ധനകാര്യ മന്ത്രാലയം
ഇന്ത്യന്‍ കാര്‍ഷിക മേഖല ഒരു വിജയ ഗാഥ: സാമ്പത്തിക സര്‍വേ 2023 - 24
കാര്‍ഷിക മേഖലയ്ക്കുള്ള അഞ്ച് നയ ശുപാര്‍ശകള്‍ ഉയര്‍ത്തിക്കാട്ടി സാമ്പത്തിക സര്‍വേ
അടിസ്ഥാന ഭക്ഷ്യ സുരക്ഷയില്‍ നിന്ന് പോഷകാഹാര സുരക്ഷയിലേക്ക് മാറേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്
വിള നിഷ്പക്ഷ പ്രോത്സാഹന ഘടനകള്‍ ഉയർത്തിക്കാട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: സാമ്പത്തിക സര്‍വേ 2023 - 24
ഭക്ഷ്യ പോഷകാഹാര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, നിര്‍ണായക വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം എന്നീ മൂന്ന് വലിയ വെല്ലുവിളികളുടെ സംഗമ സ്ഥാനത്താണ് കാര്‍ഷിക മേഖല
Posted On:
22 JUL 2024 3:03PM by PIB Thiruvananthpuram
ഇന്ത്യന്‍ കാര്‍ഷിക മേഖല ഒരു വിജയഗാഥയാണ്. 1960 - കളില്‍ ഭക്ഷ്യ കമ്മിയും ഇറക്കുമതി ചെയ്യുന്ന രാജ്യവും എന്ന നിലയില്‍ നിന്ന് കാര്‍ഷിക ഉത്പന്നങ്ങളുടെ മൊത്തം കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര ധനകാര്യ - കോര്‍പ്പറേറ്റ് മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ 2023 - 24 എടുത്തു കാണിക്കുന്നു.
അടിസ്ഥാന ഭക്ഷ്യ സുരക്ഷയില്‍ നിന്ന് പോഷക സുരക്ഷയിലേക്ക് മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. നമുക്ക് കൂടുതല്‍ പയർ വര്‍ഗ്ഗങ്ങള്‍, ചെറു ധാന്യങ്ങൾ, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, മാംസം എന്നിവ ആവശ്യമാണെന്നും അവയുടെ ആവശ്യം അടിസ്ഥാന ഭക്ഷ്യ വസ്തുക്കളേക്കാള്‍ വേഗത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും സര്‍വേ പറയുന്നു. അതിനാല്‍, കാര്‍ഷിക മേഖലയിലെ നയങ്ങള്‍ കൂടുതല്‍ പോഷക സമൃദ്ധവും പ്രകൃതിയുടെ വിഭവ സമാഹരണവുമായി പൊരുത്തപ്പെടുന്നതുമായ ഒരു ‘ആവശ്യകതാ അധിഷ്ഠിത ഭക്ഷ്യ സമ്പ്രദായ’വുമായി കൂടുതല്‍ യോജിക്കണമെന്ന് സര്‍വേ നിര്‍ദ്ദേശിക്കുന്നു.
കർഷകരുടെ താൽപ്പര്യങ്ങൾക്കനുസൃതമായി വിപണികൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഗവണ്മെന്റുകൾക്കു സ്വീകരിക്കാവുന്ന അഞ്ച് നയ ശുപാർശകൾ സാമ്പത്തിക സർവേ വിശദീകരിക്കുന്നു. വില വർധനയുടെ ആദ്യ സൂചനയിൽ ഫ്യൂച്ചറുകളോ ഓപ്ഷനുകളോ നിരോധിക്കാത്തതിനെക്കുറിച്ച് ആദ്യ ഘട്ടം സംസാരിക്കുന്നു. ഇത്തരം വിപണികളുടെ ബുദ്ധിപരമായ നിയന്ത്രണ രൂപകല്പനയ്ക്ക് കാർഷികോൽപ്പന്നങ്ങൾക്കായുള്ള ഫ്യൂച്ചർ മാർക്കറ്റിൽ ഉദ്യോഗസ്ഥ ഇടപെടലിന്റെ ആവശ്യകത ഒഴിവാക്കാൻ കഴിയുമെന്ന് സർവേ കൂട്ടിച്ചേർക്കുന്നു.
അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം കയറ്റുമതി നിരോധനം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ഗാർഹിക ഉപഭോക്താക്കൾക്കു ബദൽ സൃഷ്ടിക്കാൻ അനുവദിക്കുന്നതിനെക്കുറിച്ചും സർവേയുടെ രണ്ടാമത്തെ ശുപാർശ സംസാരിക്കുന്നു; പ്രത്യേകിച്ചും കാർഷിക ചരക്കുകൾ ഭക്ഷ്യധാന്യങ്ങൾ പോലുള്ള അവശ്യ ഉപഭോഗ വസ്തുക്കളല്ലെങ്കിൽ. "ഉയർന്ന അന്താരാഷ്‌ട്ര വിലയിൽ നിന്ന് കർഷകർക്ക് നേട്ടമുണ്ടാക്കാൻ അനുവദിക്കണം" - സർവേ പറയുന്നു.
മൂന്നാം ഘട്ടമെന്ന നിലയിൽ, പണപ്പെരുപ്പം ലക്ഷ്യമിടുന്ന ചട്ടക്കൂട് വീണ്ടും പരിശോധിക്കുന്നതിനെ കുറിച്ച് സർവേ പറയുന്നു. ഇന്ത്യയുടെ പണപ്പെരുപ്പം ലക്ഷ്യമിടുന്ന ചട്ടക്കൂട്, ഭക്ഷണം ഒഴികെയുള്ള പണപ്പെരുപ്പത്തെ ലക്ഷ്യം വയ്ക്കുന്നത് പരിഗണിക്കണമെന്ന് അത് പറയുന്നു. “ഉയർന്ന ഭക്ഷ്യവിലകൾ, മിക്കപ്പോഴും, ആവശ്യകതാ പ്രേരിതം അല്ല, വിതരണ പ്രേരിതം ആണ്. ഇന്ത്യയുടെ ലക്ഷ്യമിടുന്ന പണപ്പെരുപ്പ ചട്ടക്കൂട് ഭക്ഷണം ഒഴികെയുള്ള പണപ്പെരുപ്പ നിരക്കിനെ ലക്ഷ്യം വയ്ക്കേണ്ടതുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്" - സർവേ കുറിക്കുന്നു. ദരിദ്രരും താഴ്ന്ന വരുമാനക്കാരുമായ ഉപഭോക്താക്കൾക്ക് ഉയർന്ന ഭക്ഷണ വില മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴിയോ അല്ലെങ്കിൽ ഉചിതമായ കാലയളവിലേക്ക് സാധുതയുള്ള നിർദ്ദിഷ്ട വാങ്ങലുകൾക്കുള്ള കൂപ്പണുകൾ വഴിയോ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് സർവേ സൂചിപ്പിക്കുന്നു.
നാലാമത്തെ ശുപാർശയിൽ മൊത്തം ജലസേചന പ്രദേശം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നു. പല സംസ്ഥാനങ്ങളും ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണ്. ഇന്ത്യയുടെ ജലസേചന കാര്യക്ഷമത ഉപരിതല ജലത്തിന് 30 - 40 ശതമാനവും ഭൂഗർഭജലത്തിന് 50 - 60 ശതമാനവും മാത്രമാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. മികച്ച ജലവിനിയോഗ കൃഷിരീതികളുടെയും തുള്ളിനന, ഫെർട്ടിഗേഷൻ തുടങ്ങിയ സാങ്കേതിക വിദ്യകളുടെയും ആവശ്യകത സർവേ എടുത്തു കാണിക്കുന്നു.
സർവേയുടെ അഞ്ചാമത്തെയും അവസാനത്തെയും നിർദ്ദേശം കാലാവസ്ഥാ പരിഗണനകൾക്ക് അനുസൃതമായി കൃഷി ചെയ്യുന്നതിനെ കുറിച്ചാണ്. നെല്ല്, കരിമ്പ് തുടങ്ങിയ ധാന്യങ്ങൾ വെള്ളം നിറയ്ക്കുന്ന വിളകളാണ്. നെൽകൃഷി മീഥേൻ പുറന്തള്ളലിനു കാരണമാകുന്നു. വിള-നിഷ്പക്ഷ പ്രോത്സാഹന ഘടനകൾ പ്രോത്സാഹിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു - സർവേ പറയുന്നു.
ഭക്ഷ്യ-പോഷകാഹാര സുരക്ഷ നില നിർത്തുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ പൊരുത്തപ്പെടുത്തലും ലഘൂകരണവും, ജലം, ഊർജം, ഭൂമി തുടങ്ങിയ നിർണായക വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം എന്നിങ്ങനെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മൂന്ന് വെല്ലുവിളികളുടെ സംഗമസ്ഥാനത്താണ് കൃഷിയെന്ന് സർവേ എടുത്തു കാണിക്കുന്നു. കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലും കാര്യമായ തൊഴിൽ സാധ്യതകൾ ഉണ്ടെങ്കിലും, സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി കാർഷിക മേഖലയുടെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ലെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.
ജല ദൗർലഭ്യവും കാലാവസ്ഥാ വ്യതിയാനവും ഉയർത്തുന്ന വെല്ലുവിളികൾ കാരണം കാർഷിക മേഖലയ്ക്ക് ഗുരുതരമായ ഘടനാപരമായ പരിവർത്തനം ആവശ്യമാണ്. വിപരീത കുടിയേറ്റം കാരണം കോവിഡ് വർഷങ്ങളിലെ കാർഷിക തൊഴിലവസരങ്ങളിൽ ഉണ്ടായ കുതിച്ചു ചാട്ടം, 2024 സാമ്പത്തിക വർഷത്തിൽ കാർഷിക മേഖലയിലെ മൂല്യവർദ്ധിത വളർച്ചാ നിരക്കിലെ ഇടിവ്, 2024-ലെ വേനൽക്കാലത്ത് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ, മധ്യ പ്രദേശങ്ങളിൽ കടുത്ത ചൂടുള്ള വേനൽക്കാലം. ഊർജ ഉപഭോഗം എന്നിവ ഇന്ത്യയുടെ കാർഷിക മേഖല നയങ്ങളുടെ ഗൗരവമേറിയതും സത്യസന്ധവുമായ സംഭരണം അനിവാര്യമാക്കുന്നു - സർവേ ഉപസംഹരിക്കുന്നതിങ്ങനെയാണ്.
--NS--
(Release ID: 2035380)
Visitor Counter : 81
Read this release in:
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada