പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മധ്യപ്രദേശിലെ ആനന്ദ്പൂർ ധാമിൽ നടന്ന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു 


'വികസനത്തോടൊപ്പം പൈതൃകവും' എന്ന മന്ത്രവുമായി പുതിയ ഇന്ത്യ മുന്നേറുന്നു : പ്രധാനമന്ത്രി

നമ്മുടെ രാജ്യം ഋഷിമാരുടെയും ജ്ഞാനികളുടെയും സന്യാസിമാരുടെയും നാടാണ്; നമ്മുടെ സമൂഹം ദുഷ്‌കരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴെല്ലാം ഋഷിമാരോ ജ്ഞാനികളോ ഈ ഭൂമിയിൽ അവതരിക്കുകയും സമൂഹത്തിന് പുതിയൊരു ദിശാബോധം നൽകുകയും ചെയ്തു : പ്രധാനമന്ത്രി

ദരിദ്രരുടെയും നിരാലംബരുടെയും ഉന്നമനത്തിനുള്ള ദൃഢനിശ്ചയം, 'സബ്കാ സാഥ് സബ്കാ വികാസ്' എന്ന മന്ത്രമാണ്; ഈ സേവന മനോഭാവം ഗവൺമെന്റിന്റെ നയവും പ്രതിബദ്ധതയുമാണ്: പ്രധാനമന്ത്രി

ഇന്ത്യയെപോലുള്ള ഒരു രാജ്യത്ത്, നമ്മുടെ സംസ്കാരത്തിന് നമ്മുടെ സ്വത്വവുമായി മാത്രമല്ല ബന്ധം, നമ്മുടെ കഴിവുകളെ ശക്തിപ്പെടുത്തുന്നതും നമ്മുടെ സംസ്കാരമാണ്: പ്രധാനമന്ത്രി

Posted On: 11 APR 2025 6:04PM by PIB Thiruvananthpuram

ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത പ്രകടമാക്കി, പ്രധാനമന്ത്രി ശ്രി നരേന്ദ്രമോദി ഇന്ന് മധ്യപ്രദേശിൽ അശോക് നഗർ ജില്ലയിലെ ഇസാഗഡ് തെഹ്‌സിലിലെ ആനന്ദ്പൂർ ധാം സന്ദർശിച്ചു. ഗുരു ജി മഹാരാജ് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയ അദ്ദേഹം ആനന്ദ്പൂർ ധാമിലെ ക്ഷേത്ര സമുച്ചയം സന്ദർശിക്കുകയും ചെയ്തു. തുടർന്ന് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവേ ഡൽഹി, ഹരിയാന, പഞ്ചാബ് തുടങ്ങി രാജ്യമെമ്പാടുമുള്ള പ്രദേശങ്ങളിൽ നിന്ന് അവിടെ എത്തിച്ചേർന്ന നിരവധി ഭക്തർക്ക് അദ്ദേഹം സ്വാഗതമരുളി. ശ്രീ ആനന്ദ്പൂർ ധാം സന്ദർശിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഗുരുജി മഹാരാജിന്റെ ക്ഷേത്രത്തിൽ നടത്തിയ പ്രാർത്ഥനകൾ തന്റെ ഹൃദയത്തെ ആനന്ദം കൊണ്ട് നിറച്ച അനുഭവവും അദ്ദേഹം പങ്കുവെച്ചു. 

മഹാത്മാക്കളുടെ തപസ്യകൊണ്ട് പാവനമായ ഈ ഭൂമിയിൽ, പരോപകാരമാണ് ചിരപരിചിതമായ സമ്പ്രദായമെന്നും സേവനത്തിനുള്ള ദൃഢ നിശ്ചയമാണ് മനുഷ്യരാശിയുടെ ക്ഷേമത്തിന് വഴികാട്ടുന്നതെന്നും ശ്രീ മോദി പറഞ്ഞു. ദുഃഖം അശോക് നഗറിലേക്ക് കയറാൻ പോലും ഭയപ്പെടുന്നു എന്ന് മഹാന്മാർ പറഞ്ഞത് ഉദ്ധരിച്ചുകൊണ്ട്, ഈ ദേശത്തിന്റെ അതുല്യത അദ്ദേഹം ചൂണ്ടിക്കാട്ടി. ബൈശാഖി ഉത്സവത്തിലും ശ്രീ ഗുരു മഹാരാജ് ജിയുടെ ജന്മദിനാഘോഷത്തിലും പങ്കെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, പ്രഥമ പദ്‌ഷാഹി ശ്രീ ശ്രീ 108 ശ്രീ സ്വാമി അദ്വൈതാനന്ദ് ജി മഹാരാജ് ഉൾപ്പെടെയുള്ള പദ്‌ഷാഹി സന്ന്യാസിമാർക്ക് ആദരമർപ്പിച്ചു.1936ൽ ശ്രീ ദ്വിതീയ പദ്‌ഷാഹി ജിയുടെ മഹാസമാധിയും, 1964ൽ ശ്രീ തൃതീയ പദ്‌ഷാഹി ജി തന്റെ സത്യസ്വരൂപത്തോടുള്ള കൂടിച്ചേരലും അടയാളപ്പെടുത്തിയ ഈ ദിനത്തിന്റെ ചരിത്രപരമായ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.  ബഹുമാന്യരായ ഗുരുക്കന്മാർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലികൾ അർപ്പിക്കുകയും മാ ജഗേശ്വരി ദേവി, മാ ബിജാസൻ, മാ ജാനകി കരില മാതാ ധാം എന്നിവർക്ക് പ്രണാമങ്ങൾ അർപ്പിക്കുകയും ചെയ്തു. ബൈശാഖിയുടെയും ശ്രീ ഗുരു മഹാരാജ് ജിയുടെ ജന്മവാർഷിക ആഘോഷത്തിന്റെയും വേളയിൽ എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു. 

"ഇന്ത്യ ഋഷീശ്വരന്മാരുടെയും പണ്ഡിതരുടെയും സന്യാസിമാരുടെയും നാടാണ്, വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ അവർസമൂഹത്തെ എപ്പോഴും നയിച്ചിട്ടുണ്ട്", എന്ന്  ഉദ്‌ഘോഷിച്ച പ്രധാനമന്ത്രി, പൂജ്യ സ്വാമി അദ്വൈത് ആനന്ദ് ജി മഹാരാജിന്റെ ജീവിതം ഈ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് എടുത്തുപറഞ്ഞു. ആദി ശങ്കരാചാര്യരെപ്പോലുള്ള ആചാര്യന്മാർ അദ്വൈത ചിന്തയെക്കുറിച്ച് ആഴത്തിലുള്ള അറിവ് പകർന്നു നൽകിയ കാലഘട്ടത്തെ അദ്ദേഹം അനുസ്മരിച്ചു. കോളനിവാഴ്‌ചയുടെ കാലഘട്ടത്തിൽ  ഈ ജ്ഞാനവുമായുള്ള ബന്ധം സമൂഹത്തിന് നഷ്ടപ്പെട്ടു തുടങ്ങിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഈ സമയത്താണ് അദ്വൈത തത്വങ്ങളിലൂടെ രാഷ്ട്രത്തിന്റെ ആത്മാവിനെ ഉണർത്താൻ ഋഷിമാർ ഉയർന്നുവന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൂജ്യ അദ്വൈത് ആനന്ദ് ജി മഹാരാജ് അദ്വൈതത്തെക്കുറിച്ചുള്ള അറിവ് സാധാരണക്കാർക്ക് പ്രാപ്യവും ലളിതവുമാക്കി, അത് ജനങ്ങളിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഈ പാരമ്പര്യം മുന്നോട്ട് കൊണ്ട്പോവുകയായിരുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

യുദ്ധം, സംഘർഷം, ഭൗതിക പുരോഗതികൾക്കിടയിലെ മനുഷ്യമൂല്യങ്ങളുടെ തകർച്ച എന്നിവയെക്കുറിച്ചുള്ള ആഗോള ആശങ്കകളെ അഭിസംബോധന ചെയ്തുകൊണ്ട്, ഈ വെല്ലുവിളികളുടെ മൂലകാരണം മനുഷ്യരെ പരസ്പരം അകറ്റുന്ന "സ്വയം" എന്നും "മറ്റുള്ളവൻ" എന്നുമുള്ള വിഭജന മനോഭാവം ആണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. "ഈ പ്രശ്നങ്ങൾക്ക് പരിഹാരം അദ്വൈത തത്വചിന്തയിലാണ്, ഇത് ദ്വൈതം ഇല്ലെന്ന് കാണിക്കുന്ന ദർശനമാണെന്ന്" അദ്ദേഹം പറഞ്ഞു. ഓരോ സത്യജീവിയിലും ദൈവത്തിനെ കാണുകയാണ് അദ്വൈതത്തിന്റെ മുഖ്യവിശ്വാസം എന്നും, സകല സൃഷ്ടിയെയും ദൈവത്തിന്റെ ആവിഷ്കാരമായി കാണുന്നതിനും അതാണ് അടിസ്ഥാനമെന്നും അദ്ദേഹം വിശദീകരിച്ചു. "നീ എന്താണോ, അതാണ് ഞാനും" എന്ന് ഈ തത്വത്തെ മനോഹരമായി ലളിതമായി വിവരിച്ച പരമഹംസ് ദയാൽ മഹാരാജിനെ അദ്ദേഹം ഉദ്ധരിച്ചു. "എന്റെയും നിങ്ങളുടെയും" എന്ന വിഭജനം ഇല്ലാതാക്കുന്ന ഈ ചിന്തയുടെ ആഴത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി ഈ ദർശനം ലോകം മുഴുവൻ അംഗീകരിച്ചാൽ എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി.

പ്രഥമ പദ്‌ഷാഹി പരമഹംസ് ദയാൽ മഹാരാജ് ജിയുടെ ഉദ്ബോധനങ്ങളെക്കുറിച്ചും ആനന്ദ്‌പൂർ ധാമിന്റെ സേവന സംരംഭങ്ങളെക്കുറിച്ചും ചാറ്റേ പദ്‌ഷാഹി സ്വാമി ശ്രീ വിചാർ പൂർണ ആനന്ദ് ജി മഹാരാജുമായി താൻ നേരത്തെ നടത്തിയ സംഭാഷണങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു. ആനന്ദ്‌പൂർ  ധാമിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ധ്യാനത്തിന്റെ അഞ്ച് അടിസ്ഥാന തത്വങ്ങൾ പ്രധാനമന്ത്രി വ്യക്തമാക്കി. അവയിൽ, നിസ്വാർത്ഥ സേവനത്തെ അദ്ദേഹം പ്രത്യേകമായി എടുത്തുപറഞ്ഞു. നിസ്വാർത്ഥ ഭാവത്തോടെ ദരിദ്രരെ സേവിക്കുന്നതിന്റെ പൊരുൾ അദ്ദേഹം പരാമർശിച്ചു. മനുഷ്യസേവനത്തിൽ നാരായണനെ ദർശിക്കുന്ന ഈ ഭാവമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ആനന്ദ്‌പൂർ ട്രസ്റ്റ് ഈ സേവന സംസ്കാരത്തെ സമർപ്പണമനോഭാവത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ആയിരക്കണക്കിന് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികൾ ട്രസ്റ്റ് നടത്തുന്നുണ്ടെന്നും, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും, പശു പരിപാലനത്തിനായി ഒരു ആധുനിക ഗോശാല നടത്തുന്നുണ്ടെന്നും, പുതിയ തലമുറയുടെ വികസനത്തിനായി സ്‌കൂളുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണത്തിലൂടെ മനുഷ്യസേവനത്തിന് ആനന്ദ്‌പൂർ ധാമിന്റെ അനുയായികൾ നടത്തിയ ഗണ്യമായ സംഭാവനയെയും അദ്ദേഹം പ്രശംസിച്ചു. ആയിരക്കണക്കിന് ഏക്കർ തരിശുഭൂമിയെ പച്ചപ്പാക്കി മാറ്റുന്നതിൽ ആശ്രമം അനുയായികൾ നടത്തിയ ശ്രമങ്ങളെ എടുത്തുകാട്ടിയ അദ്ദേഹം ആശ്രമം നട്ടുപിടിപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് മരങ്ങൾ ഇപ്പോൾ പരോപകാരപ്രദമായ സേവനമാകുന്നതായും അദ്ദേഹം പറഞ്ഞു.

"ഗവണ്മെന്റ് ഏറ്റെടുക്കുന്ന ഓരോ ഉദ്യമത്തിന്റെയും കാതൽ സേവന മനോഭാവമാണ്", പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം, എല്ലാ ദരിദ്ര വ്യക്തികളും ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്കയിൽ നിന്ന് മുക്തരാണെന്ന് വ്യക്തമാക്കിക്കൊണ്ട് ശ്രീ മോദി പറഞ്ഞു. അതുപോലെ, ആയുഷ്മാൻ ഭാരത് പദ്ധതി ദരിദ്രരെയും വൃദ്ധരെയും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ആശങ്കകളിൽ നിന്ന് മോചിപ്പിക്കുകയും   പ്രധാനമന്ത്രി ആവാസ് യോജന നിരാലംബരായവർക്ക് സുരക്ഷിതമായ ഭവനം ഉറപ്പാക്കുകയും ചെയ്യുന്നു. ജൽ ജീവൻ മിഷൻ ഗ്രാമങ്ങളിലെ കുടിവെള്ളപ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ടെന്നും റെക്കോർഡ് എണ്ണം പുതിയ എയിംസുകൾ, ഐഐടികൾ, ഐഐഎമ്മുകൾ എന്നിവ സ്ഥാപിക്കുന്നത് ദരിദ്രരായ കുട്ടികളെ പോലും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഏക് പേഡ് മാ കേ നാം' കാമ്പെയ്‌നിലൂടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത  ആവർത്തിച്ച അദ്ദേഹം അതിനു കീഴിൽ രാജ്യത്തുടനീളം കോടിക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുള്ളതായി വ്യക്തമാക്കി. ഈ നേട്ടങ്ങളുടെ വ്യാപ്തി സേവന മനോഭാവത്താൽ നയിക്കപ്പെടുന്നതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 'സബ്കാ സാഥ്‌, സബ്കാ വികാസ്' എന്ന മന്ത്രത്താൽ നയിക്കപ്പെടുന്ന ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായുള്ള ഗവണ്മെന്റിന്റെ ദൃഢനിശ്ചയം അദ്ദേഹം ആവർത്തിച്ചു. "ഈ സേവന മനോഭാവമാണ്  ഗവണ്മെന്റിന്റെ നയവും പ്രതിബദ്ധതയും", അദ്ദേഹം ഊന്നിപ്പറഞ്ഞു.

സേവന സന്നദ്ധത മറ്റുള്ളവർക്ക് ഗുണം ചെയ്യുക മാത്രമല്ല, വ്യക്തിത്വം മെച്ചപ്പെടുത്തുകയും കാഴ്ചപ്പാടുകൾ വിശാലമാക്കുകയും ചെയ്യുമെന്ന് അടിവരയിട്ട പ്രധാനമന്ത്രി, സേവന മനോഭാവം വ്യക്തികളെ സമൂഹം, രാഷ്ട്രം, മാനവികത എന്നിവയുടെ വലിയ ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സമർപ്പണമനോഭാവത്തെ അദ്ദേഹം പ്രകീർത്തിച്ചു. നിസ്വാർത്ഥ സേവനത്തിലൂടെ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും അതിജീവിക്കുന്നത് മറ്റൊരു സ്വഭാവമാകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സേവനത്തെ ഒരു ആത്മീയ ആചാരമായി വിശേഷിപ്പിച്ച അദ്ദേഹം എല്ലാവരും മുങ്ങിക്കുളിക്കേണ്ട പുണ്യ ഗംഗയോട് അതിനെ ഉപമിച്ചു. നാടിന് കനത്ത സംഭാവനകൾ നൽകിയ അശോക് നഗറും ആനന്ദ്പുർ ധാമും പോലുള്ള പ്രദേശങ്ങൾ വികസിപ്പിക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഈ പ്രദേശങ്ങളിൽ കലയും സംസ്കാരവും പ്രകൃതിസൗന്ദര്യവും നിറഞ്ഞ സമൃദ്ധ പാരമ്പര്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവയുടെ വികസനത്തിനും പാരമ്പര്യ സംരക്ഷണത്തിനും വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശിലും അശോക് നഗറിലും വികസനം ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ചന്ദേരി സാരികൾക്ക് ലഭിച്ച ഭൗമ സൂചിക (ജിഐ) ടാഗ് വഴി ചന്ദേരി കൈത്തറി അഭിവൃദ്ധിപ്പെടുത്തുന്നതും മേഖലയിലെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിന് പ്രാൺപൂരിൽ ഒരു ക്രാഫ്റ്റ് ഹാൻഡ്‌ലൂം ടൂറിസം വില്ലേജ് സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഉജ്ജയിനിൽ നടക്കുന്ന സിംഹസ്ഥ മഹോത്സവത്തിനായുള്ള തയ്യാറെടുപ്പുകൾ മധ്യപ്രദേശ് ഗവണ്മെന്റ് ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ നടന്ന രാമനവമി മഹോത്സവം പരാമർശിച്ച പ്രധാനമന്ത്രി, "രാം വൻ ഗമൻ പാത"യുടെ വികസനം എടുത്തുപറഞ്ഞു. ഈ പാതയുടെ ഒരു പ്രധാന ഭാഗം മധ്യപ്രദേശിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിന്റെ ശ്രദ്ധേയവും അതുല്യവുമായ സ്വത്വത്തെ അദ്ദേഹം പ്രശംസിക്കുകയും ഇത്തരം പദ്ധതികൾ സംസ്ഥാനത്തിന്റെ പ്രത്യേകതകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

2047ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുന്നതിനുള്ള രാജ്യത്തിന്റെ മഹത്തായ ലക്ഷ്യത്തെ പ്രധാനമന്ത്രി അടിവരയിട്ടു. ഇത് നേടാൻ ഇന്ത്യക്ക് ശേഷിയുണ്ടെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. വികസനം പിന്തുടരുന്നതിൽ പല രാജ്യങ്ങളും അവരുടെ പാരമ്പര്യങ്ങളിൽ നിന്ന് വ്യതിചലിച്ചുവെങ്കിലും ഇന്ത്യ വികസനത്തിനൊപ്പം അതിന്റെ പൈതൃകവും നിലനിർത്തണമെന്ന് ചൂണ്ടിക്കാട്ടിയ ശ്രി മോദി ഈ യാത്രയിൽ ഇന്ത്യയുടെ പുരാതന സംസ്കാരം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. "ഇന്ത്യയുടെ സംസ്കാരം അതിന്റെ സ്വത്വവുമായി മാത്രമല്ല, അത് ഇന്ത്യയുടെ കഴിവുകളെ കൂടി ശക്തിപ്പെടുത്തുന്ന ഒന്നാണ്", പ്രധാനമന്ത്രി പറഞ്ഞു. ഈ കാര്യത്തിൽ ആനന്ദ്പൂർ ധാം ട്രസ്റ്റ് നൽകിയ ശ്രദ്ധേയമായ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ട്രസ്റ്റിന്റെ സേവന സംരംഭങ്ങൾ വിക്സിത് ഭാരതത്തിന്റെ ദർശനത്തിലേക്ക് പുതിയ ഊർജ്ജം പകരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ബൈശാഖി ദിനത്തിനും ശ്രീ ഗുരു മഹാരാജ് ജിയുടെ ജന്മവാർഷിക ആഘോഷങ്ങങ്ങൾക്കും ആശംസകൾ നേർന്നുകൊണ്ടാണ്  ശ്രി നരേന്ദ്രമോദി തന്റെ പ്രസംഗം ഉപസംഹരിച്ചത്.

മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് പട്ടേൽ, മുഖ്യമന്ത്രി ശ്രീ മോഹൻ യാദവ്, കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ആത്മീയവും ജീവകാരുണ്യപരവുമായ ലക്ഷ്യങ്ങൾക്കായാണ് ആനന്ദ്പൂർ ധാം സ്ഥാപിക്കപ്പെട്ടത്. 315 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ആനന്ദ്പൂർ ധാമിൽ 500-ലധികം പശുക്കളെ പരിപാലിക്കാൻ കഴിയുന്ന ഒരു ആധുനിക ഗോശാലയും ശ്രീ ആനന്ദ്പൂർ ട്രസ്റ്റ് കാമ്പസിന് കീഴിൽ കാർഷിക പ്രവർത്തനങ്ങളും നടന്നുവരുന്നു. സുഖ്പൂർ ഗ്രാമത്തിൽ ഒരു സന്നദ്ധസേവ ആശുപത്രി, സുഖ്പൂരിലും ആനന്ദ്പൂരിലും സ്കൂളുകൾ, രാജ്യത്തുടനീളമുള്ള വിവിധ സത്സംഗ് കേന്ദ്രങ്ങൾ എന്നിവ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

 

'विकास भी-विरासत भी' के मंत्र के साथ नया भारत तेजी से आगे बढ़ रहा है। आज मध्य प्रदेश के श्री आनंदपुर धाम आकर मन अभिभूत है। https://t.co/soPA86QyQn

— Narendra Modi (@narendramodi) April 11, 2025

हमारा भारत ऋषियों, मनीषियों और संतों की धरती है: PM @narendramodi pic.twitter.com/txpIOQR6gu

— PMO India (@PMOIndia) April 11, 2025

गरीब और वंचित के उत्थान का संकल्प...‘सबका साथ, सबका विकास’ का मंत्र... सेवा की ये भावना...आज ये सरकार की नीति भी है और निष्ठा भी है: PM @narendramodi pic.twitter.com/bdJMnfwTjy

— PMO India (@PMOIndia) April 11, 2025

भारत जैसे देश में हमारी संस्कृति केवल हमारी पहचान से ही नहीं जुड़ी है। हमारी संस्कृति ही हमारे सामर्थ्य को मजबूती देती है: PM @narendramodi pic.twitter.com/BVV3HyZVqg

— PMO India (@PMOIndia) April 11, 2025

 

***

SK


(Release ID: 2121105) Visitor Counter : 32