ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

കഴിഞ്ഞ അഞ്ച് വർഷമായി കാർഷിക മേഖല, 4.18 ശതമാനം ശരാശരി വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തി: സാമ്പത്തിക സർവേ



ചെറുകിട കർഷകർ ഉയർന്ന മൂല്യമുള്ള കൃഷിരീതിയിലേക്ക് മാറണം

എണ്ണക്കുരുക്കളുടെ മൊത്തം  കാർഷിക വിസ്തൃതി 2014-15ലെ 25.60 ദശലക്ഷം ഹെക്ടറിൽ നിന്ന് 2023-24ൽ 30.08 ദശലക്ഷം ഹെക്ടറായി ഉയർന്നു (17.5 ശതമാനം വളർച്ച)

കാർഷികമേഖലയിൽ സ്വകാര്യ നിക്ഷേപം വർധിപ്പിക്കുന്നത് ഈ മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിന് അനിവാര്യം

Posted On: 22 JUL 2024 2:59PM by PIB Thiruvananthpuram

2023-24 വർഷത്തെ  സാമ്പത്തിക സർവേ ഇന്ന് പാർലമെന്റിൽ  കേന്ദ്ര ധനകാര്യ കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ അവതരിപ്പിച്ചു. ചെറുകിട കർഷകർ ഉയർന്ന മൂല്യമുള്ള കൃഷിരീതിയിലേക്ക് മാറണമെന്ന് സാമ്പത്തിക സർവേ പറയുന്നു.  ചെറുകിട ഉടമകളുടെ വരുമാനം വർധിച്ചുകഴിഞ്ഞാൽ, ഉൽപ്പാദന വിപ്ലവത്തിന് പ്രേരിപ്പിക്കുന്ന തരത്തിൽ ഉൽപ്പന്നങ്ങളുടെ ആവശ്യകത ഉണ്ടാകുമെന്ന് സർവേ പറയുന്നു.

 

ഇന്ത്യൻ കാർഷിക മേഖല, ജനസംഖ്യയുടെ ഏകദേശം 42.3 ശതമാനം പേർക്ക് ഉപജീവനമാർഗം നൽകുന്നുണ്ടെന്നും നിലവിലെ വിലയിൽ രാജ്യത്തിന്റെ ജിഡിപിയിൽ അതിന് 18.2 ശതമാനം വിഹിതമുണ്ടെന്നും സാമ്പത്തിക സർവേ പറയുന്നു.  കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സ്ഥിരമായ വിലയിൽ ശരാശരി 4.18 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയതും 2023-24 ലെ താത്കാലിക കണക്കുകൾ പ്രകാരം കാർഷികമേഖല 1.4 ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചതും ഈ മേഖലയുടെ ഊർജ്ജസ്വലത പ്രകടമാക്കുന്നു.

കാർഷിക ഗവേഷണത്തിലെ നിക്ഷേപവും നയങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള  പിന്തുണയും ഭക്ഷ്യസുരക്ഷയിൽ ഗണ്യമായ സംഭാവന നൽകിയതായി സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.  കാർഷിക ഗവേഷണത്തിൽ (വിദ്യാഭ്യാസമുൾപ്പെടെ) നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും 13.85 രൂപ പ്രതിഫലം ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു.  2022-23ൽ കാർഷിക ഗവേഷണത്തിനായി 19,650 കോടി രൂപ ചെലവഴിച്ചു.

കാർഷികമേഖലയിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുന്നത്, മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിന് അത്യന്താപേക്ഷിതമാണെന്ന് സാമ്പത്തിക സർവേ പറയുന്നു.  സാങ്കേതികവിദ്യയിലെ നിക്ഷേപം, ഉൽപ്പാദന രീതികൾ, വിപണന അടിസ്ഥാന സൗകര്യങ്ങൾ, വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കൽ എന്നിവ വർധിപ്പിക്കേണ്ടതുണ്ട്.   കാർഷികോല്പന്നങ്ങളുടെ വിളവെടുപ്പിനു ശേഷമുള്ള സംരക്ഷണത്തിന്  അടിസ്ഥാന സൗകര്യങ്ങളിലും ഭക്ഷ്യ സംസ്കരണ മേഖലയുടെ വികസനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത് വിളകളുടെ പാഴാക്കൽ/നഷ്ടം കുറയ്ക്കുകയും സംഭരണ കാലയളവിന്റെ   ദൈർഘ്യം വർദ്ധിപ്പിക്കുകയും കർഷകർക്ക് മികച്ച വില ഉറപ്പാക്കുകയും ചെയ്യും.

2022-23ൽ ഭക്ഷ്യധാന്യ ഉൽപ്പാദനം എക്കാലത്തെയും ഉയർന്ന നിരക്കായ 329.7 ദശലക്ഷം ടണ്ണിലെത്തി. എണ്ണക്കുരു ഉൽപ്പാദനം 41.4 ദശലക്ഷം ടൺ ആയതായും സാമ്പത്തിക സർവേ പറയുന്നു. മൺസൂണിന്റെ കുറവ് അല്ലെങ്കിൽ കാലതാമസം മൂലം 2023-24-ൽ ഭക്ഷ്യധാന്യ ഉൽപ്പാദനം 328.8 ദശലക്ഷം ടണ്ണായി, നേരിയ തോതിൽ കുറഞ്ഞു.  ഭക്ഷ്യ എണ്ണയുടെ ആഭ്യന്തര ലഭ്യത 2015-16ൽ 86.30 ലക്ഷം ടണ്ണിൽ നിന്ന് 2023-24ൽ 121.33 ലക്ഷം ടണ്ണായി ഉയർന്നു.  എല്ലാ എണ്ണക്കുരുക്കളുടെയും മൊത്തം  കാർഷിക വിസ്തൃതി 2014-15 ൽ 25.60 ദശലക്ഷം ഹെക്ടറിൽ നിന്ന് 2023-24 ൽ 30.08 ദശലക്ഷം ഹെക്ടറായി വർദ്ധിച്ചു (17.5 ശതമാനം വളർച്ച).  ആഭ്യന്തര ആവശ്യകതയും ഉപഭോഗ രീതിയും വർധിച്ചിട്ടും, ഇറക്കുമതി ചെയ്യുന്ന  ഭക്ഷ്യ എണ്ണയുടെ  വിഹിത ശതമാനം 2015-16 ലെ 63.2 ശതമാനത്തിൽ നിന്ന് 2022-23 ൽ 57.3 ശതമാനമായി കുറച്ചു.

കാർഷിക വിപണനത്തിലെ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും  മെച്ചപ്പെട്ട വില ലഭിക്കുന്നതിനുമായി ഗവൺമെന്റ്, ഇ-നാം പദ്ധതി നടപ്പിലാക്കിയതായും 2024 മാർച്ച് 14 വരെ 1.77 കോടി കർഷകരും 2.56 ലക്ഷം വ്യാപാരികളും ഇ-നാം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സാമ്പത്തിക സർവേ സൂചിപ്പിക്കുന്നു.  10,000 എഫ്പിഒകൾ രൂപീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി  2027-28 വരെ 6860 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ ഇന്ത്യാ ഗവൺമെന്റ് 2020-ൽ ഈ പദ്ധതി ആരംഭിച്ചു.  2024 ഫെബ്രുവരി 29 വരെ, 8,195 എഫ്പിഒകൾ, പുതിയ എഫ്പിഒ പദ്ധതിക്ക്  കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 3,325 എഫ്പിഒകൾക്ക് ഓഹരി ഗ്രാന്റായി 157.4 കോടി രൂപ അനുവദിച്ചു.  1,185 എഫ്പിഒകൾക്ക് 278.2 കോടി രൂപയുടെ വായ്പാ സുരക്ഷ   നൽകി.

കാർഷിക ഉൽപ്പന്നങ്ങൾക്ക്   വില പിന്തുണ നൽകുന്നത്, കർഷകർക്ക് മെച്ചപ്പെട്ട ആദായം ഉറപ്പുനൽകുകയും വരുമാനം വർധിപ്പിക്കുകയും ന്യായവിലയിൽ സാധനങ്ങളുടെ സ്ഥിരതയുള്ള  വിതരണം ഉറപ്പാക്കാൻ ഗവൺമെന്റിനെ അനുവദിക്കുകയും ചെയ്യുന്നുവെന്ന് സാമ്പത്തിക സർവേ പറയുന്നു.  അതനുസരിച്ച്, 2018-19 കാർഷിക വർഷം മുതൽ, എല്ലാ ഖാരിഫ്, റാബി, മറ്റ് വാണിജ്യ വിളകൾ എന്നിവയുടെ താങ്ങുവില, അഖിലേന്ത്യാ ശരാശരി ഉൽപ്പാദനച്ചെലവിന്റെ 50 ശതമാനമെങ്കിലും നിരക്കിൽ ഗവൺമെന്റ്   വർധിപ്പിക്കുന്നു.

ഏറ്റവും ദുർബലരായ കർഷക കുടുംബങ്ങൾക്ക് സാമൂഹിക സുരക്ഷ നൽകുന്നതിനായി  പ്രധാനമന്ത്രി കിസാൻ മാൻധൻ യോജന (പിഎംകെഎംവൈ),  ഗവൺമെന്റ്  നടപ്പാക്കുന്നതായി സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.  അപേക്ഷകൻ (18 നും 40 നും ഇടയിൽ പ്രായമുള്ളവർ) പ്രതിമാസം അടയ്‌ക്കുന്ന നാമമാത്രമായ 55 രൂപ മുതൽ 200 രൂപ വരെയുള്ള പ്രീമിയം തുക അടിസ്ഥാനമാക്കി, പദ്ധതിയിൽ ചേർന്നിട്ടുള്ള  കർഷകർക്ക് 60 വയസ്സ് തികയുമ്പോൾ മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രതിമാസം 3,000 രൂപ പെൻഷൻ  വാഗ്ദാനം ചെയ്യുന്നു. 2024 ജൂലൈ 7 വരെ 23.41 ലക്ഷം കർഷകർ ഈ പദ്ധതിയിൽ അംഗമായിട്ടുണ്ട്.

രാസവളത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സാമ്പത്തിക സർവ്വേ പറയുന്നു. ഭൂമി മാതാവിന്റെ പുനഃസ്ഥാപനത്തിനും അവബോധത്തിനും പോഷണത്തിനും മെച്ചപ്പെടുത്തലിനും വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പരിപാടി (PM-PRANAM) സംരംഭം, രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാൻ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് സാമ്പത്തിക സർവേ  പ്രസ്താവിക്കുന്നു.  നാനോ യൂറിയ, നാനോ ഡിഎപി, ജൈവ വളം എന്നീ ഇതര വളങ്ങളുടെ ഉപയോഗം പോലെയുള്ള സുസ്ഥിര രീതികളെ ഇത് പ്രോത്സാഹിപ്പിക്കുന്നു.

കർഷകരുടെ വിള സുരക്ഷയ്ക്ക് ശ്രദ്ധ നൽകി കൊണ്ട്, പ്രകൃതിക്ഷോഭങ്ങൾ, കീടബാധ, അല്ലെങ്കിൽ രോഗങ്ങൾ എന്നിവ മൂലമുണ്ടാകുന്ന വിളനാശത്തിനെതിരെ വിള സുരക്ഷ വാഗ്ദാനം ചെയ്യുന്ന പ്രധാനമന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ) സാമ്പത്തിക സർവേ ഉയർത്തിക്കാട്ടി. ഇത് കർഷകർക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നു.  പദ്ധതി, കർഷകരുടെ ഉപജീവനം സംരക്ഷിക്കുകയും ആധുനിക കൃഷിരീതികളും സാങ്കേതികവിദ്യകളും സ്വീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അംഗമായ കർഷകരുടെ എണ്ണത്തിൽ   ലോകത്തിലെ ഏറ്റവും വലിയ വിള ഇൻഷുറൻസ് പദ്ധതിയാണ് പിഎംഫ്‌ബി. ഇൻഷുറൻസ് പ്രീമിയത്തിന്റെ കാര്യത്തിൽ മൂന്നാമത്തെ വലിയ പദ്ധതിയയുമാണിത്. വിതയ്ക്കുന്നതിന് മുമ്പ് മുതൽ വിളവെടുപ്പിന് ശേഷമുള്ള എല്ലാ പ്രകൃതിദത്ത അപകടങ്ങൾക്കും എതിരെ, സമഗ്രമായ അപകട പരിരക്ഷ ഈ പദ്ധതി കർഷകർക്ക്  ഉറപ്പാക്കുന്നു.  മൊത്തം ഇൻഷ്വർ ചെയ്ത കാർഷിക പ്രദേശം, 2022-23 ലെ 500.2 ലക്ഷം ഹെക്ടറിൽ നിന്ന് 2023-24 ൽ  610 ലക്ഷം ഹെക്ടറിലെത്തി.  2016-17 മുതൽ മൊത്തം 5549.40 ലക്ഷം കർഷക അപേക്ഷകൾ പദ്ധതിക്ക് കീഴിൽ ഇൻഷ്വർ ചെയ്തിട്ടുണ്ട്. കൂടാതെ 150589.10 കോടി രൂപ ക്ലെയിം തുക അനുവദിച്ചിട്ടുണ്ട്.

--NS--


 


(Release ID: 2035402) Visitor Counter : 119