പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2024ലെ പാരീസ് പാരാലിമ്പിക് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘവുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

Posted On: 19 AUG 2024 10:17PM by PIB Thiruvananthpuram

അവതാരകന്‍: നമസ്‌കാരം, സര്‍. ആദ്യം നമ്മള്‍ നമ്മുടെ അമ്പെയ്ത്ത് ശീതള്‍ ദേവിയുമായി സംസാരിക്കും. ശീതള്‍ ദേവി, ദയവായി.

പ്രധാനമന്ത്രി: നമസ്‌തേ, ശീതള്‍.

ശീതള്‍: നമസ്‌തേ, സര്‍. ജയ് മാതാ ദി.

പ്രധാനമന്ത്രി: ജയ് മാതാ ദി.

ശീതള്‍: ഞാന്‍ ശീതള്‍.

പ്രധാനമന്ത്രി: ശീതള്‍, നിങ്ങള്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കായികതാരമാണ്, ഇത് നിങ്ങളുടെ ആദ്യത്തെ പാരാലിമ്പിക്‌സായിരിക്കും. നിങ്ങളുടെ മനസ്സില്‍ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ടാകണം. നിങ്ങളുടെ മനസ്സിലുള്ളത് പങ്കിടാമോ? നിങ്ങള്‍ക്ക് എന്തെങ്കിലും സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടോ?

ശീതള്‍: ഇല്ല, സര്‍, ഞാന്‍ സമ്മര്‍ദ്ദത്തിലല്ല. ഇത്രയും ചെറിയ പ്രായത്തിലും ചുരുങ്ങിയ സമയത്തിനുള്ളിലും പാരാലിമ്പിക്‌സില്‍ കളിക്കാന്‍ പോകുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. വളരെ ചെറിയ പ്രായത്തിലും കുറഞ്ഞ സമയത്തിനുള്ളിലും പാരാലിമ്പിക്‌സില്‍ പങ്കെടുക്കുന്നത് വളരെ സന്തോഷകരമായ കാര്യമാണ് സര്‍. എന്നെ പിന്തുണയ്ക്കുന്നതില്‍ ദേവാലയ ബോര്‍ഡ് കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്നും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. അവരുടെ പിന്തുണയും മറ്റെല്ലാവരുടെയും പിന്തുണ അവിശ്വസനീയമാണ്. അങ്ങനെയാണ് ഞാന്‍ ഇവിടെയെത്തിയത്, സര്‍.

പ്രധാനമന്ത്രി: ശരി, ശീതള്‍. പാരീസ് പാരാലിമ്പിക്‌സിനായി നിങ്ങളുടെ ലക്ഷ്യം എന്താണ്, അതിനായി നിങ്ങള്‍ എങ്ങനെ തയ്യാറെടുത്തു?

ശീതള്‍: അതെ സര്‍. എന്റെ തയ്യാറെടുപ്പ് വളരെ നന്നായി നടക്കുന്നു, എന്റെ പരിശീലനവും നന്നായി നടക്കുന്നു, സര്‍. ഇവിടെ ഇന്ത്യന്‍ പതാക അലയടിക്കുകയും നമ്മുടെ ദേശീയഗാനം കേള്‍പ്പിക്കുകയും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. അതാണ് എന്റെ ലക്ഷ്യം സര്‍. അതിനപ്പുറം എനിക്ക് മറ്റൊന്നില്ല.

പ്രധാനമന്ത്രി: ശീതള്‍, ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, ഈ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് നിങ്ങള്‍. ഇത്രയും വലിയ ഒരു സംഭവത്തിന്റെ സമ്മര്‍ദ്ദം ഏറ്റെടുക്കരുതെന്നാണ് നിങ്ങളോടുള്ള എന്റെ ഉപദേശം. ജയമോ തോല്‍വിയോ എന്ന് ആകുലപ്പെടാതെ നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്തുക. രാജ്യം മുഴുവന്‍
നും, ഞാനും നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ക്ക് മാതാ വൈഷ്‌ണോ ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. അതിനാല്‍, എന്റെ ഭാഗത്ത് നിന്ന് എല്ലാ ആശംസകളും.

ശീതള്‍: നന്ദി സര്‍. മാതാ റാണി എന്നെ അനുഗ്രഹിച്ചിരിക്കുന്നു, അതുകൊണ്ടാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഞാന്‍ ഇവിടെയെത്തിയത്. മാതാ റാണിയില്‍ നിന്ന് എനിക്ക് ഒരുപാട് അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട് സര്‍. സര്‍, എല്ലാ ഇന്ത്യക്കാരുടെയും പ്രാര്‍ത്ഥന കൊണ്ടാണ് ഞാന്‍ ഇത്ര പെട്ടെന്ന് ഇവിടെയെത്തിയത്. സാറിന്റെ അനുഗ്രഹവും എനിക്കുണ്ട്. നന്ദി, സര്‍.

പ്രധാനമന്ത്രി: ആശംസകള്‍.

അവതാരക: ശ്രീമതി അവ്നി  ലേഖര.

പ്രധാനമന്ത്രി: നമസ്‌തേ, അവ്നി.

അവ്നി  ലേഖര: നമസ്‌കാരം, സര്‍!

പ്രധാനമന്ത്രി: ആവണി, കഴിഞ്ഞ പാരാലിമ്പിക്‌സില്‍ നിങ്ങള്‍ ഒരു സ്വര്‍ണ്ണ മെഡലിനൊപ്പം മറ്റൊരു മെഡലും നേടി, രാജ്യത്തിനാകെ അഭിമാനമായി. ഇത്തവണ നിങ്ങളുടെ ലക്ഷ്യം എന്താണ്?

അവ്നി  ലേഖര: സര്‍, കഴിഞ്ഞ തവണ എന്റെ ആദ്യത്തെ പാരാലിമ്പിക്‌സായിരുന്നു, അനുഭവം നേടുന്നതിനായി ഞാന്‍ നാല് ഇവന്റുകളില്‍ പങ്കെടുത്തു. ഇത്തവണ, ഈ ഒളിമ്പിക്‌സില്‍ കായികമായും സാങ്കേതികതമായും ഞാന്‍ കൂടുതല്‍ പക്വത നേടിയിട്ടുണ്ട്. ഇത്തവണയും ഞാന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ എന്റെ ഏറ്റവും മികച്ചത് നല്‍കാന്‍ ഞാന്‍ ലക്ഷ്യമിടുന്നു. ഇന്ത്യയൊട്ടാകെ എനിക്ക് ലഭിച്ച പിന്തുണയും സ്‌നേഹവും, പ്രത്യേകിച്ച് കഴിഞ്ഞ പാരാലിമ്പിക്‌സിന് ശേഷം, നിങ്ങളുടെ പിന്തുണയും വളരെ പ്രചോദനമാണ്. അവിടെ പോയി എന്റെ കഴിവിന്റെ പരമാവധി ചെയ്യാനുള്ള ഉത്തരവാദിത്തബോധവും ഇത് നല്‍കുന്നു.

പ്രധാനമന്ത്രി: അവ്നി, ടോക്കിയോയിലെ നിങ്ങളുടെ വിജയത്തിന് ശേഷം ജീവിതം എങ്ങനെയാണ് മാറിയത്? അടുത്ത മത്സരത്തിനായി നിങ്ങള്‍ എങ്ങനെ തുടര്‍ച്ചയായി തയ്യാറെടുത്തു?

അവ്നി  ലേഖര: സര്‍, കഴിഞ്ഞ തവണ ഞാന്‍ പങ്കെടുത്തപ്പോള്‍, അത് ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്നതിനെക്കുറിച്ച് എന്റെ മനസ്സില്‍ ഒരു തടസ്സമുണ്ടായിരുന്നു. എന്നാല്‍ രണ്ട് മെഡലുകള്‍ നേടിയപ്പോള്‍, ആ പ്രതിബന്ധം തകര്‍ന്നു, എനിക്ക് ഇത് ഒരിക്കല്‍ ചെയ്യാന്‍ കഴിയുമെങ്കില്‍, കഠിനാധ്വാനം കൊണ്ട് എനിക്ക് ഇത് വീണ്ടും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ ഇന്ത്യക്ക് വേണ്ടി, പ്രത്യേകിച്ച് വീല്‍ചെയറില്‍ പങ്കെടുക്കുകയും രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്യുമ്പോള്‍, അത് വീണ്ടും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് വളരെ നല്ലതായി തോന്നുന്നു.

പ്രധാനമന്ത്രി: അവ്നി, നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് വലിയ പ്രതീക്ഷകളുണ്ട്, രാജ്യത്തിനും നിങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ട്. എന്നാല്‍ ഈ പ്രതീക്ഷകള്‍ ഒരു ഭാരമായി മാറരുത് എന്ന് ഞാന്‍ പറയും. ഈ പ്രതീക്ഷകള്‍ നിങ്ങളുടെ ശക്തിയായി മാറട്ടെ. നിങ്ങള്‍ക്ക് ആശംസകള്‍.

അവ്നി  ലേഖര: നന്ദി, സര്‍!

അവതാരകന്‍: ശ്രീ മാരിയപ്പന്‍ തങ്കവേലു

മാരിയപ്പന്‍ തങ്കവേലു: വണക്കം, സര്‍.

പ്രധാനമന്ത്രി: മാരിയപ്പന്‍ ജി, വണക്കം. മാരിയപ്പന്‍, ടോക്കിയോ പാരാലിമ്പിക്‌സില്‍ നീ വെള്ളിമെഡല്‍ നേടി. ഈ സമയം, ആ വെള്ളിയെ സ്വര്‍ണ്ണമാക്കി മാറ്റാനാണ് നിങ്ങള്‍ ലക്ഷ്യമിടുന്നത്. നിങ്ങളുടെ മുന്‍കാല അനുഭവങ്ങളില്‍ നിന്ന് നിങ്ങള്‍ എന്താണ് പഠിച്ചത്?

മാരിയപ്പന്‍: സര്‍, ഞാന്‍ ജര്‍മ്മനിയില്‍ പരിശീലനം നടത്തുകയാണ്. പരിശീലനം നന്നായി നടക്കുന്നു. കഴിഞ്ഞ തവണ ഒരു ചെറിയ പിഴവ് സംഭവിച്ചു, എനിക്ക് വെള്ളി ലഭിച്ചു. ഇത്തവണ 100 ശതമാനവും സ്വര്‍ണം കൊണ്ടുവരും.

പ്രധാനമന്ത്രി: തീര്‍ച്ചയായും?

മാരിയപ്പന്‍: തീര്‍ച്ചയായും സര്‍, 100 ശതമാനം.

പ്രധാനമന്ത്രി: മാരിയപ്പന്‍, നിങ്ങള്‍ ഒരു കായികതാരവും പരിശീലകനുമാണ്. 2016ലും ഇപ്പോളും പാരാ അത്‌ലറ്റുകളുടെ എണ്ണം നോക്കുമ്പോള്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാറ്റത്തെ നിങ്ങള്‍ എങ്ങനെ കാണുന്നു?

മാരിയപ്പന്‍: സാര്‍, 2016ലാണ് ഞാന്‍ ആദ്യമായി പാരാലിമ്പിക്‌സില്‍ പ്രവേശിച്ചത്, സ്വര്‍ണം നേടാതിരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതി അല്‍പ്പം ഭയപ്പെട്ടിരുന്നു, പക്ഷേ ഞാന്‍ വിജയിച്ചു. സ്വര്‍ണം നേടിയ ശേഷം മുഴുവന്‍ ജീവനക്കാരും പാരാലിമ്പിക്‌സ് സമൂഹവും എനിക്ക് പിന്തുണ നല്‍കി. എനിക്ക് ലഭിച്ച പിന്തുണ കണ്ട് കൂടുതല്‍ പേര്‍ സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെട്ടു. നാം ഇനി ഇന്ത്യക്കായി 100 മെഡലുകള്‍ ലക്ഷ്യമിട്ട് നീങ്ങണം. ഇത്തവണ അത് നടക്കും സാര്‍.

പ്രധാനമന്ത്രി: മാരിയപ്പന്‍, നമ്മുടെ കായികതാരങ്ങള്‍ക്ക് ഒരു കുറവും വരാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു. നിങ്ങളുടെ പ്രകടനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. രാജ്യം നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ക്ക് ആശംസകള്‍.

മാരിയപ്പന്‍: നന്ദി സര്‍.

അവതാരകന്‍: മിസ്റ്റര്‍ സുമിത് ആന്റില്‍.

പ്രധാനമന്ത്രി: നമസ്‌തേ, സുമിത്.

സുമിത് ആന്റില്‍: നമസ്‌തേ, സര്‍. നന്ദി, സര്‍.

പ്രധാനമന്ത്രി: സുമിത്, ഏഷ്യന്‍ പാരാ ഗെയിംസിലും ടോക്കിയോ പാരാലിമ്പിക്‌സിലും സ്വര്‍ണമെഡലുകള്‍ നേടി നിങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. നിങ്ങളുടെ സ്വന്തം റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള പ്രചോദനം എവിടെ നിന്ന് ലഭിക്കും?

സുമിത് ആന്റില്‍: സര്‍, ഇന്ത്യയില്‍ പ്രചോദനത്തിന് ഒരു കുറവുമില്ലെന്ന് എനിക്ക് തോന്നുന്നു. ഞങ്ങളുടെ പി സി ഐ പ്രസിഡന്റ് ദേവേന്ദ്ര ഝജാരിയ, നീരജ് ചോപ്ര എന്നിവരെ പോലെയുള്ള ഇതിഹാസങ്ങള്‍, എനിക്കുമുമ്പ് രാജ്യത്തിന് മഹത്വം കൊണ്ടുവന്ന നിരവധി കായികതാരങ്ങളുണ്ട്. അവരില്‍ നിന്നാണ് എനിക്ക് പ്രചോദനം ലഭിക്കുന്നത് സര്‍. എന്നാല്‍ പ്രചോദനം എന്നതിലുപരി സ്വയം അച്ചടക്കവും ആത്മപ്രചോദനവുമാണ് ലോക റെക്കോഡുകള്‍ പിന്നിട്ട് തകര്‍ക്കുന്നതില്‍ വലിയ പങ്ക് വഹിച്ചത് സര്‍.

പ്രധാനമന്ത്രി: സുമിത്, നോക്കൂ, സോനിപത്തിന്റെ മണ്ണ് വളരെ പ്രത്യേകതയുള്ളതാണ്. നിങ്ങളെപ്പോലുള്ള നിരവധി ലോക റെക്കോര്‍ഡ് ഉടമകളും കായികതാരങ്ങളും അവിടെ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. ഹരിയാനയുടെ കായിക സംസ്‌കാരം നിങ്ങളെ എത്രമാത്രം സഹായിച്ചിട്ടുണ്ട്?

സുമിത് ആന്റില്‍: തീര്‍ച്ചയായും, സര്‍. ഇവിടുത്തെ ജനങ്ങള്‍ പിന്തുണയ്ക്കുന്ന രീതിയും സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന രീതിയും വലിയ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ടാണ് ഹരിയാനയില്‍ നിന്നുള്ള നിരവധി കായികതാരങ്ങള്‍ അന്താരാഷ്ട്ര വേദിയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് രാജ്യത്തിന് മഹത്വം കൊണ്ടുവരുന്നത്. സര്‍ക്കാറിന്റെ പിന്തുണയും പ്രാധാന്യമര്‍ഹിക്കുന്നതാണ്, സര്‍, ഇവിടെ സൃഷ്ടിക്കപ്പെട്ട കായിക സംസ്‌കാരം വളരെ പ്രയോജനപ്രദമാണെന്ന് ഞാന്‍ കരുതുന്നു സര്‍.

പ്രധാനമന്ത്രി: സുമിത്, നിങ്ങള്‍ ഒരു ലോക ചാമ്പ്യനാണ്. അതിലുപരി നിങ്ങള്‍ രാജ്യത്തിനാകെ പ്രചോദനമാണ്. എന്റെ ആശംസകള്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങളുടെ മികച്ച പ്രകടനം തുടരുക. രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. ഒരുപാട്, ഒരുപാട് ആശംസകള്‍!

സുമിത് ആന്റില്‍: വളരെ നന്ദി, സര്‍.

അവതാരക: ശ്രീമതി അരുണ തന്‍വാര്‍.

അരുണ തന്‍വാര്‍: നമസ്‌കാര്‍, സര്‍! ഞാന്‍ അങ്ങേയ്ക്ക് വളരെ സന്തോഷകരമായ രക്ഷാബന്ധന്‍ ആശംസിക്കുന്നു!

പ്രധാനമന്ത്രി: അരുണാ ജി, നിങ്ങള്‍ക്കും എന്റെ ആശംസകള്‍!

അരുണ തന്‍വാര്‍: നന്ദി, സര്‍!

പ്രധാനമന്ത്രി: അരുണാ, നിന്റെ വിജയത്തില്‍ നിന്റെ അച്ഛന് വലിയ പങ്കുണ്ട് എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും നിങ്ങളുടെ യാത്രയെക്കുറിച്ചും ഞങ്ങളോട് പറയാമോ?

അരുണ തന്‍വാര്‍: സര്‍, കുടുംബത്തിന്റെ പിന്തുണയില്ലാതെ ഞങ്ങള്‍ക്ക് ഒരു സാധാരണ ടൂര്‍ണമെന്റ് പോലും കളിക്കാനാകില്ല. ഞാന്‍ രണ്ടാം തവണ പാരാലിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോവുകയാണ്. എന്റെ അമ്മയെപ്പോലെ എന്റെ അച്ഛനും എപ്പോഴും വളരെ പിന്തുണ നല്‍കിയിട്ടുണ്ട്, സര്‍, സാമൂഹിക സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ആളുകള്‍ ഒരു 'ദിവ്യാംഗിനെ' (വൈകല്യമുള്ള വ്യക്തി) ഒന്നും നേടാന്‍ കഴിയാത്ത ഒരാളായി കാണുന്നു. പക്ഷേ, ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് എന്റെ മാതാപിതാക്കള്‍ എന്നെ വിശ്വസിപ്പിച്ചു. ഇന്ന്, സര്‍, എന്റെ വീട്ടില്‍ എന്റെ സഹോദരന്മാരേക്കാള്‍ കുറഞ്ഞ ഒരാളായി എന്നെ കണക്കാക്കുന്നില്ല. ഞങ്ങള്‍ മൂന്ന് സഹോദരന്മാരാണെന്നാണ് അമ്മ പറയുന്നത്. അതുകൊണ്ട്, എന്റെ കുടുംബം എപ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട് സര്‍.

പ്രധാനമന്ത്രി: അരുണാ, കഴിഞ്ഞ പാരാലിമ്പിക്‌സിനിടെ ഒരു പ്രധാന മത്സരത്തിന് തൊട്ടുമുമ്പ് നിങ്ങള്‍ക്ക് പരിക്കേറ്റു. എങ്ങനെയാണ് നിങ്ങള്‍ സ്വയം പ്രചോദിപ്പിച്ച് ആ തിരിച്ചടി തരണം ചെയ്തത്?

അരുണ തന്‍വാര്‍: സര്‍, നിങ്ങള്‍ ഒരു പ്രധാന ടൂര്‍ണമെന്റിനെയും രാജ്യത്തെയും പ്രതിനിധീകരിക്കുമ്പോള്‍, പ്രത്യേകിച്ച് ആ കായിക ഇനത്തില്‍ ഒരാള്‍ മാത്രം മത്സരിക്കുമ്പോള്‍ പരിക്കു കാരണം പിന്തിരിയുക എന്നത് ബുദ്ധിമുട്ടാണ്. ഞാന്‍ പാരാലിമ്പിക്‌സില്‍ തായ്ക്വോണ്ടോയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്, പക്ഷേ, എന്റെ ലക്ഷ്യം വളരെ വലുതായതിനാല്‍  ഒരു പരിക്കിന് നിങ്ങളുടെ മത്സരത്തെ തടയാന്‍ കഴിയില്ല. പരിക്കുകളില്ലാതെ, കായികരംഗത്ത് ഒരു രസവുമില്ല. പരിക്കുകള്‍ ഒരു കായികതാരത്തിന് ഒരു അലങ്കാരം പോലെയാണ്. അതുകൊണ്ട് തിരിച്ചുവരാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല സര്‍. ഞാന്‍ ഉറച്ചു നിന്നു. എന്റെ പരിശീലകര്‍, പ്രത്യേകിച്ച് സന്ധ്യാ ഭാരതി മാം, എന്റെ മാതാപിതാക്കളും എന്നോട് പറഞ്ഞു, ഒരു പാരാലിമ്പിക്‌സ് നിങ്ങളുടെ ഭാവി തീരുമാനിക്കുന്നതല്ല; ഇനിയും ധാരാളം കളിക്കാനുണ്ട്.

പ്രധാനമന്ത്രി: അരുണാ, പരിക്കുകളെ ഒരു അലങ്കാരമായി കാണുന്ന താങ്കളുടെ കാഴ്ചപ്പാട് ശരിക്കും പ്രചോദനം നല്‍കുന്നതാണ്. എന്നാല്‍ നിങ്ങള്‍ വീണ്ടും അത്തരമൊരു അലങ്കാരം ധരിക്കേണ്ടതില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അരുണാ, നീ ഒരു പോരാളിയാണ് നിങ്ങളുടെ കായികരംഗത്തും ജീവിതത്തിലും. നിങ്ങള്‍ രാജ്യത്തിനായി മെഡലുകള്‍ നേടുക മാത്രമല്ല, ദശലക്ഷക്കണക്കിന് പെണ്‍മക്കളെ പ്രചോദിപ്പിക്കുകയും ചെയ്തു. ഒരു പോരാളിയുടെ മാനസികാവസ്ഥയോടെ പാരീസിലേക്ക് പോയി ഒരു മികച്ച പ്രകടനം നടത്തുക. രാജ്യത്തിന്റെ മുഴുവന്‍ ആശംസകളും നിങ്ങളോടൊപ്പമുണ്ട്.

അരുണ തന്‍വാര്‍: വളരെ നന്ദി സര്‍.

പ്രധാനമന്ത്രി: ഇപ്പോള്‍, ഞാന്‍ എന്നോട് തന്നെ കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു, നിങ്ങളില്‍ ആര്‍ക്കും ഉത്തരം നല്‍കാം, പ്രത്യേകിച്ച് ഇതുവരെ സംസാരിക്കാത്തവര്‍ക്ക്. നിങ്ങളില്‍ പലരും നിങ്ങളുടെ ആദ്യത്തെ പാരാലിമ്പിക്‌സിനായി പാരീസിലേക്ക് പോകുന്നു. ആദ്യമായി ഇത്തരമൊരു ആഗോള ഇവന്റില്‍ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എങ്ങനെയാണെന്ന് ആരെങ്കിലും എന്നോട് പറയാമോ? ഇതുവരെ സംസാരിക്കാത്തവര്‍ പറയൂ!

അശോക് മാലിക്: സര്‍, എന്റെ പേര് അശോക്! ഞാന്‍ ആദ്യമായി പോകുന്നു സര്‍! എല്ലാ കായികതാരങ്ങളുടെയും സ്വപ്നമാണ്...

പ്രധാനമന്ത്രി: നിങ്ങളുടെ പേരെന്താണ്?

അശോക് മാലിക്: അശോക് മാലിക്, സര്‍!

പ്രധാനമന്ത്രി: അശോക് ജി, അതെ, ദയവായി മുന്നോട്ട് പോകൂ!

അശോക് മാലിക്: സര്‍, ഒളിമ്പിക്‌സില്‍ കളിക്കുക എന്നത് എല്ലാ കളിക്കാരുടെയും സ്വപ്നമാണ്, എന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോകുകയാണ് സര്‍. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ പാരാലിമ്പിക്‌സിനായി ഞാന്‍ പാരീസിലേക്ക് പോകുന്നു, സര്‍. ഞാന്‍ അവിടെ എന്റെ കഴിവിന്റെ പരമാവധി ചെയ്യും സര്‍, പറ്റുമെങ്കില്‍ രാജ്യത്തിന് വേണ്ടി ഒരു മെഡല്‍ തിരികെ കൊണ്ടുവരും സാര്‍.

പ്രധാനമന്ത്രി: അശോക്, നിങ്ങള്‍ എവിടെ നിന്നാണ്?

അശോക് മാലിക്: ഹരിയാനയില്‍ നിന്ന്, സര്‍, സോനിപത്!

പ്രധാനമന്ത്രി: സോനിപത്തില്‍ നിന്ന്, നിങ്ങളും സോനിപത്തില്‍ നിന്നാണ്!

അശോക് മാലിക്: അതെ സര്‍!

പ്രധാനമന്ത്രി: നിങ്ങളില്‍ എത്രപേര്‍ നിങ്ങളുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാരാലിമ്പിക്‌സിനോ അതിലധികമോ പോകുന്നു? നിങ്ങളുടെ ആദ്യ പാരാലിമ്പിക്‌സുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ അത് എത്ര വ്യത്യസ്തമാണ്? ആരാണ് ഉത്തരം നല്‍കാന്‍ ആഗ്രഹിക്കുന്നത്?

അമിത് സരോഹ: സര്‍, നമസ്‌കാരം!

പ്രധാനമന്ത്രി: നമസ്‌കാര്‍ ജി!

അമിത് സരോഹ: സര്‍, ഞാന്‍ അമിത് സരോഹയാണ്, ഇത് എന്റെ നാലാമത്തെ പാരാലിമ്പിക്‌സാണ്. നാലാം തവണ പാരാലിമ്പിക്‌സിന് പോകുന്ന ടീമിലെ ഏറ്റവും സീനിയര്‍ അത്‌ലറ്റാണ് ഞാന്‍. സര്‍, ഞാന്‍ കണ്ട ഏറ്റവും വലിയ മാറ്റം 2012ല്‍ ഞങ്ങള്‍ പോയപ്പോള്‍ ഒരു മെഡല്‍ മാത്രമേ നേടിയുള്ളൂ എന്നതാണ്. അതിനുശേഷം, ഞാന്‍ രണ്ട് ഒളിമ്പിക്‌സുകളില്‍ കൂടി പങ്കെടുത്തു, ഞങ്ങളുടെ ടീമിന്റെ പ്രകടനം മെച്ചപ്പെട്ടുകൊണ്ടിരുന്നു. ഇപ്പോള്‍ 84 കായികതാരങ്ങള്‍ പോകുന്നു സര്‍. SAI (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഇതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഞങ്ങളുടെ ടീമിന് ലഭിക്കുന്ന പിന്തുണ, പ്രത്യേകിച്ച് സാമ്പത്തികമായി, ഗണ്യമായി വര്‍ദ്ധിച്ചു, സര്‍. 2015ല്‍ TOPS (ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം) അവതരിപ്പിച്ചതിനുശേഷം, ഞങ്ങള്‍ക്ക് വളരെയധികം പിന്തുണ ലഭിച്ചു, ഇപ്പോള്‍ ഞങ്ങള്‍ക്ക് വിദേശത്ത് എവിടെയും യാത്ര ചെയ്യാനും പരിശീലനം നല്‍കാനും കഴിയും. ഞങ്ങള്‍ക്ക് വ്യക്തിഗത പരിശീലകരും വ്യക്തിഗത ഫിസിയോകളും വ്യക്തിഗത സപ്പോര്‍ട്ടിംഗ് സ്റ്റാഫും ഉണ്ട്. ഞങ്ങളുടെ ആവശ്യകതകള്‍ എന്തൊക്കെയാണെങ്കിലും, അവ നിറവേറ്റപ്പെടുന്നു, അതുകൊണ്ടാണ് ഞങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ഇത്തവണ, മുമ്പത്തേക്കാള്‍ കൂടുതല്‍ മെഡലുകള്‍ നേടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, സര്‍.

പ്രധാനമന്ത്രി: ഇപ്പോഴും സ്‌കൂളിലോ കോളേജിലോ പഠിക്കുന്ന നിരവധി യുവാക്കളെ ഈ ഗ്രൂപ്പില്‍ ഞാന്‍ കാണുന്നു. സ്‌പോര്‍ട്‌സിനൊപ്പം നിങ്ങളുടെ പഠനവും എങ്ങനെ കൈകാര്യം ചെയ്യുന്നു?

രുദ്രാംഷ് ഖണ്ഡേല്‍വാള്‍: എന്റെ പേര് രുദ്രാന്‍ഷ് ഖണ്ഡേല്‍വാള്‍. ഞാന്‍ രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശിയാണ്, ഈ വര്‍ഷം ഞാന്‍ എന്റെ 12th ബോര്‍ഡ് പരീക്ഷകള്‍ എഴുതി, വളരെ നല്ല മാര്‍ക്കോടെ വിജയിച്ചു. ഞാന്‍ 83% സ്‌കോര്‍ ചെയ്തു. ആ സമയത്ത് ന്യൂ ഡല്‍ഹിയില്‍ ലോകകപ്പും നടക്കുന്നതിനാല്‍ രണ്ടു കാര്യങ്ങളും ഞാന്‍ ഒരേസമയം കൈകാര്യം ചെയ്യുകയായിരുന്നു. വിദ്യാഭ്യാസവും സ്‌പോര്‍ട്‌സും ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം സ്‌പോര്‍ട്‌സ് സ്വഭാവ വികസനത്തിനും ദൈനംദിന മെച്ചപ്പെടുത്തലിനും നിങ്ങളെ പ്രേരിപ്പിക്കുന്നു, കൂടാതെ ജീവിതം എങ്ങനെ ജീവിക്കാനും നിങ്ങളുടെ അവകാശങ്ങള്‍ മനസ്സിലാക്കാനും വിദ്യാഭ്യാസം നിങ്ങളെ പഠിപ്പിക്കുന്നു. അതിനാല്‍, രണ്ടും കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല, രണ്ടും വളരെ പ്രധാനമാണ്.

പ്രധാനമന്ത്രി: പാരാ അത്‌ലറ്റുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, 2023 ഡിസംബറില്‍ നമ്മള്‍ ആദ്യമായി ഖേലോ ഇന്ത്യ പാരാ ഗെയിംസ് സംഘടിപ്പിച്ചു. സ്‌പോര്‍ട്‌സ് ആവാസവ്യവസ്ഥയെ ഇത്തരമൊരു പരിപാടി എങ്ങനെ സഹായിക്കുന്നുവെന്ന് ആരെങ്കിലും എന്നോട് പറയാമോ?

ഭവിന: നമസ്‌തേ, സര്‍!

പ്രധാനമന്ത്രി: നമസ്‌തേ!

ഭവിന: ഭവിന, സര്‍.

പ്രധാനമന്ത്രി: അതെ, ഭവിനാ, സുഖമാണോ?

ഭവിന: എനിക്ക് സുഖമാണ് സര്‍. സുഖമാണോ?

പ്രധാനമന്ത്രി: അതെ, ഭവിനാ, ദയവായി മുന്നോട്ട് പോകൂ!

ഭവിന: സര്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ കായിക വികസനത്തില്‍ ഖേലോ ഇന്ത്യ കാമ്പെയ്ന്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, ഇത് താഴെത്തട്ടില്‍ നിന്ന് നിരവധി പ്രതിഭകളെ മുന്‍നിരയിലേക്ക് കൊണ്ടുവന്നു. ഖേലോ ഇന്ത്യയില്‍ പാരാ സ്‌പോര്‍ട്‌സ് ഉള്‍പ്പെടുത്തിയതിനാല്‍, പാരാ അത്‌ലറ്റുകള്‍ക്ക് നല്ല പ്ലാറ്റ്‌ഫോമും പുതിയ ദിശാസൂചനകളും ലഭിച്ചു. ഖേലോ ഇന്ത്യയില്‍ നിന്ന് 16 അത്‌ലറ്റുകള്‍ പാരീസ് പാരാലിമ്പിക്‌സിന് യോഗ്യത നേടി എന്നതാണ് എനിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല ഉദാഹരണം.

പ്രധാനമന്ത്രി: കൊള്ളാം! പരിക്കുകള്‍ കൈകാര്യം ചെയ്യുന്നത് കായികതാരങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. പാരാഅത്‌ലറ്റുകള്‍ പാരാലിമ്പിക്‌സിനുള്ള തയ്യാറെടുപ്പിനിടെ പരിക്കുകളെ എങ്ങനെ നേരിടുകയും പ്രചോദിതരായി തുടരുകയും ചെയ്യുന്നു?

തരുണ്‍ ധില്ലന്‍: സര്‍, നമസ്‌തേ!

പ്രധാനമന്ത്രി: നമസ്‌തേ!

തരുണ്‍ ധില്ലന്‍: സര്‍, എന്റെ പേര് തരുണ്‍ ധില്ലന്‍. ഞാന്‍ ഹരിയാനയിലെ ഹിസാറില്‍ നിന്നാണ്! എന്റെ കായികയിനം ബാഡ്മിന്റണ്‍ ആണ്, സര്‍, നിങ്ങള്‍ ചോദിച്ച പരിക്കിനെക്കുറിച്ച്, എന്റെ അനുഭവം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സര്‍, 2022 ലെ കാനഡ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിനിടെ, ഒരു മത്സരത്തിനിടെ എന്റെ കാല്‍മുട്ടിന്റെ ലിഗമെന്റ് മുറിഞ്ഞു, ഇത് ഒരു ബാഡ്മിന്റണ്‍ കളിക്കാരന് ഗുരുതരമായ പരിക്കാണ്, സര്‍, ഒരു ടോപ്‌സ് അത്‌ലറ്റായതില്‍ ഞാന്‍ ഭാഗ്യവാനാണ്. എല്ലാ കായികതാരങ്ങളോടും സര്‍ അങ്ങയോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ TOPSന്റെ ഭാഗമായതിനാല്‍, എന്റെ പരിക്കിന്റെ സമയത്ത് SAI ഉദ്യോഗസ്ഥരും സ്‌പോര്‍ട്‌സ് SAI ടീമും എന്നെ വളരെയധികം സഹായിച്ചു. മുംബൈയിലെ മികച്ച ഡോക്ടറായ ഡോ. ഡിന്‍ഷോയുടെ അടുത്ത് ചികിത്സയ്ക്കായി എന്നെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ അവര്‍ ഒരു ബിസിനസ് ക്ലാസ് വിമാന ടിക്കറ്റ് ഏര്‍പ്പാട് ചെയ്തു. എന്റെ ശസ്ത്രക്രിയ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്തു, SAI യുടെ പിന്തുണ കാരണം എനിക്ക് സുഖം പ്രാപിക്കാനും കായികരംഗത്തേക്ക് മടങ്ങാനും കഴിഞ്ഞു. സുഖം പ്രാപിക്കാന്‍ 10-11 മാസമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു, പക്ഷേ SAI യുടെ പിന്തുണ കാരണം ഞാന്‍ 7 മാസം കൊണ്ട് സുഖം പ്രാപിച്ചു, എട്ടാം മാസത്തില്‍ ഞാന്‍ ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ കളിക്കാന്‍ പോയി, അവിടെ ഞാന്‍ സ്വര്‍ണ്ണ മെഡല്‍ നേടി. TOPS സ്‌കീം കാരണം, ഇന്ന്, ഞങ്ങളെപ്പോലുള്ള ഇടത്തരം കുടുംബങ്ങള്‍ക്ക് അത്തരം വലിയ പരിക്കുകളെ എളുപ്പത്തില്‍ തരണം ചെയ്യാനും കായികരംഗത്തെ നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പ്രധാനമന്ത്രി: നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍! നിങ്ങളില്‍ പലര്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ അനുയായികളുണ്ട്. പാരാ സ്‌പോര്‍ട്‌സില്‍ സോഷ്യല്‍ മീഡിയ എങ്ങനെ സഹായിക്കുന്നുവെന്ന് ആരെങ്കിലും എന്നോട് പറയാമോ?

യോഗേഷ് കത്തുനിയ: നമസ്‌തേ, സര്‍! ഹര്‍ ഹര്‍ മഹാദേവ്! എന്റെ പേര് യോഗേഷ് കത്തൂനിയ, ഞാന്‍ ഹരിയാനയിലെ ബഹദൂര്‍ഗഢില്‍ നിന്നാണ്. സോഷ്യല്‍ മീഡിയ പാരാ സ്‌പോര്‍ട്‌സില്‍ വളരെ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്, പ്രത്യേകിച്ചും മുമ്പ് ഇല്ലാതിരുന്ന അവബോധം വളര്‍ത്തുന്നതില്‍. ക്രമേണ, പാരാ സ്‌പോര്‍ട്‌സും ഒരു കാര്യമാണെന്ന് ഇന്ത്യയിലെ ആളുകള്‍ മനസ്സിലാക്കുന്നു, സോഷ്യല്‍ മീഡിയയില്‍ കാണുന്ന കാര്യങ്ങള്‍ കാരണം നിരവധി പുതിയ അത്‌ലറ്റുകള്‍ പാരാ സ്‌പോര്‍ട്‌സിലേക്ക് വരുന്നു. വികലാംഗരായ പലരും വിദ്യാഭ്യാസവും മറ്റ് കാര്യങ്ങളും മാത്രമേ പിന്തുടരാന്‍ കഴിയൂ എന്ന് കരുതിയിരുന്നു, എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ പേര്‍ പാരാ സ്‌പോര്‍ട്‌സിലേക്ക് വരുന്നത് നാം കാണുന്നു. സോഷ്യല്‍ മീഡിയ കാരണം പാരാ സ്‌പോര്‍ട്‌സിന്റെ ദൃശ്യപരത ഗണ്യമായി വര്‍ദ്ധിച്ചു, കൂടാതെ ഇത് ആളുകളുമായി ബന്ധപ്പെടാനുള്ള അവസരവും നല്‍കുന്നു. ഞങ്ങളുടെ വീഡിയോകള്‍ കാണുന്നവര്‍ക്ക് പ്രചോദനം ലഭിക്കുന്നു, കൂടാതെ വരാനിരിക്കുന്ന താഴേത്തട്ടിലുള്ള അത്‌ലറ്റുകള്‍ക്ക് ആ വ്യായാമങ്ങള്‍ അവരുടെ ദിനചര്യകളില്‍ ഉള്‍പ്പെടുത്താനും കഴിയും. പാരാ സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

അവതാരകന്‍: സര്‍, ഞങ്ങളുടെ കായികതാരങ്ങളുടെ മനോവീര്യം വര്‍ധിപ്പിക്കുന്നതിന് പ്രോത്സാഹനമേകുന്ന വാക്കുകള്‍ പറയാന്‍ ഞങ്ങള്‍ അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു. നന്ദി, സര്‍.

പ്രധാനമന്ത്രി: രാജ്യത്തിന്റെ കായിക മന്ത്രി ശ്രീ മന്‍സുഖ് മാണ്ഡവിയ ജി, കായിക സഹമന്ത്രി രക്ഷ ഖഡ്‌സെ ജി, പാരാ അത്‌ലറ്റുകള്‍, പരിശീലകര്‍, സ്റ്റാഫ് എന്നിവര്‍ ലോകത്തിലെ എല്ലാ കോണുകളിലുമുള്ള ജീവനക്കാർ, ഇന്ന് നിങ്ങളോടെല്ലാം സംസാരിക്കാൻ അവസരം ലഭിച്ചതിൽ ഞാന്‍ വളരെ സന്തുഷ്ടനാണ്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഞങ്ങള്‍ പരിശീലനത്തിന്റെ അവസാന ഘട്ടത്തിലാണെങ്കിലും, നിങ്ങളെ കാണാന്‍ എനിക്ക് ഇപ്പോഴും അവസരം ലഭിച്ചു. നിങ്ങളെല്ലാവരും ഭാരതത്തിന്റെ പതാകവാഹകരായാണ് പാരീസിലേക്ക് പോകുന്നത്. ഈ യാത്ര നിങ്ങളുടെ ജീവിതത്തിലും കരിയറിലും വളരെ പ്രധാനപ്പെട്ട ഒന്നായിരിക്കും, അത് രാജ്യത്തിന് തുല്യമാണ്. രാജ്യത്തിന്റെ അഭിമാനം പാരീസിലെ നിങ്ങളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, ഇന്ന്, രാജ്യം മുഴുവന്‍ നിങ്ങളെ അനുഗ്രഹിക്കുന്നു, നമ്മുടെ പാരമ്പര്യത്തില്‍, ഇതുപോലെ അനുഗ്രഹങ്ങള്‍ നല്‍കുമ്പോള്‍, ആളുകള്‍ പറയുന്നത് 'വിജയി ഭവ' (വിജയിക്കൂ) എന്നാണ്. 140 കോടി ഇന്ത്യക്കാര്‍ നിങ്ങളെ അനുഗ്രഹിക്കുന്നു'വിജയി ഭവ.' ടോക്കിയോയിലെയും ഏഷ്യന്‍ പാരാ ഗെയിംസിലെയും പോലെ, പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിങ്ങള്‍ ഉത്സുകരാണെന്ന് നിങ്ങളുടെ ആവേശം കാണിക്കുന്നു. ധൈര്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും എന്ത് നേടാനാകുമെന്ന് കാണിക്കൂ. പാരീസ് പാരാലിമ്പിക്‌സിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും.

സുഹൃത്തുക്കളേ,

ഏതൊരു കായികരംഗത്തും ഒരു കളിക്കാരന്‍ ഇത്രയും മികച്ച ഒരു ഘട്ടത്തിലെത്തുമ്പോള്‍, അതിനു പിന്നില്‍ ധൈര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ത്യാഗത്തിന്റെയും മുഴുവന്‍ കഥയുണ്ട്. ഏതൊരു കളിക്കാരന്റെയും അടിത്തറ ആത്മവിശ്വാസത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കളിക്കാരന്‍ അച്ചടക്കത്തിന്റെ ശക്തിയോടെ മുന്നേറുന്നു. അവരുടെ വിജയം അവരുടെ ആത്മവിശ്വാസത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും തെളിവാണ്. എന്നിരുന്നാലും, പാരാ അത്‌ലറ്റുകളുടെ കാര്യം വരുമ്പോള്‍, ഈ സത്യവും വെല്ലുവിളിയും പലമടങ്ങ് വലുതായിത്തീരുന്നു. നിങ്ങള്‍ ഈ ഘട്ടത്തിലെത്തുന്നത് നിങ്ങള്‍ ഉള്ളില്‍ നിന്ന് എത്ര ശക്തരാണെന്ന് കാണിക്കുന്നു. പ്രതികൂലമായ കാറ്റിനെ മാത്രമല്ല പ്രതികൂലമായ കൊടുങ്കാറ്റിനെയും നേരിടാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടെന്ന് നിങ്ങളുടെ വിജയം കാണിക്കുന്നു. സമൂഹത്തിന്റെ സ്ഥാപിത മാനദണ്ഡങ്ങളെ നിങ്ങള്‍ മറികടന്നു, നിങ്ങളുടെ ശരീരത്തിന്റെ വെല്ലുവിളികളെ നിങ്ങള്‍ തരണം ചെയ്തു. അതിനാല്‍, നിങ്ങള്‍ വിജയത്തിന്റെ മന്ത്രമാണ്, നിങ്ങള്‍ വിജയത്തിന്റെ ഉദാഹരണമാണ്, നിങ്ങള്‍ വിജയത്തിന്റെ തെളിവാണ്. പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങുക, അപ്പോള്‍ നിങ്ങളെ വിജയിക്കുന്നതില്‍ നിന്ന് ആര്‍ക്കും തടയാനാവില്ല.

സുഹൃത്തുക്കളേ,

സമീപ വര്‍ഷങ്ങളില്‍ ഭാരതത്തിന്റെ വിജയവും പാരാ ഗെയിമുകളിലെ ആധിപത്യവും എങ്ങനെ വര്‍ദ്ധിച്ചുവെന്നതിന് നിങ്ങളെല്ലാം സാക്ഷികളാണ്. 2012ല്‍ ലണ്ടന്‍ പാരാലിമ്പിക്‌സില്‍ ഭാരതം ഒരു മെഡല്‍ മാത്രമാണ് നേടിയത്. അന്ന് നാം സ്വർണമൊന്നും നേടിയില്ല. 2016ല്‍ ഭാരതം റിയോയില്‍ 2 സ്വര്‍ണവും ആകെ 4 മെഡലുകളും നേടിയിരുന്നു. ടോക്കിയോ പാരാലിമ്പിക്‌സില്‍  5 സ്വര്‍ണം, 8 വെള്ളി, 6 വെങ്കലം എന്നിങ്ങനെ റെക്കോര്‍ഡ് നേട്ടവുമായി നാം 19 മെഡലുകള്‍ നേടി. നാട്ടിലേക്ക് മെഡല്‍ കൊണ്ടു വന്നപ്പോള്‍ നിങ്ങളില്‍ പലരും ആ സംഘത്തിന്റെ ഭാഗമായിരുന്നു, പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ഭാരതം നേടിയ 31 മെഡലുകളില്‍ 19 എണ്ണവും ടോക്കിയോയില്‍ നിന്നാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്‌പോര്‍ട്‌സിലും പാരാ ഗെയിമുകളിലും ഭാരതം എത്രത്തോളം ഉയര്‍ന്നുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം.

സുഹൃത്തുക്കളേ,

കായികരംഗത്തെ ഭാരതത്തിന്റെ നേട്ടങ്ങള്‍ കളികളോടുള്ള സമൂഹത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു. സ്‌പോര്‍ട്‌സ് ഒരു വിനോദമായി മാത്രം കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു, ഒഴിവുസമയമുള്ളവര്‍ ചെയ്യുന്ന ഒന്ന്. എന്നാല്‍ ഇന്ന് കളിക്കുന്നവര്‍ വളരുന്നു. വീട്ടില്‍ പോലും കൂടുതല്‍ കളിച്ചവരെ ശകാരിച്ചു; സ്‌പോര്‍ട്‌സ് ഒരു കരിയറായിട്ടല്ല, മറിച്ച് ഒരു തടസ്സമായാണ് കണ്ടത്. കായികരംഗത്ത് അവസരങ്ങള്‍ തീരെ ഇല്ലാതായി. എന്റെ ദിവ്യാംഗരായ സഹോദരങ്ങളും സഹോദരിമാരും ദുര്‍ബലരും ആശ്രിതരുമായി കണക്കാക്കപ്പെട്ടിരുന്നു. നമ്മുടെ ഈ ചിന്താഗതി മാറ്റി അവര്‍ക്കായി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. ഇന്ന്, മറ്റ് കായിക ഇനങ്ങളെപ്പോലെ തന്നെ പാരാ ഗെയിമുകള്‍ക്കും മുന്‍ഗണന ലഭിക്കുന്നു. 'ഖേലോ ഇന്ത്യ പാരാ ഗെയിംസ്' രാജ്യത്തും ആരംഭിച്ചു. നമ്മുടെ പാരാ അത്‌ലറ്റുകളെ സഹായിക്കുന്നതിനായി ഗ്വാളിയോറില്‍ ഒരു പാരാ കായിക പരിശീലന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. നമ്മുടെ പാരാ അത്‌ലറ്റുകള്‍ TOPS, ഖേലോ ഇന്ത്യ സൗകര്യങ്ങളില്‍ നിന്ന് പ്രയോജനം നേടുന്നു. ഈ ഗ്രൂപ്പിലെ 50 അത്‌ലറ്റുകള്‍ TOPS പദ്ധതിയുമായി ബന്ധപ്പെട്ടതില്‍ എനിക്ക് സന്തോഷമുണ്ട്, കൂടാതെ 16 അത്‌ലറ്റുകള്‍ ഖേലോ ഇന്ത്യയില്‍ നിന്നുള്ളവരാണ്. നിങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ച്, വിദേശ പരിശീലകര്‍, വിദഗ്ധര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരെയും നിയമിച്ചിട്ടുണ്ട്. ഈ സമയം, പാരീസില്‍ നിങ്ങള്‍ ഒരു അത്ഭുതകരമായ കാര്യത്തിന് സാക്ഷ്യം വഹിക്കും. പാരീസ് പാരാലിമ്പിക് ഗെയിംസ് വില്ലേജില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പ്രത്യേക റിക്കവറി സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ റിക്കവറി സെന്റര്‍ നിങ്ങള്‍ക്ക് വളരെ സഹായകരമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

സുഹൃത്തുക്കളേ,

പാരീസ് 2024 പാരാലിമ്പിക്‌സ് രാജ്യത്തിന് പല തരത്തില്‍ സവിശേഷമാണ്. പല കായിക ഇനങ്ങളിലും  നമ്മുടെ സ്ലോട്ടുകള്‍ വര്‍ദ്ധിച്ചു,  നമ്മുടെ പങ്കാളിത്തം വര്‍ദ്ധിച്ചു. ഭാരതത്തിന്റെ സുവര്‍ണയാത്രയിലെ സുപ്രധാന നാഴികക്കല്ലായി പാരീസ് പാരാലിമ്പിക്‌സ് മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് നിങ്ങള്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍  നമുക്ക് വീണ്ടും കാണും. ഒരിക്കല്‍ കൂടി, മുഴുവന്‍ രാജ്യത്തിന്റെയും പേരില്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു. രാഷ്ട്രം മുഴുവന്‍ നിങ്ങള്‍ക്കായി ഒരു മന്ത്രം ജപിക്കുന്നു  'വിജയി ഭവ' (നിങ്ങള്‍ വിജയിക്കട്ടെ). വിജയീ ഭവ. വിജയീ ഭവ.

നന്ദി.

 

-NS-


(Release ID: 2051284) Visitor Counter : 43