പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി എ ഇ എം സിംഗപ്പൂര്‍ സന്ദര്‍ശിച്ചു

Posted On: 05 SEP 2024 10:22AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, സിംഗപ്പൂര്‍ പ്രധാനമന്ത്രി ശ്രീ ലോറന്‍സ് വോംഗുമൊത്ത് അര്‍ദ്ധചാലക, ഇലക്‌ട്രോണിക്‌സ് മേഖലയിലെ പ്രമുഖ സിംഗപ്പൂര്‍ കമ്പനിയായ എ ഇ എം സന്ദര്‍ശിച്ചു. ആഗോള അര്‍ദ്ധചാലക മൂല്യ ശൃംഖലയില്‍ AEMന്റെ പങ്ക്, അതിന്റെ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യയ്ക്കു വേണ്ടിയുള്ള പദ്ധതികള്‍ എന്നിവയെക്കുറിച്ച് അവരോട് വിശദീകരിച്ചു. സിംഗപ്പൂരിലെ അര്‍ദ്ധചാലക ആവാസവ്യവസ്ഥയുടെ വികസനത്തെക്കുറിച്ചും ഇന്ത്യയുമായുള്ള സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും സിംഗപ്പൂര്‍ സെമികണ്ടക്ടര്‍ ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഒരു സംക്ഷിപ്ത വിവരണം നല്‍കി.  മേഖലയിലെ മറ്റ് നിരവധി സിംഗപ്പൂര്‍ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു. 2024 സെപ്റ്റംബര്‍ 11, 13 തീയതികളില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന SEMICON INDIA എക്‌സിബിഷനില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിലെ അര്‍ദ്ധചാലക കമ്പനികളെ പ്രധാനമന്ത്രി ക്ഷണിച്ചു.

ഇന്ത്യയില്‍ അര്‍ദ്ധചാലക നിര്‍മ്മാണ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങളും ഈ മേഖലയിലെ സിംഗപ്പൂരിന്റെ ശക്തിയും കണക്കിലെടുത്ത്, ഉഭയകക്ഷി സഹകരണം വിപുലീകരിക്കാന്‍ ഇരുപക്ഷവും തീരുമാനിച്ചു. ഇന്ത്യ-സിംഗപ്പൂര്‍ മന്ത്രിതല വട്ടമേശയുടെ രണ്ടാം യോഗത്തില്‍, ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സ്തംഭമായി അഡ്വാന്‍സ് മാനുഫാക്ചറിംഗ് കൂടി ഉള്‍പ്പെടുത്തി അര്‍ദ്ധചാലകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു. ഇന്ത്യ-സിംഗപ്പൂര്‍ സെമികണ്ടക്ടര്‍ ഇക്കോസിസ്റ്റം പങ്കാളിത്തം സംബന്ധിച്ച ധാരണാപത്രവും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

ഈ സൗകര്യത്തില്‍, സിംഗപ്പൂരില്‍ പരിശീലനം നേടുന്ന ഒഡീഷയിലെ വേള്‍ഡ് സ്‌കില്‍ സെന്ററില്‍ നിന്നുള്ള ഇന്ത്യന്‍ ഇന്റേണുകളുമായും സി ഐ ഐഎന്റര്‍െ്രെപസ് സിംഗപ്പൂര്‍ ഇന്ത്യ റെഡി ടാലന്റ് പ്രോഗ്രാമിന് കീഴില്‍ ഇന്ത്യ സന്ദര്‍ശിച്ച സിംഗപ്പൂര്‍ ഇന്റേണുകളുമായും എഇഎമ്മില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എഞ്ചിനീയര്‍മാരുമായും രണ്ട് പ്രധാനമന്ത്രിമാരും ആശയവിനിമയം നടത്തി.

രണ്ട് പ്രധാനമന്ത്രിമാരുടെയും ഈ സന്ദര്‍ശനം ഈ മേഖലയില്‍ സഹകരണം വികസിപ്പിക്കാനുള്ള ഇരുപക്ഷത്തിന്റെയും പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു. ഈ സന്ദര്‍ശനത്തില്‍ തന്നോടൊപ്പം ചേര്‍ന്നതിന് പ്രധാനമന്ത്രി വോങ്ങിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.

****


(Release ID: 2053821) Visitor Counter : 38