ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

അഞ്ച് സംസ്ഥാനങ്ങളിലെ അഗ്നിശമന സേനകളുടെ വിപുലീകരണത്തിനും ആധുനികവത്ക്കരണത്തിനുമുള്ള പദ്ധതികൾക്കും സിക്കിം സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും കേന്ദ്ര ആഭ്യന്തര  സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി (HLC) അംഗീകാരം നൽകി.

"സംസ്ഥാനങ്ങളിലെ അഗ്നിശമന സേവനങ്ങളുടെ വിപുലീകരണവും ആധുനികവത്ക്കരണവും" എന്ന പദ്ധതി പ്രകാരം ബീഹാർ, ഗുജറാത്ത്, ജാർഖണ്ഡ്, മഹാരാഷ്ട്ര, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങൾക്കുള്ള 1,604.39 കോടി രൂപയുടെ പദ്ധതികൾക്ക് HLC അംഗീകാരം നൽകി.

Posted On: 28 MAR 2025 2:32PM by PIB Thiruvananthpuram
അഞ്ച് സംസ്ഥാനങ്ങളിലെ അഗ്നിശമന സേനകളുടെ വിപുലീകരണത്തിനും ആധുനികവത്ക്കരണത്തിനുമുള്ള പദ്ധതികൾക്കും സിക്കിം സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി (HLC) അംഗീകാരം നൽകി. ദേശീയ ദുരന്ത പ്രതികരണ ഫണ്ടിന് (NDRF) കീഴിലുള്ള പുനരുദ്ധാരണ-പുനർനിർമ്മാണ ധനസഹായ ജാലകം, സന്നദ്ധത- ശേഷി വികസന  ധനസഹായ ജാലകം എന്നിവ മുഖേന സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ ധനമന്ത്രി, കൃഷി മന്ത്രി, നീതി ആയോഗ് വൈസ് ചെയർമാൻ എന്നിവർ അംഗങ്ങളായ സമിതി പരിഗണിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദുരന്ത പ്രതിരോധശേഷിയുള്ള ഇന്ത്യ എന്ന ദർശനം സാക്ഷാത്ക്കരിക്കുന്നതിനായി, ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയം രാജ്യത്തെ ദുരന്തങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ഒട്ടേറെ സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ദുരന്ത സാധ്യതാ ലഘൂകരണ സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ ദുരന്തസമയത്ത് ജീവനും സ്വത്തിനും ഉണ്ടാകുന്ന വ്യാപകമായ നാശനഷ്ടങ്ങൾ തടയുന്നതിനും ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

"സംസ്ഥാനങ്ങളിലെ അഗ്നിശമന സേവനങ്ങളുടെ വിപുലീകരണവും ആധുനികവത്ക്കരണവും" എന്ന പദ്ധതി പ്രകാരം ബീഹാർ, ഗുജറാത്ത്, ജാർഖണ്ഡ്, മഹാരാഷ്ട്ര, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങൾക്കായി 1,604.39 കോടി രൂപയുടെ പദ്ധതികൾ/പ്രവർത്തനങ്ങൾ ഉന്നതതല സമിതി അംഗീകരിച്ചു. ദേശീയ ദുരന്ത പ്രതികരണ ഫണ്ടിന് (NDRF) കീഴിലുള്ള സന്നദ്ധത- ശേഷി വികസന ധനസഹായജാലകത്തിലെ  വകയിരുത്തലിൽ  ബീഹാറിന് 340.90 കോടി രൂപയും, ഗുജറാത്തിന് 339.18 കോടി രൂപയും, ജാർഖണ്ഡിന് 147.97 കോടി രൂപയും, കേരളത്തിന് 162.25 കോടി രൂപയും, മഹാരാഷ്ട്രയ്ക്ക് 614.09 കോടി രൂപയും സമിതി അനുവദിച്ചു. "സംസ്ഥാനങ്ങളിലെ അഗ്നിശമന സേവനങ്ങളുടെ വിപുലീകരണത്തിനും ആധുനികവത്ക്കരണത്തിനുമായി" കേന്ദ്ര സർക്കാർ എൻ‌.ഡി‌.ആർ‌.എഫിന് കീഴിൽ ആകെ 5,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ 20 സംസ്ഥാനങ്ങൾക്കുള്ള 3,373.12 കോടി രൂപയുടെ നിർദ്ദേശങ്ങൾ  ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്.

കൂടാതെ, 2023 ഒക്ടോബറിൽ ടീസ്റ്റ നദീതടത്തിലെ താഴ്ന്ന പ്രദേശങ്ങളിലുണ്ടായ വിനാശകരമായ ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബസ്റ്റ് വെള്ളപ്പൊക്കം (Glacial Lake Outburst Floods-GLOF)  ബാധിച്ച വിവിധ മേഖലകളുടെ ദുരന്ത നിവാരണത്തിനും പുനർനിർമ്മാണ ആവശ്യങ്ങൾക്കുമായി ദേശീയ ദുരന്ത പ്രതികരണ ഫണ്ടിന് (NDRF) കീഴിലുള്ള പുനരുദ്ധാരണ, പുനർനിർമ്മാണ ഫണ്ടിംഗ് വിൻഡോയിൽ നിന്ന് സിക്കിം സംസ്ഥാനത്തിന് 555.70 കോടി രൂപയുടെ സാമ്പത്തിക സഹായവും ഉന്നതതല സമിതി അംഗീകരിച്ചിട്ടുണ്ട്.

ഈ സാമ്പത്തിക വർഷത്തിൽ, സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF) പ്രകാരം 28 സംസ്ഥാനങ്ങൾക്ക് 19,074.80 കോടി രൂപയും സംസ്ഥാന ദുരന്ത ലഘൂകരണ നിധി (SDMF) പ്രകാരം 16 സംസ്ഥാനങ്ങൾക്ക് 3,229.35 കോടി രൂപയും കേന്ദ്ര സർക്കാർ അനുവദിച്ചു. ഇതിനുപുറമെ, ദേശീയ ദുരന്ത പ്രതികരണ നിധി (NDRF) പ്രകാരം 19 സംസ്ഥാനങ്ങൾക്ക് 5,160.76 കോടി രൂപയും ദേശീയ ദുരന്ത ലഘൂകരണ നിധി (NDMF) പ്രകാരം 8 സംസ്ഥാനങ്ങൾക്ക് 719.71 കോടി രൂപയും അനുവദിച്ചു.
 
SKY
 
*****

(Release ID: 2116192) Visitor Counter : 33