രാഷ്ട്രപതിയുടെ കാര്യാലയം
ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പാർലമെന്റിൽ നടത്തിയ അഭിസംബോധന
Posted On:
27 JUN 2024 12:13PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട അംഗങ്ങളേ ,
1. 18-ാം ലോക്‌സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. രാജ്യത്തെ വോട്ടർമാരുടെ വിശ്വാസം നേടിയെടുത്താണ് നിങ്ങളെല്ലാവരും ഇവിടെ എത്തിയിരിക്കുന്നത്.
രാജ്യത്തെയും ജനങ്ങളെയും സേവിക്കാനുള്ള ഈ അംഗീകാരം വളരെ കുറച്ച് പേർക്ക് മാത്രമേ ലഭിക്കുന്നുള്ളൂ.
'രാജ്യം ആദ്യം' എന്ന മനോഭാവത്തിൽ നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുമെന്നും 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള മാധ്യമമാകുമെന്നും എനിക്ക് ഉറപ്പുണ്ട്.
ലോക്‌സഭാ സ്പീക്കർ എന്ന നിലയിൽ തന്റെ മഹത്തായ ചുമതല നിർവഹിക്കുന്നതിന് ശ്രീ ഓം ബിർള ജിക്ക് ഞാൻ ആശംസകൾ നേരുന്നു.
അദ്ദേഹത്തിന് പൊതുജീവിതത്തിൽ വലിയ അനുഭവസമ്പത്തുണ്ട്.
തന്റെ കഴിവുകൾ കൊണ്ട് ജനാധിപത്യ പാരമ്പര്യങ്ങളെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിൽ അദ്ദേഹം വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ബഹുമാനപ്പെട്ട അംഗങ്ങളേ,
2. കോടിക്കണക്കിന് ഇന്ത്യക്കാർക്ക് വേണ്ടി ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള നന്ദിയും ഞാൻ അറിയിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു ഇത്.
64 കോടി വോട്ടർമാർ ആവേശത്തോടെയും ഉത്സാഹത്തോടെയും തങ്ങളുടെ കടമ നിർവഹിച്ചു.
ഇത്തവണയും സ്ത്രീകൾ വൻതോതിൽ വോട്ട് രേഖപ്പെടുത്തി.
ഈ തെരഞ്ഞെടുപ്പിന്റെ വളരെ ഹൃദ്യമായ ഒരു വശം ജമ്മു കശ്മീരിൽ നിന്നായിരുന്നു.
വോട്ടിങ് ശതമാനത്തിലെ പതിറ്റാണ്ടുകളുടെ റെക്കോർഡുകൾ കശ്മീർ താഴ്‌വര ഇത്തവണ തകർത്തു.
കഴിഞ്ഞ നാല് പതിറ്റാണ്ടായി, അടച്ചുപൂട്ടലുകൾക്കും പണിമുടക്കുകൾക്കും ഇടയിൽ കശ്മീരിൽ കുറഞ്ഞ വോട്ടിങ് ശതമാനം നാം കണ്ടു.
ഇന്ത്യയുടെ ശത്രുക്കൾ ആഗോള വേദികളിൽ വ്യാജപ്രചാരണം തുടർന്നു, അത് ജമ്മു കശ്മീരിന്റെ അഭിപ്രായമായി ഉയർത്തിക്കാണിച്ചു.
എന്നാൽ, രാജ്യത്തിനകത്തും പുറത്തുമുള്ള ഇത്തരം ഓരോ ഘടകങ്ങൾക്കും തക്കതായ മറുപടിയാണ് ഇത്തവണ കശ്മീർ താഴ്‌വര നൽകിയത്.
ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതാദ്യമായി വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ ഉദ്യോഗസ്ഥരും നടത്തിയ പ്രവർത്തനങ്ങളെ ഞാൻ അഭിനന്ദിക്കുകയും അവർക്ക് എന്റെ അനുമോദനങ്ങൾ അറിയിക്കുകയും ചെയ്യുന്നു.
ബഹുമാനപ്പെട്ട അംഗങ്ങളേ,
3. ലോകം മുഴുവൻ സംസാരിക്കുന്നത് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചാണ്.
തുടർച്ചയായി മൂന്നാം തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെ സുസ്ഥിരമായ ഗവൺമെന്റിനെ ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുത്തു എന്നതിന് ലോകം സാക്ഷ്യം വഹിക്കുന്നു. ആറ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്.
ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ എക്കാലത്തെയും മികച്ച നിലയിലുള്ള ഈ സമയത്ത്, തുടർച്ചയായ മൂന്നാം തവണയും ജനങ്ങൾ എന്റെ ഗവൺമെന്റിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട്.
എന്റെ ഗവൺമെന്റിന് മാത്രമേ തങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയൂ എന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്.
അതിനാൽ, 2024 ലെ ഈ തെരഞ്ഞെടുപ്പ് നയം, ഉദ്ദേശ്യം, സമർപ്പണം, തീരുമാനങ്ങൾ എന്നിവയിലുള്ള വിശ്വാസത്തിന്റെ തെരഞ്ഞെടുപ്പാണ്:
· ശക്തവും നിർണായകവുമായ ഗവൺമെന്റിലുള്ള വിശ്വാസം
· സദ്‌ഭരണത്തിലും സ്ഥിരതയിലും തുടർച്ചയിലുമുള്ള വിശ്വാസം
· സത്യസന്ധതയിലും കഠിനാധ്വാനത്തിലുമുള്ള വിശ്വാസം
· സുരക്ഷിതത്വത്തിലും സമൃദ്ധിയിലുമുള്ള വിശ്വാസം
· ഗവൺമെന്റിന്റെ ഉറപ്പുകളിലും നിർവഹണത്തിലുമുള്ള വിശ്വാസം
· വികസിത ഭാരതം എന്ന ഇന്ത്യയുടെ ദൃഢനിശ്ചയത്തിലുള്ള വിശ്വാസം
കഴിഞ്ഞ 10 വർഷമായുള്ള എന്റെ ഗവൺമെന്റിന്റെ സേവന ദൗത്യത്തിനും സദ്ഭരണത്തിനും നൽകിയ അംഗീകാരമുദ്രയാണിത്.
ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുകയും ഇന്ത്യ അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുക എന്നത് ദൃഢനിശ്ചയമാണ്.
ബഹുമാനപ്പെട്ട അംഗങ്ങളേ,
4 .18-ാം ലോക്‌സഭ പല തരത്തിലും ചരിത്രപരമാണ്.
അമൃതകാലത്തിന്റെ ആദ്യ വർഷങ്ങളിലാണ് ഈ ലോക്‌സഭ രൂപീകരിച്ചത്.
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികത്തിനും ഈ ലോക്‌സഭ സാക്ഷിയാകും.
ഈ ലോക്‌സഭ പൊതുജനക്ഷേമത്തിനായുള്ള തീരുമാനങ്ങളുടെ പുതിയ അധ്യായം രചിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
എന്റെ ഗവൺമെന്റ്, വരുന്ന സമ്മേളനത്തിൽ അതിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും.
ഗവൺമെന്റിന്റെ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളുടെയും ഭാവി കാഴ്ചപ്പാടുകളുടെയും ഫലപ്രദമായ രേഖയായിരിക്കും ഈ ബജറ്റ്.
സാമ്പത്തികവും സാമൂഹ്യവുമായ സുപ്രധാന തീരുമാനങ്ങൾക്കൊപ്പം ചരിത്രപരമായ പല നടപടികളും ഈ ബജറ്റിൽ കാണാനാകും
ദ്രുതഗതിയിലുള്ള വികസനത്തിനായുള്ള ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങൾക്ക് അനുസൃതമായി പരിഷ്കാരങ്ങളുടെ ഗതിവേഗം വർദ്ധിപ്പിക്കും.
ലോകമെമ്പാടുമുള്ള നിക്ഷേപകരെ ആകർഷിക്കാൻ സംസ്ഥാനങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം ഉണ്ടാകണമെന്ന് എന്റെ ഗവണ്മെന്റ് വിശ്വസിക്കുന്നു.
ഇതാണ് മത്സര സഹകരണ ഫെഡറലിസത്തിന്റെ യഥാർത്ഥ അന്തഃസത്ത.
രാജ്യത്തിന്റെ വികസനം സംസ്ഥാനങ്ങളുടെ വികസനത്തിലാണെന്ന വിശ്വാസത്തിൽ ഞങ്ങൾ മുന്നോട്ട് പോകും.
ബഹുമാനപ്പെട്ട അംഗങ്ങളേ,
5. പരിഷ്കരിക്കാനും പ്രവർത്തിക്കാനും പരിവർത്തനം ചെയ്യാനും ഉള്ള ദൃഢനിശ്ചയം ഇന്ത്യയെ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റി.
പത്തു വർഷത്തിനുള്ളിൽ, സമ്പദ്‌വ്യവസ്ഥയിലെ 11-ാം റാങ്കിൽ നിന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നു.
2021 മുതൽ 2024 വരെ, ഇന്ത്യ പ്രതിവർഷം ശരാശരി 8 ശതമാനം വളർച്ച നേടി.
സാധാരണ സാഹചര്യങ്ങളിലല്ല ഈ വളർച്ച കൈവരിച്ചിട്ടുള്ളത്.
സമീപ വർഷങ്ങളിൽ, 100 വർഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിയാണ് നാം കണ്ടത്.
ആഗോള മഹാമാരിയ്ക്കിടയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾക്കിടയിലും ഇന്ത്യ ഈ വളർച്ച കൈവരിച്ചു.
കഴിഞ്ഞ പത്തു വർഷങ്ങളിൽ ദേശീയ താൽപ്പര്യം മുൻനിർത്തി നടപ്പാക്കിയ പരിഷ്കാരങ്ങളും സുപ്രധാന തീരുമാനങ്ങളും മൂലമാണ് ഇത് സാധ്യമായത്.
ഇന്ത്യയാണ് ഇന്ന് ആഗോള വളർച്ചയുടെ 15 ശതമാനം സംഭാവന ചെയ്യുന്നത്.
ഇപ്പോൾ, ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കാനാണ് എന്റെ ഗവൺമെന്റ് ശ്രമിക്കുന്നത്.
ഈ ലക്ഷ്യം കൈവരിക്കുന്നത് വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിന്റെ അടിത്തറയ്ക്കും കരുത്തേകും.
ആദരണീയരായ അംഗങ്ങളേ,
6. സമ്പദ്‌വ്യവസ്ഥയുടെ മൂന്ന് സ്തംഭങ്ങളായ ഉൽപ്പാദനം, സേവനം, കൃഷി എന്നിവയ്ക്ക് എന്റെ ഗവൺമെന്റ് തുല്യപ്രാധാന്യം നൽകുന്നുണ്ട്.
പിഎൽഐ പദ്ധതികളും വ്യവസായ നടത്തിപ്പു സുഗമമാക്കലും വലിയ തോതിൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വർധിപ്പിക്കുന്നതിനു കാരണമായി.
പരമ്പരാഗത മേഖലകൾക്കൊപ്പം, ഉയർന്നുവരുന്ന മേഖലകളെയും ദൗത്യമെന്ന നിലയിൽ പ്രോത്സാഹിപ്പിക്കുന്നു.
സെമികണ്ടക്ടറോ സോളാറോ ആകട്ടെ,
വൈദ്യുതവാഹനങ്ങളോ ഇലക്ട്രോണിക് സാധനങ്ങളോ ആകട്ടെ,
ഹരിത ഹൈഡ്രജനോ ബാറ്ററിയോ ആകട്ടെ,
വിമാനവാഹിനിക്കപ്പലുകളോ യുദ്ധവിമാനങ്ങളോ ആകട്ടെ,
ഈ മേഖലകളിലെല്ലാം ഇന്ത്യ വികസിക്കുകയാണ്.
ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കാൻ എന്റെ ഗവൺമെന്റും തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നുണ്ട്.
സേവന മേഖലയ്ക്കും ഗവണ്മെന്റ് കരുത്തേകുകയാണ്.
ഇന്ന്, ഐടി മുതൽ വിനോദസഞ്ചാരം വരെയും ആരോഗ്യം മുതൽ സൗഖ്യം വരെയും എല്ലാ മേഖലകളിലും ഇന്ത്യ മുൻനിര രാജ്യമായി ഉയർന്നുവരികയാണ്.
ഇത് തൊഴിലിനും സ്വയംതൊഴിലിനും ധാരാളം പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.
ആദരണീയരായ അംഗങ്ങളേ,
7. കഴിഞ്ഞ 10 വർഷമായി, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും എന്റെ ഗവണ്മെന്റ് വലിയ ഊന്നൽ നൽകിയിട്ടുണ്ട്.
ഗ്രാമങ്ങളിൽ കാർഷികാധിഷ്ഠിത വ്യവസായങ്ങളും ക്ഷീര-മത്സ്യബന്ധന വ്യവസായങ്ങളും വിപുലീകരിക്കുന്നു.
ഇക്കാര്യത്തിലും സഹകരണസംഘങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.
കാർഷികോൽപ്പാദക സംഘടനകളുടെയും (എഫ്‌പിഒ) പിഎസിഎസ് പോലുള്ള സഹകരണ സംഘടനകളുടെയും വലിയ ശൃംഖല ഗവണ്മെന്റ് സൃഷ്ടിക്കുന്നു.
ചെറുകിട കർഷകരുടെ പ്രധാന പ്രശ്നം സംഭരണവുമായി ബന്ധപ്പെട്ടതാണ്.
അതിനാൽ, സഹകരണ മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ സംഭരണശേഷി സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ എന്റെ ഗവണ്മെന്റ് ആരംഭിച്ചിട്ടുണ്ട്.
കർഷകരെ അവരുടെ ചെറിയ ചെലവുകൾ വഹിക്കാൻ പ്രാപ്തരാക്കുന്നതിന്, പിഎം കിസാൻ സമ്മാൻ നിധിക്ക് കീഴിൽ 3,20,000 കോടിയിലധികം രൂപ വിതരണം ചെയ്തിട്ടുണ്ട്.
പുതിയ ഭരണകാലയളവിന്റെ ആദ്യ ദിവസങ്ങളിൽ, എന്റെ ഗവണ്മെന്റ് 20,000 കോടിയിലധികം രൂപ കർഷകർക്ക് കൈമാറി.
ഖാരിഫ് വിളകളുടെ താങ്ങുവിലയിലും ഗവണ്മെന്റ് റെക്കോർഡ് വർധന വരുത്തി.
ആദരണീയരായ അംഗങ്ങളേ,
8. ഇന്നത്തെ ഇന്ത്യ അതിന്റെ നിലവിലെ ആവശ്യകതകൾക്ക് അനുസൃതമായി കാർഷിക സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തുന്നു.
കയറ്റുമതി വർധിപ്പിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കാനും കൂടുതൽ സ്വയംപര്യാപ്തമാകാനുമുള്ള ചിന്തയിൽ നിന്നാണ് നയങ്ങൾക്കു രൂപം നൽകുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തത്.
ഉദാഹരണത്തിന്, പയർവർഗങ്ങൾക്കും എണ്ണക്കുരുക്കൾക്കും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ, സാധ്യമായ എല്ലാ സഹായവും ഗവണ്മെന്റ് കർഷകർക്ക് നൽകുന്നു.
ആഗോള വിപണിയിൽ ഉയർന്ന ആവശ്യകതയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ കണക്കിലെടുത്ത് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു.
ഇന്ന്, ലോകത്ത് ജൈവ ഉൽപ്പന്നങ്ങളുടെ ആവശ്യം അതിവേഗം വർധിക്കുകയാണ്.
ഈ ആവശ്യം നിറവേറ്റാൻ ഇന്ത്യൻ കർഷകർക്ക് മതിയായ ശേഷിയുണ്ട്.
അതിനാൽ, പ്രകൃതിദത്തകൃഷിയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിതരണശൃംഖലയും ഗവണ്മെന്റ് ശക്തിപ്പെടുത്തുകയാണ്.
ഈ ശ്രമങ്ങളിലൂടെ, കർഷകർക്ക് കാർഷിക പ്രവർത്തനങ്ങൾക്ക് വേണ്ടിവരുന്ന ചെലവ് കുറയുകയും അവരുടെ വരുമാനം ഇനിയും വർധിക്കുകയും ചെയ്യും.
ആദരണീയരായ അംഗങ്ങളേ,
9. ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ വർധിപ്പിക്കുന്നതിനല്ല, മറിച്ച് ലോകത്തിനു പ്രതിവിധികൾ നൽകുന്ന രാജ്യമെന്ന നിലയിലാണ് ഇന്നത്തെ ഇന്ത്യ അറിയപ്പെടുന്നത്.
വിശ്വബന്ധു എന്ന നിലയിൽ, നിരവധി ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇന്ത്യ മുൻകൈയെടുത്തു.
കാലാവസ്ഥാവ്യതിയാനം മുതൽ ഭക്ഷ്യ സുരക്ഷ വരെയും, പോഷകാഹാരം മുതൽ സുസ്ഥിരകൃഷി വരെയുമുള്ള പ്രശ്നങ്ങൾക്ക് നാം വിവിധ പ്രതിവിധികളേകുന്നു.
നമ്മുടെ നാടൻ ധാന്യങ്ങളെ, ശ്രീ അന്നയെ, മികച്ച ഭക്ഷ്യവിഭവം എന്ന നിലയിൽ ലോകമെമ്പാടും ജനപ്രിയമാക്കുന്നതിനുള്ള പ്രചാരണവും ഞങ്ങൾ നടത്തുന്നു.
ഇന്ത്യയുടെ മുൻകൈയിൽ, 2023 ലോകമെമ്പാടും ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷമായി ആചരിച്ചു.
അടുത്തിടെ അന്താരാഷ്ട്ര യോഗാ ദിനം ആഗോള പരിപാടിയായി ആഘോഷിച്ചതും നിങ്ങൾ കണ്ടു.
ഇന്ത്യയുടെ മഹത്തായ ഈ പൈതൃകത്തിന്റെ യശസ്സ് ലോകത്തിൽ തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്.
യോഗയും ആയുഷും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായ ലോകം സൃഷ്ടിക്കാൻ ഇന്ത്യ സഹായിക്കുന്നു.
പുനരുൽപ്പാദക ഊർജശേഷിയും എന്റെ ഗവണ്മെന്റ് പലമടങ്ങ് വർധിപ്പിച്ചു.
കാലാവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ നിശ്ചയിച്ച സമയത്തേക്കാൾ വളരെ മുമ്പേ ഞങ്ങൾ നിറവേറ്റുന്നു.
‘നെറ്റ് സീറോ’യിലേക്കുള്ള ഞങ്ങളുടെ ഉദ്യമങ്ങൾ പല രാജ്യങ്ങൾക്കും പ്രചോദനമാണ്.
അന്താരാഷ്ട്ര സൗരസഖ്യം പോലുള്ള ഞങ്ങളുടെ സംരംഭങ്ങളിൽ റെക്കോർഡ് എണ്ണം രാജ്യങ്ങൾ നമ്മളോടു സഹകരിക്കുന്നു.
ആദരണീയരായ അംഗങ്ങളേ,
10. ഭാവി ‘ഹരിത് യുഗ്’ അഥവാ ഹരിതയുഗമായിരിക്കും.
ഈ ദിശയിൽ ആവശ്യമായ എല്ലാ നടപടികളും എന്റെ ഗവണ്മെന്റ് കൈക്കൊള്ളുന്നുണ്ട്.
ഹരിത വ്യവസായമേഖലയിൽ ഞങ്ങൾ നിക്ഷേപം വർധിപ്പിക്കുന്നു; ഇത് ഹരിത തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നു.
ഹരിതോർജമോ ഗ്രീൻ മൊബിലിറ്റിയോ ഏതുമാകട്ടെ, എല്ലാ മേഖലകളിലും തീവ്ര ഉത്കർഷേച്ഛയോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.
നമ്മുടെ നഗരങ്ങളെ ജീവിക്കാൻ പര്യാപ്തമായ ലോകത്തിലെ ഏറ്റവും മികച്ച ഇടങ്ങളാക്കി മാറ്റാൻ എന്റെ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.
മലിനീകരണമില്ലാത്തതും സംശുദ്ധവും എല്ലാ സൗകര്യങ്ങളുള്ളതുമായ നഗരങ്ങളിൽ താമസിക്കുക എന്നത് ഇന്ത്യൻ പൗരന്മാരുടെ അവകാശമാണ്.
കഴിഞ്ഞ 10 വർഷത്തിനിടെ, വിശേഷിച്ചും ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും, അഭൂതപൂർവമായ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ത്യ.
2014 ഏപ്രിലിൽ ഇന്ത്യയ്ക്ക് 209 വ്യോമപാതകൾ മാത്രമാണുണ്ടായിരുന്നത്.
2024 ഏപ്രിലിലോടെ ഇത് 605 ആയി ഉയർന്നു.
വ്യോമയാനപാതകളിലെ ഈ വർധന രണ്ടാം നിര, മൂന്നാം നിര നഗരങ്ങൾക്ക് നേരിട്ട് ഗുണം ചെയ്തു.
10 വർഷത്തിനിടെ 21 നഗരങ്ങളിൽ മെട്രോ എത്തി.
വന്ദേ മെട്രോ തുടങ്ങിയ നിരവധി പദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഇന്ത്യയുടെ പൊതുഗതാഗത സംവിധാനത്തെ ലോകത്തിലെ ഏറ്റവും മികച്ച ഒന്നാക്കി മാറ്റാനുള്ള ശ്രമത്തിലാണ് എന്റെ ഗവണ്മെന്റ്.
ആദരണീയരായ അംഗങ്ങളേ,
11. വികസിത രാജ്യങ്ങളുമായി തുല്യനിലയിൽ നിൽക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുന്ന ആധുനിക മാനദണ്ഡങ്ങൾക്കായി എന്റെ ഗവൺമെന്റ് പ്രവർത്തിച്ചുവരികയാണ്.
ഈ ദിശയിൽ, മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ പുതിയ മുഖമായി അടിസ്ഥാനസൗകര്യവികസനം ഉയർന്നുവന്നിട്ടുണ്ട്.
പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴിൽ 10 വർഷത്തിനിടെ എന്റെ ഗവണ്മെന്റ് 3,80,000 കിലോമീറ്ററിലധികം ഗ്രാമീണ റോഡുകൾ നിർമിച്ചു.
ഇന്ന്, രാജ്യത്ത് ദേശീയ പാതകളുടെയും അതിവേഗപാതകളുടെയും വിപുലമായ ശൃംഖല നമുക്കുണ്ട്.
ദേശീയപാത നിർമാണത്തിന്റെ വേഗത ഇരട്ടിയിലധികമായി.
അഹമ്മദാബാദിനും മുംബൈയ്‌ക്കുമിടയിലുള്ള അതിവേഗ റെയിൽ ആവാസവ്യവസ്ഥയുടെ പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്.
രാജ്യത്തിന്റെ വടക്ക്, തെക്ക്, കിഴക്ക് മേഖലകളിൽ ബുള്ളറ്റ് ട്രെയിൻ ഇടനാഴികളുടെ സാധ്യതാ പഠനം നടത്താൻ എന്റെ ഗവണ്മെന്റ് തീരുമാനിച്ചു.
ഇതാദ്യമായാണ് ഇത്രയും വലിയ തോതിൽ ഉൾനാടൻ ജലപാതയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
വടക്ക്-കിഴക്കൻ മേഖലകൾക്ക് ഈ സംരംഭം വളരെയധികം പ്രയോജനം ചെയ്യും.
കഴിഞ്ഞ 10 വർഷത്തിനിടെ വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിനായുള്ള വിഹിതം എന്റെ ഗവണ്മെന്റ് നാലിരട്ടിയിലേറെ വർധിപ്പിച്ചു.
‘ആക്ട് ഈസ്റ്റ്’ നയം പ്രകാരം ഈ പ്രദേശത്തെ തന്ത്രപ്രധാനമായ കവാടമാക്കി മാറ്റാനുള്ള ശ്രമത്തിലാണു ഗവൺമെന്റ്.
വടക്ക്-കിഴക്കൻ മേഖലകളിൽ എല്ലാ തരത്തിലുമുള്ള സമ്പർക്കസൗകര്യങ്ങളും വികസിപ്പിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം, തൊഴിൽ തുടങ്ങി എല്ലാ മേഖലകളിലും വികസന പ്രവർത്തനങ്ങൾ നടക്കുന്നു.
അസമിൽ 27,000 കോടി രൂപ ചെലവിൽ സെമി കണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കുകയാണ്.
വടക്ക്-കിഴക്കൻ മേഖല മെയ്ഡ് ഇൻ ഇന്ത്യ ചിപ്പുകളുടെയും കേന്ദ്രമാകും.
വടക്കുകിഴക്കൻ മേഖലയിൽ ശാശ്വത സമാധാനത്തിനായി എന്റെ ഗവണ്മെന്റ് തുടർച്ചയായി പ്രവർത്തിക്കുകയാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ, പഴക്കമുള്ള നിരവധി തർക്കങ്ങൾ പരിഹരിക്കപ്പെട്ടു; നിരവധി സുപ്രധാന കരാറുകളിലേക്ക് എത്തപ്പെട്ടു.
വടക്കുകിഴക്കൻ മേഖലകളിൽ വികസനം ത്വരിതപ്പെടുത്തി, അസ്വസ്ഥത നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് AFSPA പിൻവലിക്കാനുള്ള പ്രവർത്തനവും ഘട്ടംഘട്ടമായി നടന്നുവരികയാണ്.
രാജ്യത്തിന്റെ വികസനത്തിന്റെ എല്ലാ മേഖലകളിലും ഈ പുതിയ സംരംഭങ്ങൾ ഇന്ത്യയുടെ ഭാവി വിളിച്ചോതുകയാണ്.
ബഹുമാനപ്പെട്ട അംഗങ്ങളേ,
12. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന് പ്രതിജ്ഞാബദ്ധമായ എന്റെ ഗവണ്മെന്റ് സ്ത്രീശാക്തീകരണത്തിന്റെ പുതുഗത്തിന് തുടക്കമിട്ടിരിക്കുന്നു.
ലോക്‌സഭയിലും വിധാൻസഭയിലും കൂടുതൽ പ്രാതിനിധ്യം വേണമെന്ന് നമ്മുടെ രാജ്യത്തെ സ്ത്രീകൾ ഏറെക്കാലമായി ആവശ്യപ്പെടുന്നു.
നാരീശക്തി വന്ദൻ അധിനിയം എന്ന നിയമത്തിലൂടെ ഇന്ന് അവർ ശാക്തീകരിക്കപ്പെടുന്നു.
കഴിഞ്ഞ ദശകത്തിൽ, വിവിധ ഗവണ്മെന്റ് പദ്ധതികൾ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലേക്ക് കൂടുതൽ മുന്നോട്ടുകൊണ്ടുപോയി.
നിങ്ങൾക്കറിയാവുന്നതുപോലെ, കഴിഞ്ഞ 10 വർഷത്തിനിടെ, 4 കോടി പിഎം ആവാസ് വീടുകളിൽ ഭൂരിഭാഗവും സ്ത്രീകൾക്കാണ് അനുവദിച്ചിട്ടുള്ളത്.
ഇപ്പോൾ, എന്റെ ഗവൺമെന്റിന്റെ മൂന്നാം കാലയളവിന്റെ തുടക്കത്തിൽ തന്നെ 3 കോടി പുതിയ വീടുകൾ നിർമിക്കാൻ അനുമതി ലഭ്യമാക്കി.
ഇതിൽ ഭൂരിഭാഗം വീടുകളും വനിതാ ഗുണഭോക്താക്കൾക്കാകും അനുവദിക്കുക.
കഴിഞ്ഞ 10 വർഷത്തിനിടെ 10 കോടി സ്ത്രീകളെ സ്വയംസഹായസംഘങ്ങളുടെ ഭാഗമാക്കി.
3 കോടി സ്ത്രീകളെ ‘ലഖ്പതി ദീദി’കളാക്കാനുള്ള സമഗ്രമായ യജ്ഞത്തിന് എന്റെ ഗവണ്മെന്റ് തുടക്കം കുറിച്ചിട്ടുണ്ട്.
ഇതിനായി സ്വയംസഹായസംഘങ്ങൾക്കുള്ള സാമ്പത്തിക സഹായവും വർധിപ്പിക്കുന്നു.
നൈപുണ്യവും വരുമാന സ്രോതസ്സുകളും മെച്ചപ്പെടുത്താനും സ്ത്രീകളോടുള്ള ആദരം വർധിപ്പിക്കാനുമാണ് ഗവണ്മെന്റിന്റെ ശ്രമം.
നമോ ഡ്രോൺ ദീദി പദ്ധതി ഈ ലക്ഷ്യം കൈവരിക്കുന്നതിനു കാരണമാകുന്നു.
ഈ പദ്ധതിപ്രകാരം, ആയിരക്കണക്കിന് സ്വയംസഹായസംഘങ്ങളിലെ സ്ത്രീകൾക്ക് ഡ്രോണുകൾ നൽകുകയും ഡ്രോൺ പൈലറ്റുമാരായി പരിശീലനം നൽകുകയും ചെയ്യുന്നു.
എന്റെ ഗവൺമെന്റ് അടുത്തിടെ കൃഷിസഖി സംരംഭത്തിനും തുടക്കംകുറിച്ചു.
ഈ സംരംഭത്തിന് കീഴിൽ, നാളിതുവരെ, 30,000 സ്വയംസഹായസംഘങ്ങളിലെ സ്ത്രീകൾക്ക് കൃഷിസഖി സർട്ടിഫിക്കറ്റ് നൽകി.
കൃഷി കൂടുതൽ ആധുനികവൽക്കരിക്കുന്നതിനു കർഷകരെ സഹായിക്കാൻ കൃഷിസഖികൾക്ക് ആധുനിക കാർഷിക രീതികളിൽ പരിശീലനം നൽകുന്നുണ്ട്.
ബഹുമാനപ്പെട്ട അംഗങ്ങളേ,
13. സ്ത്രീകളുടെ സമ്പാദ്യം പരമാവധി വർധിപ്പിക്കുക എന്നതും എന്റെ ഗവൺമെന്റിന്റെ ലക്ഷ്യമാണ്.
സുകന്യ സമൃദ്ധി യോജനയുടെ ജനപ്രീതിയെക്കുറിച്ച് ഞങ്ങൾക്ക് നന്നായി അറിയാം. അതിന് കീഴിൽ പെൺകുട്ടികൾക്ക് അവരുടെ ബാങ്ക് നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കിൽ പലിശ നൽകുന്നു.
സൗജന്യ റേഷനും താങ്ങാനാകുന്ന നിരക്കിൽ ഗ്യാസ് സിലിൻഡറുകളും നൽകുന്ന പദ്ധതികളിൽനിന്നു സ്ത്രീകൾക്ക് വളരെയധികം പ്രയോജനം ലഭിക്കുന്നു.
ഇപ്പോൾ എന്റെ ഗവൺമെന്റ് വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാനും വൈദ്യുതി വിൽപ്പനയിലൂടെ വരുമാനം സൃഷ്ടിക്കാനുമുള്ള പദ്ധതിയും കൊണ്ടുവന്നിട്ടുണ്ട്.
പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന പ്രകാരം വീടുകളുടെ മേൽക്കൂരയിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നു.
ഇതിനായി എന്റെ ഗവണ്മെന്റ് ഒരു കുടുംബത്തിന് 78,000 രൂപ വരെ സഹായം നൽകുന്നുണ്ട്.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു കോടിയിലധികം കുടുംബങ്ങൾ ഇതിനകം ഈ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മേൽക്കൂരയിൽ സോളാർ സ്ഥാപിച്ച വീടുകളുടെ വൈദ്യുതി ബിൽ പൂജ്യമായി കുറഞ്ഞു.
ബഹുമാനപ്പെട്ട അംഗങ്ങളേ,
14. ഈ രാജ്യത്തെ ദരിദ്രരും യുവാക്കളും സ്ത്രീകളും കർഷകരും ശാക്തീകരിക്കപ്പെടുമ്പോൾ മാത്രമേ വികസിതഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയൂ.
അതിനാൽ, എന്റെ ഗവൺമെന്റിന്റെ പദ്ധതികളിൽ ഈ നാല് സ്തംഭങ്ങൾക്കാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്.
ഓരോ ഗവൺമെന്റ് പദ്ധതിയുടെയും പ്രയോജനം അവരിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം. ഇതാണ് പരിപൂർണത സമീപനം.
ഗവണ്മെന്റ് പദ്ധതികളിൽ നിന്ന് ഒരാളെപ്പോലും ഒഴിവാക്കരുത് എന്ന ഉദ്ദേശ്യത്തോടെ ഗവണ്മെന്റ് പ്രവർത്തിക്കുമ്പോൾ അത് എല്ലാവർക്കും ഗുണം ചെയ്യും.
കഴിഞ്ഞ 10 വർഷത്തിനിടെ ഗവണ്മെന്റ് പദ്ധതികൾ പരിപൂർണതാ സമീപനത്തോടെ നടപ്പാക്കിയതുകൊണ്ടാണ് 25 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞത്.
പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങൾ, മറ്റെല്ലാ സാമൂഹിക, പ്രാദേശിക വിഭാഗങ്ങളുടെയും കുടുംബങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ 10 വർഷത്തിനിടെ, അവസാനകോണിൽ വരെയും വിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഈ വിഭാഗങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു.
വിശേഷിച്ചും, ഗോത്ര സമൂഹങ്ങളിൽ ഈ മാറ്റം കൂടുതൽ പ്രകടമാണ്.
24,000 കോടി രൂപയിലധികം വകയിരുത്തിയ പിഎം ജൻമൻ പോലുള്ള പദ്ധതികൾ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗോത്രവർഗ വിഭാഗങ്ങളുടെ വികസനത്തിനുള്ള ഉപാധിയാണെന്ന് തെളിയിക്കുകയാണ്.
ഉപജീവന അവസരങ്ങൾ ലഭ്യമാക്കുന്നതിനായി പിഎം-സുരാജ് പോർട്ടലിലൂടെ പിന്നാക്ക വിഭാഗങ്ങൾക്ക് ഗവണ്മെന്റ് കുറഞ്ഞ പലിശനിരക്കിലുള്ള വായ്പയും നൽകുന്നുണ്ട്.
എന്റെ ഗവൺമെന്റ് ദിവ്യാംഗ് സഹോദരീസഹോദരങ്ങൾക്കായി താങ്ങാനാകുന്ന നിരക്കിൽ തദ്ദേശീയമായ പിന്തുണാ ഉപകരണങ്ങൾ വികസിപ്പിക്കുകയാണ്.
പിഎം ദിവ്യാശ കേന്ദ്രങ്ങൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.
അടിച്ചമർത്തപ്പെട്ടവരെ സേവിക്കാനുള്ള ഈ പ്രതിബദ്ധതയാണ് യഥാർഥ സാമൂഹ്യനീതി.
ബഹുമാനപ്പെട്ട അംഗങ്ങളേ,
15. രാജ്യത്തെ തൊഴിൽ ശക്തിയോടുള്ള ആദരസൂചകമായി, തൊഴിലാളികളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമാണ് എന്റെ ഗവൺമെന്റ് മുൻഗണന നൽകുന്നത്.
തൊഴിലാളികൾക്കായുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പദ്ധതികളും എന്റെ ഗവണ്മെന്റ് സംയോജിപ്പിക്കുകയാണ്.
ഡിജിറ്റൽ ഇന്ത്യയുടെയും തപാൽ ഓഫീസുകളുടെയും ശൃംഖലകൾ പ്രയോജനപ്പെടുത്തി അപകട- ലൈഫ് ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കുന്നു.
പിഎം സ്വനിധിയുടെ വ്യാപ്തി വിപുലീകരിക്കുകയും ഗ്രാമീണ, അർധ നഗര പ്രദേശങ്ങളിലെ വഴിയോര കച്ചവടക്കാരെയും അതിന്റെ പരിധിയിൽ കൊണ്ടുവരുകയും ചെയ്യും.
ആദരണീയരായ അംഗങ്ങളേ,
16. ഏതൊരു സമൂഹത്തിന്റെയും പുരോഗതി സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ പുരോഗതിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ബാബാ സാഹേബ് ഡോ. ഭീംറാവു അംബേദ്കർ വിശ്വസിച്ചിരുന്നു.
കഴിഞ്ഞ 10 വർഷത്തെ രാഷ്ട്രത്തിന്റെ നേട്ടങ്ങളുടെയും പുരോഗതിയുടെയും അടിത്തറ പാവപ്പെട്ടവരുടെ ശാക്തീകരണമാണ്.
ഗവണ്മെന്റ് തങ്ങൾക്കായി സേവനം ചെയ്യുന്നുവെന്ന് ഇതാദ്യമായി പാവപ്പെട്ടവർക്ക് എന്റെ ഗവണ്മെന്റ് മനസ്സിലാക്കികൊടുത്തു.
കൊറോണ മഹാമാരിയുടെ ദുഷ്‌കരമായ നാളുകളിൽ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്നതിനായി ഗവണ്മെന്റ് പിഎം ഗരീബ് കല്യാൺ അന്ന യോജന ആരംഭിച്ചു.
ദാരിദ്ര്യത്തിൽ നിന്ന് കരകയറിയ കുടുംബങ്ങൾ വീണ്ടും ദാരിദ്ര്യത്തിലേക്ക് വഴുതിവീഴാതിരിക്കാനും ഈ പദ്ധതിയുടെ ആനുകൂല്യം നൽകുന്നുണ്ട്.
ശുചിത്വ ഭാരത യജ്ഞം പാവപ്പെട്ടവരുടെ അന്തസ്സും അവരുടെ ആരോഗ്യവും ദേശീയ പ്രാധാന്യമുള്ള വിഷയമാക്കി മാറ്റി.
രാജ്യത്ത് കോടിക്കണക്കിന് പാവപ്പെട്ട ജനങ്ങൾക്ക് ഇതാദ്യമായി ശൗചാലയങ്ങൾ നിർമിച്ചുനൽകി.
രാഷ്ട്രം ഇന്ന് മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ യഥാർഥ ചൈതന്യത്തോടെ പിന്തുടരുന്നു എന്ന ആത്മവിശ്വാസം ഈ ശ്രമങ്ങൾ നമുക്ക് നൽകുന്നു.
ആയുഷ്മാൻ ഭാരത് യോജന പ്രകാരം 55 കോടി ഗുണഭോക്താക്കൾക്ക് എന്റെ ഗവണ്മെന്റ് സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുന്നുണ്ട്.
രാജ്യത്ത് 25,000 ജൻ ഔഷധി കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ഇതുകൂടാതെ, ഈ വിഷയത്തിൽ ഗവണ്മെന്റ് മറ്റൊരു തീരുമാനം എടുക്കാൻ പോകുകയാണ്.
ഇപ്പോൾ 70 വയസ്സിനു മുകളിലുള്ള എല്ലാ വയോജനങ്ങൾക്കും ആയുഷ്മാൻ ഭാരത് യോജനയുടെ കീഴിൽ സൗജന്യ ചികിത്സയുടെ ആനുകൂല്യം ലഭിക്കും.
ബഹുമാന്യരായ അംഗങ്ങളെ,
17. പലപ്പോഴും, വൈരുദ്ധ്യാത്മക മനോഭാവവും സങ്കുചിതമായ സ്വാർത്ഥതയും കാരണം, ജനാധിപത്യത്തിൻ്റെ അടിസ്ഥാന സത്ത വളരെ ദുർബലമായിട്ടുണ്ട്.
ഇത് പാർലമെൻ്ററി സംവിധാനത്തെയും രാജ്യത്തിൻ്റെ വികസന യാത്രയെയും ബാധിക്കുന്നു.
രാജ്യത്ത് നിരവധി ദശാബ്ദങ്ങൾ നീണ്ടുനിന്ന അസ്ഥിരമായ ഗവൺമെൻ്റുകളുടെ കാലഘട്ടത്തിൽ, പല ഗവൺമെൻ്റുകൾക്കും അവർ തയ്യാറായിരുന്നെങ്കിലും, പരിഷ്കാരങ്ങൾ കൊണ്ടുവരാനോ നിർണായക തീരുമാനങ്ങൾ എടുക്കാനോ കഴിഞ്ഞില്ല.
ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ നിർണായകമായ ജനവിധിയിലൂടെ ഈ സ്ഥിതിക്ക് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നു.
കഴിഞ്ഞ 10 വർഷത്തിനുള്ളിലുണ്ടായ നിരവധി പരിഷ്കാരങ്ങൾ രാജ്യത്തിന് ഇന്ന് വളരെയധികം പ്രയോജനം ചെയ്യുന്നു.
ഈ പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾ പോലും അവയെ എതിർക്കുകയും നിഷേധാത്മകത പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ ഈ പരിഷ്കാരങ്ങളെല്ലാം കാലത്തെ അതീജീവിച്ച് നിലകൊള്ളുന്നു.
പത്ത് വർഷം മുമ്പ്, ഇന്ത്യയുടെ ബാങ്കിംഗ് മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ, ഗവൺമെൻറ് ബാങ്കിംഗ് പരിഷ്കാരങ്ങൾ കൊണ്ടുവരികയും ഐബിസി പോലുള്ള നിയമങ്ങൾ രൂപീകരിക്കുകയും ചെയ്തു.
ഈ പരിഷ്കാരങ്ങൾ ഇന്ന് ഇന്ത്യയുടെ ബാങ്കിംഗ് മേഖലയെ ലോകത്തിലെ ഏറ്റവും ശക്തമായ ബാങ്കിംഗ് മേഖലകളിലൊന്നാക്കി മാറ്റി.
നമ്മുടെ പൊതുമേഖലാ ബാങ്കുകൾ ഇന്ന് ശക്തവും ലാഭകരവുമാണ്. പൊതുമേഖലാ ബാങ്കുകളുടെ ലാഭം 2023-24ൽ 1.4 ലക്ഷം കോടി രൂപ കവിഞ്ഞു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 35% കൂടുതലാണ്. നമ്മുടെ ബാങ്കുകളുടെ ശക്തി അവരുടെ വായ്പാ പരിധി വർധിപ്പിക്കാനും രാജ്യത്തിൻ്റെ സാമ്പത്തിക വികസനത്തിന് സംഭാവന നൽകാനും അവരെ പ്രാപ്തരാക്കുന്നു.
പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയും തുടർച്ചയായി കുറഞ്ഞുവരികയാണ്.
ഇന്ന് എസ് ബി ഐ റെക്കോർഡ് ലാഭത്തിലാണ്.
ഇന്ന് എൽഐസി എന്നത്തേക്കാളും ശക്തമാണ്.
ഇന്ന് എച്ച്എഎൽ രാജ്യത്തിൻ്റെ പ്രതിരോധ വ്യവസായത്തിന് കരുത്ത് പകരുന്നു.
ഇന്ന്, ജിഎസ്ടി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഔപചാരികമാക്കുന്നതിനുള്ള ഒരു മാധ്യമമായി മാറിയിരിക്കുന്നു. കൂടാതെ ബിസിനസ്-വ്യാപാര നടപടികൾ മുമ്പത്തേക്കാൾ എളുപ്പമാക്കാൻ സഹായിക്കുന്നു.
ആദ്യമായി ഏപ്രിൽ മാസത്തിൽ ജിഎസ്ടി സമാഹരണം 2 ലക്ഷം കോടി രൂപ കവിഞ്ഞു. ഇത് സംസ്ഥാനങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയും ചെയ്തു.
ഇന്ന് ലോകം മുഴുവൻ ഡിജിറ്റൽ ഇന്ത്യയെയും ഡിജിറ്റൽ പേയ്‌മെൻ്റിനെയും കുറിച്ച് ആവേശഭരിതരാണ്.
ബഹുമാന്യരായ അംഗങ്ങളെ,
18. നമ്മുടെ സായുധ സേനയുടെ ആധുനികവൽക്കരണം ശക്തമായ ഇന്ത്യക്ക് അത്യന്താപേക്ഷിതമാണ്.
നമ്മുടെ സായുധ സേനയിലെ പരിഷ്‌കാരങ്ങൾ ഒരു തുടർച്ചയായ പ്രക്രിയയായിരിക്കണം. അതുവഴി യുദ്ധസമയത്ത് നമ്മുടെ സൈന്യം അവരുടെ മേധാവിത്വം നിലനിർത്തുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രതിരോധ മേഖലയിൽ നിരവധി പരിഷ്‌കാരങ്ങൾ എൻ്റെ ഗവണ്മെന്റ് കൊണ്ടുവന്നിട്ടുണ്ട്.
സിഡിഎസ് പോലുള്ള പരിഷ്‌കാരങ്ങൾ നമ്മുടെ പ്രതിരോധ സേനയ്ക്ക് പുതിയ കരുത്ത് നൽകി.
പ്രതിരോധ മേഖലയെ സ്വാശ്രയമാക്കുന്നതിന് എൻ്റെ ഗവൺമെൻറ് നിരവധി സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
ഓർഡനൻസ് ഫാക്ടറികളിലെ പരിഷ്‌കാരങ്ങൾ പ്രതിരോധ മേഖലയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
40-ലധികം ഓർഡനൻസ് ഫാക്ടറികൾ 7 പ്രതിരോധമേഖലാ സംരംഭങ്ങളായി പുനഃക്രമീകരിച്ചു. അതിൻ്റെ ഫലമായി അവയുടെ ശേഷിയും കാര്യക്ഷമതയും മെച്ചപ്പെട്ടു.
ഇത്തരം പരിഷ്‌കാരങ്ങൾ മൂലമാണ് ഇന്ത്യ ഇപ്പോൾ ഒരു ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്നത്.
കഴിഞ്ഞ ദശകത്തിൽ നമ്മുടെ പ്രതിരോധ കയറ്റുമതി 18 മടങ്ങിൽ കൂടുതൽ വർധിച്ച് 21,000 കോടി രൂപ വരെയായി.
ഫിലിപ്പീൻസുമായുള്ള ബ്രഹ്മോസ് മിസൈൽ പ്രതിരോധ കരാർ, പ്രതിരോധ കയറ്റുമതി മേഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തി.
യുവാക്കൾക്കും അവരുടെ സ്റ്റാർട്ടപ്പുകൾക്കും പ്രോത്സാഹനം നൽകുന്നതിലൂടെ, സ്വയം പര്യാപ്തമായ പ്രതിരോധ മേഖലയ്ക്ക് ശക്തമായ അടിത്തറ പാകാൻ ഗവൺമെന്റിന് കഴിഞ്ഞു.
എന്റെ ഗവൺമെൻറ് ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും രണ്ട് പ്രതിരോധ ഇടനാഴികൾ വികസിപ്പിക്കുന്നു.
കഴിഞ്ഞ വർഷം പ്രതിരോധ സേനയുടെ മൊത്തം സംഭരണത്തിൻ്റെ ഏകദേശം 70 ശതമാനവും ഇന്ത്യൻ നിർമ്മാതാക്കളിൽ നിന്ന് മാത്രമാണ് സമാഹരിച്ചത് എന്നത് നമുക്കെല്ലാവർക്കും സന്തോഷകരമായ കാര്യമാണ്.
500-ലധികം പ്രതിരോധ വസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് നമ്മുടെ പ്രതിരോധ സേന തീരുമാനിച്ചു.
ഈ ആയുധങ്ങളും പ്രതിരോധവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഇന്ത്യൻ കമ്പനികളിൽ നിന്ന് മാത്രമാണ് വാങ്ങുന്നത്.
സായുധ സേനയിലെ ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾക്ക് എൻ്റെ ഗവണ്മെന്റ് എപ്പോഴും മുൻഗണന നൽകുന്നു.
അതുകൊണ്ടാണ് നാല് പതിറ്റാണ്ടിന് ശേഷം വൺ റാങ്ക് വൺ പെൻഷൻ നടപ്പാക്കിയത്.
ഇതിന് കീഴിൽ ഇതുവരെ 1,20,000 കോടി രൂപ വിതരണം ചെയ്തു.
നമ്മുടെ രക്തസാക്ഷികളോടുള്ള ആദരസൂചകമായി കർത്തവ്യ പാതയുടെ ഒരറ്റത്ത് ഗവൺമെൻറ് ദേശീയ യുദ്ധസ്മാരകം സ്ഥാപിച്ചിട്ടുണ്ട്.
ഈ ശ്രമങ്ങൾ ധീരരായ സൈനികർക്ക് ഒരു രാഷ്ട്രത്തിന്റെ നന്ദിപൂർവ്വകമായ അഭിവാദനം മാത്രമല്ല, രാജ്യം ആദ്യം എന്ന ആദർശത്തോടുള്ള പ്രചോദനത്തിൻ്റെ സ്ഥായിയായ ഉറവിടം കൂടിയാണ്.
ബഹുമാന്യരായ അംഗങ്ങളെ,
19. ഈ രാജ്യത്തെ യുവജനങ്ങൾക്ക് വലിയ സ്വപ്‌നങ്ങൾ കാണാനും ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനും എൻ്റെ ഗവൺമെൻ്റ് പ്രവർത്തിക്കുന്നു.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, നമ്മുടെ യുവാക്കളെ ബുദ്ധിമുട്ടിച്ച അത്തരം എല്ലാ തടസങ്ങളെയും നീക്കി.
മുൻകാലങ്ങളിൽ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താൻ യുവാക്കൾ പല ഇടങ്ങളിൽ അലയേണ്ടിയിരുന്നു. ഇപ്പോൾ അവരുടെ സ്വയം സാക്ഷ്യപ്പെടുത്തൽ മതിയാകും.
കേന്ദ്ര ഗവണ്മെന്റിന്റെ ഗ്രൂപ്പ്-സി, ഗ്രൂപ്പ്-ഡി തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റിനുള്ള അഭിമുഖം നിർത്തലാക്കി.
നേരത്തെ ഇന്ത്യൻ ഭാഷകളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ അനീതി നേരിട്ടിരുന്നു.
പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയതോടെ ഈ അനീതി ഇല്ലാതാക്കാൻ എൻ്റെ ഗവൺമെൻറ്റിന് കഴിഞ്ഞു.
ഇപ്പോൾ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഭാഷകളിൽ എഞ്ചിനീയറിംഗ് കോഴ്സുകൾ ചെയ്യാം.
കഴിഞ്ഞ 10 വർഷത്തിനിടെ 7 പുതിയ ഐഐടികളും 16 ഐഐഐടികളും 7 ഐഐഎമ്മുകളും 15 പുതിയ എയിംസുകളും 315 മെഡിക്കൽ കോളേജുകളും 390 സർവകലാശാലകളും സ്ഥാപിക്കപ്പെട്ടു.
ഈ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും ആവശ്യാനുസരണം എണ്ണം വർധിപ്പിക്കാനുമാണ് ഗവണ്മെന്റിന്റെ ശ്രമം.
ഗവൺമെൻറ്, ഒരു ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.
അടൽ ടിങ്കറിംഗ് ലാബ്‌സ്, സ്റ്റാർട്ട്-അപ്പ് ഇന്ത്യ, സ്റ്റാൻഡ്-അപ്പ് ഇന്ത്യ തുടങ്ങിയ പരിപാടികൾ രാജ്യത്തെ യുവാക്കളുടെ കർമശേഷി മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്.
ഈ ശ്രമങ്ങൾ കൊണ്ടാണ് ഇന്ത്യ ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറിയത്.
ബഹുമാന്യരായ അംഗങ്ങളെ,
20. രാജ്യത്തെ യുവജനങ്ങൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ശരിയായ അവസരങ്ങൾ ഒരുക്കുകയെന്നത് ഗവണ്മെന്റിന്റെ നിരന്തര പരിശ്രമമാണ്.
അത് മത്സര പരീക്ഷകളായാലും ഗവൺമെൻറ് റിക്രൂട്ട്‌മെൻ്റായാലും ഒരു തടസ്സവും ഉണ്ടാകാൻ പാടില്ല. ഈ പ്രക്രിയയ്ക്ക് പൂർണ്ണമായ സുതാര്യതയും സത്യസന്ധതയും ആവശ്യമാണ്.
സമീപകാലത്ത് ചില പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടായ സംഭവങ്ങളിൽ, നീതിയുക്തമായ അന്വേഷണത്തിനും കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുന്നതിനും എൻ്റെ ഗവൺമെൻറ് പ്രതിജ്ഞാബദ്ധമാണ്.
നേരത്തെയും, വിവിധ സംസ്ഥാനങ്ങളിൽ പേപ്പർ ചോർച്ചയുടെ നിരവധി സംഭവങ്ങൾക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാജ്യവ്യാപകമായി ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണ്.
പരീക്ഷകളിലെ അന്യായമായ മാർഗങ്ങൾക്കെതിരെ പാർലമെൻ്റ് കർശനമായ നിയമവും നടപ്പിലാക്കിയിട്ടുണ്ട്.
പരീക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും അവയുടെ പ്രവർത്തനത്തിലും പരീക്ഷാ പ്രക്രിയയുടെ സമസ്ത മേഖലയിലും ബൃഹദ് പരിഷ്കാരങ്ങൾക്കായി എൻ്റെ ഗവൺമെൻ്റ് പ്രവർത്തിക്കുന്നു.
ബഹുമാന്യരായ അംഗങ്ങളെ,
21. രാഷ്ട്രനിർമ്മാണത്തിൽ യുവാക്കളുടെ പങ്കാളിത്തം കൂടുതൽ വർധിപ്പിക്കുന്നതിനായി, എൻ്റെ ഗവൺമെൻ്റ് ‘മേരാ യുവ ഭാരത് (മൈ ഭാരത്)’ പ്രചാരണ പരിപാടി ആരംഭിച്ചു.
ഇതുവരെ 1.5 കോടിയിലധികം യുവാക്കൾ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ സംരംഭം യുവാക്കളിൽ നേതൃപാടവം വളർത്തുകയും സേവന മനോഭാവത്തിന്റെ വിത്ത് പാകുകയും ചെയ്യും.
ഇന്ന് നമ്മുടെ യുവാക്കൾക്ക് കായികരംഗത്തും മുന്നേറാൻ പുതിയ അവസരങ്ങൾ ലഭിക്കുന്നുണ്ട്.
എൻ്റെ ഗവൺമെൻ്റിൻ്റെ ഫലപ്രദമായ ശ്രമങ്ങൾ കാരണം, ഇന്ത്യൻ യുവാക്കൾ ആഗോള വേദികളിൽ റെക്കോർഡ് എണ്ണം മെഡലുകൾ നേടുന്നു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ പാരീസ് ഒളിമ്പിക്സും ആരംഭിക്കാൻ പോകുന്നു.
ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഓരോ കായികതാരത്തിലും ഞങ്ങൾക്ക് അഭിമാനമുണ്ട്. ഞാൻ അവർക്ക് എൻ്റെ ആശംസകൾ അറിയിക്കുന്നു.
ഈ നേട്ടങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി, 2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ.
ബഹുമാന്യരായ അംഗങ്ങളെ,
22. ജൂലൈ ഒന്ന് മുതൽ ഭാരതീയ ന്യായ് സംഹിത രാജ്യത്ത് നിലവിൽ വരും.
ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടുത്തെ ജനങ്ങളെ ശിക്ഷിക്കാനുള്ള മനസ്സ് ആയിരുന്നു.
നിർഭാഗ്യവശാൽ, കൊളോണിയൽ കാലഘട്ടത്തിലെ അതേ ശിക്ഷാ സമ്പ്രദായം സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും നിരവധി പതിറ്റാണ്ടുകളായി തുടർന്നു.
ഇത് മാറ്റണമെന്ന ആശയം പതിറ്റാണ്ടുകളായി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു, എന്നാൽ അത് ചെയ്യാൻ ധൈര്യം കാണിച്ചത് എൻ്റെ ഗവൺമെന്റാണ്.
ശിക്ഷയെക്കാൾ നീതിക്കാണ് ഇപ്പോൾ മുൻഗണന ലഭിക്കുക, അത് നമ്മുടെ ഭരണഘടനയുടെ അന്തസത്തയ്ക്ക് അനുസൃതവുമാണ്.
ഈ പുതിയ നിയമങ്ങൾ ജുഡീഷ്യൽ പ്രക്രിയയെ വേഗത്തിലാക്കും.
ഇന്ന്, രാജ്യം വിവിധ തലങ്ങളിൽ കൊളോണിയൽ ചിന്താഗതിയിൽ നിന്ന് മുക്തമാകുമ്പോൾ, ആ ദിശയിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണിത്.
നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള യഥാർത്ഥ ആദരവ് കൂടിയാണിത്.
എൻ്റെ ഗവണ്മെന്റ് സി എ എ-യുടെ കീഴിൽ അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ തുടങ്ങി.
വിഭജനം മൂലം ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ഇത് മാന്യമായ ജീവിതം ഉറപ്പാക്കിയിട്ടുണ്ട്.
സിഎഎ പ്രകാരം പൗരത്വം ലഭിച്ച കുടുംബങ്ങൾക്ക് ഒരു മെച്ചപ്പെട്ട ഭാവി ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുക.
ബഹുമാന്യരായ അംഗങ്ങളെ,
23. ഭാവി കെട്ടിപ്പടുക്കുന്നതിനൊപ്പം, ഭാരതീയ സംസ്കൃതിയുടെ മഹത്വവും പൈതൃകവും പുനഃസ്ഥാപിക്കുന്നതിനും എൻ്റെ ഗവൺമെന്റ് പ്രാധാന്യം നൽകുന്നു.
നളന്ദ സർവ്വകലാശാലയുടെ മഹത്തായ കാമ്പസിന്റെ രൂപത്തിൽ അടുത്തിടെ അതിൽ ഒരു പുതിയ അധ്യായം കൂട്ടിച്ചേർക്കുകയുണ്ടായി.
നളന്ദ കേവലമൊരു സർവ്വകലാശാല മാത്രമായിരുന്നില്ല, മറിച്ച് ആഗോള വിജ്ഞാന കേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ മഹത്തായ ഭൂതകാലത്തിൻ്റെ സാക്ഷ്യപത്രമായിരുന്നു.
ഇന്ത്യയെ ആഗോള വിജ്ഞാന കേന്ദ്രമാക്കി (Global knowledge hub) മാറ്റാൻ നവീകരിച്ച നളന്ദ സർവകലാശാല കാരണമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന നമ്മുടെ പൈതൃകം മുൻനിർത്തി ഭാവി തലമുറയെ പ്രചോദിപ്പിക്കാൻ എൻ്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
അതുകൊണ്ടാണ് രാജ്യത്തുടനീളമുള്ള തീർഥാടന കേന്ദ്രങ്ങളും മത,ആത്മീയ കേന്ദ്രങ്ങളും പുനരുദ്ധരിക്കപ്പെടുന്നത്.
ബഹുമാന്യരായ അംഗങ്ങളെ,
24. എൻ്റെ ഗവൺമെന്റ് വികസനത്തിനായി പ്രവർത്തിക്കുന്ന അതേ അഭിമാനബോധത്തോടെ പൈതൃകസംരക്ഷണത്തിന് വേണ്ടിയും പ്രവർത്തിക്കുന്നു.
പൈതൃകത്തിൽ അഭിമാനിക്കാനുള്ള ഈ ദൃഢനിശ്ചയം പട്ടികജാതി, പട്ടികവർഗ, ദരിദ്ര ജനവിഭാഗങ്ങളോടുള്ള ആദരവിൻ്റെ പ്രതീകമായി കൂടി മാറുകയാണ്.
എൻ്റെ ഗവൺമെന്റ് ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനം ജൻ ജാതി ഗൗരവ് ദിവസ് ആയി ആഘോഷിക്കാനാരംഭിച്ചു.
ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മദിനം അടുത്ത വർഷം രാജ്യത്തുടനീളം അത്യന്തം ഉത്സാഹപൂർവ്വം ആഘോഷിക്കും.
റാണി ദുർഗാവതിയുടെ 500-ാം ജന്മവാർഷികവും രാജ്യം വിപുലമായി ആഘോഷിക്കുകയാണ്.
കഴിഞ്ഞ മാസം, റാണി അഹല്യഭായ് ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് രാഷ്ട്രം തുടക്കം കുറിച്ചിരുന്നു.
നേരത്തെ, ഗുരു നാനാക്ക് ദേവ് ജിയുടെ 550-ാമത് പ്രകാശ് പർവ്വും ഗുരു ഗോവിന്ദ് സിംഗ് ജിയുടെ 350-ാമത് പ്രകാശ് പർവ്വും ഗവൺമെന്റ് അത്യുത്സാഹപൂർവ്വം ആഘോഷിച്ചു.
'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന സങ്കല്പത്തിലൂന്നി കാശി തമിഴ് സംഗമം, സൗരാഷ്ട്ര തമിഴ് സംഗമം തുടങ്ങിയവ ആഘോഷിക്കുകയെന്ന പാരമ്പര്യത്തിന് എൻ്റെ ഗവൺമെന്റാണ് തുടക്കം കുറിച്ചത്.
ഈ ആഘോഷങ്ങളിൽ നിന്ന് വരും തലമുറകൾക്ക് രാഷ്ട്ര നിർമ്മാണത്തിനുള്ള പ്രചോദനം ലഭിക്കുന്നു, അവരിൽ ദേശാഭിമാനബോധം രൂഢമൂലമാകുന്നു.
ബഹുമാന്യരായ അംഗങ്ങളെ,
25. നമുക്കുണ്ടാകുന്ന വിജയങ്ങളുടെയെല്ലാം അടിസ്ഥാനം നമ്മുടെ സമാന പൈതൃകമാണ്.
അതിനാൽ, അതിൽ നാം അഭിമാനിക്കണം, അവയെ ആശ്ലേഷിക്കാൻ മടിക്കരുത്.
ഇന്ത്യയിന്ന് സമസ്ത മേഖലകളിലും ഗംഭീര പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്.
ഈ നേട്ടങ്ങൾ നമുക്ക് നമ്മുടെ പുരോഗതിയിലും വിജയങ്ങളിലും അഭിമാനിക്കാൻ വലിയ അവസരങ്ങൾ പ്രദാനം ചെയ്യുന്നു.
ആഗോളതലത്തിൽ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ നമുക്ക് അഭിമാനിക്കാം.
നമ്മുടെ ശാസ്ത്രജ്ഞർ ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ പേടകം വിജയകരമായി ഇറക്കിയതിൽ നമുക്ക് അഭിമാനിക്കാം.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയതിൽ നമുക്ക് അഭിമാനിക്കാം.
വലിയ അക്രമസംഭവങ്ങളും നിയമലംഘനങ്ങളും ഇല്ലാതെ അതി വിപുലമായ പൊതുതിരഞ്ഞെടുപ്പ് രാജ്യം വിജയകരമായി പൂർത്തിയാക്കിയതിൽ നമുക്ക് അഭിമാനിക്കാം.
ഇന്ന് ലോകം നമ്മെ ജനാധിപത്യത്തിൻ്റെ മാതാവായിക്കണ്ട് ബഹുമാനിക്കുന്നു.
ഇന്ത്യയിലെ ജനങ്ങൾ ജനാധിപത്യത്തിലുള്ള പരിപൂർണ്ണ വിശ്വാസം സദാ പ്രകടിപ്പിക്കുകയും തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് സ്ഥാപനങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിക്കുകയും ചെയ്തുപോന്നിട്ടുണ്ട്.
നമ്മുടെ സുശക്തമായ ജനാധിപത്യം നിലനിർത്താൻ ഈ വിശ്വാസത്തെ സംരക്ഷിക്കുകയും കാത്തുസൂക്ഷിക്കുകയും വേണം.
ജനാധിപത്യ സ്ഥാപനങ്ങളിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലും ഉള്ള ജനങ്ങളുടെ വിശ്വാസത്തിന് ക്ഷതമേൽപിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് നാം തിരിച്ചറിയണം.
നമ്മുടെ ജനാധിപത്യത്തിൻ്റെ വിശ്വാസ്യത തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും നാം കൂട്ടായി അപലപിക്കണം.
ബാലറ്റ് പേപ്പറുകൾ തട്ടിയെടുക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്ന ഭൂതകാല സംഭവങ്ങൾ ഇന്നും നമ്മുടെ ഓർമ്മയിലുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രത ഉറപ്പാക്കാനാണ്, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (EVM) ഉപയോഗിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സുപ്രീം കോടതി മുതൽ ജനകീയ കോടതി വരെയുള്ള എല്ലാ പരീക്ഷകളിലും EVM വിജയിച്ചിട്ടുണ്ട്.
ബഹുമാന്യരായ അംഗങ്ങളെ,
26. എൻ്റെ മനസ്സിലെ ചില ആശങ്കകൾ നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഈ വിഷയങ്ങളിൽ ആത്മപരിശോധന നടത്താനും രാജ്യത്തിനനുഗുണമായ മൂർത്തവും ക്രിയാത്മകവുമായ പരിഹാരങ്ങൾ നിർദ്ദേശിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
ആശയവിനിമയ വിപ്ലവത്തിൻ്റെ ഈ കാലഘട്ടത്തിൽ, ജനാധിപത്യത്തെ ദുർബലപ്പെടുത്താനും സമൂഹത്തിൽ വിള്ളലുകൾ സൃഷ്ടിക്കാനും വിഘടനവാദ ശക്തികൾ ഗൂഢാലോചന നടത്തുകയാണ്.
ഈ ശക്തികൾ രാജ്യത്തിനകത്തു നിന്ന് മാത്രമല്ല പുറത്തുനിന്നും പ്രവർത്തിക്കുന്നു.
ഈ പ്രതിലോമ ശക്തികൾ കിംവദന്തികൾ പ്രചരിപ്പിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും പരിശ്രമിക്കുന്നു.
ഈ സാഹചര്യം ചോദ്യം അനിയന്ത്രിതമായി തുടരാൻ അനുവദിക്കാനാവില്ല
ഇന്ന്, സാങ്കേതികവിദ്യ അനുദിനം മുന്നേറുകയാണ്.
അത്തരമൊരു സാഹചര്യത്തിൽ, മനുഷ്യരാശിക്കെതിരായ സാങ്കേതികവിദ്യയുടെ ദുരുപയോഗം അങ്ങേയറ്റം വിനാശകരമാണ്.
അന്താരാഷ്ട്ര വേദികളിലും ഇന്ത്യ ഈ ആശങ്കകൾ പ്രകടിപ്പിക്കുകയും ആഗോള ചട്ടക്കൂടിന് വേണ്ടി വാദിക്കുകയും ചെയ്തു പോരുന്നു.
ഈ ദുഷ് പ്രവണതകൾ അവസാനിപ്പിക്കുകയും, വെല്ലുവിളികൾ നേരിടാൻ പുതു മാർഗങ്ങളും ഉപാധികളും തേടുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
ബഹുമാന്യരായ അംഗങ്ങളെ,
27. 21-ാം നൂറ്റാണ്ടിൻ്റെ മൂന്നാം ദശകത്തിൽ ഒരു പുതിയ ആഗോള ക്രമം രൂപം കൈക്കൊള്ളുകയാണ്.
എൻ്റെ ഗവൺമെന്റിന്റ ശ്രമഫലമായി, ഭാരതം വിശ്വബന്ധു എന്ന നിലയിലേക്കുയർന്ന് ലോകത്തിന് പുതിയ ആത്മവിശ്വാസം പകരുന്നു.
മനുഷ്യ കേന്ദ്രീകൃത സമീപനത്തിൽ അടിയുറച്ചുനിന്നുകൊണ്ട്, ഏത് പ്രതിസന്ധിയിലും പ്രതികരിക്കാൻ ഇന്ന് ആദ്യം മുന്നോട്ടു വരുന്നത് ഇന്ത്യയാണ്. ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ശക്തമായ ശബ്ദമായി രാജ്യം മാറിയിരിക്കുന്നു.
കൊറോണ പ്രതിസന്ധിയോ ഭൂകമ്പമോ യുദ്ധമോ ആകട്ടെ, മാനവികതയുടെ സംരക്ഷണത്തിൽ ഇന്ത്യ മുൻപന്തിയിലാണ്.
ലോകം ഇന്ത്യയെ വീക്ഷിക്കുന്ന രീതിയിലെ മാറ്റം ഇറ്റലിയിൽ നടന്ന ജി-7 ഉച്ചകോടിയിൽ പ്രകടമായിരുന്നു.
ഇന്ത്യ ജി-20 അധ്യക്ഷപദമലങ്കരിച്ചിരുന്ന സമയത്ത് വിവിധ ആഗോള വിഷയങ്ങളിൽ ലോകരാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ വിജയിച്ചു.
ഇന്ത്യ അധ്യക്ഷപദമലങ്കരിച്ചിരുന്ന കാലയളവിലാണ് ആഫ്രിക്കൻ യൂണിയനെ ജി-20-ൽ സ്ഥിരാംഗമാക്കിയത്.
ഇത് ആഫ്രിക്കയുടെയും മുഴുവൻ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെയും ആത്മവിശ്വാസം ഉയർത്തി.
അയൽരാജ്യങ്ങൾക്ക് പ്രഥമപരിഗണന (Neighbourhood First Policy) എന്ന ഇന്ത്യയുടെ നയം അയൽ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തി.
ജൂൺ 9 ന് നടന്ന കേന്ദ്ര മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അയൽ രാജ്യങ്ങളിലെ ഏഴ് രാഷ്ട്ര നേതാക്കൾ പങ്കെടുത്തത് എൻ്റെ ഗവൺമെന്റിന്റെ ഈ മുൻഗണനയെ പ്രതിഫലിപ്പിക്കുന്നു.
എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം (സബ്കാ സാത്ത്-സബ്കാ വികാസ്) എന്ന ആശയത്തിലൂന്നി, ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായുള്ള സഹകരണം ഇന്ത്യ വർധിപ്പിക്കുകയാണ്.
കിഴക്കനേഷ്യയായാലും പശ്ചിമേഷ്യയായാലും യൂറോപ്പായാലും എൻ്റെ ഗവൺമെൻറ് കണക്റ്റിവിറ്റിക്ക് വലിയ പ്രാധാന്യം നൽകുന്നു.
ഇന്ത്യ- പശ്ചിമേഷ്യ -യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് വഴി മരുന്നിട്ട കാഴ്ചപ്പാട് ഇന്ത്യയുടേതാണ്.
ഈ സാമ്പത്തിക ഇടനാഴി 21-ാം നൂറ്റാണ്ടിൽ വിപ്ലവകരമായ പരിവർത്തനം സൃഷ്ടിക്കുന്ന പദ്ധതിയാണെന്ന് തെളിയും.
ബഹുമാന്യരായ അംഗങ്ങളെ,
28. ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയതിന്റെ 75 വർഷം പൂർത്തിയാവുകയാണ്.
കഴിഞ്ഞ ദശകങ്ങളിൽ ഇന്ത്യൻ ഭരണഘടന വിവിധങ്ങളായ വെല്ലുവിളികളെയും പരീക്ഷണങ്ങളെയും നേരിട്ടു.
ഭരണഘടന നിലവിൽ വരുമ്പോൾ ഇന്ത്യ പരാജയപ്പെടണമെന്ന് മനസാ ആഗ്രഹിച്ച ശക്തികൾ ലോകത്തുണ്ടായിരുന്നു.
ഭരണഘടന നിലവിൽ വന്നതിന് ശേഷവും അത് പലതവണ ആക്രമിക്കപ്പെട്ടു.
ഇന്ന് ജൂൺ 27 ആണ്.
1975 ജൂൺ 25ലെ അടിയന്തരാവസ്ഥ ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിൻ്റെ ഏറ്റവും വലുതും ഇരുണ്ടതുമായ അധ്യായമായിരുന്നു.
രാജ്യം മുഴുവൻ രോഷാഗ്നിയിലമർന്നു.
എന്നാൽ റിപ്പബ്ലിക്കിൻ്റെ പാരമ്പര്യങ്ങൾ ഇന്ത്യയെന്ന അടിസ്ഥാനാശയത്തിലടിയുറച്ചതാകയാൽ ഭരണഘടനാ വിരുദ്ധ ശക്തികൾക്കെതിരെ രാജ്യം വിജയിച്ചു.
എൻ്റെ ഗവൺമെന്റ് ഇന്ത്യൻ ഭരണഘടനയെ ഭരണത്തിനുള്ള ഉപാധിയായി മാത്രം കണക്കാക്കുന്നില്ല; മറിച്ച് ഭരണഘടന പൊതുബോധത്തിൻ്റെ ഭാഗമാകുന്നുവെന്ന് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.
ഈ ലക്ഷ്യം മുൻനിർത്തിയാണ് എൻ്റെ ഗവൺമെന്റ്നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
അനുച്ഛേദം 370 കാരണം വ്യത്യസ്ത സാഹചര്യങ്ങൾ നിലനിന്നിരുന്ന ജമ്മു കാശ്മീരിൽ ഇപ്പോൾ ഭരണഘടന പൂർണ്ണമായും പ്രാബല്യത്തിൽ വന്നിരിക്കുന്നു.
ബഹുമാന്യരായ അംഗങ്ങളെ,
29. സ്വന്തം കടമകൾ നിർവഹിക്കുന്നതിലുള്ള നമ്മുടെ ആത്മാർത്ഥതയാണ് രാജ്യത്തിൻ്റെ ഭാഗധേയം നിർണ്ണയിക്കുന്നത്.
18-ാം ലോക്‌സഭയിൽ നിരവധി പുതിയ അംഗങ്ങൾ ആദ്യമായി പാർലമെൻ്ററി സംവിധാനത്തിൻ്റെ ഭാഗമായി.
ഒട്ടേറെ പഴയ അംഗങ്ങളും പുതിയ ആവേശത്തോടെ മടങ്ങിയെത്തിയിട്ടുണ്ട്.
എല്ലാ വിധത്തിലും കാലം ഇന്ത്യക്ക് അനുകൂലമാണെന്ന് നിങ്ങൾക്കേവർക്കും അറിയാവുന്നതാണ്.
വരും വർഷങ്ങളിൽ ഭാരത സർക്കാരും പാർലമെൻ്റും സ്വീകരിക്കാൻ പോകുന്ന നയങ്ങൾക്കും തീരുമാനങ്ങൾക്കുമായി ലോകം ഉറ്റുനോക്കുകയാണ്.
ഈ അനുകൂല കാലഘട്ടത്തിൽ രാജ്യം പരമാവധി നേട്ടങ്ങൾ സ്വായത്തമാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഗവൺമെന്റിൻ്റെ മാത്രമല്ല ഓരോ പാർലമെൻ്റ് അംഗത്തിൻ്റെയും ഉത്തരവാദിത്തമാണ്.
കഴിഞ്ഞ 10 വർഷത്തിനിടയിലുണ്ടായ പരിഷ്‌കാരങ്ങളും പുതിയ ആത്മവിശ്വാസവും ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള പരിശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നു.
ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്നത് രാജ്യത്തെ ഓരോ പൗരൻ്റെയും അഭിലാഷവും ദൃഢനിശ്ചയവുമാണെന്ന് നാമെല്ലാവരും സദാ ഓർക്കേണ്ടതുണ്ട്.
ഈ ലക്‌ഷ്യം സാക്ഷാത്കരിക്കുന്നതിന് തടസ്സങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്.
നയങ്ങളോടുള്ള എതിർപ്പും പാർലമെൻ്റിൻ്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതും രണ്ടും രണ്ടായിക്കാണണം.
പാർലമെന്റിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുമ്പോൾ, അവിടെ ആരോഗ്യകരമായ ചർച്ചകൾ നടക്കുമ്പോൾ, ദീർഘദർശിയായ തീരുമാനങ്ങൾ എടുക്കുമ്പോൾ, ജനങ്ങൾക്ക് ഗവൺമെന്റിൽ മാത്രമല്ല, മുഴുവൻ സംവിധാനത്തിലും വിശ്വാസം ജനിക്കും.
പാർലമെൻ്റിൻ്റെ ഓരോ നിമിഷവും അർത്ഥപൂർണമായി വിനിയോഗിക്കുമെന്നും പൊതുതാത്പര്യത്തിന് മുൻഗണന നൽകുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ബഹുമാന്യരായ അംഗങ്ങളെ,
30. നമ്മുടെ വേദങ്ങളിൽ, "സമാനോ മന്ത്രഃ സമിതിഃ സമാനി" എന്ന സന്ദേശം നൽകി ഋഷിമാർ നമ്മെ പ്രചോദിപ്പിച്ചിട്ടുണ്ട്.
അതായത്, നാം ഒരു പൊതു ആശയവും ലക്ഷ്യവും സാക്ഷാത്കരിക്കാനായി ഒരുമിച്ച് പ്രവർത്തിക്കേണ്ടവരാണെന്നർത്ഥം.
ഇതാണ് പാർലമെൻ്ററി ജനാധിപത്യത്തിന്റെ ആത്മാവ്.
ആയതിനാൽ, ഇന്ത്യ ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമ്പോൾ, ആ നേട്ടത്തിൽ നിങ്ങളും പങ്കാളികളായിരിക്കും.
വികസിത ഇന്ത്യയായി മാറി 2047ൽ സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ നിലവിലെ തലമുറയ്ക്കും അതിന്റെ കീർത്തി ലഭിക്കും.
ഇന്നത്തെ നമ്മുടെ യുവജനങ്ങൾക്കുള്ള സാധ്യതകൾ,
ഇന്നത്തെ നമ്മുടെ സങ്കൽപ്പങ്ങളിലുള്ള അർപ്പണബോധം,
അസാധ്യമെന്നു തോന്നുന്ന നമ്മുടെ നേട്ടങ്ങൾ,
ഇവയെല്ലാം വരാനിരിക്കുന്ന യുഗം ഇന്ത്യയുടേതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
ഈ നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടാണ്, അതിൻ്റെ സ്വാധീനം ഇനിയും ആയിരം വർഷത്തേക്ക് നിലനിൽക്കും.
നമ്മുടെ കടമകൾ പൂർണ്ണമായ അർപ്പണബോധത്തോടെ നിർവ്വഹിച്ച്, ദേശീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ സജീവമായി ഇടപെട്ടുകൊണ്ട് ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാൻ നമുക്കേവർക്കും ഒരുമിച്ച് പ്രവർത്തിക്കാം.
എല്ലാ പേർക്കും എന്റെ ആശംസകൾ!
നന്ദി,
ജയ് ഹിന്ദ്!
ജയ് ഭാരത്!
SKY - SK
(Release ID: 2029018)
Visitor Counter : 153
Read this release in:
English
,
Urdu
,
Hindi
,
Hindi_MP
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada