വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

കശ്മീർ ഭീകരാക്രമണ ഇരകളെയും ദുരിതബാധിത വിനോദസഞ്ചാരികളെയും സഹായിക്കാൻ സത്വര നടപടികളുമായി സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു  

ശ്രീനഗറിൽ നിന്ന് നാല് പ്രത്യേക വിമാനങ്ങൾ - ഡൽഹിയിലേക്കും മുംബൈയിലേക്കും രണ്ടുവീതം

Posted On: 23 APR 2025 10:33AM by PIB Thiruvananthpuram

കശ്മീരിലെ ദാരുണ ഭീകരാക്രമണ  പശ്ചാത്തലത്തിൽ ഇരകളുടെയും ദുരിതബാധിത വിനോദസഞ്ചാരികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ശ്രീ റാം മോഹൻ നായിഡു സത്വര നടപടി സ്വീകരിച്ചു.

 

ആഭ്യന്തരമന്ത്രിയുമായി നേരിട്ട് സംസാരിച്ച കേന്ദ്രമന്ത്രി ബന്ധപ്പെട്ട അധികാരികളുമായി  പ്രവര്‍ത്തനങ്ങള്‍ ഏകോപിപിച്ച് 24 മണിക്കൂറും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നു.  അടിയന്തര ദുരിതാശ്വാസ നടപടികളുടെ ഭാഗമായി ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും രണ്ടുവീതം നാല് പ്രത്യേക വിമാനങ്ങൾ  ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ പേരെ ഒഴിപ്പിക്കേണ്ട സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ അധിക വിമാനങ്ങളും സജ്ജമാണ്. 

 

എല്ലാ വ്യോമയാന സേവനദാതാക്കളുമായും അടിയന്തര യോഗം  വിളിച്ച ശ്രീ റാം മോഹൻ നായിഡു നിരക്ക് വര്‍ധനയ്ക്കെതിരെ കര്‍ശന നിര്‍ദേശം നല്‍കി.  ദുരിതവേളയില്‍  ഒരു യാത്രക്കാരനും ബുദ്ധിമുട്ട് അനുഭവിക്കണ്ടി വരില്ലെന്ന് ഉറപ്പാക്കുന്നതിന് പതിവ് ടിക്കറ്റ് നിരക്കുകള്‍ നിലനിർത്താൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

 

കൂടാതെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ സംസ്ഥാന സർക്കാരുകളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ചേര്‍ന്ന് പൂർണസഹകരണം ഉറപ്പാക്കണമെന്നും ശ്രീ റാം മോഹൻ നായിഡു വിമാനക്കമ്പനികളോട് നിർദേശിച്ചു.

 

അതീവ ജാഗ്രതയില്‍ തുടരുന്ന സിവിൽ വ്യോമയാന മന്ത്രാലയം ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ പ്രതിജ്ഞാബദ്ധമാണ്.

 

****


(Release ID: 2123741) Visitor Counter : 21