ധനകാര്യ മന്ത്രാലയം
കരുത്തുറ്റ ഉൽപ്പാദന വളർച്ചയുടെ പിന്തുണയുള്ള ഗവൺമെന്റിന്റെ വിവേകപൂർണമായ പണ - വ്യാപാര നയം ചില്ലറ പണപ്പെരുപ്പത്തെ 2024 സാമ്പത്തിക വർഷത്തിൽ നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.4 ശതമാനം ആയി കുറച്ചു
2024 സാമ്പത്തിക വർഷത്തിൽ പ്രധാന സേവന പണപ്പെരുപ്പം ഒമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു
2025 സാമ്പത്തിക വർഷത്തിൽ 4.5 ശതമാനവും 2026 സാമ്പത്തിക വർഷത്തിൽ 4.1 ശതമാനവും മൊത്തത്തിലുള്ള പണപ്പെരുപ്പം പ്രതീക്ഷിക്കുന്നതായി ആർ ബി ഐ
ഉപഭോക്തൃ വില സൂചിക പുതിയ സംവിധാനങ്ങൾ ഉപയോഗിച്ച് പരിഷ്കരിക്കാൻ ശുപാർശ ചെയ്ത് സാമ്പത്തിക സർവേ
പണപ്പെരുപ്പ സമ്മർദം കുറയ്ക്കുന്നതിന് ആധുനിക സംഭരണ - സംസ്കരണ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം പയർ വർഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും കൃഷി വിപുലീകരിക്കണമെന്നും നിർദേശിച്ച് സാമ്പത്തിക സർവേ
Posted On:
22 JUL 2024 3:05PM by PIB Thiruvananthpuram
'സാമ്പത്തിക വളർച്ച സുസ്ഥിരമാക്കുന്നതിന് താഴ്ന്നതും സ്ഥിരതയുള്ളതുമായ പണപ്പെരുപ്പം പ്രധാനമാണ്' എന്നതിനാൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ 2023-24, വിലയും പണപ്പെരുപ്പവും നിയന്ത്രിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുന്നു. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കി, പണപ്പെരുപ്പം മിതമായ നിലയിൽ നിലനിർത്തുകയെന്ന വെല്ലുവിളി ഗവണ്മെന്റുകളും കേന്ദ്ര ബാങ്കുകളും നേരിടുന്നുണ്ടെന്ന് സർവേ പറയുന്നു. ഈ സൂക്ഷ്മമായ സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് സാമ്പത്തിക സൂചകങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും ഉചിതമായതും സമയബന്ധിതവുമായ തിരുത്തൽ നടപടികൾ കൈക്കൊള്ളുകയും വേണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ ബി ഐ) വിലസ്ഥിരതയ്ക്കും കേന്ദ്ര ഗവൺമെന്റിന്റെ നയപരമായ നടപടികൾക്കും വേണ്ടിയുള്ള പ്രതിബദ്ധതയോടെ, കോവിഡ് - 19 മഹാമാരി കാലഘട്ടത്തിനു ശേഷം ചില്ലറ പണപ്പെരുപ്പം 2024 സാമ്പത്തിക വർഷത്തിൽ 5.4 ശതമാനം ആയി നിലനിർത്താൻ ഇന്ത്യക്ക് വിജയകരമായി കഴിഞ്ഞു. ഇത് 4 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ്.
ഐ എം എഫ് ഡാറ്റ അനുസരിച്ച് ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം വളർന്നുവരുന്ന വിപണികളേക്കാളും വികസ്വര സമ്പദ്‌വ്യവസ്ഥകളേക്കാളും (ഇ എം ഡി ഇ എസ്) 2022 ലും 2023 ലും ലോക ശരാശരിയേക്കാൾ കുറവാണെന്ന വസ്തുത സാമ്പത്തിക സർവേ എടുത്തു കാണിക്കുന്നു. സ്ഥാപിതമായ പണ നയങ്ങൾ, സാമ്പത്തിക സ്ഥിരത, വിതരണവും ആവശ്യകത സാഹചര്യങ്ങളും സന്തുലിതമാക്കുന്ന നന്നായി വികസിപ്പിച്ചതും കാര്യക്ഷമവുമായ വിപണികൾ, സ്ഥിരമായ കറൻസികൾ തുടങ്ങിയ ഘടകങ്ങൾ പണപ്പെരുപ്പം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനു സംഭാവന നൽകുന്നുവെന്ന് സർവേ പറയുന്നു. ചരിത്രപരമായി, വികസിത സമ്പദ്‌വ്യവസ്ഥകളിലെ പണപ്പെരുപ്പം പൊതുവെ ഇ എം ഡി ഇ - കളേക്കാൾ കുറവാണ്.
പണപ്പെരുപ്പം കൈകാര്യം ചെയ്യൽ
വില സ്ഥിരത നിലനിർത്തുക എന്ന ലക്ഷ്യത്തോടെ, പല രാജ്യങ്ങളും തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ മികച്ച രീതിയിൽ നിറവേറ്റുന്ന വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി സ്വന്തം പണപ്പെരുപ്പ ലക്ഷ്യങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ നാണയപ്പെരുപ്പം കൈകാര്യം ചെയ്യലിനെ പ്രശംസിച്ച് സാമ്പത്തിക സർവേ പറയുന്നത്, പണപ്പെരുപ്പ ലക്ഷ്യവുമായി ബന്ധപ്പെട്ട് വിവിധ വികസിത - വികസ്വര സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുവെന്നാണ്. 2023 ൽ ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് അതിന്റെ ലക്ഷ്യ പരിധിയായ 2 മുതൽ 6 ശതമാനം വരെയായിരുന്നു. യു എസ് എ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ വികസിത സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ, 2021-2023 വരെയുള്ള ത്രിവത്സര ശരാശരി പണപ്പെരുപ്പത്തിൽ പണപ്പെരുപ്പ ലക്ഷ്യത്തിൽ നിന്ന് ഏറ്റവും കുറഞ്ഞ വ്യതിയാനങ്ങളിൽ ഒന്നാണ് ഇന്ത്യയുടേത്. നിലവിലുള്ള ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ കാരണം ആഗോള ആവശ്യകത - വിതരണഅസന്തുലിതാവസ്ഥ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും, ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് 2023 ലെ ആഗോള ശരാശരിയേക്കാൾ 1.4 ശതമാനം താഴെയായിരുന്നു.
2020 മുതൽ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ രാജ്യങ്ങൾ വെല്ലുവിളികൾ നേരിടുന്നു. വിവേകപൂർണ്ണമായ ഭരണപരമായ നടപടികളിലൂടെയും പണനയത്തിലൂടെയും സുപ്രധാന പണപ്പെരുപ്പത്തിൽ ഇടിവുണ്ടാകുന്ന പ്രവണത കൊണ്ടുവരാൻ ഇന്ത്യക്ക് കഴിഞ്ഞു. സാമ്പത്തിക സർവേ പ്രകാരം, മെയ് 2022 മുതൽ, പോളിസി റിപ്പോ നിരക്ക് 2022 മേയിലെ 4 ശതമാനത്തിൽ നിന്ന് 2023 ഫെബ്രുവരിയിൽ 6.5 ശതമാനമായി 250 അടിസ്ഥാന പോയിൻറ് വർദ്ധിപ്പിച്ച് സംവിധാനത്തിലെ അധിക പണ ലഭ്യത ആഗിരണം ചെയ്യുന്നതിൽ ധനനയം വിശാലമായി ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനുശേഷം, പണപ്പെരുപ്പം ലക്ഷ്യവുമായി യോജിപ്പിക്കാനും അതേസമയം വളർച്ചയെ പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ട് ക്രമേണ പൊരുത്തപ്പെടൽ ക്രമാനുഗതമായി പിൻവലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പോളിസി നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. തൽഫലമായി, 2023 സാമ്പത്തിക വർഷത്തിൽ നിരീക്ഷിച്ച സ്ഥിരവും ഉറച്ചതുമായ പ്രധാന പണപ്പെരുപ്പം 2024 ജൂണിൽ 3.1 ശതമാനമായി കുറഞ്ഞു.
എൽ പി ജി, പെട്രോൾ, ഡീസൽ എന്നിവയുടെ വിലക്കുറവ് പോലുള്ള ഭരണപരമായ നടപടികൾ എൽ പി ജി - പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റം കുറയ്ക്കാൻ കാരണമായെന്നും സർവേ വ്യക്തമാക്കുന്നു. എൽ പി ജി പണപ്പെരുപ്പ നിരക്ക് 2023 സെപ്തംബർ മുതൽ പണപ്പെരുപ്പ മേഖലയിലാണ്. അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ പണപ്പെരുപ്പം 2024 മാർച്ചിൽ പണപ്പെരുപ്പ മേഖലയിലേക്ക് മാറി. കൂടാതെ, ഇറക്കുമതി ചെയ്ത പണപ്പെരുപ്പ ചാനലിലൂടെ ഊർജ്ജം, ലോഹങ്ങൾ, ധാതുക്കൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ വില സമ്മർദ്ദം കുറയ്ക്കുകയും 2023 ൽ ആഗോള ചരക്കുകളുടെ വില കുറയുകയും ചെയ്തു. 2024 സാമ്പത്തിക വർഷത്തിൽ ഭക്ഷ്യവിലകളിൽ ചാഞ്ചാട്ടം ഉണ്ടായിരുന്നിട്ടും കുറഞ്ഞ ഇന്ധനവും പ്രധാന പണപ്പെരുപ്പവും പ്രധാന പണപ്പെരുപ്പത്തിന്റെ താഴേക്കുള്ള പാത ഉറപ്പാക്കി. സ്ഥിതിവിവരക്കണക്ക് – പദ്ധതി നടപ്പാക്കൽ മന്ത്രാലയം (MoSPI) അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024 ജൂണിൽ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് 5.1 ശതമാനമായിരുന്നു.
സി പി ഐ പ്രധാന പണപ്പെരുപ്പത്തിൽ നിന്ന് ഭക്ഷ്യ-ഊർജ്ജ ഇനങ്ങളെ ഒഴിവാക്കി കണക്കാക്കുന്ന പ്രധാന പണപ്പെരുപ്പം സാമ്പത്തിക വർഷം 2024 ൽ നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. പകർച്ചവ്യാധി മൂലമുണ്ടായ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന്, ഭക്ഷ്യ പണപ്പെരുപ്പം മയപ്പെടുത്താൻ സഹായിച്ചതിലൂടെ 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ പണപ്പെരുപ്പ സമ്മർദ്ദം ലഘൂകരിക്കപ്പെട്ടു. റഷ്യ-യുക്രൈൻ യുദ്ധം മൂലം 2023 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പ സമ്മർദ്ദം വീണ്ടും ശക്തിപ്പെട്ടു. ഇത് വിതരണ ശൃംഖലയെ തടസ്സപ്പെടുത്തി. ഭക്ഷ്യ - ഇന്ധന വിലകളിലെ വർദ്ധനയ്ക്ക് കാരണമായി. സാമ്പത്തിക വർഷം 2024 ൽ വിലനിലവാരം മെച്ചപ്പെട്ടു. ചരക്കുകളുടെയും സേവനങ്ങളുടെയും അടിസ്ഥാന പണപ്പെരുപ്പത്തിലെ ഇടിവിനെ തുടർന്ന് സി പി ഐ പണപ്പെരുപ്പം മിതമായി. അടിസ്ഥാന സേവന പണപ്പെരുപ്പം സാമ്പത്തിക വർഷം 2024 ൽ ഒമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അതേ സമയം, പ്രധാന ചരക്ക് പണപ്പെരുപ്പവും നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു.
പണനയത്തിന്റെ രൂപരേഖ നിർണ്ണയിക്കുന്നതിൽ പ്രധാന പണപ്പെരുപ്പ പ്രവണതകൾ നിർണായകമാണ്. ഉയർന്നുവരുന്ന വില സമ്മർദങ്ങളുടെ രീതി വിലയിരുത്തി, പണപ്പെരുപ്പ സമ്മർദങ്ങൾ കുറയ്ക്കുന്നതിനായി 2022 മെയ് മുതൽ ആർ ബി ഐ റിപ്പോ നിരക്ക് ക്രമേണ 250 അടിസ്ഥാന പോയിൻറുകൾ വർദ്ധിപ്പിച്ചു. ഇത് 2022 ഏപ്രിലിനും 2024 ജൂണിനുമിടയിൽ പ്രധാന പണപ്പെരുപ്പത്തിൽ ഏകദേശം 4 ശതമാനം പോയിന്റുകൾ കുറയ്ക്കാൻ ഇടയാക്കി. 2023 ൽ പുതിയ വീടുകളുടെ സ്റ്റോക്കിൽ ഗണ്യമായ വർദ്ധനയോടെ ഭവന വാടക പണപ്പെരുപ്പത്തിലെ മിതത്വം ഇതിന് സഹായകമായി.
ദീർഘകാലം നിൽക്കുന്ന ഉപഭോക്തൃ പണപ്പെരുപ്പം സാമ്പത്തിക വർഷം 2020 നും സാമ്പത്തിക വർഷം 2023 നും ഇടയിൽ ക്രമാനുഗതമായി 5 ശതമാനത്തിലധികം പോയിൻറ് വർദ്ധിച്ചു. പ്രധാനമായും 2021 ലെ സ്വർണ്ണ വിലയും 2022 – 2023 വർഷങ്ങളിലെ വസ്ത്രങ്ങളുടെ വിലയും വർധിച്ചു. പ്രധാന അസംസ്കൃത വസ്തുക്കളുടെ വിതരണത്തിലെ പുരോഗതിയോടെ, ഉപഭോക്തൃ സാധനങ്ങളുടെ പണപ്പെരുപ്പ നിരക്ക് 2024 സാമ്പത്തിക വർഷത്തിൽ കുറഞ്ഞു. എന്നിരുന്നാലും, പ്രതീക്ഷിത ഫെഡറൽ നിരക്ക് വെട്ടിക്കുറയ്ക്കലും വർദ്ധിച്ചു വരുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും മൂലം റെക്കോഡ്-ഉയർന്ന സ്വർണ്ണ വില, മൊത്തത്തിലുള്ള ദീർഘകാലമുള്ള പണപ്പെരുപ്പത്തിൽ ഉയർന്ന സമ്മർദ്ദം ചെലുത്തിയി. ദീർഘകാലം നില നിൽക്കാത്ത ഉപഭോക്തൃ (സി എൻ ഡി) പണപ്പെരുപ്പം സാമ്പത്തിക വർഷം 2020 - ൽ ഇടിഞ്ഞു. സാമ്പത്തിക വർഷം 2021 - ൽ അത് കുതിച്ചുയരാൻ തുടങ്ങി. സാമ്പത്തിക വർഷം 2022 - ൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. സാമ്പത്തിക വർഷം 2023 - ലും സാമ്പത്തിക വർഷം 2024 - ലും കുത്തനെ ഇടിഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി ഭക്ഷ്യ വിലക്കയറ്റം ആഗോള പ്രതിഭാസമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഭക്ഷ്യ വസ്തുക്കളുടെ വില വർധിക്കുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. സാമ്പത്തിക വർഷം 2023 ലും സാമ്പത്തിക വർഷം 2024 ലും, കാർഷിക മേഖലയെ പ്രതികൂല കാലാവസ്ഥാ സംഭവങ്ങൾ, ജല സംഭരണിയുടെ താഴ്ന്ന നില, നശിച്ച വിളകൾ എന്നിവ കാർഷിക ഉൽപാദനത്തെയും ഭക്ഷ്യ വിലയെയും പ്രതികൂലമായി ബാധിച്ചു. അതിനാൽ, ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സി എഫ് പി ഐ) അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പം 2022 സാമ്പത്തിക വർഷത്തിലെ 3.8 ശതമാനത്തിൽ നിന്ന് 23 സാമ്പത്തിക വർഷത്തിൽ 6.6 ശതമാനമായും 2024 സാമ്പത്തിക വർഷത്തിൽ 7.5 ശതമാനമായും ഉയർന്നു. എന്നിരുന്നാലും, അവശ്യ ഭക്ഷ്യ വസ്തുക്കളുടെ മതിയായ ലഭ്യത ഉറപ്പാക്കാൻ, തുറന്ന വിപണി വിൽപ്പന, നിർദ്ദിഷ്‌ട ഔട്ട്‌ലെറ്റുകളിലെ ചില്ലറ വിൽപ്പന, സമയബന്ധിതമായ ഇറക്കുമതി എന്നിവ ഉൾപ്പെടെയുള്ള സത്വര നടപടികൾ ഗവണ്മെന്റ് സ്വീകരിച്ചു. കൂടാതെ, ദരിദ്രർക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി, 81 കോടിയിലധികം ഗുണഭോക്താക്കൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന 2024 ജനുവരി മുതൽ അഞ്ച് വർഷത്തേക്ക് നീട്ടി.
ആഗോള ഭക്ഷ്യ വിലയും ആഭ്യന്തര പണപ്പെരുപ്പവും
ആഗോള ഭക്ഷ്യ വിലയും ആഭ്യന്തര പണപ്പെരുപ്പത്തെ സ്വാധീനിക്കുന്നു. ഇന്ത്യയിൽ, ഭക്ഷ്യ എണ്ണ വിപണി വൻതോതിൽ ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു. മൊത്തം ഭക്ഷ്യ എണ്ണ ആവശ്യകതയുടെ 50 ശതമാനത്തിലധികം ഇറക്കുമതി ചെയ്യപ്പെടുന്നു. ഇത് ആഗോള വിലകളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. താങ്ങാനാവുന്ന വിലയിൽ ഉപഭോക്താക്കൾക്ക് ഭക്ഷ്യ എണ്ണ ലഭ്യത ഉറപ്പാക്കുന്നതിന് ആഗോള വിപണി പ്രവണതകൾ ഗവണ്മെന്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ആഗോള വിലയിലെ ചാഞ്ചാട്ടവുമായി ബന്ധപ്പെട്ട അപായ സാധ്യതകൾ ലഘൂകരിക്കുന്നതിന് ആഭ്യന്തര ഉൽപ്പാദനവുമായി ഇറക്കുമതി സന്തുലിതമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഈ സാഹചര്യത്തിൽ, ഇറക്കുമതി ഭാരം കുറയ്ക്കുന്നതിന് ആഭ്യന്തര അസംസ്കൃത പാം ഓയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ ദേശീയ ഭക്ഷ്യ എണ്ണ ഓയിൽ പാം ദൗത്യം ലക്ഷ്യമിടുന്നു. പഞ്ചസാരയുടെ കാര്യത്തിൽ, മതിയായ പ്രാദേശിക വിതരണം ഉറപ്പാക്കുന്നതിനും അതുവഴി പഞ്ചസാര വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി 2022 ജൂണിൽ കയറ്റുമതിക്ക് ഗവണ്മെന്റ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ആഭ്യന്തര പഞ്ചസാര വില സ്ഥിരപ്പെടുത്തുന്നതിൽ ഈ കയറ്റുമതി നിയന്ത്രണങ്ങൾ തീർച്ചയായും ഒരു പങ്കുവഹിച്ചിട്ടുണ്ട്. തൽഫലമായി, ആഗോള പഞ്ചസാര വില സൂചിക പെരുകി 2023 ഫെബ്രുവരി മുതൽ ചാഞ്ചാട്ടം കാണിക്കുന്നുണ്ടെങ്കിലും, ആഭ്യന്തര പഞ്ചസാര വിലയിലെ ചാഞ്ചാട്ടം വളരെ കുറഞ്ഞ നിലയിൽ തുടരുന്നു.
ചില്ലറ പണപ്പെരുപ്പത്തിലെ അന്തർസംസ്ഥാന വ്യതിയാനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന സാമ്പത്തിക സർവേ, ആകെയുള്ള 36 സംസ്ഥാനങ്ങളിൽ / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 29 എണ്ണത്തിലും പണപ്പെരുപ്പ നിരക്ക് 6 ശതമാനത്തിൽ താഴെയാണെന്ന് ഉറപ്പിച്ചു പറയുന്നു. ഈ അന്തർ സംസ്ഥാന വ്യതിയാനങ്ങൾ ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ പ്രകടമാണ്. കാരണം ഗ്രാമീണ ഉപഭോഗ സംവിധാനത്തിന് നഗരങ്ങളിൽ ഉള്ളതിനേക്കാൾ (29.6 %) ഭക്ഷ്യ വസ്തുക്കളുടെ വളരെ ഉയർന്ന (47.3 %) മൂല്യമുണ്ട്. അതിനാൽ, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, ഉയർന്ന ഭക്ഷ്യ വിലയ്ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനങ്ങളിലും ഗ്രാമീണ പണപ്പെരുപ്പം ഉയർന്നു.
ഭാവിയിലെ പണപ്പെരുപ്പ പ്രവചനങ്ങൾ
ആർ ബി ഐ - യും ഐ എം എഫും ഇന്ത്യയുടെ ഉപഭോക്തൃ വില പണപ്പെരുപ്പം സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പ ലക്ഷ്യത്തിലേക്ക് ക്രമാനുഗതമായി വിന്യസിക്കുമെന്ന് പ്രവചിക്കുന്നു. ഒരു സാധാരണ മൺസൂൺ ആണെന്നും കൂടുതൽ ബാഹ്യമോ നയപരമോ ആയ ആഘാതങ്ങളൊന്നുമില്ല എന്നും കരുതുന്നു എങ്കിൽ പണപ്പെരുപ്പം സാമ്പത്തിക വർഷം 2025-ൽ 4.5 ശതമാനവും സാമ്പത്തിക വർഷം 2026-ൽ 4.1 ശതമാനവും ആയിരിക്കും എന്ന് ആർ ബി ഐ പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ പണപ്പെരുപ്പ നിരക്ക് 2024 - ൽ 4.6 ശതമാനവും 2025 - ൽ 4.2 ശതമാനവും ആയിരിക്കുമെന്ന് ഐ എം എഫ് പ്രവചിക്കുന്നു. മെച്ചപ്പെട്ട വ്യാവസായിക പ്രവർത്തനവും വ്യാപാര വളർച്ചയും കാരണം ചരക്കുകളുടെ ആഗോള വിതരണം വർധിക്കുമെന്നും അവയുടെ ആവശ്യകത വർധിക്കുമെന്നും ലോകബാങ്ക് പ്രതീക്ഷിക്കുന്നു. 2024 - ൽ ചരക്ക് വില സൂചികയിൽ, പ്രധാനമായും താഴ്ന്ന ഊർജം, ഭക്ഷണം, വളം എന്നിവയുടെ വിലയിൽ, 3 ശതമാനം ഇടിവും 2025 - ൽ 4 ശതമാനം ഇടിവും ഇത് പ്രവചിക്കുന്നു. ഈ വർഷം കൽക്കരി, പ്രകൃതി വാതക വിലയിൽ ഗണ്യമായ കുറവുണ്ടായതിനാൽ ഊർജ്ജ വില സൂചിക കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായ ആവശ്യകതയും കയറ്റുമതി നിയന്ത്രണങ്ങളും കാരണം രാസവളത്തിന്റെ വില കുറയാൻ സാധ്യതയുണ്ട്. എങ്കിലും 2015 -2019 ലെ നിലവാരത്തിന് മുകളിൽ തുടരും. വർധിച്ച ആഗോള വ്യാവസായിക പ്രവർത്തനത്തെയും ശുദ്ധമായ ഊർജ ഉൽപ്പാദനത്തെയും പ്രതിഫലിപ്പിക്കുന്ന അടിസ്ഥാന ലോഹങ്ങളുടെ വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. പൊതുവേ, ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ വിലയിലെ നിലവിലെ താഴോട്ടുള്ള ചലനം ആഭ്യന്തര പണപ്പെരുപ്പ വീക്ഷണത്തിന് അനുകൂലമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹ്രസ്വകാല പണപ്പെരുപ്പ വീക്ഷണം അപകടകരം അല്ലാത്തതാണ്. എന്നിരുന്നാലും, ദീർഘകാല വിലസ്ഥിരതയുടെ കോണിൽ നിന്ന്, മുന്നോട്ടുള്ള വഴിയായി ഇനിപ്പറയുന്ന മാർഗങ്ങൾ ആരായാൻ സാമ്പത്തിക സർവേ നിർദ്ദേശിക്കുന്നു:
1. പ്രധാന എണ്ണക്കുരുക്കളുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിച്ച് ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, അരി തവിട് എണ്ണ, ചോളം എണ്ണ തുടങ്ങിയ പാരമ്പര്യേതര എണ്ണകളുടെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുക, ഭക്ഷ്യ എണ്ണകൾക്കുള്ള ദേശീയ ദൗത്യത്തിന്റെ വ്യാപ്തി വിപുലീകരിക്കുക
2. കൂടുതൽ ജില്ലകളിലും നെല്ല് തരിശുകിടക്കുന്ന പ്രദേശങ്ങളിലും പയർ വർഗ്ഗങ്ങൾ, പ്രത്യേകിച്ച് പയർ, തുവര, ഉഴുന്ന് എന്നിവയുടെ വിസ്തൃതി വികസിപ്പിക്കുക. ഉറപ്പുള്ള ജലസേചന സൗകര്യമുള്ള പ്രദേശങ്ങളിൽ ഉഴുന്നിന്റെയും പയറിന്റെയും വേനൽക്കാല കൃഷി പ്രോത്സാഹിപ്പിക്കുക.
3. പച്ചക്കറികൾ, പ്രത്യേകിച്ച് തക്കാളി, ഉള്ളി എന്നിവയുടെ ആധുനിക സംഭരണ, സംസ്കരണ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുക.
4. കൃഷിയിടം മുതൽ അന്തിമ ഉപഭോക്താവ് വരെയുള്ള ഉയർന്ന ആവൃത്തിയിലുള്ള വില നിരീക്ഷണ വിവരങ്ങൾ കണക്കാക്കാവുന്ന രീതിയിൽ സംയോജിപ്പിച്ച് നിർദ്ദിഷ്ട ഇനങ്ങളിലെ വിലക്കയറ്റം നേരിടാൻ ഗവൺമെന്റിന്റെ ഭരണപരമായ നടപടികളുടെ വേഗവും ഫലപ്രാപ്തിയും മെച്ചപ്പെടുത്തുക. ചെലവ് വർദ്ധിപ്പിക്കുന്ന പണപ്പെരുപ്പത്തിന്റെ പതിപ്പുകൾ മികച്ച രീതിയിൽ മനസ്സിലാക്കാൻ ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള ഉൽപ്പാദക വില സൂചിക ത്വരിതപ്പെടുത്തുക
5. ഗാർഹിക ഉപഭോക്തൃ ചെലവ് സർവേ 2022-23 ഉപയോഗിച്ച് ഉപഭോക്തൃ വില സൂചിക പുതിയ സംവിധാനങ്ങൾ ഉപയോഗിച്ച് പരിഷ്കരിക്കുക.
--NS--
(Release ID: 2035363)
Visitor Counter : 102