APR 2025 12:13PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്യുകയും വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 51,000-ത്തിലധികം യുവജനങ്ങൾക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ഇന്ന് നിയമന ഉത്തരവുകൾ വിതരണം ചെയ്യുകയും ചെയ്തു. ഈ യുവജനങ്ങൾ ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ പുതിയ ഉത്തരവാദിത്തങ്ങളുടെ തുടക്കം ഇന്ന് അടയാളപ്പെടുത്തുകയാണെന്ന്  സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ചട്ടക്കൂട്, ആഭ്യന്തര സുരക്ഷ എന്നിവ ശക്തിപ്പെടുത്തുക, ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിന് സംഭാവന നൽകുക, തൊഴിലാളികളുടെ ജീവിതത്തിൽ പരിവർത്തനാത്മകമായ മാറ്റങ്ങൾ വരുത്തുക എന്നിവയാണ് അവരുടെ കടമകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ അവർ കാണിക്കുന്ന ആത്മാർത്ഥത ഒരു വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ യാത്രയിൽ അനുകൂല സ്വാധീനം ചെലുത്തുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഈ യുവജനങ്ങൾ അങ്ങേയറ്റം ആത്മാർപ്പണത്തോടെ തങ്ങളുടെ കടമകൾ നിർവഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“ഏതൊരു രാജ്യത്തിന്റെയും പുരോഗതിയുടെയും വിജയത്തിന്റെയും അടിത്തറ അതിന്റെ യുവത്വത്തിലാണ്. യുവാക്കൾ രാഷ്ട്രനിർമ്മാണത്തിൽ സജീവമായി പങ്കാളികളാകുമ്പോൾ, രാഷ്ട്രം ദ്രുതഗതിയിലുള്ള വികസനം കൈവരിക്കുകയും ആഗോളതലത്തിൽ അതിന്റെ വ്യക്തിത്വം സ്ഥാപിക്കുകയും ചെയ്യുന്നു”, ശ്രീ മോദി ഊന്നിപ്പറഞ്ഞു. "ഇന്ത്യയിലെ യുവാക്കൾ അവരുടെ കഠിനാധ്വാനത്തിലൂടെയും നവീനാശയങ്ങളിലൂടെയും  തങ്ങളുടെ അസാധാരണമായ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ യുവാക്കൾക്ക് തൊഴിലവസരങ്ങളും സ്വയംതൊഴിൽ അവസരങ്ങളും ഗവണ്മെന്റ് ഓരോ ഘട്ടത്തിലും ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌കിൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ ഉദ്യമങ്ങൾ യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കാമ്പെയ്‌നുകളിലൂടെ, ഇന്ത്യയിലെ യുവാക്കൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു തുറന്ന വേദിയാണ് ഗവണ്മെന്റ് ഒരുക്കുന്നത്. ഇത്തരം ശ്രമങ്ങളുടെ ഫലമായി, ഈ ദശകത്തിൽ, ഇന്ത്യയിലെ യുവാക്കൾ സാങ്കേതികവിദ്യ, ഡാറ്റ, നൂതനാശയം എന്നീ മേഖലകളിൽ രാജ്യത്തെ മുൻപന്തിയിലേക്ക് നയിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ യുവാക്കൾ എങ്ങനെ പരിവർത്തനാത്മക മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്ന് തെളിയിക്കുന്ന യുപിഐ, ഒഎൻഡിസി, ജിഇഎം (ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസ്) പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വിജയം അദ്ദേഹം എടുത്തുപറഞ്ഞു. തത്സമയ ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യ ഇപ്പോൾ ലോകത്തെ നയിക്കുന്നുവെന്നും ഈ നേട്ടത്തിന്റെ പ്രധാന പങ്ക് യുവാക്കൾക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"നിലവിലെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന മാനുഫാക്ചറിംഗ് മിഷൻ, 'മെയ്ക്ക് ഇൻ ഇന്ത്യ' ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിലെ യുവാക്കൾക്ക് ആഗോളതലത്തിൽ നിലവാരമുള്ള ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങൾ നൽകുന്നതിനും ലക്ഷ്യമിടുന്നു. ഈ ഉദ്യമം  രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് എംഎസ്എംഇകളെയും ചെറുകിട സംരംഭകരെയും പിന്തുണയ്ക്കുക മാത്രമല്ല, രാജ്യവ്യാപകമായി പുതിയ തൊഴിലവസരങ്ങൾ തുറക്കുകയും ചെയ്യും", പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ യുവാക്കൾക്ക് ഇത് അതുല്യമായ അവസരങ്ങളുടെ സമയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ് അടുത്തിടെ പ്രസ്താവിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വളർച്ചയ്ക്ക് നിരവധി വശങ്ങളുണ്ട്, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭാവിയിൽ എല്ലാ മേഖലകളിലും തൊഴിലവസരങ്ങൾ വർദ്ധിക്കും എന്നുള്ളതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സമീപകാലത്ത്, ഓട്ടോമൊബൈൽ, പാദരക്ഷ വ്യവസായങ്ങൾ ഉൽപ്പാദനത്തിലും കയറ്റുമതിയിലും പുതിയ റെക്കോർഡുകൾ നേടിയിട്ടുണ്ടെന്നും ഇത് യുവാക്കൾക്ക് ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഖാദി, ഗ്രാമ വ്യവസായങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ആദ്യമായി 1.70 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് മറികടന്നുവെന്നും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉൾനാടൻ ജലഗതാഗതത്തിലെ സമീപകാല നേട്ടത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, 2014 ന് മുമ്പ് ഉൾനാടൻ ജലഗതാഗതം വഴി പ്രതിവർഷം 18 ദശലക്ഷം ടൺ ചരക്ക് നീക്കം മാത്രമേ നടന്നിട്ടുള്ളൂവെന്ന് ചൂണ്ടിക്കാട്ടി. ഈ വർഷം ഇതുവഴിയുള്ള ചരക്ക് നീക്കം 145 ദശലക്ഷം ടൺ കവിഞ്ഞു. ഇന്ത്യയുടെ സ്ഥിരമായ നയരൂപീകരണവും തീരുമാനങ്ങളുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ദേശീയ ജലപാതകളുടെ എണ്ണം വെറും 5 ൽ നിന്ന് 110 ആയി വർദ്ധിച്ചുവെന്നും  ഈ ജലപാതകളുടെ പ്രവർത്തനക്ഷമമായ ദൈർഘ്യം 2,700 കിലോമീറ്ററിൽ നിന്ന് 5,000 ഓളം കിലോമീറ്ററായി വർധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ നേട്ടങ്ങൾ രാജ്യത്തുടനീളമുള്ള യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

"മുംബൈ ഉടൻ തന്നെ ലോക ശ്രവ്യ ദൃശ്യ വിനോദ  ഉച്ചകോടി (WAVES) 2025 ന് ആതിഥേയത്വം വഹിക്കും. യുവാക്കളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള  ഈ പരിപാടി യുവ സ്രഷ്ടാക്കൾക്ക് ചരിത്രത്തിൽ ആദ്യമായി ഇത്തരമൊരു വേദി നൽകുന്നു. മാധ്യമം, ഗെയിമിംഗ്, വിനോദം എന്നിവയിൽ നൂതനാശയങ്ങളുള്ള യുവാക്കൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് ഈ ഉച്ചകോടി അതുല്യമായ അവസരം നൽകുന്നു", ശ്രീ മോദി പറഞ്ഞു. വിനോദ സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായും വ്യവസായ പ്രമുഖരുമായും ബന്ധപ്പെടാൻ അവസരം ലഭിക്കുമെന്നും, ലോകത്തിന് മുന്നിൽ അവരുടെ ആശയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ വേദിയായി ഇത് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ സംഘടിപ്പിക്കുന്ന വിവിധ ശില്പശാലകളിലൂടെ യുവാക്കൾക്ക് AI, XR, ഇമ്മേഴ്‌സീവ് മീഡിയ എന്നിവയെക്കുറിച്ച് അറിയാനും പരിചയം നേടാനും സാധിക്കും എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു."WAVES ഇന്ത്യയുടെ ഡിജിറ്റൽ ഉള്ളടക്ക ഭാവിയെ ഊർജ്ജസ്വലമാക്കും", അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും രാജ്യത്തിന്റെ നേട്ടങ്ങൾക്ക് തങ്ങളുടേതായ സംഭാവന നൽകുന്നുണ്ടെന്ന് എടുത്തുപറഞ്ഞുകൊണ്ട്, എല്ലാവരെയും ഉൾക്കൊള്ളാനുള്ള ഇന്ത്യയിലെ യുവാക്കളുടെ മനോഭാവത്തെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയിലെ പെൺമക്കൾ എല്ലാറ്റിനും മുൻപന്തിയിലാണെന്ന്  അഭിപ്രായപ്പെട്ട അദ്ദേഹം, ഇപ്പോൾ പ്രസിദ്ധീകരിച്ച UPSC ഫലങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ സ്ത്രീകളാണ് നേടിയതെന്നും, ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്ന് പേർ സ്ത്രീകളാണെന്നും കൂട്ടിച്ചേർത്തു. "ഉദ്യോ​ഗസ്ഥനേത‍ൃസ്ഥാനം മുതൽ ബഹിരാകാശം, ശാസ്ത്രം വരെയുള്ള മേഖലകളിൽ വനിതകൾ പുതിയ ഉയരങ്ങളിലെത്തുന്നു. സ്വയം സഹായ സംഘങ്ങൾ, ബീമ സഖികൾ, ബാങ്ക് സഖികൾ, കൃഷി സഖികൾ തുടങ്ങിയ സംരംഭങ്ങളിലൂടെ ഗ്രാമീണ വനിതകളെ ശാക്തീകരിക്കുന്നതിലാണ് നമ്മുടെ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഇവ വനിതകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിച്ചു", ശ്രീ മോദി പറഞ്ഞു. ആയിരക്കണക്കിന് സ്ത്രീകൾ ഇപ്പോൾ ഡ്രോൺ ദീദികളായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ തങ്ങളുടെ കുടുംബങ്ങൾക്കും ഗ്രാമങ്ങൾക്കും അഭിവൃദ്ധി ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 10 കോടിയിലധികം സ്ത്രീകൾ ഉൾപ്പെടുന്ന 90 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങൾ രാജ്യത്ത് സജീവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനായി, ഗവണ്മെന്റ് അവർക്കുള്ള ബജറ്റ് അഞ്ചിരട്ടിയായി വർദ്ധിപ്പിക്കുകയും 20 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പകൾക്കുള്ള വ്യവസ്ഥ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുദ്ര യോജനയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ വനിതകളാണെന്നും രാജ്യത്തെ 50,000-ത്തിലധികം സ്റ്റാർട്ടപ്പുകളിൽ വനിതകൾ ഡയറക്ടർമാരായി ഉണ്ടെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. മേഖലകളിലുടനീളമുള്ള ഇത്തരം പരിവർത്തനാത്മക മാറ്റങ്ങൾ ഇന്ത്യയുടെ വികസനത്തിനായുള്ള നിശ്ചയദാർഢ്യത്തെ ശക്തിപ്പെടുത്തുകയും തൊഴിലിനും സ്വയംതൊഴിലിനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ന് നിയമന ഉത്തരവുകൾ ലഭിച്ച യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട്, ഓരോരുത്തരും നേടിയ ഈ സ്ഥാനങ്ങൾ അവരുടെ  കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണെന്ന്  പ്രധാനമന്ത്രി അടിവരയിട്ടു. ജീവിതത്തിലെ അടുത്ത ഘട്ടങ്ങൾ അവർക്കുവേണ്ടി മാത്രമല്ല, രാഷ്ട്രത്തിനു വേണ്ടിയും സമർപ്പിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പൊതുസേവനത്തിൻ്റെ ഈ ഒരു ചിന്താഗതി എപ്പോഴും പരമപ്രധാനമായി തുടരണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഒരാൾ തന്റെ സേവനത്തോട് അങ്ങേയറ്റം ആദരവോടെ പ്രവർത്തിക്കുമ്പോൾ, അവരുടെ ശ്രമങ്ങൾ രാജ്യത്തെ ഒരു പുതിയ ദിശയിലേക്ക് നയിക്കാനുള്ള ശക്തി നേടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഓരോ വ്യക്തിയുടെയും കർത്തവ്യ നിർവഹണം, നവപ്രവർത്തനങ്ങൾ, പ്രതിബദ്ധത എന്നിവ ഇന്ത്യയിലെ ഓരോ പൗരന്റെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് നേരിട്ട് സംഭാവന ചെയ്യുമെന്ന് അദ്ദേഹം അടിവരയിട്ടു. ഓരോരുത്തരും ഉയർന്ന സ്ഥാനങ്ങളിലെത്തുമ്പോൾ, പൗരൻ എന്ന നിലയിലുള്ള അവരുടെ കർത്തവ്യങ്ങളും പങ്കും കൂടുതൽ പ്രധാനപ്പെട്ടതായി മാറും എന്ന് പറഞ്ഞ ശ്രീ മോദി, ഈ ദിശയിൽ എല്ലാവരും ബോധവാന്മാരായിരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മിപ്പിച്ചു. 'ഏക് പേഡ് മാ കേ നാം' എന്ന കാമ്പെയ്‌നിനെക്കുറിച്ച് അദ്ദേഹം എടുത്തുപറയുകയും പ്രകൃതിയോടുള്ള സ്നേഹത്തിന്റെയും സേവനത്തിന്റെയും അടയാളമായി അമ്മയുടെ പേരിൽ ഒരു മരം നടാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഓരോരുത്തരും അവരുടെ ജോലിസ്ഥലങ്ങളിൽ ഈ കാമ്പെയ്‌നിലേക്ക് കൂടുതൽ ആളുകളെ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ജൂണിൽ വരുന്ന അന്താരാഷ്ട്ര യോഗ ദിനം, വിജയകരമായ കരിയറിനൊപ്പം ആരോഗ്യകരമായ ജീവിതം ആരംഭിക്കുന്നതിനുള്ള മികച്ച അവസരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വ്യക്തിപരമായി മാത്രമല്ല, ജോലിയിലെ കാര്യക്ഷമതയ്ക്കും രാജ്യത്തിന്റെ ഉൽപ്പാദനക്ഷമതയ്ക്കും ആരോഗ്യം അത്യന്താപേക്ഷിതമാണെന്ന് ഊന്നിപ്പറഞ്ഞു. വ്യക്തികൾ അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് മിഷൻ കർമ്മയോഗി സംരംഭം പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്ഥാനങ്ങൾ വഹിക്കുക മാത്രമല്ല, ഇന്ത്യയിലെ ഓരോ പൗരനെയും സേവിക്കുകയും രാജ്യത്തിന്റെ പുരോഗതിക്ക് തങ്ങളാലാവുന്ന സംഭാവന നൽകുകയും ചെയ്യുക എന്നതാണ് ഈ സ്ഥാനലബ്ധിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പ്രസ്താവിച്ചു. സിവിൽ സർവീസസ് ദിനത്തിൽ പങ്കുവെച്ച 'നാഗരിക് ദേവോ ഭവ' എന്ന മന്ത്രം അനുസ്മരിച്ചുകൊണ്ടും, പൗരന്മാരെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് സമാനമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടും, ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടി പ്രവർത്തിച്ചാൽ ഇന്ത്യ വികസിതവും സമ്പന്നവുമായ ഒരു രാഷ്ട്രമായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടും ശ്രീ മോദി പ്രസംഗം ഉപസംഹരിച്ചു. 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിനായി പ്രവർത്തിക്കാൻ അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു.


പശ്ചാത്തലം

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, രാജ്യത്തുടനീളമുള്ള 47 സ്ഥലങ്ങളിൽ 15-ാമത് റോസ്ഗർ മേള നടക്കും. യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിന് ഫലപ്രദമായി സംഭാവന നൽകുന്നതിനും ഇത് അർത്ഥവത്തായ അവസരങ്ങൾ നൽകും.

രാജ്യത്തുടനീളമുള്ള, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ, റവന്യൂ വകുപ്പ്, പേഴ്‌സണൽ ആൻഡ് പബ്ലിക് ഗ്രീവൻസസ് ആൻഡ് പെൻഷൻ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തപാൽ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, റെയിൽവേ മന്ത്രാലയം, തൊഴിൽ & ഉദ്യോഗ മന്ത്രാലയം എന്നിവയുൾപ്പെടെ കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ജോലിയിൽ പ്രവേശിക്കും.

 

 

***

SK

(Release ID: 2124521) Visitor Counter : 28