പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
17-ാമത് സിവിൽ സർവീസ് ദിനമായ 2025 ഏപ്രിൽ 21 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും
Posted On:
20 APR 2025 12:39PM by PIB Thiruvananthpuram
17-ാമത് സിവിൽ സർവീസ് ദിനമായ 2025 ഏപ്രിൽ 21 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും.സിവിൽ സർവീസ് ദിനത്തിൽ, തിരഞ്ഞെടുക്കപ്പെട്ട മുൻഗണനാ പദ്ധതികളും നൂതനാശയങ്ങളും ഫലപ്രദമായി നടപ്പിലാക്കിയതിന്, പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌ക്കാരങ്ങൾ ജില്ലകൾക്കും കേന്ദ്ര/സംസ്ഥാന സർക്കാരുകൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സമ്മാനിക്കും. തിരഞ്ഞെടുക്കപ്പെട്ട മുൻഗണനാ പദ്ധതികളുടെയും നൂതനാശയങ്ങളുടെയും നടത്തിപ്പിനെക്കുറിച്ചുള്ള വിജയഗാഥകൾ ഉൾക്കൊള്ളുന്ന സമഗ്ര വികസനത്തെയും നൂതനാശയങ്ങളെയും സംബന്ധിക്കുന്ന ഇ-ബുക്കുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകാശനം ചെയ്യും. പുരസ്‌ക്കാരത്തിനർഹമായ സംരംഭങ്ങളെക്കുറിച്ചുള്ള ഒരു ചലച്ചിത്രവും പുരസ്‌ക്കാര ദാനത്തിന് മുന്നോടിയായി പ്രദർശിപ്പിക്കും. ഏഴാമത്തെ തവണയാണ് ദേശീയ സിവിൽ സർവീസ് ദിന ചടങ്ങുകളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നത്.
ഇന്ത്യയിലുടനീളമുള്ള സിവിൽ സർവീസ് ജീവനക്കാർക്ക് പൗരന്മാരുടെ ആവശ്യങ്ങൾക്കായി സ്വയം സമർപ്പിക്കാനും പൊതുസേവനത്തോടുള്ള പ്രതിബദ്ധതയും ജോലിയിലെ മികവും പുതുക്കാനുമുള്ള ഒരു അവസരമാണ് സിവിൽ സർവീസ് ദിനം. 1947-ൽ ഡൽഹിയിലെ മെറ്റ്കാഫ് ഹൗസിൽ സിവിൽ സർവീസ് ട്രെയിനികളെ സർദാർ വല്ലഭായ് പട്ടേൽ അഭിസംബോധന ചെയ്തതിന്റെ സ്മരണയ്ക്കായാണ് ഈ തീയതി തിരഞ്ഞെടുത്തത്. സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച്, ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന സിവിൽ സർവീസ് ദിന സമ്മേളനം കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജില്ലകളും സംഘടനകളും സാധാരണ പൗരന്മാരുടെ ക്ഷേമത്തിനായി നടത്തുന്ന അസാധാരണവും നൂതനവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനാണ് പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌ക്കാരങ്ങൾ ആരംഭിച്ചത്. 2025 ലെ സിവിൽ സർവീസ് ദിനത്തിൽ സമ്മാനിക്കുന്ന, 2024 ലെ പുരസ്‌ക്കാരങ്ങൾക്കായി, ഇനിപ്പറയുന്ന മുൻഗണനാ പദ്ധതികൾ തിരിച്ചറിഞ്ഞിട്ടുണ്ട്:
(എ) കാറ്റഗറി 1 - ജില്ലകളുടെ സമഗ്ര വികസനം (ബി) കാറ്റഗറി 2- ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം (സി) കാറ്റഗറി 3 - നൂതനാശയങ്ങൾ.
സമഗ്രമായ വിലയിരുത്തലിന് ശേഷം 1588 നാമനിർദ്ദേശങ്ങളിൽ നിന്ന് 14 പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പുരസ്‌ക്കാരങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു: (i) ട്രോഫി, (ii) സ്ക്രോൾ, (iii) പൊതുജനക്ഷേമവുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിലെ പദ്ധതി/പരിപാടി നടപ്പിലാക്കുന്നതിനോ വിഭവ പരിമിതി നികത്തുന്നതിനോ ഉപയോഗിക്കുന്നതിനായി പുരസ്ക്കാരം ലഭിച്ച ജില്ലയ്‌ക്കോ/സംഘടനയ്‌ക്കോ 20 ലക്ഷം രൂപയുടെ പ്രോത്സാഹനം.
പുരസ്കാരദാന ചടങ്ങിനുശേഷം "സിവിൽ സർവീസ് പരിഷ്കാരങ്ങൾ- വെല്ലുവിളികളും അവസരങ്ങളും" എന്ന വിഷയത്തിൽ കാബിനറ്റ് സെക്രട്ടറി ഡോ. ടി. വി. സോമനാഥൻ അധ്യക്ഷത വഹിക്കുന്ന പ്ലീനറി സെഷൻ നടക്കും. നഗര ഗതാഗതം ശക്തിപ്പെടുത്തൽ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി - ജൻ ആരോഗ്യ യോജന, ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നിവയിലൂടെ ആരോഗ്യപൂർണ്ണ ഭാരതം പ്രോത്സാഹിപ്പിക്കൽ, മിഷൻ സക്ഷം അംഗൻവാടി, പോഷൺ 2.0 എന്നിവയിലൂടെ വനിതകൾക്കും കുട്ടികൾക്കും ഉള്ള പോഷകാഹാരം പ്രോത്സാഹിപ്പിക്കൽ, ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം എന്നിവയെക്കുറിച്ചുള്ള നാല് സെഷനുകൾ സംഘടിപ്പിക്കും.
നഗര ഗതാഗതം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സെഷനിൽ ഭവന, നഗരകാര്യ, ഊർജ്ജ മന്ത്രി ശ്രീ മനോഹർ ലാൽ അധ്യക്ഷത വഹിക്കും. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നിവയിലൂടെ ആരോഗ്യപൂർണ്ണ ഭാരതം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചുള്ള സെഷനിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ, വളം, രാസവസ്തു മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ അധ്യക്ഷത വഹിക്കും. മിഷൻ സക്ഷം അംഗൻവാടി, പോഷൺ 2.0 എന്നിവയിലൂടെ വനിതകൾക്കുള്ള കുട്ടികൾക്കും ഉള്ള പോഷകാഹാരം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചുള്ള സെഷനിൽ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ്ണ ദേവി അധ്യക്ഷയാകും. നിതി ആയോഗ് സിഇഒ ശ്രീ ബി.വി.ആർ. സുബ്രഹ്മണ്യം ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിനെക്കുറിച്ചുള്ള സെഷനിൽ അധ്യക്ഷനാകും.
ചീഫ് സെക്രട്ടറിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, കേന്ദ്ര പരിശീലന സ്ഥാപനങ്ങളുടെ തലവന്മാർ, റസിഡന്റ് കമ്മീഷണർമാർ, കേന്ദ്ര സേവനങ്ങളിലെ ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ എന്നിവരുൾപ്പെടെയുള്ള ഭാരത സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ ഒരു ദിവസം നീളുന്ന പരിപാടിയിൽ പങ്കെടുക്കും.
SKY
*****************
(Release ID: 2123050)
Visitor Counter : 28
Read this release in:
Tamil
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Kannada