വിദ്യാഭ്യാസ മന്ത്രാലയം
പരീക്ഷാ പേ ചർച്ച 2025
Posted On:
06 FEB 2025 12:08PM by PIB Thiruvananthpuram
ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന പരീക്ഷാ പേ ചർച്ച 2025 (പിപിസി 2025), 2025 ഫെബ്രുവരി 10 ന് രാവിലെ 11 മണിക്ക് നടക്കും. ഈ പരിപാടിയിൽ വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരുമായി സംവദിക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, കുട്ടികളുടെ പരീക്ഷാ തയ്യാറെടുപ്പ്, സമ്മർദ്ദങ്ങളുടെ നിയന്ത്രണം, വ്യക്തിഗത വളർച്ച എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവയ്ക്കും .
ഈ വർഷം ഓരോ സംസ്ഥാനം /കേന്ദ്രഭരണ പ്രദേശത്തു നിന്നുമായി 36 വിദ്യാർത്ഥികളെ സംസ്ഥാന / യുടി ബോർഡ് സർക്കാർ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയം, സൈനിക് സ്കൂൾ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ, സിബിഎസ്ഇ, നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുത്തിട്ടുണ്ട് . ചിലർ പ്രേരണ സ്കൂൾ പ്രോഗ്രാമിലെ (PRERANA) പൂർവ്വ വിദ്യാർത്ഥികളും മറ്റുചിലർ കലാ മേളകൾ , വീർ ഗാഥ എന്നിവയിലെ വിജയികളുമാണ് . ഈ വിദ്യാർത്ഥികളെ പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാൻ തിരഞ്ഞെടുത്തതിലൂടെ ഈ പതിപ്പ് ഇന്ത്യയുടെ വൈവിധ്യത്തിന്റെയും ഉൾക്കൊള്ളലിന്റെയും യഥാർത്ഥ പ്രതിഫലനമാക്കി മാറ്റുന്നു.
ഈ വർഷത്തെ പരീക്ഷാപേ ചർച്ച, 8 അധ്യായങ്ങളിലായി ആവേശകരമായ പുതിയ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ അധ്യായത്തിൽ പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയം ദൂരദർശൻ, സ്വയം, സ്വയം പ്രഭ, പിഎംഒ യൂട്യൂബ് ചാനൽ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും സമൂഹമാധ്യമ ചാനലുകൾ എന്നിവയിലൂടെ നേരിട്ട് സംപ്രേഷണം ചെയ്യും.ഇത് രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്ക് ഈ വിശേഷമായ പരിപാടി വീക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.
പിപിസി ഒരു ജനപങ്കാളിത്ത പരിപാടിയായി മാറുന്നതോടെ, നമ്മുടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ക്ഷേമം സമൂഹ ഇടപെടലിലൂടെ അഭിസംബോധന ചെയ്യപ്പെടുന്നു. അതനുസരിച്ച്, എട്ടാം പതിപ്പ്, അതായത്, പിപിസി 2025 ൽ തുടർന്നുള്ള 7 അധ്യായങ്ങളിലായിവിവിധ മേഖലകളിൽ നിന്നുള്ള പ്രശസ്തരായ വ്യക്തികൾ അവരുടെ അനുഭവങ്ങളും അറിവും പങ്കിടുകയും, ജീവിതത്തിന്റെയും പഠനത്തിന്റെയും പ്രധാന വശങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഈ സെഷനുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദേശങ്ങൾ, വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ദേശീയ തലത്തിലുള്ള സ്കൂൾ മത്സരങ്ങൾ എന്നിവയിൽ നിന്നും പ്രത്യേക തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് തിരഞ്ഞെടുത്തത് . പരീക്ഷാപേ ചർച്ചയുടെ വിവിധ അധ്യായങ്ങൾ ഇനി പറയുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും .
- കായിക മേഖലയും അച്ചടക്കവും: എം സി മേരി കോം, അവനി ലേഖര, സുഹാസ് യതിരാജ് എന്നിവർ അച്ചടക്കത്തിലൂടെ ലക്ഷ്യ ക്രമീകരണം, പുനരുജീവനശേഷി , സമ്മർദ്ദ നിയന്ത്രണം എന്നിവയെക്കുറിച്ച് സംസാരിക്കും.
- മാനസികാരോഗ്യം: വൈകാരിക ക്ഷേമത്തിന്റെയും ആത്മപ്രകാശനത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് ദീപിക പദുക്കോൺ ചർച്ച നടത്തും .
- പോഷകാഹാരം: സൊണാലി സബർവാളും റുജുത ദിവേക്കറും ആരോഗ്യകരമായ ഭക്ഷണശീലങ്ങളെയും അക്കാദമിക് വിജയത്തിൽ ആരോഗ്യകരമായ ഉറക്കത്തിന്റെ പങ്കിനെയും കുറിച്ച് സംസാരിക്കും. ഫുഡ് ഫാർമർ എന്നറിയപ്പെടുന്ന രേവന്ത് ഹിമത്സിങ്ക ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകും.
- സാങ്കേതികവിദ്യയും ധനകാര്യവും: ഗൗരവ് ചൗധരി (ടെക്നിക്കൽ ഗുരുജി), രാധിക ഗുപ്ത എന്നിവർ മികച്ച പഠനത്തിനും സാമ്പത്തിക സാക്ഷരതയ്ക്കുമുള്ള ഒരു മാധ്യമമായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും.
- സർഗ്ഗാത്മകതയും ശുഭചിന്തയും: വിക്രാന്ത് മാസിയും ഭൂമി പഡ്‌നേക്കറും വിദ്യാർത്ഥികളെ അശുഭകരമായ ചിന്തകളെ ആവിഷ്കരണത്തിലൂടെ മറികടക്കാനും ശുഭകരമായ മാനസികാവസ്ഥ വളർത്തിയെടുക്കാനും പ്രചോദിപ്പിക്കും.
- സംതൃപ്തിയും മാനസിക സമാധാനവും: മനസ്സിന് വ്യക്തതയും ഏകാഗ്രതയും നിലനിർത്താൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള പ്രായോഗിക രീതികൾ സദ്ഗുരു പങ്കിടും.
- വിജയഗാഥകൾ: യുപിഎസ്‌സി, ഐഐടി-ജെഇഇ, ക്ലാറ്റ് (CLAT), സിബിഎസ്ഇ, എൻഡിഎ, ഐസിഎസ്ഇ തുടങ്ങിയ വിവിധ പരീക്ഷകളിലെ ഉന്നത വിജയികളും പിപിസിയുടെ മുൻ പതിപ്പിൽ പങ്കെടുത്തവരും അവരുടെ വിവിധ പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് തന്ത്രങ്ങളെ, പരീക്ഷാ പേ ചർച്ച എങ്ങനെ സ്വാധീനിച്ചുവെന്നും പ്രചോദിപ്പിച്ചെന്നുമുള്ള അനുഭവങ്ങൾ പങ്കുവെക്കും.
2018-ൽ ആരംഭിച്ചതുമുതൽ, പരീക്ഷാ പേ ചർച്ച ഒരു രാജ്യവ്യാപക പ്രസ്ഥാനമായി പരിണമിച്ചു.ഈ വർഷത്തെ പതിപ്പ് 5 കോടിയിലധികം പേരുടെ പങ്കാളിത്തത്തോടെ മുൻകാല റെക്കോർഡുകൾ തകർക്കുകയും ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ആകർഷകവും സ്വാധീനം ചെലുത്തുന്നതുമായ പതിപ്പായി മാറുകയും ചെയ്തിരിക്കുന്നു.
എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഈ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. യുവമനസ്സുകളെ പ്രചോദിപ്പിക്കുന്ന ഈ പരിപാടി അക്കാദമിക വിജയത്തിലേക്കും വ്യക്തിഗത വളർച്ചയിലേക്കും അവരെ നയിക്കുന്ന ഒരു പരിവർത്തന സംരംഭം കൂടിയാണ്.
ഏറ്റവും പുതിയ വിവരങ്ങൾ, പങ്കാളിത്തം സംബന്ധിച്ച വിശദാംശങ്ങൾ, വിദഗ്ധരുടെ ഉൾക്കാഴ്ചകൾ എന്നിവയ്‌ക്കായി, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെയും സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകൾ സന്ദർശിക്കുക.
SKY
****************
(Release ID: 2100228)
Visitor Counter : 20
Read this release in:
English
,
Khasi
,
Urdu
,
Marathi
,
Hindi
,
Nepali
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada