ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ 2 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു; 5 വർഷ കാലയളവിൽ 4.1 കോടി യുവാക്കൾക്ക് തൊഴിലും നൈപുണ്യവികസനവും മറ്റ് അവസരങ്ങളും


2024-25 ലെ യൂണിയൻ ബജറ്റ് തൊഴിൽ, വൈദഗ്ധ്യം, എംഎസ്എംഇ, മധ്യവർഗക്കാർ എന്നിവയിൽ പ്രത്യേകശ്രദ്ധ കേന്ദ്രീകരിക്കുന്നു: ശ്രീമതി നിർമല സീതാരാമൻ

Posted On: 23 JUL 2024 1:16PM by PIB Thiruvananthpuram

“ഈ ബജറ്റിൽ, തൊഴിൽ, വൈദഗ്ധ്യം, എംഎസ്എംഇകൾ, മധ്യവർഗം എന്നിവയിൽ ഞങ്ങൾ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു” - 2024-25 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കവെ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിന്റെ പ്രമേയം മുന്നോട്ട് കൊണ്ടു പോകുന്ന ധനമന്ത്രി 5 പദ്ധതികളും സംരംഭങ്ങളും ഉൾപ്പെടുന്ന പ്രധാനമന്ത്രിയുടെ പാക്കേജ് പ്രഖ്യാപിച്ചു. അഞ്ചുവർഷ കാലയളവിൽ 4.1 കോടി യുവാക്കൾക്ക് തൊഴിൽ, വൈദഗ്ധ്യം, മറ്റ് അവസരങ്ങൾ എന്നിവ സുഗമമാക്കാനാണ് പാക്കേജ് ലക്ഷ്യമിടുന്നത്. “ഈ വർഷം വിദ്യാഭ്യാസം, തൊഴിൽ, വൈദഗ്ധ്യം എന്നിവയ്ക്കായി 1.48 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്”- അവർ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി ‘തൊഴിൽ ബന്ധിത ആനുകൂല്യത്തിനായി’ ഗവണ്മെന്റ് മൂന്ന് പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപനത്തിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്ന ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. ഇവ ഇപിഎഫ്ഒയിലെ എൻറോൾമെന്റിന്റെ അടിസ്ഥാനത്തിലായിരിക്കും. ആദ്യമായി ജോലി ചെയ്യുന്നവരെ അംഗീകരിക്കുന്നതിലും ജീവനക്കാർക്കും തൊഴിലുടമകൾക്കുമുള്ള പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

സ്കീം എ: ആദ്യമായി ​തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നവർ

2 വർഷത്തിനുള്ളിൽ 2.1 കോടി യുവാക്കൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, എല്ലാ ഔപചാരിക മേഖലകളിലും പുതുതായി ജോലിയിൽ പ്രവേശിക്കുന്ന എല്ലാ വ്യക്തികൾക്കും ഒരു മാസത്തെ വേതനം നൽകും. പ്രതിമാസം ഒരു ലക്ഷം രൂപയായിരിക്കും യോഗ്യതാ പരിധി. ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്തതുപോലെ, ഒരു മാസത്തെ ശമ്പളത്തിന്റെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം 3 തവണകളായി 15,000 രൂപ വരെ ലഭിക്കും. ആദ്യമായി തൊഴിലിൽ പ്രവേശിക്കുന്നവർ പൂർണ്ണ സജ്ജരാകുന്നതിനു മുമ്പ് കൃത്യമായ നൈപുണ്യം ലഭ്യമാക്കുന്നതുവരെ അവരെ പിന്തുണയ്‌ക്കുന്നതിലൂടെ ഈ സബ്‌സിഡി ജീവനക്കാർക്കും തൊഴിലുടമകൾക്കും ആദ്യമായി ജീവനക്കാരാകുന്നവരെ നിയമിക്കുന്നതിൽ അത്യന്താപേക്ഷിതമാണ്. രണ്ടാം ഗഡു ക്ലെയിം ചെയ്യുന്നതിന് മുമ്പ് ജീവനക്കാർ നിർബന്ധിത ഓൺലൈൻ സാമ്പത്തിക സാക്ഷരതാ കോഴ്സിന് വിധേയരാകണം. കൂടാതെ, നിയമനം കഴിഞ്ഞ് 12 മാസത്തിനുള്ളിൽ ആദ്യമായി പ്രവേശിക്കുന്നവർക്കുള്ള പ്രവർത്തനങ്ങൾ അവസാനിച്ചാൽ തൊഴിലുടമ സബ്‌സിഡി തിരികെ നൽകേണ്ടിവരും.

 

സ്കീം ബി: നിർമാണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ

ഉൽപ്പാദനരംഗത്ത് ആദ്യമായി തൊഴിലിൽ പ്രവേശിക്കുന്നവരെ ഗണ്യമായി നിയമിക്കുക എന്ന ലക്ഷ്യത്തോടെ, ഈ സ്കീം ഈ മേഖലയിൽ അധിക തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കും. അതുവഴി തൊഴിലിൽ പ്രവേശിക്കുന്ന 30 ലക്ഷം യുവാക്കൾക്കും അവരുടെ തൊഴിലുടമകൾക്കും പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജോലിയുടെ ആദ്യ 4 വർഷത്തെ ഇപിഎഫ്ഒ സംഭാവനയുമായി ബന്ധപ്പെട്ട് ജീവനക്കാർക്കും തൊഴിലുടമയ്ക്കും നേരിട്ട് നിർദ്ദിഷ്ട സ്കെയിലിൽ ഒരു ഇൻസെന്റീവ് നൽകും. നിയമനം കഴിഞ്ഞ് 12 മാസത്തിനുള്ളിൽ ആദ്യമായി തൊഴിലിൽ പ്രവേശിക്കുന്നവർക്കുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിച്ചാൽ തൊഴിലുടമ സബ്‌സിഡി തിരികെ നൽകേണ്ടിവരും.

 

സ്കീം സി: തൊഴിലുടമകൾക്കുള്ള പിന്തുണ

തൊഴിലുടമയെ കേന്ദ്രീകരിച്ചുള്ള ഈ സ്കീം എല്ലാ മേഖലകളിലെയും പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളത്തിനുള്ളിൽ എല്ലാ അധിക തൊഴിലുകളും പരിരക്ഷിക്കും. ഈ വിഭാഗത്തിന് കീഴിലുള്ള പുതിയ ജീവനക്കാർ ഇപിഎഫ്ഒയിൽ പുതിയതായി പ്രവേശിക്കേണ്ടതില്ല. അധികമായുള്ള ഓരോ ജീവനക്കാരന്റെയും ഇപിഎഫ്ഒ വിഹിതത്തിലേക്ക് ഗവണ്മെന്റ് 2 വർഷത്തേക്ക് തൊഴിലുടമകൾക്ക് പ്രതിമാസം 3,000 രൂപ വരെ തിരികെ നൽകും. പദ്ധതി 50 ലക്ഷം പേർക്ക് അധിക തൊഴിലവസരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിൽ, ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചിരിക്കുന്ന നാലാമത്തെ സ്കീം, സംസ്ഥാന ഗവണ്മെന്റുകളുമായും വ്യവസായങ്ങളുമായും സഹകരിച്ച് നൈപുണ്യമുണ്ടാക്കുന്നതിനുള്ള പുതിയ കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. മൊത്തം 60,000 കോടി രൂപ അടങ്കലുള്ള പദ്ധതി 5 വർഷ കാലയളവിൽ 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യപരിശീലനത്തിനു ലക്ഷ്യമിടുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, 1,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ (ഐടിഐകൾ) ഹബ്ബിൽ നവീകരിക്കും. കൂടാതെ, കോഴ്‌സിന്റെ ഉള്ളടക്കവും രൂപകൽപ്പനയും വ്യവസായത്തിന്റെ നൈപുണ്യ ആവശ്യങ്ങൾക്ക് അനുസൃതമാക്കുകയും ഉയർന്നുവരുന്ന ആവശ്യങ്ങൾക്കായി പുതിയ കോഴ്‌സുകൾ അവതരിപ്പിക്കുകയും ചെയ്യും.

“5 വർഷത്തിനുള്ളിൽ 1 കോടി യുവാക്കൾക്ക് 500 മികച്ച കമ്പനികളിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുന്നതിനുള്ള സമഗ്രമായ പദ്ധതി ഞങ്ങളുടെ ഗവണ്മെന്റ് ആരംഭിക്കും (കമ്പനികളുടെ പങ്കാളിത്തം സ്വമേധയാ ഉള്ളതാണ്). യഥാർത്ഥ വ്യാവസായിക അന്തരീക്ഷം, വിവിധ തൊഴിലുകൾ, തൊഴിലവസരങ്ങൾ എന്നിവയുമായി 12 മാസത്തേക്ക് അവർ സമ്പർക്കം പുലർത്തും”- പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിലുള്ള അഞ്ചാമത്തെ പദ്ധതിയെക്കുറിച്ച് സംസാരിച്ച ധനമന്ത്രി പറഞ്ഞു.  പ്രതിമാസം 5,000 രൂപ ഇന്റേൺഷിപ്പ് അലവൻസും 6,000 രൂപ ഒറ്റത്തവണ സഹായവും നൽകും. പരിശീലനച്ചെലവും ഇന്റേൺഷിപ്പ് ചെലവിന്റെ 10 ശതമാനവും കമ്പനികൾ അവരുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു- ശ്രീമതി നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. 21 നും 24 നും ഇടയിൽ പ്രായമുള്ള, ജോലിയില്ലാത്ത, മുഴുവൻ സമയ വിദ്യാഭ്യാസത്തിൽ ഏർപ്പെടാത്ത യുവാക്കൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

(ബജറ്റ് പ്രസംഗത്തിന്റെ ഭാഗം-എ വരെയുള്ള അനുബന്ധത്തിൽ വിശദമായ യോഗ്യതാ വ്യവസ്ഥകൾ നൽകിയിട്ടുണ്ട്)

NS

***


(Release ID: 2035792) Visitor Counter : 102