ആഭ്യന്തരകാര്യ മന്ത്രാലയം
മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുമായി അവലോകന യോഗം
CCTNS 2.0, NAFIS എന്നിവ നടപ്പാക്കല്‍, ജയിലുകളും കോടതികളും പ്രോസിക്യൂഷനും ഫോറൻസിക്സും ICJS 2.0 യുമായി രാജ്യമെങ്ങും സംയോജിപ്പിക്കല്‍ എന്നിവ യോഗം അവലോകനം ചെയ്തു
Posted On:
24 DEC 2024 12:36PM by PIB Thiruvananthpuram
മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) യുമായി കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയില്‍ ന്യൂഡൽഹിയിൽ അവലോകന യോഗം ചേര്‍ന്നു. അഖിലേന്ത്യാ തലത്തിൽ CCTNS 2.0, NAFIS എന്നിവ നടപ്പാക്കുന്നത് സംബന്ധിച്ചും ജയിലുകളും കോടതികളും പ്രോസിക്യൂഷനും ഫോറൻസിക്സും ICJS 2.0 യുമായി സംയോജിപ്പിക്കുന്നതും യോഗം അവലോകനം ചെയ്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയ്ക്കും NCRB ഡയറക്ടർക്കുമൊപ്പം ആഭ്യന്തര മന്ത്രാലയം, NCRB, NIC എന്നിവയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
പുതിയ ക്രിമിനൽ നിയമങ്ങൾ പൂർണ്ണമായും ICJS 2.0-ൽ നടപ്പിലാക്കാൻ സൗകര്യമൊരുക്കണമെന്ന് യോഗത്തിലെ ചർച്ചയ്ക്കിടെ ആഭ്യന്തര മന്ത്രി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയോട് ആവശ്യപ്പെട്ടു. ഇ-സാക്ഷ്യ, ന്യായ ശ്രുതി, ഇ-സൈൻ, ഇ-സമ്മൺസ് തുടങ്ങിയ ആപ്ലിക്കേഷനുകൾ എല്ലാ സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ശ്രീ അമിത് ഷാ എടുത്തുപറഞ്ഞു.
ഇരകൾക്കും പരാതിക്കാർക്കും പ്രയോജനം ലഭിക്കുന്നതിനായി രജിസ്ട്രേഷൻ മുതൽ കേസ് തീർപ്പാക്കൽ വരെ ഘട്ടങ്ങളില്‍ എല്ലാ ക്രിമിനൽ കേസുകൾക്കും മുൻനിശ്ചയപ്രകാരം സമയബന്ധിതമായി മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കണമെന്ന് സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ച് ഊന്നിപ്പറയവെ കേന്ദ്ര ആഭ്യന്തര-സഹമകരണമന്ത്രി പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിലെയും എൻസിആർബിയിലെയും ഉദ്യോഗസ്ഥരുടെ ഒരു സംഘം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സന്ദർശിച്ച് സാങ്കേതിക പദ്ധതികൾ ഏറ്റെടുക്കുന്നത് വര്‍ധിപ്പിക്കാന്‍ സാധ്യമായ എല്ലാ വഴികളിലും സഹായിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് ആന്‍ഡ് സിസ്റ്റംസ് (CCTNS), ഇന്റർ-ഓപ്പറബിൾ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം (ICJS) എന്നിവയുടെ പുരോഗതി നിരീക്ഷിക്കുന്നതിനും പദ്ധതിക്ക് പ്രചോദനം നൽകുന്നതിനുമായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുതിർന്ന പോലീസ് സംവിധാനങ്ങളുമായി പതിവ് ആശയവിനിമയം നടത്തണമെന്ന് ശ്രീ അമിത്ഷാ പറഞ്ഞു. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളും വ്യക്തികളെയും തിരിച്ചറിയാൻ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണ ഉദ്യോഗസ്ഥർക്കും ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ മറ്റ് പങ്കാളികൾക്കും പ്രയോജനപ്പെടുന്ന തരത്തില്‍ എൻസിആർബി ഒരു വിവരശേഖര സംവിധാനം വികസിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചു. പുതിയ ക്രിമിനൽ നിയമങ്ങളും നാഷണൽ ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റവും (NAFIS) സാങ്കേതികമായി നടപ്പാക്കുന്നതില്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ശ്രമങ്ങളെ അമിത്ഷാ അഭിനന്ദിച്ചു.
(Release ID: 2087806)
Visitor Counter : 7