പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബ്രൂണെ സുല്‍ത്താന്‍ ഒരുക്കിയ വിരുന്നില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന

Posted On: 04 SEP 2024 12:32PM by PIB Thiruvananthpuram

ആദരണീയനായ ബ്രൂണെ സുല്‍ത്താന്‍,

രാജകീയ വ്യക്തിത്വങ്ങളേ , രാജകുടുംബത്തിലെ വിശിഷ്ട അംഗങ്ങളേ,

ശ്രേഷ്ഠരേ,

മഹതികളെ മാന്യവ്യക്തികളേ,

ഊഷ്മളമായ വരവേല്‍പ്പിനും ആതിഥ്യമര്യാദയ്ക്കും ആദരണീയനായ അങ്ങേയ്ക്കും, മുഴുവന്‍ രാജകുടുംബത്തിനും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

ബ്രൂണെയില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. എന്നിരുന്നാലും, ഇവിടെ എനിക്ക് ലഭിച്ച അടുപ്പവും ഊഷ്മളതയും, നമ്മുടെ രാജ്യങ്ങളുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധത്തെ ഓര്‍മ്മിപ്പിക്കുന്നു.

മഹനീയ വ്യക്തിത്വമേ,

ഈ വര്‍ഷം ബ്രൂണെയുടെ സ്വാതന്ത്ര്യത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. അങ്ങയുടെ നേതൃത്വത്തില്‍, പാരമ്പര്യത്തിന്റെയും തുടര്‍ച്ചയുടെയും കൂട്ടായ്മയില്‍ ബ്രൂണെ പുരോഗതി കൈവരിച്ചു. ബ്രൂണെയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട്  'വാവാസാന്‍ 2035' പ്രശംസനീയമാണ്. 1.4 ബില്യണ്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി, താങ്കള്‍ക്കും ബ്രൂണെയിലെ ജനങ്ങള്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയ്ക്കും ബ്രൂണെയ്ക്കും ചരിത്രപരവും സാംസ്‌കാരികവുമായ ആഴത്തിലുള്ള ബന്ധമുണ്ട്. ഈ വര്‍ഷം നാം നയതന്ത്ര ബന്ധത്തിന്റെ 40ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍, മെച്ചപ്പെടുത്തിയ പങ്കാളിത്തത്തിന്റെ പേരില്‍ ഞങ്ങളുടെ ബന്ധങ്ങളെ അനുസ്മരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ഈ പങ്കാളിത്തത്തിന് തന്ത്രപരമായ ദിശാബോധം നല്‍കുന്നതിന് നമ്മുടെ ബന്ധങ്ങളുടെ വിവിധ വശങ്ങളെ കുറിച്ച് ഞങ്ങള്‍ സമഗ്രമായ ചര്‍ച്ചകള്‍ നടത്തി. സാമ്പത്തികം, ശാസ്ത്രം, നയതന്ത്രം എന്നീ മേഖലകളില്‍ ഞങ്ങളുടെ സഹകരണം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കാര്‍ഷിക-വ്യാവസായിക, ഫാര്‍മസ്യൂട്ടിക്കല്‍, ആരോഗ്യ മേഖലകള്‍ക്കൊപ്പം ഫിന്‍ടെക്, സൈബര്‍ സെക്യൂരിറ്റി എന്നിവയിലെ സഹകരണം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ഊര്‍ജ്ജ മേഖലയ്ക്ക് കീഴില്‍, എല്‍ എന്‍ ജിയില്‍ ദീര്‍ഘകാല സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. നമ്മുടെ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്, പ്രതിരോധ വ്യവസായത്തിലെ സഹകരണത്തിന്റെ സാധ്യതകള്‍, പരിശീലനം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയെക്കുറിച്ച് ഞങ്ങള്‍ ക്രിയാത്മകമായ സംഭാഷണം നടത്തി. ബഹിരാകാശ മേഖലയിലെ ഞങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിന്, ഉപഗ്രഹ വികസനം, റിമോട്ട് സെന്‍സിംഗ്, പരിശീലനം എന്നിവയിലെ സഹകരണത്തിന് ഞങ്ങള്‍ ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും.

സുഹൃത്തുക്കളേ,

നമ്മുടെ ആളുകള്‍ തമ്മിലുള്ള ബന്ധമാണ് നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനം. ബ്രൂണെയിലെ ഇന്ത്യന്‍ സമൂഹം ബ്രൂണെയുടെ സമ്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിനും നല്ല സംഭാവനകള്‍ നല്‍കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്നലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പുതിയ ചാന്‍സറി ഉദ്ഘാടനം ചെയ്തതോടെ ഇന്ത്യന്‍ സമൂഹം ബ്രൂണെയില്‍ സ്ഥിരമായ വിലാസം കണ്ടെത്തി. ബ്രൂണെയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിന് നമ്മള്‍ ആദരണീയനായ സുല്‍ത്താനോടും അദ്ദേഹത്തിന്റെ സര്‍ക്കാരിനോടും നന്ദിയുള്ളവരാണ്.

സുഹൃത്തുക്കളെ, ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയിലും ഇന്‍ഡോപസഫിക് വിഷന്‍ എന്നതിലും ബ്രൂണെ ഒരു പ്രധാന പങ്കാളിയാണ്. ഇന്ത്യ എല്ലായ്‌പ്പോഴും ആസിയാന്‍ കേന്ദ്രീകരണത്തിന് മുന്‍ഗണന നല്‍കുന്നു, അത് തുടരും. UNCLOS പോലുള്ള പരസ്പര നിയമങ്ങള്‍ക്ക് കീഴിലുള്ള നാവിഗേഷന്‍ സ്വാതന്ത്ര്യത്തെയും ഓവര്‍ ഫ്‌ലൈറ്റിനെയും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഈ മേഖലയില്‍ ഒരു പെരുമാറ്റച്ചട്ടം അന്തിമമാക്കണമെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. ഞങ്ങള്‍ വികസന നയത്തെയാണ് പിന്തുണയ്ക്കുന്നത്, അല്ലാതെ അതിര്‍ത്തി വികസനത്തേയല്ല.

മഹനീയ വ്യക്തിത്വമേ,

ഇന്ത്യയുമായുള്ള ബന്ധത്തിനുള്ള അങ്ങയുടെ പ്രതിബദ്ധതയ്ക്ക് ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഇന്ന് നമ്മുടെ ചരിത്ര ബന്ധങ്ങളില്‍ പുതിയൊരു അധ്യായം കൂടി ചേര്‍ത്തിരിക്കുന്നു. ഒരിക്കല്‍ കൂടി, എന്നോട് കാണിച്ച ആദരവിന് എന്റെ അഗാധമായ നന്ദി. ആദരണീയനായ സുല്‍ത്താന്റേയും  രാജകുടുംബത്തിലെ അംഗങ്ങളുടെയും ബ്രൂണെയിലെ ജനങ്ങളുടെയും നല്ല ആരോഗ്യത്തിനും സമൃദ്ധിക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

വളരെ നന്ദി.

****


(Release ID: 2058229) Visitor Counter : 30