സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
ബിഹാറിലെ കോസി മേച്ചി ഇൻട്രാ-സ്റ്റേറ്റ് ലിങ്ക് പദ്ധതിയെ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന- ആക്സിലറേറ്റഡ് ഇറിഗേഷൻ ബെനഫിറ്റ്‌സ് പരിപാടി (PMKSY-AIBP)യിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
6,282.32 കോടി രൂപ ചെലവ് കണക്കാക്കപ്പെടുന്ന പദ്ധതിയിൽ 3,652.56 കോടി രൂപയാണ് ബീഹാറിനുള്ള കേന്ദ്ര സഹായം.
2029 മാർച്ചോടെ പദ്ധതി പൂർത്തിയാകും
നിലവിലുള്ള കിഴക്കൻ കോസി മെയിൻ കനാലിന്റെ (EKMC) 41.30 കിലോമീറ്റർ ഭാഗം വരെ നവീകരിച്ച്, കാനാലിനെ 117.50 കിലോമീറ്റർ ദീർഘിപ്പിച്ചുകൊണ്ട് മേച്ചി നദിയിൽ ബന്ധിപ്പിക്കും.
ബീഹാറിലെ അരാരിയ, പൂർണിയ, കിഷൻഗഞ്ച്, കതിഹാർ ജില്ലകളിലെ 2,10,516 ഹെക്ടർ സ്ഥലത്ത് ഖാരിഫ് സീസണിൽ അധിക ജലസേചന സൗകര്യങ്ങൾ ലഭ്യമാക്കും.
ഈസ്റ്റേൺ കോസി മെയിൻ കനാലിലെ നിലവിലുള്ള കമാൻഡ് മേഖലയിലേക്കുള്ള ജലവിതരണത്തിലെ കുറവ് പരിഹരിക്കും.
മൺസൂൺ കാലയളവിൽ മഹാനന്ദ കമാൻഡിലെ 2050 ദശലക്ഷം ക്യുബിക് മീറ്റർ കോസി ജലം വഴിതിരിച്ചുവിടും.
प्रविष्टि तिथि:
28 MAR 2025 4:11PM by PIB Thiruvananthpuram
ബീഹാറിലെ കോസി മേച്ചി ഇൻട്രാ-സ്റ്റേറ്റ് ലിങ്ക് പദ്ധതിയെ ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജന-ആക്സിലറേറ്റഡ് ഇറിഗേഷൻ ബെനഫിറ്റ്‌സ് പരിപാടി (PMKSY-AIBP)യിൽ ഉൾപ്പെടുത്തുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം നൽകി.
6,282.32 കോടി രൂപ ചെലവ് കണക്കാക്കപ്പെടുന്ന പദ്ധതി 2029 മാർച്ചോടെ പൂർത്തീകരിക്കുന്നതിനായി ബീഹാറിന് 3,652.56 കോടി രൂപയുടെ കേന്ദ്ര സഹായവും സിസിഇഎ അംഗീകരിച്ചു.
കോസി മേച്ചി ഇൻട്രാ-സ്റ്റേറ്റ് ലിങ്ക് പദ്ധതിയിലൂടെ നിലവിലുള്ള കിഴക്കൻ കോസി മെയിൻ കനാൽ (ഇകെഎംസി) 41.30 കിലോമീറ്റർ ദൂരം പുനർനിർമ്മിച്ചും അതിനെ 117.50 കിലോമീറ്റർ ദീർഘിപ്പിച്ച് മെച്ചി നദിയിൽ ബന്ധിപ്പിക്കുന്നതിലൂടെയും കോസി നദിയിലെ അധിക ജലത്തിന്റെ ഒരു ഭാഗം വഴിതിരിച്ചുവിടാൻ ലക്ഷ്യമിടുന്നു. അത്തരത്തിൽ ബീഹാറിലൂടെ ഒഴുകുന്ന കോസി, മേച്ചി നദികളെ ബീഹാറിനുള്ളിൽ പരസ്പരം ബന്ധിപ്പിക്കാൻ കഴിയും.
ബീഹാറിലെ അരാരിയ, പൂർണിയ, കിഷൻഗഞ്ച്, കതിഹാർ ജില്ലകളിലെ 2,10,516 ഹെക്ടർ സ്ഥലത്ത്, ഖാരിഫ് സീസണിൽ അധിക വാർഷിക ജലസേചനം ഈ പദ്ധതിയിലൂടെ ലഭ്യമാകും. നിർദ്ദിഷ്ട ലിങ്ക് കനാൽ വഴി കോസിയിലെ ഏകദേശം 2,050 ദശലക്ഷം ക്യുബിക് മീറ്റർ അധിക ജലം വഴിതിരിച്ചുവിടാനും ഉപയോഗയോഗ്യമാക്കാനും ഈ പദ്ധതിക്ക് കഴിയും. ഇതോടൊപ്പം, നിലവിലുള്ള ഈസ്റ്റേൺ കോസി മെയിൻ കനാൽ (EKMC) പുനർനിർമ്മിച്ചുകൊണ്ട്, നിലവിലുള്ള കിഴക്കൻ കോസി മെയിൻ കമാൻഡ് ഏരിയയിലെ 1.57 ലക്ഷം ഹെക്ടർ പ്രദേശത്തേക്കുള്ള ജല ക്ഷാമം പൂർണ്ണമായി പുനഃസ്ഥാപിക്കുകയും ചെയ്യും.
പശ്ചാത്തലം:
കൃഷിയിടങ്ങളിലെ ജലലഭ്യത വർദ്ധിപ്പിക്കുക, ഉറപ്പായ ജലസേചനത്തിലൂടെ കൃഷിയോഗ്യമായ പ്രദേശം വികസിപ്പിക്കുക, കൃഷിയിടത്തിലെ ജല ഉപയോഗ കാര്യക്ഷമത മെച്ചപ്പെടുത്തുക, സുസ്ഥിര ജലസംരക്ഷണ രീതികൾ ആവിഷ്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2015-16 വർഷത്തിലാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ) ആരംഭിച്ചത്.
2021-26 കാലയളവിൽ പി.എം.കെ.എസ്.വൈ പദ്ധതി നടപ്പിലാക്കാൻ മൊത്തം 93,068.56 കോടി രൂപ (കേന്ദ്ര സഹായം 37,454 കോടി രൂപ) ചെലവഴിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് അംഗീകാരം നൽകി. പ്രധാന, ഇടത്തരം ജലസേചന പദ്ധതികളിലൂടെ ജലസേചന സാധ്യതകൾ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ളതാണ് പിഎംകെഎസ്‌വൈയുടെ ഘടകമായ ആക്സിലറേറ്റഡ് ഇറിഗേഷൻ ബെനിഫിറ്റ്സ് പ്രോഗ്രാം (എഐബിപി).
പിഎംകെഎസ്‌വൈ-എഐബിപി പ്രകാരം ഇതുവരെ 63 പദ്ധതികൾ പൂർത്തീകരിക്കുകയും 2016 ഏപ്രിൽ മുതൽ 26.11 ലക്ഷം ഹെക്ടറിൽ അധിക ജലസേചന സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്തു. 2012-22 കാലയളവിൽ PMKSY 2.0 യുടെ എഐബിപി ഘടകത്തിന് കീഴിൽ ഒമ്പത് പദ്ധതികൾ ഉൾപ്പെടുത്തിയിരുന്നു. പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പത്താമത്തെ പദ്ധതിയാണ് കോസി മേച്ചി ഇൻട്രാ-സ്റ്റേറ്റ് ലിങ്ക് പദ്ധതി.
-NK-
(रिलीज़ आईडी: 2116292)
आगंतुक पटल : 80
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
Telugu
,
English
,
Urdu
,
हिन्दी
,
Nepali
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Kannada