സഹകരണ മന്ത്രാലയം
azadi ka amrit mahotsav

ത്രിഭുവന്‍ സഹകാരി സര്‍വ്വകലാശാല ബില്‍, 2025നെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മറുപടി പറഞ്ഞു, ചര്‍ച്ചയ്ക്കു ശേഷം ലോക്‌സഭ ബില്‍ പാസാക്കി

സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യത്ത് സഹകരണ മേഖലയിലെ ആദ്യ സര്‍വ്വകലാശാല വരുന്നു

Posted On: 26 MAR 2025 9:37PM by PIB Thiruvananthpuram
ത്രിഭുവന്‍ സഹകാരി സര്‍വ്വകലാശാല ബില്‍, 2025നെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മറുപടി പറഞ്ഞു, തുടര്‍ന്ന് ബില്‍ ലോക്‌സഭ  പാസാക്കി.

രാജ്യത്തെ എല്ലാ കുടുംബങ്ങളുടെയും ജീവിതത്തെ സഹകരണ മേഖല ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സ്പര്‍ശിക്കുന്നുണ്ടെന്നു ചര്‍ച്ചയ്ക്  മറുപടിയായി കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി പറഞ്ഞു. ഓരോ ഗ്രാമത്തിലും കാര്‍ഷിക വികസനം, ഗ്രാമവികസനം അല്ലെങ്കില്‍ തൊഴില്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും ഒരു സഹകരണ സ്ഥാപനം ഉണ്ടെന്നും അതുവഴി രാജ്യത്തിന്റെ വികസനത്തിനു സംഭാവന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് രാജ്യത്തിന് ആദ്യ സഹകരണ സര്‍വ്വകലാശാല ലഭിക്കുകയാണെന്ന് ശ്രീ ഷാ പറഞ്ഞു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും സ്വയംതൊഴില്‍, ചെറുകിട സംരംഭകത്വ മേഖലകളുടെ വികസനത്തിനും സാമൂഹിക ഉള്‍ക്കൊള്ളിക്കല്‍ വര്‍ദ്ധിപ്പിക്കാനും നവീകരണത്തിലും ഗവേഷണത്തിലും പുതിയ മാതൃകകള്‍ സൃഷ്ടിക്കാനുമുള്ള അവസരം ഈ ബില്‍ പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒരുതരത്തില്‍ പറഞ്ഞാല്‍, സഹകരണ മനോഭാവത്താല്‍ പ്രചോദിതവും ആധുനിക വിദ്യാഭ്യാസത്താല്‍ സജ്ജവുമായ ഒരു പുതിയ സഹകരണ നേതൃത്വം രാജ്യത്തിനു ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ സഹകരണ സര്‍വ്വകലാശാലയ്ക്ക് ത്രിഭുവന്‍ സഹകാരി സര്‍വ്വകലാശാല എന്നു പേരു നല്‍കാന്‍ തീരുമാനിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. സര്‍ദാര്‍ പട്ടേലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറ പാകിയവരുടെ കൂട്ടത്തില്‍ ത്രിഭുവന്‍ ദാസ് പട്ടേലും ഉള്‍പ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (GCMMF) എന്ന സ്ഥാപനമാണ് അമുല്‍ എന്നറിയപ്പെടുന്നത്. 1946 ല്‍ ഗുജറാത്തിലെ ഒരു പട്ടണത്തില്‍ 250 ലിറ്റര്‍ പാലുമായി യാത്ര തുടങ്ങിയ അമുല്‍, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പാലുത്പ്പന്ന ബ്രാന്‍ഡായി മാറുകയും ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയും ചെയ്യുന്നു. 2003 ല്‍ അമുലിന്റെ വിറ്റുവരവ് 2882 കോടി രൂപയായിരുന്നത് ഇന്ന് 60,000 കോടി രൂപ കവിഞ്ഞിട്ടുണ്ടെന്നും ശ്രീ ഷാ പറഞ്ഞു. ഒരു പ്രത്യേക കുടുംബത്തിന്റെ പേരില്‍ സര്‍വ്വകലാശാല ഇല്ലാത്തതിന്റെ പേരിലാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു; ത്രിഭുവന്‍ ദാസ് പട്ടേലും  അവരുടെ നേതാവായിരുന്നുവെന്ന കാര്യം അവര്‍ക്കറിയില്ല.

ഇന്ത്യയില്‍ ഇന്ന് 8 ലക്ഷം സഹകരണ സംഘങ്ങള്‍ ഉണ്ടെന്നും അവയില്‍ 30 കോടി ആളുകള്‍ അംഗങ്ങളാണെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. ഒരുതരത്തില്‍ പറഞ്ഞാല്‍, രാജ്യത്തെ അഞ്ചില്‍ ഒരാള്‍ വീതം സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, എന്നാല്‍ കഴിഞ്ഞ 75 വര്‍ഷത്തിനിടെ അതിന്റെ വികസനത്തിന് കാര്യമായ ഒരു ശ്രമവും നടത്തിയിട്ടില്ല. രാജ്യത്തുടനീളമുള്ള സഹകരണ സ്ഥാപനങ്ങള്‍ സമാനരീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും സഹകരണ പ്രസ്ഥാനത്തില്‍ അപാകതകള്‍ കടന്നുകൂടിയിട്ടുണ്ടെന്നും ശ്രീ ഷാ പറഞ്ഞു. സഹകരണ മന്ത്രാലയം സ്ഥാപിക്കാന്‍  പ്രേരിപ്പിച്ചത് അതാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപിതമായതിനു ശേഷം, മൂന്നര വര്‍ഷത്തിനിടെ സഹകരണ മന്ത്രാലയം വളരെയധികം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. സഹകരണ പ്രസ്ഥാനങ്ങളുടെ വികസനത്തിനായി എല്ലാ സംസ്ഥാനങ്ങളുമായും ചേര്‍ന്ന് ഒരു സഹകരണ ഡാറ്റാബേസ് തയ്യാറാക്കിയിട്ടുണ്ടെന്നും ഇന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും ഗ്രാമങ്ങളിലെയും സഹകരണ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ഡാറ്റാബേസില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബാക്ക്‌വേഡ് ആന്‍ഡ് ഫോര്‍വേഡ് ലിങ്കേജ് (backward and forward linkagse ) മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന മുന്നു പുതിയ ദേശീയതല സഹകരണ സംഘങ്ങള്‍ മോദി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ടെന്നു ശ്രീ ഷാ പറഞ്ഞു. നാഷണല്‍ കോ-ഓപ്പറേറ്റീവ് എക്‌സപോര്‍ട്ട് ലിമിറ്റഡുമായി (NCEL)  ഏകദേശം 8000 പ്രാഥമിക അഗ്രിക്കള്‍ച്ചര്‍ ക്രെഡിറ്റ് സൊസൈറ്റികള്‍ (PAC കള്‍ ) സഹകരിക്കുന്നുണ്ടെന്നും ഇവയിലൂടെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിദേശത്തേക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ, NCEL വഴി ആഗോള വിപണികളില്‍ 12 ലക്ഷം ടണ്‍ വസ്തുക്കള്‍ വിറ്റഴിക്കപ്പെടുകയും ലാഭം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.


ഏതാനം മാസങ്ങള്‍ക്കുള്ളില്‍ ഒരു വലിയ സഹകരണ ടാക്‌സി സര്‍വ്വീസ് ആരംഭിക്കുമെന്നും അതില്‍ ഇരുചക്ര വാഹനങ്ങള്‍, ടാക്‌സികള്‍, റിക്ഷകള്‍, നാലു ചക്ര വാഹനങ്ങള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യപ്പെടുമെന്നും ലാഭം ഡ്രൈവര്‍മാര്‍ക്കു നേരിട്ടു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സഹകരണ മേഖലയില്‍ ഇന്‍ഷുറന്‍സ് പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ഒരു സഹകരണ ഇന്‍ഷുറന്‍സ് കമ്പനി ഉടന്‍ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായി ഇതു മാറുമെന്നും ശ്രീ ഷാ പറഞ്ഞു.

രാജ്യത്തിന്റെ ഏതു ഭാഗത്തും ഒരു സഹകരണ പഠന സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കുമെന്നും ശ്രീ ഷാ പറഞ്ഞു. സഹകരണ മേഖലയുടെ വികസനവും വികാസവും കണക്കിലെടുത്ത് പരിശീലനം ലഭിച്ച മാനവവിഭവ ശേഷി അനിവാര്യമാണെന്നും ഈ ആവശ്യം നിറവേറ്റുന്നതിന് ത്രിഭുവന്‍ സഹകാരി സര്‍വ്വകലാശാല പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സഹകരണ സര്‍വ്വകലാശാല രൂപീകരിച്ചതിലൂടെ, അതിലെ ഡിപ്ലോമ, ഡിഗ്രി നേടിയവര്‍ക്ക് ജോലി ലഭിക്കും. ആഭ്യന്തര, ആഗോള മൂല്യ ശൃംഖലയ്ക്ക്, ഈ സര്‍വ്വകലാശാലയിലൂടെ, നമ്മള്‍ വലിയ സംഭാവന നല്‍കും. പുതുതലമുറ സഹകരണ സംസ്‌കാരം ഈ സര്‍വ്വകലാശാലയില്‍ നിന്നും ആരംഭിക്കും. രാജ്യത്തുടനീളം ആയിരക്കണക്കിന് സഹകരണ വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങൾ വ്യാപിച്ചുകിടക്കുന്നുണ്ടെങ്കിലും അവയ്ക്ക് നിലവാരമുള്ള കോഴ്‌സ് പാഠ്യപദ്ധതി ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാല രൂപീകരിക്കുന്നതിന് മുമ്പുതന്നെ സഹകരണ മേഖലയുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് കോഴ്‌സ് രൂപകൽപ്പന ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയില്‍ ബിരുദ, ഡിപ്ലോമ കോഴ്‌സുകളും പിഎച്ച്ഡി ബിരുദങ്ങളും നല്‍കും. നിലവിലുള്ള ജീവനക്കാർക്കായി ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ടായിരിക്കും.

ഈ ബില്ലിലൂടെ സഹകരണ തത്വങ്ങളും സഹകരണ പ്രവര്‍ത്തനങ്ങളും വിപുലീകരിക്കുമെന്നു സഹകരണ മന്ത്രി പറഞ്ഞു. നൂതന സാങ്കേതികവിദ്യയുടെ പ്രയോജനം സഹകരണ മേഖലയ്ക്കു ലഭിക്കും. ഗവേഷണവും നവീകരണവും വര്‍ദ്ധിക്കുകയും സഹകരണ മേഖല അടിസ്ഥാനപരമായി ശക്തിപ്പെടുകയും ചെയ്യും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും ഇതു ശക്തിപ്പെടുത്തും. ത്രിഭുവന്‍ ദാസിനെപ്പോലെയുള്ള ഒരു മഹാന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ഈ സഹകരണ സര്‍വ്വകലാശാല ഉന്നത നിലവാരമുള്ള ഒരു സര്‍വ്വകലാശാലയാണെന്നു തെളിയിക്കപ്പെടുമെന്നു ശ്രീ അമിത് ഷാ പറഞ്ഞു. സഹകരണ മേഖലയിലെ മികച്ച ജോലിക്കാരെ വാര്‍ത്തെടുക്കാന്‍ ഇതു പ്രവര്‍ത്തിക്കും.

സ്വാതന്ത്ര്യലബ്ധിക്ക്  75 വർഷത്തിനുശേഷം സഹകരണ മേഖലയ്ക്കായി സമർപ്പിച്ചിരിക്കുന്ന രാജ്യത്തെ ആദ്യത്തെ സർവകലാശാല നിർമ്മിച്ച്  ഏകദേശം 8 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് എല്ലാ വർഷവും ഡിപ്ലോമയും  ബിരുദവും അല്ലെങ്കിൽ സർട്ടിഫിക്കറ്റും നൽകാനുള്ള ശേഷി വികസിപ്പിക്കുമ്പോൾ, സഹകരണ പ്രസ്ഥാനത്തിന് പുതുരക്തം ഇത് പകരുമെന്നും  അദ്ദേഹം പറഞ്ഞു.  18 വയസുമുതല്‍ സഹകരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള തനിക്ക് അതിന്റെ ശക്തിയും ദൗര്‍ബല്യങ്ങളും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്തീ അമിത് ഷാ പറഞ്ഞു. ഐശ്വര്യ സമ്പന്നമായ ഒരു ഇന്ത്യയ്ക്കു മോദി ജി അടിത്തറയിടുകയാണെന്നും ഈ ബില്‍ അതിനു ശക്തമായ ഒരു ഘടന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലെ ലാഭം എല്ലാ ദരിദ്ര സ്ത്രീകളിലേക്കും എത്തണമെന്നതായിരുന്നു ത്രിഭുവന്‍ ദാസ് പട്ടേല്‍ ജിയുടെ സങ്കല്‍പ്പം, അതുകൊണ്ടാണ് ഈ ബില്ലിന് അദ്ദേഹത്തിന്റെ പേരു നല്‍കിയതെന്നു ശ്രീ ഷാ പറഞ്ഞു.
 
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക

(Release ID: 2115639)