ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

വ്യാവസായിക ഉത്പന്നങ്ങൾക്കുള്ള ഏഴ് കസ്റ്റംസ് തീരുവ നിരക്കുകൾ ഒഴിവാക്കാൻ 2025-26 സാമ്പത്തിക വർഷത്തേയ്ക്കുള്ള കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു

Posted On: 01 FEB 2025 12:55PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 01 ഫെബ്രുവരി 2025 


കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2025-26 സാമ്പത്തിക  വർഷത്തേയ്ക്കുള്ള കേന്ദ്ര ബജറ്റ്, തീരുവ ഘടന യുക്തിസഹമാക്കുന്നതിലും തീരുവ വിപര്യയം പരിഹരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കയറ്റുമതി പ്രോത്സാഹിപ്പിച്ച്, വ്യാപാരം സുഗമമാക്കാനും സാധാരണക്കാർക്ക് ആശ്വാസം പകരാനും സഹായകമാകുന്ന നിർദ്ദേശങ്ങൾ ആഭ്യന്തര ഉത്പാദനത്തെയും മൂല്യവർദ്ധനവിനെയും പിന്തുണയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

 
കസ്റ്റംസ് നിരക്ക് ഘടന പുനഃപരിശോധിക്കുമെന്ന 2024 ജൂലൈയിലെ വാഗ്ദാനം നിറവേറ്റിക്കൊണ്ട്, 2023-24 ബജറ്റിൽ നീക്കം ചെയ്ത ഏഴ് താരിഫ് നിരക്കുകൾ കൂടാതെ വ്യാവസായിക ഉത്പന്നങ്ങൾക്കുള്ള ഏഴ് കസ്റ്റംസ് തീരുവ നിരക്കുകൾ കൂടി ഒഴിവാക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു. 'പൂജ്യം' നിരക്ക് ഉൾപ്പെടെ എട്ട് തീരുവ നിരക്കുകൾ മാത്രമേ പിന്നീട് അവശേഷിക്കുകയുള്ളൂ. ഒന്നിലധികം സെസ് / സർചാർജ് ഈടാക്കരുതെന്നും ബജറ്റ് നിർദ്ദേശിക്കുന്നു. സെസിന് വിധേയമായ 82 തീരുവകളിൽ സാമൂഹിക ക്ഷേമ സർചാർജ് ഒഴിവാക്കും.
 
മരുന്ന് ഇറക്കുമതിയിൽ ഇളവ്

മേഖലാധിഷ്ഠിത നിർദ്ദേശങ്ങളിൽ, രോഗികൾക്ക്, പ്രത്യേകിച്ച് കാൻസർ, അപൂർവ രോഗങ്ങൾ, ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയാൽ വലയുന്നവർക്ക് ബജറ്റ് വലിയ ആശ്വാസം പകരുന്നു. അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയ മരുന്നുകളുടെ പട്ടികയിൽ 36 ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടുത്താൻ ബജറ്റ് നിർദ്ദേശിക്കുന്നു.  ആറു ജീവന്‍ രക്ഷാ മരുന്നുകളെ അഞ്ചു ശതമാനം തീരുവയുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.  മേല്പറഞ്ഞ മരുന്നുകളുടെ നിർമ്മാണത്തിനും  തീരുവ ഇളവ് ബാധകമാകും.

മരുന്നു കമ്പനികൾ നടത്തുന്ന രോഗി സഹായ പദ്ധതികൾക്ക് കീഴിലുള്ള നിർദ്ദിഷ്ട മരുന്നുകളും, അവ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന പക്ഷം അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും. 37 മരുന്നുകൾ കൂടി പട്ടികയിൽ ചേർക്കാനും 13 പുതിയ രോഗി സഹായ പദ്ധതികൾ ഉൾപ്പെടുത്താനും ബജറ്റ് നിർദ്ദേശിക്കുന്നു.

ആഭ്യന്തര ഉത്പാദനത്തിനും മൂല്യവർദ്ധനവിനും പിന്തുണ
ഒഴിവാക്കപ്പെട്ട മൂലധന വസ്തുക്കളുടെ പട്ടികയിൽ ഇവി ബാറ്ററി നിർമ്മാണത്തിനുള്ള 35 അധിക മൂലധന വസ്തുക്കളും, മൊബൈൽ ഫോൺ ബാറ്ററി നിർമ്മാണത്തിനുള്ള 28 അധിക മൂലധന വസ്തുക്കളും ഉൾപ്പെടുത്താൻ ബജറ്റ് നിർദ്ദേശിക്കുന്നു. "മൊബൈൽ ഫോണുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ആവശ്യമായ  ലിഥിയം-അയൺ ബാറ്ററിയുടെ ആഭ്യന്തര നിർമ്മാണം ഇത് വർദ്ധിപ്പിക്കും", ധനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

കോബാൾട്ട് പൗഡറും അനുബന്ധ വസ്തുക്കളും, ലിഥിയം-അയൺ ബാറ്ററിയും അനുബന്ധ വസ്തുക്കളും, ലെഡ്, സിങ്ക്, മറ്റ് 12 നിർണായക ധാതുക്കൾ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ പൂർണ്ണമായും ഒഴിവാക്കാനും ബജറ്റ് നിർദ്ദേശിക്കുന്നു. ഇത് ആഭ്യന്തര ഉത്പാദനത്തിനുള്ള അവയുടെ ലഭ്യത ഉറപ്പാക്കാനും യുവാക്കൾക്കായി  കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 2024 ജൂലൈയിൽ BCD   യിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയ 25 നിർണായക ധാതുക്കൾക്ക് പുറമേയാണിത്.

അഗ്രോ-ടെക്സ്റ്റൈൽസ്, മെഡിക്കൽ ടെക്സ്റ്റൈൽസ്, ജിയോ ടെക്സ്റ്റൈൽസ് തുടങ്ങിയ സാങ്കേതിക തുണിത്തരങ്ങളുടെ ആഭ്യന്തര ഉത്പാദനം മത്സരാധിഷ്ഠിത വിലയിൽ പ്രോത്സാഹിപ്പിക്കുന്നതിന്, പൂർണ്ണമായും ഒഴിവാക്കപ്പെട്ട തുണിത്തരങ്ങളുടെ പട്ടികയിൽ രണ്ട് തരം ഷട്ടിൽ-ലെസ് ലൂമുകൾ കൂടി ഉൾപ്പെടുത്താൻ ബജറ്റ് നിർദ്ദേശിക്കുന്നു. “ഒമ്പത് തീരുവകൾ ഉൾക്കൊള്ളുന്ന നെയ്ത തുണിത്തരങ്ങളുടെ BCD നിരക്ക് “10% അല്ലെങ്കിൽ 20%” ൽ നിന്ന് “20% അല്ലെങ്കിൽ കിലോയ്ക്ക് 115 രൂപ, ഏതാണോ ഉയർന്നത്” ആ നിലയിൽ പരിഷ്കരിക്കാനും ബജറ്റ് നിർദ്ദേശിക്കുന്നതായി” ധനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

‘മെയ്ക്ക് ഇൻ ഇന്ത്യ’ നയത്തിന് അനുസൃതമായി, ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ ഡിസ്പ്ലേയിലെ (IFPD) BCD 10% ൽ നിന്ന് 20% ആയി വർദ്ധിപ്പിക്കാനും ഓപ്പൺ സെല്ലിലും മറ്റ് ഘടകങ്ങളിലും BCD 5% ആയി കുറയ്ക്കാനും ബജറ്റ് നിർദ്ദേശിക്കുന്നു. വിപര്യയ തീരുവ ഘടന തിരുത്തുമെന്ന് മന്ത്രി അറിയിച്ചു.

കപ്പൽ നിർമ്മാണത്തിന്റെ നീണ്ട കാലയളവ് കണക്കിലെടുത്ത്, അസംസ്കൃത വസ്തുക്കൾ, ഘടകങ്ങൾ, ഉപഭോഗവസ്തുക്കൾ കപ്പൽ നിർമ്മാണത്തിനുള്ള ഭാഗങ്ങൾ എന്നിവയുടെ BCD ഇളവ് പത്ത് വർഷത്തേക്ക് കൂടി തുടരാൻ ബജറ്റ് നിർദ്ദേശിക്കുന്നു. കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നതിന് കപ്പൽ പൊളിക്കൽ സംരംഭങ്ങൾക്കും ഇതേ ഇളവ് ബജറ്റ് നിർദ്ദേശിക്കുന്നു.

കാരിയർ ഗ്രേഡ് ഇഥർനെറ്റ് സ്വിച്ചുകളുടെ  BCD 20% ൽ നിന്ന് 10% ആയി കുറച്ച് നോൺ-കാരിയർ ഗ്രേഡ് ഇഥർനെറ്റ് സ്വിച്ചുകൾക്ക് തുല്യമാക്കാനും ബജറ്റ് നിർദ്ദേശിക്കുന്നു. ഇത് ഇനംതിരിക്കൽ തർക്കങ്ങൾ തടയുമെന്ന് ധനമന്ത്രി പറഞ്ഞു.
 
കയറ്റുമതി പ്രോത്സാഹനം
കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചില നികുതി നിർദ്ദേശങ്ങളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരകൗശല വസ്തുക്കളുടെ കയറ്റുമതി സുഗമമാക്കുന്നതിന്, കയറ്റുമതി സമയപരിധി ആറ് മാസത്തിൽ നിന്ന് ഒരു വർഷത്തേക്ക് നീട്ടാനും ആവശ്യമെങ്കിൽ മൂന്ന് മാസം വീണ്ടും നീട്ടി നൽകാനും നിർദ്ദേശിക്കുന്നു. തീരുവ രഹിത ഇൻപുട്ടുകളുടെ പട്ടികയിൽ ഒമ്പത് കരകൗശല വസ്തുക്കൾ ചേർക്കാനും ബജറ്റ് നിർദ്ദേശിക്കുന്നു.

ചെറുകിട ടാനർമാർക്ക് കയറ്റുമതി സുഗമമാക്കുന്നതിന് ക്രസ്റ്റ് ലെതറിനെ 20% കയറ്റുമതി തീരുവയിൽ നിന്ന് ഒഴിവാക്കാനും, ആഭ്യന്തര മൂല്യവർദ്ധനവിനും തൊഴിലിനുമുള്ള ഇറക്കുമതി സുഗമമാക്കുന്നതിന് വെറ്റ് ബ്ലൂ ലെതറിന് BCD പൂർണ്ണമായും ഒഴിവാക്കാനും ബജറ്റ് നിർദ്ദേശിക്കുന്നു.

ആഗോള സമുദ്രവിപണിയിൽ ഇന്ത്യയുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിന്, അനലോഗ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിനും കയറ്റുമതിക്കുമുള്ള ഫ്രോസൺ ഫിഷ് പേസ്റ്റിന്റെ (Surimi) BCD 30% ൽ നിന്ന് 5% ആയി കുറയ്ക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു. മത്സ്യത്തിന്റെയും ചെമ്മീൻ തീറ്റയുടെയും നിർമ്മാണത്തിനുള്ള ഫിഷ് ഹൈഡ്രോലൈസേറ്റിന് BCD 15% ൽ നിന്ന് 5% ആയി കുറയ്ക്കാനും നിർദ്ദേശമുണ്ട്.

വിമാനങ്ങൾക്കും കപ്പലുകൾക്കുമുള്ള ആഭ്യന്തര MRO കളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി, അറ്റകുറ്റപ്പണികൾക്കായി ഇറക്കുമതി ചെയ്ത വിദേശ ഉത്പന്നങ്ങളുടെ കയറ്റുമതി സമയപരിധി 6 മാസത്തിൽ നിന്ന് ഒരു വർഷത്തേക്ക് കൂടി, 2024 ജൂലൈയിലെ ബജറ്റ് നിർദ്ദേശപ്രകാരം നീട്ടിയിരുന്നു. പിന്നീട് ഒരു വർഷത്തേക്ക് കൂടി നീട്ടാനും അനുവാദമുണ്ട്. റെയിൽ സാധനങ്ങൾക്കും ഇതേ ഇളവ് നീട്ടി നൽകാൻ 2025-26 ലെ ബജറ്റ് നിർദ്ദേശിക്കുന്നു.
 
വ്യാപാരവും ബിസിനസും സുഗമാക്കുന്നു
നിലവിൽ, 1962 ലെ കസ്റ്റംസ് നിയമം താൽക്കാലിക വിലയിരുത്തലുകൾ അന്തിമമാക്കുന്നതിന് സമയപരിധി നിശയിച്ചിട്ടില്ല. ഇത് അനിശ്ചിതത്വത്തിനും വ്യാപാരച്ചെലവിനും കാരണമാകുന്നു. ബിസിനസ്സ് സുഗമമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി, താൽക്കാലിക വിലയിരുത്തൽ അന്തിമമാക്കുന്നതിന് രണ്ട് വർഷത്തെ സമയപരിധി നിശ്ചയിക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു. ആയത് ഒരു വർഷത്തേക്ക് നീട്ടാവുന്നതാണ്.

ഇറക്കുമതി, കയറ്റുമതി സ്ഥാപനങ്ങളെ, സാധനങ്ങളുടെ ക്ലിയറൻസിനുശേഷം, സ്വമേധയാ വസ്തുതകൾ പ്രഖ്യാപിക്കാനും പിഴയില്ലാതെ പലിശ സഹിതം തീരുവ അടയ്ക്കാനും അനുവദിക്കുന്ന പുതിയ വ്യവസ്ഥ അവതരിപ്പിക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു. "ഇത് സ്വമേധയാ ഉള്ള അനുസരണത്തെ പ്രോത്സാഹിപ്പിക്കും. എന്നാൽ, ഇതിനോടകം ഓഡിറ്റ് അല്ലെങ്കിൽ അന്വേഷണ നടപടികൾ ആരംഭിച്ച കേസുകളിൽ ഇത് ബാധകമല്ല", ശ്രീമതി സീതാരാമൻ പറഞ്ഞു.

നിർദ്ദിഷ്ട നിയമങ്ങളിൽ ഇറക്കുമതി ചെയ്ത ഇൻപുട്ടുകളുടെ അന്തിമ ഉപയോഗത്തിനുള്ള സമയപരിധി ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി നീട്ടാൻ ബജറ്റ് നിർദ്ദേശിക്കുന്നു. ഇത് ഇറക്കുമതി മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ വ്യവസായമേഖലയെ അനുവദിക്കുക മാത്രമല്ല, വിതരണച്ചെലവും അനിശ്ചിതത്വവും കണക്കിലെടുത്ത് പ്രവർത്തനം ലളിതമാക്കുകയും ചെയ്യും. കൂടാതെ, അത്തരം ഇറക്കുമതിസ്ഥാപനങ്ങൾ പ്രതിമാസ കണക്കുകള്‍ക്കു പകരം ത്രൈമാസ  കണക്കുകള്‍ മാത്രമേ ഫയൽ ചെയ്യേണ്ടതുള്ളൂ.
 
 
**************************
 

(Release ID: 2098578) Visitor Counter : 15