ധനകാര്യ മന്ത്രാലയം
വ്യവസായം: ബിസിനസ് പരിഷ്കരണത്തെക്കുറിച്ച്
വൈദ്യുതി, നിർമ്മാണ മേഖലകളിലെ ശക്തമായ വളർച്ചയോടെ 2025 സാമ്പത്തിക വർഷത്തിൽ വ്യാവസായിക മേഖല 6.2 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു: സാമ്പത്തിക സർവേ 2024-25
Posted On:
31 JAN 2025 2:07PM by PIB Thiruvananthpuram
വൈദ്യുതി, നിർമ്മാണ മേഖലയിലെ ശക്തമായ വളർച്ചയുടെ ഫലമായി ജിഡിപിയുടെ ആദ്യ കണക്കുകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ വ്യാവസായിക മേഖല 6.2 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2024-25 ലെ സാമ്പത്തിക സർവേ പറയുന്നു. ഗവേഷണ-വികസന മേഖലയിലെ നിക്ഷേപങ്ങളിലെ വർദ്ധന,നൂതനാശയങ്ങൾ, ചെറുകിട നിർമ്മാതാക്കളുടെ ഔപചാരികവൽക്കരണവും വളർച്ചയും എന്നിവ വിവിധ മേഖലകളിലെ വളർച്ചയ്ക്ക് കാരണമാകുമെന്ന് സർവേ കൂട്ടിച്ചേർക്കുന്നു.
വാഹനങ്ങൾ, ഇലക്ട്രോണിക്സ്, ഔഷധ മേഖല, തുടങ്ങിയ ഉപഭോക്തൃ കേന്ദ്രീകൃത മേഖലകൾ വളർച്ചയുടെ ചാലകങ്ങളായി ഉയർന്നുവന്നിട്ടുണ്ടെന്നും സർവേ പറയുന്നു. ആഗോളതലത്തിൽ ഉൽപ്പാദന മേഖലയിലെ വിഹിതത്തിന്റെ 2.8 ശതമാനവും ഇന്ത്യയിലാണ്. കൂടാതെ ഇന്ത്യ, ചൈന തുടങ്ങിയ വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളിലേക്ക് ഉൽപ്പാദന നിർമ്മാണ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കപ്പെടുന്നതായ മാറ്റം ആഗോള വ്യാവസായിക വൈവിധ്യവൽക്കരണത്തിലെ പ്രവണതകളിൽ നിന്ന് നേട്ടമുണ്ടാക്കാൻ ഇന്ത്യക്ക് മികച്ച അവസരം ലഭ്യമാക്കുമെന്ന് സാമ്പത്തിക സർവേ ശുഭാപ്തിവിശ്വാസത്തോടെ നിരീക്ഷിക്കുന്നു.
മെച്ചപ്പെട്ട ഗവേഷണ വികസന പ്രവർത്തനങ്ങളിലൂടെ
നൂതനാശയങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നു
ഇന്ത്യയ്ക്ക് ശക്തമായ ഒരു ബൗദ്ധിക സ്വത്തവകാശ ആവാസവ്യവസ്ഥയുണ്ടെന്ന് സാമ്പത്തിക സർവേ സൂചിപ്പിക്കുന്നു . WIPO റിപ്പോർട്ട് 2022 പ്രകാരം, ആഗോളതലത്തിലെ മികച്ച 10 പേറ്റന്റ് ഫയലിംഗ് രാജ്യങ്ങളിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. 2016 ലെ ദേശീയ IPR നയം മുതൽ പേറ്റന്റുകൾ, രൂപകല്പനകൾ, പകർപ്പവകാശം,വ്യാപാരമുദ്രകൾ എന്നിവ സംബന്ധിച്ച നിയമങ്ങളിലെ ഭേദഗതികൾ, അപേക്ഷാ പ്രക്രിയകളെ ലളിതമാക്കുകയും നിർവഹണ നടപടികൾ കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് സർവേ പരാമർശിക്കുന്നു. പേറ്റന്റ് (ഭേദഗതി) നിയമങ്ങൾ 2024- പേറ്റന്റ് നടപടിക്രമങ്ങൾ, ഫയലിംഗ്, പരിപാലനം എന്നിവ കൂടുതൽ ലളിതമാക്കിയിട്ടുണ്ടെന്ന് സർവേ കൂട്ടിച്ചേർക്കുന്നു.
(Release ID: 2098182)
Visitor Counter : 11