വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

സർഗ്ഗാത്മകത, മാധ്യമം, സാങ്കേതികവിദ്യ എന്നിവയുടെ സംയോജനം ലോകത്തിന്റെ മാധ്യമ ഭൂപ്രകൃതിയെ മാറ്റിമറിക്കുന്നു; ഉയർന്ന മൂല്യമുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ഒരു വേദി വേവ്സ്(WAVES 2025) സ്രഷ്ടാക്കൾക്ക് നൽകും: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

മാധ്യമ, വിനോദ വ്യവസായ മേഖലയിൽ ചർച്ചകൾ, സഹകരണം, നൂതനാശയങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനുള്ള ഒരു നിർണായക വേദിയായി WAVES 2025 വർത്തിക്കും : കേന്ദ്ര മന്ത്രി ഡോ. എസ്. ജയ്ശങ്കർ

Posted On: 13 MAR 2025 7:44PM by PIB Thiruvananthpuram

മാധ്യമ &വിനോദ (എം & ഇ) മേഖലയിലെ ആഗോള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന സംരംഭത്തിന്റെ ഭാഗമായി, കേന്ദ്ര ഗവൺമെന്റ് ഇന്ന് ന്യൂഡൽഹിയിലെ ചാണക്യപുരിയിലുള്ള സുഷമ സ്വരാജ് ഭവനിൽ WAVES 2025 നെക്കുറിച്ചുള്ള ഒരു ഉന്നതതല യോഗം സംഘടിപ്പിച്ചു. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കാനിരിക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES) 2025 ന് മുന്നോടിയായി അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്കാളിത്തം ക്ഷണിച്ചുകൊണ്ട് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്.

കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, റെയിൽവേ, ഇലക്ട്രോണിക്സ് & ഐടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്നാവിസ്, വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ, മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ശ്രീമതി സുജാത സൗണിക്, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഏകദേശം 100 അംബാസഡർമാരും ഹൈക്കമ്മീഷണർമാരും പരിപാടിയുടെ ഭാഗമായി.

 മാധ്യമങ്ങൾ, വിനോദം, ഡിജിറ്റൽ ബോധവൽക്കരണം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും മഹാരാഷ്ട്ര ഗവൺമെന്റും തമ്മിലുള്ള ധാരണാപത്ര കൈമാറ്റം ചടങ്ങിന്റെ ഒരു പ്രധാന ആകർഷണമായിരുന്നു.

 

യോഗത്തെ കേന്ദ്ര മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് അഭിസംബോധന ചെയ്തു. “സർഗ്ഗാത്മകത, മാധ്യമങ്ങൾ, സാങ്കേതികവിദ്യ എന്നിവയുടെ സംയോജനം ലോകത്തിന്റെ മാധ്യമ ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യുകയും ഒരു പുതിയ തലത്തിലെത്തിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള സർഗാത്മക സ്രഷ്ടാക്കളുടെ സമൂഹത്തിനും ഉയർന്ന മൂല്യമുള്ള ഉള്ളടക്കം സൃഷ്ടിക്കാൻ കഴിയും. അത് WAVES 2025 ന്റെ അടിസ്ഥാന ആശയമാണ് " മന്ത്രി പറഞ്ഞു. ആഗോളതലത്തിലെ വിവിധ ഇന്ത്യൻ ശ്രമങ്ങൾ വിശദീകരിച്ചുകൊണ്ട്, WAVES 2025 ൽ പങ്കെടുക്കാനും ആഗോള സ്രഷ്ടാക്കളുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഒത്തുചേരാൻ എല്ലാ തല്പരകക്ഷികളെയും മന്ത്രി ക്ഷണിച്ചു.

"മാധ്യമ, വിനോദ വ്യവസായത്തിൽ ചർച്ചകൾ, സഹകരണം, നൂതനാശയങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനുള്ള ഒരു നിർണായക വേദിയായി WAVES വർത്തിക്കും . അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനും വ്യവസായ നേതാക്കളെയും പങ്കാളികളെയും നൂതനാശയ വിദഗ്ധരെയും ഈ പരിപാടി ഒന്നിപ്പിക്കും" എന്ന് കേന്ദ്രമന്ത്രി ഡോ. എസ്. ജയ്ശങ്കർ പറഞ്ഞു. "സാമ്പത്തികവും രാഷ്ട്രീയവുമായ പുനഃസന്തുലനം സാംസ്കാരിക സന്തുലനത്തിലേയ്ക്ക് നീങ്ങുകയാണ്. നാം യഥാർത്ഥത്തിൽ പ്രാദേശികരായി പ്രവർത്തിച്ചില്ലെങ്കിൽ നാം യഥാർത്ഥത്തിൽ ആഗോളതലത്തിൽ എത്തിച്ചേരില്ല . WAVES 2025 ഈ ശ്രമത്തിന്റെ സത്തയെ ഉൾക്കൊള്ളുന്നു". മന്ത്രി പറഞ്ഞു. WAVES 2025 ൽ ആഗോള സഹകരണത്തിന്റെ അവസരങ്ങളെക്കുറിച്ച് തങ്ങളുടെ ഗവൺമെന്റുകളെ അറിയിക്കാൻ കേന്ദ്രമന്ത്രി ശ്രീ ജയ്ശങ്കർ അംബാസഡർമാരോടും ഹൈക്കമ്മീഷണർമാരോടും അഭ്യർത്ഥിച്ചു.

"ഇന്ത്യയുടെ സാമ്പത്തിക, വിനോദ തലസ്ഥാനമായ മുംബൈ, വേവ്സ് 2025 ന് അനുയോജ്യമായ പശ്ചാത്തലമായി വർത്തിക്കുന്നു.ഇത് മാധ്യമങ്ങളിലും വിനോദ മേഖലയിലും സഹകരണവും സാംസ്കാരിക നയതന്ത്രവും പ്രോത്സാഹിപ്പിക്കുകയും അതേസമയം പുരാതനവും ആധുനികവുമായ സാംസ്കാരിക സ്വാധീനങ്ങളുടെ അതിരുകളില്ലാത്ത മിശ്രണം സാധ്യമാക്കുകയും ചെയ്യുന്നു " എന്ന് പ്രത്യേക പ്രഭാഷണത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

 

 " സംയുക്ത സംരംഭങ്ങൾ, സഹ-നിർമ്മാണങ്ങൾ, ബിസിനസ് വിപുലീകരണം എന്നിവയിലേക്ക് വേവ്സ് ഉച്ചകോടി 2025 വാതിൽ തുറക്കുന്നു.ഇത് ആഗോള മാധ്യമ കമ്പനികൾക്ക് ഇന്ത്യയുടെ സർഗാത്മക മേഖലയുമായി ഇടപഴകാൻ അവസരം നൽകുന്നു" സമാപന പ്രസംഗത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ പറഞ്ഞു. " മാധ്യമ &വിനോദ വ്യവസായത്തിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ബിസിനസ്സ് എളുപ്പമാക്കൽ, ഉള്ളടക്ക പ്രാദേശികവൽക്കരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയെ പിന്തുണയ്ക്കുന്നതിലും കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ് " എന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.

 

"വേവ്സ് ഉച്ചകോടി 2025 എല്ലാ മാധ്യമ & വിനോദ മേഖലയ്ക്കുമായുള്ള ലോകത്തിലെ ആദ്യത്തെ ഒത്തുചേരൽ വേദിയാണ്. പരമ്പരാഗതവും നൂതനവുമായ മാധ്യമങ്ങൾ തമ്മിലുള്ള വിടവ് നികത്തുക, ആഗോള പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുക, ഉള്ളടക്ക സൃഷ്ടിയിലും സാങ്കേതിക നൂതനാശയങ്ങളിലും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾ പ്രയോജനപ്പെടുത്തുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം" എന്ന് ഐ & ബി സെക്രട്ടറി ശ്രീ സഞ്ജയ് ജാജു പറഞ്ഞു.

 

അർത്ഥവത്തായ സ്വാധീനം സൃഷ്ടിക്കുന്നതിനായി വേവ്സ് ന്റെ ആദ്യ പതിപ്പ് ഒന്നിലധികം പരിപാടികളായി രൂപകൽപ്പന ചെയ്തിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള മാധ്യമ സംവാദ പരിപാടിയിൽ മന്ത്രിമാരും നയരൂപകർത്താക്കളും പങ്കെടുക്കും.ഇത് വേവ്സ് പ്രഖ്യാപനമെന്ന ഒരു മാർഗ്ഗനിർദ്ദേശ നയ രേഖയ്ക്ക് വഴിയൊരുക്കും . വ്യവസായ വിദഗ്ധരുമായി വിജ്ഞാനം പങ്കിടുന്നതിന് തോട്ട് ലീഡേഴ്‌സ് എന്ന പരിപാടിയിൽ ചർച്ചകൾ സംഘടിപ്പിക്കും. കഥപറച്ചിലിലെ നൂതനാശയങ്ങൾ, യാഥാർത്ഥ്യബോധം ജനിപ്പിക്കുന്ന അനുഭവങ്ങൾ, ഗെയിമിംഗ് മേഖല എന്നിവയുമായി ബന്ധപ്പെട്ടതാണ് WAVES പ്രദർശന പരിപാടി. ഇന്ത്യയുടെ മാധ്യമ പൈതൃകത്തെയും ഭാവിയെയും ഭാരത് പവലിയൻ ഉയർത്തിക്കാട്ടും. വേവ്സ് ബസാർ ബിസിനസ് ശൃംഖല സുഗമമാക്കുമെന്നും, WaveXcelerator മാധ്യമ സ്റ്റാർട്ടപ്പുകളെ മാർഗ്ഗനിർദ്ദേശവും സാമ്പത്തിക സഹായവും നൽകി പിന്തുണയ്ക്കുമെന്നും സെക്രട്ടറി ശ്രീ ജാജു പറഞ്ഞു. ഇന്ത്യൻ, അന്തർദേശീയ പ്രതിഭകളെ സമന്വയിപ്പിച്ചുകൊണ്ട് വൈവിധ്യമാർന്ന പ്രകടനങ്ങൾ വേവ്സ് കൾച്ചറൽ പരിപാടിയിൽ അവതരിപ്പിക്കും.

 

WAVES 2025: മാധ്യമങ്ങളും വിനോദവും- ഡിജിറ്റൽ യുഗത്തിലെ ഏകീകരണ ശക്തി

 

മാധ്യമങ്ങളുടെയും വിനോദത്തിന്റെയും പരിവർത്തന ശക്തിയെ തിരിച്ചറിഞ്ഞുകൊണ്ട്, ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയിൽ (WAVES) പങ്കെടുക്കുന്നവർ 2025 മെയ് 1 മുതൽ മെയ് 4 വരെ മുംബൈയിൽ ഒത്തുചേരും. ഈ ചരിത്രപരമായ ഉച്ചകോടി ആഗോള നേതാക്കൾ, മാധ്യമ പ്രൊഫഷണലുകൾ, കലാകാരന്മാർ, നയരൂപകർത്താക്കൾ, വ്യവസായ പങ്കാളികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും. നിർമിത ബുദ്ധി, സ്ട്രീമിംഗ് വിപ്ലവങ്ങൾ, ബൗദ്ധിക സ്വത്തവകാശം, തെറ്റായ വിവരങ്ങൾ, മാധ്യമ സുസ്ഥിരത എന്നിവയാണ് പ്രധാന വിഷയങ്ങൾ. ഇത്തരത്തിലുള്ള ആദ്യത്തെ പരിപാടി എന്ന നിലയിൽ, സാംസ്കാരിക വൈവിധ്യം, നൂതനാശയങ്ങൾ,മാധ്യമ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള തുല്യമായ പ്രവേശനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വേവ്സ് 2025 ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യും.

 

ഐക്യത്തിന്റെ ദർപ്പണത്തിലൂടെ ലോകത്തെ വീക്ഷിക്കുന്നതിലൂടെ, അർത്ഥവത്തായ ബന്ധങ്ങൾ, സഹകരണപരമായ പുരോഗതി, സാംസ്കാരിക ഐക്യം എന്നിവയ്ക്ക് പ്രചോദനമേകാൻ വേവ്സ് 2025 ലക്ഷ്യമിടുന്നു. ഡിജിറ്റൽ യുഗത്തിൽ രാജ്യങ്ങൾ, ജനങ്ങൾ, സംസ്കാരങ്ങൾ എന്നിവ തമ്മിലുള്ള ഏറ്റവും വലിയ ഏകീകരണ ഘടകമെന്ന നിലയിൽ മാധ്യമ, വിനോദ വ്യവസായത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിൽ ഈ ഉച്ചകോടി നിർണായകമായിരിക്കും. മനുഷ്യരാശി നേരിടുന്ന പൊതുവായ ആശങ്കകൾ, വെല്ലുവിളികൾ, പൊതുവായ അവസരങ്ങൾ, സഹകരണപരമായ വളർച്ചയും പുരോഗതിയും എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വേവ്സ് 2025 ഐക്യത്തിന്റെ ശക്തിയെ ഊന്നിപ്പറയുന്നു. 

 

ഓറഞ്ച് സമ്പദ്‌വ്യവസ്ഥയ്ക്കുള്ളിലെ വേവ്സ് 2025 ന്റെ സംയോജനം, സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസര സൃഷ്ടിയ്ക്കും വേണ്ടി മാധ്യമ, വിനോദ വ്യവസായങ്ങളെ പ്രയോജനപ്പെടുത്തുന്നതിൽ അതിന്റെ പങ്ക് എടുത്തുകാണിക്കുന്നു. 

 

വേവ്സ് 2025 ആതിഥേയത്വം വഹിക്കുന്നതിലൂടെ, വൈജ്ഞാനിക, സർഗാത്മക പ്രതിഭകൾക്ക് മുംബൈയിൽ നടക്കുന്ന ഉച്ചകോടി ഒരു വേദിയൊരുക്കും.

 

********************


(Release ID: 2111364) Visitor Counter : 36