പ്രധാനമന്ത്രിയുടെ ഓഫീസ്
‘സശക്ത് നാരി-വികസിത് ഭാരത്’ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
Posted On:
11 MAR 2024 3:26PM by PIB Thiruvananthpuram
എന്റെ മന്ത്രിസഭയില ബഹുമാനപ്പെട്ട സഹപ്രവർത്തകർ, ശ്രീ ഗിരിരാജ് സിങ് ജി, ശ്രീ അർജുൻ മുണ്ഡ ജി, ശ്രീ മൻസുഖ് മാണ്ഡവ്യ ജി, കൂടാതെ ഇവിടെ വൻതോതിൽ ഒത്തുകൂടിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹോദരിമാരേ, രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് സ്ത്രീകളും വീഡിയോസംവിധാനത്തിലൂടെ ഞങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾക്കെല്ലാവർക്കും ഞാൻ ഊഷ്മളമായ സ്വാഗതവും ഹൃദയംഗമമായ അഭിനന്ദനങ്ങളും അറിയിക്കുന്നു. ഈ ഓഡിറ്റോറിയത്തിന് ചുറ്റും നോക്കുമ്പോൾ ഇതു ‘മിനി ഭാരത്’ ആണെന്ന് എനിക്ക് തോന്നുന്നു. ഭാരതത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ളവരും എല്ലാ ഭാഷകളും സംസാരിക്കുന്നവരും ഇവിടെ പ്രതിനിധാനം ചെയ്യപ്പെടുന്നു. നിങ്ങൾ ഓരോരുത്തർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ!
ഇന്നത്തെ പരിപാടി സ്ത്രീ ശാക്തീകരണ രംഗത്ത് ചരിത്ര മുഹൂർത്തം കുറിക്കുന്നു. നമോ ഡ്രോൺ ദീദി യജ്ഞത്തിനു കീഴിൽ വനിതാ സ്വയംസഹായസംഘങ്ങൾക്ക് (എസ്എച്ച്ജി) 1000 ആധുനിക ഡ്രോണുകൾ വിതരണം ചെയ്യാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. വിവിധ പദ്ധതികളിലൂടെയും കഠിനാധ്വാനത്തിലൂടെയും രാജ്യത്തെ ഒരു കോടിയിലധികം സഹോദരിമാർ ‘ലഖ്പതി ദീദിമാർ’ ആയി മാറിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇത് ചെറിയ കാര്യമല്ല. നിമിഷങ്ങൾക്കുമുമ്പ്, കൗമാരക്കാരിയായ സഹോദരിയുമായി ഞാൻ സംഭാഷണം നടത്തി. അവർ തന്റെ കച്ചവടത്തിലൂടെ പ്രതിമാസം 60,000 മുതൽ 80,000 രൂപ വരെ സമ്പാദിക്കുന്നുവെന്ന് അഭിമാനത്തോടെ പറഞ്ഞു. കച്ചവടത്തിൽനിന്നു ഗണ്യമായ വരുമാനം നേടുന്ന ഗ്രാമത്തിലുള്ള ഈ സഹോദരിയെപ്പോലുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി നമുക്ക് ഇപ്പോൾ നമ്മുടെ രാജ്യത്തെ യുവാക്കളെ പ്രചോദിപ്പിക്കാം. അവളുടെ ആത്മവിശ്വാസം നോക്കൂ! അതെ, ആ യുവതി അവിടെത്തന്നെ ഇരിക്കുന്നു, കൈ ഉയർത്തി. അത്തരം കഥകൾ കേൾക്കുമ്പോൾ എന്നിൽ അപാരമായ ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും നിറയുന്നു. ക്രിയാത്മകമായ ഫലങ്ങൾ കൈവരിക്കാൻ കഴിയുന്ന ശരിയായ രാജ്യത്താണ് നാം എന്ന് ഇത് ആവർത്തിക്കുന്നു. ഞങ്ങൾ പദ്ധതികൾ വിഭാവനം ചെയ്‌തേക്കാം, എന്നാൽ നിങ്ങളുടെ സമർപ്പണവും പ്രത്യക്ഷമായ ഫലങ്ങളുമാണ് യഥാർത്ഥത്തിൽ മാറ്റമുണ്ടാക്കുന്നത്. നിങ്ങളുടെ നേട്ടങ്ങൾ സർക്കാർ ഉദ്യോഗസ്ഥരെ പ്രചോദിപ്പിക്കുക മാത്രമല്ല, പുരോഗതി ത്വരിതപ്പെടുത്തുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, 3 കോടി ‘ലഖ്പതി ദീദിമാരെ’ സൃഷ്ടിക്കുക എന്ന ലക്ഷ്യം മറികടക്കാൻ ഞാൻ തീരുമാനിച്ചു. ഇതിനായി 10,000 കോടി രൂപ ഈ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് ഇന്ന് എത്തിയിട്ടുണ്ട്. ഒരിക്കൽ കൂടി, എല്ലാ സഹോദരിമാർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ!
അമ്മമാരേ സഹോദരിമാരേ,
ഏതൊരു രാജ്യത്തും സമൂഹത്തിലും സ്ത്രീകളുടെ അന്തസ്സ് വർധിപ്പിക്കുകയും അവർക്ക് പുതിയ അവസരങ്ങൾ നൽകുകയും ചെയ്യുന്നതിലൂടെ മാത്രമേ പുരോഗതി കൈവരിക്കാൻ കഴിയൂ. ഖേദകരമെന്നു പറയട്ടെ, രാജ്യത്തെ മുൻ ഗവൺമെന്റുകൾ ഒരിക്കലും നിങ്ങളെപ്പോലുള്ള സ്ത്രീകളുടെ ജീവിതത്തിനും പ്രശ്‌നങ്ങൾക്കും മുൻഗണന നൽകിയില്ല. നിങ്ങളെ സ്വയം രക്ഷപ്പെടുത്താൻ അനുവദിച്ചില്ല. എന്റെ നിരീക്ഷണം എന്തെന്നാൽ, നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും ചെറിയ അവസരവും പിന്തുണയും നൽകിയാൽ, പിന്നീടവർക്കു സഹായം ആവശ്യം വരുന്നില്ല; അവർ സ്വയം താങ്ങായി മാറുന്നു. ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്ന് സ്ത്രീശാക്തീകരണ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ തുടങ്ങിയപ്പോൾ ഈ തിരിച്ചറിവ് എന്നെ കൂടുതൽ ആഴത്തിൽ സ്പർശിച്ചു. ശൗചാലയങ്ങളുടെ അഭാവത്താൽ നമ്മുടെ അമ്മമാരും സഹോദരിമാരും നേരിടുന്ന വെല്ലുവിളികളും ഗ്രാമീണ സ്ത്രീകൾ അവരുടെ ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നുള്ള പ്രസംഗത്തിൽ അഭിസംബോധന ചെയ്ത ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ.
സ്ത്രീകളുടെ സാനിറ്ററി പാഡുകളുടെ പ്രശ്‌നവും ദിവസവും 400 സിഗരറ്റിന്റേതിനു തുല്യമായ പുക ശ്വസിച്ച് വിറക് അടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യുന്നതിന്റെ ആരോഗ്യപ്രശ്‌നങ്ങളും ഉന്നയിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. വീട്ടിൽ ടാപ്പ് വെള്ളത്തിന്റെ അഭാവത്താൽ എല്ലാ സ്ത്രീകളും നേരിടുന്ന പ്രശ്‌നങ്ങൾ പരാമർശിക്കുകയും അതിനായി ജൽ ജീവൻ ദൗത്യം പ്രഖ്യാപിക്കുകയും ചെയ്ത ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. എല്ലാ സ്ത്രീകൾക്കും ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്ന് എന്റെ പ്രസംഗത്തിൽ, സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾക്കെതിരെ സംസാരിക്കുകയും ചെയ്ത ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ.
വൈകി വീട്ടിലേക്ക് മടങ്ങുമ്പോൾ പെൺമക്കളോട് എവിടെപ്പോയിരുന്നുവെന്നു ചോദ്യം ചെയ്യുകയും ആൺമക്കളോട് അതു ചോദിക്കാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ഉയർത്തിക്കാട്ടിയ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ ആൺമക്കളോട് ചോദിക്കാത്തത്? ഈ വിഷയം ഞാൻ ചുവപ്പുകോട്ടയിൽനിന്ന് ഉന്നയിച്ചതാണ്. ചുവപ്പുകോട്ടയിൽ നിന്ന് നിങ്ങളുടെ ശാക്തീകരണത്തെക്കുറിച്ച് ഞാൻ സംസാരിക്കുമ്പോഴെല്ലാം കോൺഗ്രസ് പോലുള്ള രാഷ്ട്രീയ കക്ഷികൾൾ എന്നെ പരിഹസിക്കാനും അപമാനിക്കാനും തീരുമാനിച്ചതു നിരാശാജനകമാണെന്ന്, ഇന്ന്, രാജ്യത്തെ എല്ലാ സ്ത്രീകളോടും സഹോദരികളോടും പെൺമക്കളോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ,
മോദിയുടെ സംവേദനക്ഷമതയും നയങ്ങളും രൂപപ്പെടുത്തിയത് താഴേത്തട്ടിലെ അനുഭവങ്ങളാണ്. എന്റെ കുട്ടിക്കാലത്ത്, എന്റെ സമുദായത്തിനുള്ളിൽ, രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലെ കുടുംബങ്ങളുമായുള്ള ആശയവിനിമയത്തിലൂടെ നടത്തിയ നിരീക്ഷണങ്ങൾ എന്റെ നിലവിലെ സമീപനത്തിലും പദ്ധതികളിലും പ്രകടമാണ്. തൽഫലമായി, അമ്മമാർ, സഹോദരിമാർ, പെൺമക്കൾ എന്നിവർ നേരിടുന്ന വെല്ലുവിളികൾ ലഘൂകരിക്കാനും അവരുടെ ജീവിതം സുഗമമാക്കാനും ഈ പദ്ധതികൾ ലക്ഷ്യമിടുന്നു. സ്വന്തം കുടുംബത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നേതാക്കൾക്ക് ഈ കാഴ്ചപ്പാട് ഉൾക്കൊള്ളാൻ കഴിയില്ല. നമ്മുടെ ഗവൺമെന്റിന്റെ പല പദ്ധതികളുടെയും അടിസ്ഥാന തത്വം രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് അമ്മമാരും സഹോദരിമാരും നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക എന്നതാണ്.
എന്റെ അമ്മമാരേ സഹോദരിമാരേ,
സ്ത്രീശാക്തീകരണത്തിന്റെ പേരുപറഞ്ഞ് മുൻ ഗവണ്മെന്റുകൾ ഒന്നോ രണ്ടോ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ടാകാം, എന്നാൽ മോദി ഈ സമീപനത്തിൽ വിപ്ലവം സൃഷ്ടിച്ചു. 2014-ൽ അധികാരമേറ്റതുമുതൽ, ഒരു സ്ത്രീയുടെ ജീവിതചക്രത്തന്റെ എല്ലാ ഘട്ടങ്ങളും ഉൾക്കൊള്ളുന്ന പദ്ധതികൾ ഞങ്ങൾ ആവിഷ്കരിച്ചു വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ജനിച്ച നിമിഷം മുതൽ ഒരു സ്ത്രീയുടെ അവസാന ശ്വാസം വരെ, വിവിധ സംരംഭങ്ങളിലൂടെ ഭാരതത്തിലെ സ്ത്രീകളെ സേവിക്കാൻ മോദി പ്രതിജ്ഞാബദ്ധനാണ്. പെൺഭ്രൂണഹത്യയെ ചെറുക്കുന്നതിന്, ഞങ്ങൾ ‘ബേട്ടി ബച്ചാവോ-ബേട്ടി പഠാവോ’ യജ്ഞം ആരംഭിച്ചു. ഗർഭകാലത്ത് ശരിയായ പോഷകാഹാരം ഉറപ്പാക്കാൻ ഓരോ ഗർഭിണിക്കും 6,000 രൂപ ധനസഹായം നൽകുന്നു. സുകന്യ സമൃദ്ധി യോജന അവതരിപ്പിച്ചത് പെൺമക്കളുടെ ശോഭനമായ ഭാവി ഉറപ്പാക്കുന്നതിനാണ്, ആകർഷകമായ പലിശ നിരക്കുകൾ അതു വാഗ്ദാനം ചെയ്യുന്നു. വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, മുദ്ര യോജന ഗണ്യമായ പിന്തുണ നൽകുന്നു. സ്ത്രീകളുടെ തൊഴിൽ സംരക്ഷിക്കുന്നതിനായി ഞങ്ങൾ പ്രസവാവധി 26 ആഴ്ചയായി ഉയർത്തി. ആയുഷ്മാൻ യോജനയിലൂടെ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, 80% വിലക്കിഴിവിൽ മരുന്നുകൾ നൽകുന്ന ജൻ ഔഷധി കേന്ദ്ര തുടങ്ങിയ സംരംഭങ്ങൾ രാജ്യത്തുടനീളമുള്ള അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കുമാണ് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്നത്.
അമ്മമാരേ സഹോദരിമാരേ,
വെല്ലുവിളികളിൽ നിന്ന് മോദി ഒഴിഞ്ഞുമാറുന്നില്ല; അവയെ അവൻ നേരിട്ടെതിർക്കുകയും ശാശ്വതമായ പ്രതിവിധികൾക്കായി പരിശ്രമിക്കുകയും ചെയ്യുന്നു. ഭാരതത്തിലെ സ്ത്രീകളെ ശാക്തീകരിക്കണമെങ്കിൽ അവരുടെ സാമ്പത്തിക പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ, ഞങ്ങളുടെ ഗവണ്മെന്റിന്റെ എല്ലാ തീരുമാനങ്ങളിലും പദ്ധതികളിലും ഈ വശം ഞങ്ങൾ മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. പ്രിയപ്പെട്ട അമ്മമാരേ, സഹോദരിമാരേ, ഇത് ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാൻ എന്നെ അനുവദിക്കൂ. പരമ്പരാഗതമായി, വസ്തുവകകളുടെ ഉടമസ്ഥാവകാശം പ്രാഥമികമായി പുരുഷന്റെ പേരിലാണെന്ന് നിങ്ങൾക്കറിയാം. ഭൂമിയോ കടയോ വീടോ ഏതുമാകട്ടെ, അത് സാധാരണയായി ഒരു പുരുഷന്റേതായിരുന്നു. എന്നാൽ, വീട്ടിലെ സ്ത്രീകളുടെ കാര്യമോ? അതുകൊണ്ടാണ് പിഎം ആവാസ് പദ്ധതിക്കു കീഴിൽ ലഭ്യമാകുന്ന വീടുകൾ സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കിയത്. മുൻകാലങ്ങളിൽ, പുതിയ കാറുകളും ട്രാക്ടറുകളും മറ്റ് യന്ത്രസാമഗ്രികളും പ്രവർത്തിപ്പിച്ചിരുന്നത് കൂടുതലും പുരുഷന്മാരായിരുന്നുവെന്നും നിങ്ങൾ കണ്ടിട്ടുണ്ട്. പെൺമക്കൾക്ക് അത്തരം ജോലികൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് ഏവരും ചിന്തിച്ചു. അതുപോലെ, ടിവികളോ ഫോണുകളോ പോലുള്ള പുതിയ വീട്ടുപകരണങ്ങൾ വീടുകളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ, പുരുഷന്മാർ സ്വാഭാവികമായും അവയിൽ പ്രാവീണ്യമുള്ളവരാണെന്ന് കരുതി. എന്നിരുന്നാലും, നമ്മുടെ സമൂഹം ഈ കാലഹരണപ്പെട്ട സങ്കൽപ്പങ്ങൾക്കും ചിന്തകൾക്കും അപ്പുറത്തേക്ക് വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ പരിപാടി ഈ പുരോഗതിയുടെ മറ്റൊരു തെളിവാണ്. നമ്മുടെ ഈ പെൺമക്കളും സഹോദരിമാരും ഡ്രോൺ സാങ്കേതികവിദ്യയുടെ തുടക്കക്കാരാണ്, അത് ഭാരതത്തിന്റെ കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കും.
നമ്മുടെ സഹോദരിമാർ ഡ്രോണുകൾ ഉപയോഗിച്ച് ആധുനിക കൃഷിരീതികൾ പ്രദർശിപ്പിക്കും. ഈയിടെ ഞാൻ വയലുകൾ സന്ദർശിക്കുകയും നമോ ഡ്രോൺ ദീദിമാർ എന്ന ഈ ഡ്രോൺ പൈലറ്റുമാരുടെ കഴിവുകൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. അടുത്തിടെ, ‘മൻ കീ ബാത്തി’ൽ ഡ്രോൺ ദീദിയുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചു. അവർ പറഞ്ഞത് ഇങ്ങനെയാണ്: “ഞാൻ ദിവസം മുഴുവൻ വിവിധ ജോലികളിൽ ഏർപ്പെടുകയും ഗണ്യമായ വരുമാനം നേടുകയും ചെയ്യുന്നു. മാത്രമല്ല, എന്റെ ആത്മവിശ്വാസം ഉയർന്നു, ഗ്രാമത്തിനുള്ളിലെ എന്നോടുള്ള ആദരം വർദ്ധിച്ചു. ഗ്രാമത്തിലെ എന്റെ വ്യക്തിത്വം ശ്രദ്ധേയമായ പരിവർത്തനത്തിന് വിധേയമായി. മുമ്പ് എനിക്ക് സൈക്കിൾ ചവിട്ടാൻ പോലും അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഗ്രാമത്തിലെ ജനങ്ങൾ എന്നെ പൈലറ്റായി അംഗീകരിക്കുന്നു. 21-ാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ സാങ്കേതിക വിപ്ലവത്തിന് നേതൃത്വം നൽകാൻ നമ്മുടെ രാജ്യത്തെ സ്ത്രീകൾക്ക് കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു”. ബഹിരാകാശ മേഖലയിലും ഐടി വ്യവസായത്തിലും ശാസ്ത്രമേഖലകളിലും വനിതകളുടെ ശ്രദ്ധേയ നേട്ടങ്ങൾ നാം ഇതിനകം കണ്ടു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വനിതാ കൊമേഴ്‌സ്യൽ പൈലറ്റുമാരുള്ള രാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതൽ പെൺമക്കൾ വിമാനം പറത്തുന്നത് നമ്മുടെ രാജ്യത്താണ്. വാണിജ്യാടിസ്ഥാനത്തിലുള്ള വിമാനങ്ങൾ പറത്തുന്നതായാലും കൃഷിക്ക് വേണ്ടി ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതായാലും ഇന്ത്യയുടെ പെൺമക്കളാണ് മുന്നിൽ. ജനുവരി 26ന് ‘കർത്തവ്യപഥ’ത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ, രാഷ്ട്രം മുഴുവൻ ഈ പരിപാടി വീക്ഷിച്ചപ്പോൾ, സ്ത്രീകൾ തങ്ങളുടെ ശക്തിയും പ്രതാപവും പ്രകടിപ്പിക്കുന്നത് നിങ്ങൾ ടിവിയിൽ കണ്ടിട്ടുണ്ടാകും.
സുഹൃത്തുക്കളേ,
വരും വർഷങ്ങളിൽ രാജ്യത്തിനകത്ത് ഡ്രോൺ സാങ്കേതികവിദ്യ ഗണ്യമായി വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ചെറിയ അളവിൽ പാൽ, പച്ചക്കറികൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ അടുത്തുള്ള കമ്പോളങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശക്തമായ മാർഗമായി ഡ്രോണുകൾ മാറും. മരുന്നുകൾ എത്തിക്കുന്നതിലും മെഡിക്കൽ ടെസ്റ്റ് സാമ്പിളുകൾ കൊണ്ടുപോകുന്നതിലും അവ പ്രധാന പങ്ക് വഹിക്കും; അതുവഴി ഭാവിയിലേക്കു നിരവധി സാധ്യതകൾ തുറന്നുവരും. നമോ ഡ്രോൺ ദീദി സ്കീമിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കു ഡ്രോൺ പൈലറ്റുമാരാകാനുള്ള പരിശീലനവും നിരവധി അവസരങ്ങൾ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അമ്മമാരേ സഹോദരിമാരേ,
കഴിഞ്ഞ ദശകത്തിൽ ഭാരതത്തിലുടനീളമുള്ള സ്ത്രീകളുടെ സ്വയംസഹായസംഘങ്ങളുടെ വ്യാപനം ഗവേഷണത്തിന്റെ ശ്രദ്ധേയമായ വിഷയമായി നിലകൊള്ളുന്നു. ഈ സംഘങ്ങൾ രാജ്യത്തെ സ്ത്രീശാക്തീകരണത്തിന്റെ പുതിയ ആഖ്യാനം രചിച്ചു. ഇന്ന്, ഈ സ്വയംസഹായസംഘങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ സഹോദരിമാരെയും ഞാൻ അഭിനന്ദിക്കുകയും അവർക്ക് വിജയം നേരുകയും ചെയ്യുന്നു. അവരുടെ ഉത്സാഹത്തോടെയുള്ള ശ്രമങ്ങൾ വനിതാ സ്വയംസഹായസംഘങ്ങളെ രാഷ്ട്രനിർമ്മാണത്തിലെ സുപ്രധാന പങ്കാളികളായി ഉയർത്തി. ഇത്തരം സംഘങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ എണ്ണം 10 കോടി കവിഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ, നമ്മുടെ ഗവണ്മെന്റ് ഈ സ്വയംസഹായസംഘങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അവയിൽ 98 ശതമാനത്തിനും, ഏകദേശം 100 ശതമാനത്തിന്, ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും ചെയ്തു. കൂടാതെ, ഈ സംഘങ്ങൾക്കു നൽകുന്ന സഹായം മുമ്പത്തെ 8 ലക്ഷം കോടി രൂപയിൽ നിന്ന് 20 ലക്ഷം രൂപയെന്ന നിലയിൽ വലിയ തോതിൽ ഗവണ്മെന്റ് വർദ്ധിപ്പിച്ചു. എട്ടു ലക്ഷം കോടിയിലധികം രൂപയുടെ സഹായങ്ങൾ ഈ സഹോദരിമാരുടെ കൈകളിലേക്ക് ബാങ്കുകളിൽ നിന്ന് നേരിട്ട് ഒഴുകി. ഗ്രാമീണ മേഖലകൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഇതിന്റെ കാര്യമായ പ്രയോജനം ലഭിച്ചു. സഹോദരിമാർക്ക് ശ്രദ്ധേയമായ ഒരു സ്വഭാവമുണ്ട്-അവരുടെ ഏറ്റവും വലിയ ഗുണം 'മിതവ്യയ'മാണ്; അവർ ധൂർത്തടിക്കുന്നില്ല, മറിച്ച് സംരക്ഷിക്കുന്നു. സംരക്ഷിക്കാനുള്ള കഴിവ് നല്ല ഭാവിയുടെ സൂചകം കൂടിയാണ്. ഞാൻ ഈ സഹോദരിമാരുമായി സംവദിക്കുമ്പോഴെല്ലാം, അവർ നൂതനമായ ഉൾക്കാഴ്ചകൾ പങ്കിടുന്നു, അവരുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു, സാധാരണ പ്രതീക്ഷകളെ മറികടക്കുന്നു. ഗ്രാമീണ മേഖലയിലെ റോഡുകളുടെയും ഹൈവേകളുടെയും വിപുലമായ വികസനം ഈ സംഘങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കി. ഇപ്പോൾ ലഖ്പതി ദീദിമാർക്ക് അവരുടെ ഉൽപ്പന്നങ്ങൾ നഗരത്തിൽ എളുപ്പത്തിൽ വിൽക്കാൻ കഴിയുന്നു. മെച്ചപ്പെട്ട സമ്പർക്കസൗകര്യം ഗ്രാമങ്ങൾ സന്ദർശിക്കാനും ഈ സംഘങ്ങളിൽനിന്നു നേരിട്ട് വാങ്ങാനും നഗരവാസികളെ പ്രേരിപ്പിച്ചു. തൽഫലമായി, സമാന ഘടകങ്ങൾ കാരണം സ്വയംസഹായസംഘാംഗങ്ങളുടെ വരുമാനം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്നിരട്ടിയായി.
സുഹൃത്തുക്കളേ,
ഒരുകാലത്തു സ്വപ്നങ്ങളും ആഗ്രഹങ്ങളും പരിമിതമായിരുന്ന ആ സഹോദരിമാർ ഇപ്പോൾ രാഷ്ട്രനിർമ്മാണത്തിൽ തങ്ങളുടെ പങ്ക് വിപുലീകരിക്കുകയാണ്. ഇന്ന്, ഗ്രാമങ്ങളിൽ പുതിയ അവസരങ്ങൾ ഉയർന്നുവരുന്നു, പുതിയ സ്ഥാനങ്ങൾ സ്ഥാപിക്കപ്പെടുന്നു. ആയിരക്കണക്കിന് ബാങ്ക് സഖി, കൃഷി സഖി, പശു സഖി, മത്സ്യ സഖി, സേവന മേഖലയുമായി ബന്ധപ്പെട്ടുള്ള ദീദിമാർ എന്നിവ ഗ്രാമീണ മേഖലകളിൽ അവശ്യസേവനങ്ങൾ നൽകുന്നു. ഈ ദീദിമാർ ആരോഗ്യ സംരക്ഷണം മുതൽ ഡിജിറ്റൽ ഇന്ത്യ വരെ വിവിധ ദേശീയ സംരംഭങ്ങളെ മുന്നോട്ട് നയിക്കുന്നു. പ്രധാൻ മന്ത്രി ഗ്രാമീണ ഡിജിറ്റൽ സാക്ഷരതാ അഭിയാനു നേതൃത്വം നൽകുന്നവരിൽ 50 ശതമാനത്തിലധികം സ്ത്രീകളും ഗുണഭോക്താക്കളിൽ 50 ശതമാനവും സ്ത്രീകളാണ്. ഈ വിജയ പരമ്പര സ്ത്രീകളുടെ ശക്തിയിലുള്ള എന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഞങ്ങളുടെ മൂന്നാം കാലയളവ് സ്ത്രീശാക്തീകരണത്തിന്റെ പുരോഗതിയിൽ പുതിയ അധ്യായം അടയാളപ്പെടുത്തുമെന്ന് രാജ്യത്തെ ഓരോ അമ്മയ്ക്കും സഹോദരിക്കും മകൾക്കും ഞാൻ ഉറപ്പ് നൽകുന്നു.
കൂടാതെ, നിരവധി സഹോദരിമാരും സ്വയംസഹായസംഘങ്ങളും അവരുടെ ഗ്രാമങ്ങളിൽ വിവിധ പ്രവർത്തനങ്ങളും വ്യവസായങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും ഞാൻ നിരീക്ഷിച്ചു. അവർ കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും മറ്റ് സ്വയംസഹായസംഘത്തിലെ സഹോദരിമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവർ വിദ്യാഭ്യാസം പിന്തുടരുന്ന പെൺകുട്ടികളിലേക്ക് എത്തുകയും സ്വാധീനമുള്ള വ്യക്തികളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നു. ഗ്രാമത്തിനുള്ളിൽ കായികരംഗത്ത് മികവ് പുലർത്തുന്ന പെൺകുട്ടികളെ സ്വയംസഹായസംഘം സഹോദരിമാർ സ്നേഹപൂർവം സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്യുന്നു. ചില സ്കൂളുകളിൽ, ഈ സ്വയംസഹായസംഘത്തിലെ സ്ത്രീകളെ അവരുടെ വിജയരഹസ്യങ്ങൾ പങ്കുവച്ച് പ്രസംഗിക്കാൻ ക്ഷണിക്കുന്നതും വിദ്യാർത്ഥികളും അധ്യാപകരും ആകാംക്ഷയോടെ കേൾക്കുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇത് സുപ്രധാന വിപ്ലവത്തെ സൂചിപ്പിക്കുന്നു. സ്വയംസഹായസംഘങ്ങളിലെ ദീദിമാർക്ക്, ഡ്രോൺ ദീദി സ്കീം പോലെയുള്ള സ്കീമുകൾ ഞാൻ അവതരിപ്പിക്കുന്നു, അവ നിങ്ങളുടെ പക്കലുണ്ട്. ഞാൻ ഈ അവസരങ്ങൾ നൽകുന്ന അമ്മമാരും സഹോദരിമാരും ഡ്രോണുകൾ ആകാശത്തേക്ക് പറത്തുക മാത്രമല്ല, രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും ചെയ്യുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
എന്നിരുന്നാലും, ഒരു പദ്ധതി നിലവിലുണ്ട്, സ്വയംസഹായസംഘങ്ങളിൽ നിന്നുള്ള സ്ത്രീകളോട് മുന്നോട്ട് പോകാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഞാൻ ‘പിഎം സൂര്യ ഘർ’ പദ്ധതി അവതരിപ്പിച്ചു. ‘പിഎം സൂര്യ ഘറി’ന്റെ അതുല്യമായ സവിശേഷത അത് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്നു എന്നതാണ്. അടിസ്ഥാനപരമായി വൈദ്യുതി ബിൽ പൂജ്യമാക്കുന്നു. ഇപ്പോൾ, നിങ്ങൾക്ക് ഈ ദൗത്യം പൂർത്തിയാക്കാൻ കഴിയുമോ ഇല്ലയോ? നിങ്ങൾക്ക് അത് നേടാൻ കഴിയുമോ? നിങ്ങൾ എനിക്ക് ഉറപ്പുനൽകുകയാണെങ്കിൽ, എല്ലാ വിശദാംശങ്ങളും ഞാൻ നൽകും. നിങ്ങൾക്ക് അതു ചെയ്യാനാകുമോ? ഉറപ്പാണോ? എല്ലാ വീടുകളും അവരുടെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിക്കണമെന്നും സൂര്യരശ്മികളിൽ നിന്നുള്ള വൈദ്യുതി പ്രയോജനപ്പെടുത്തണമെന്നും അത് വീട്ടിനുള്ളിൽ ഉപയോഗിക്കണമെന്നും ഞങ്ങൾ തീരുമാനിച്ചു. 300 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്നത് ചുരുക്കം ചില വീടുകളിൽ മാത്രമാണ്. ഒരു വീട്ടിൽ ഫാൻ, എയർ കണ്ടീഷനിംഗ്, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ എന്നിവയുണ്ടെങ്കിൽ അത് 300 യൂണിറ്റിനുള്ളിൽ പ്രവർത്തിക്കുന്നു. ഇതിനർത്ഥം നിങ്ങളുടെ വൈദ്യുതി ബിൽ പൂജ്യമാകുമെന്നാണ്. അക്ഷരാർഥത്തിൽ പൂജ്യം. കൂടാതെ, നിങ്ങൾ മിച്ച വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണെങ്കിൽ, വൈദ്യുതി ഉൽപ്പാദനം വൻകിട ഫാക്ടറികളുടെയും സമ്പന്നരായ വ്യക്തികളുടെയും ചുമതലയാണെന്ന് നിങ്ങൾ ചോദിച്ചേക്കാം, ദരിദ്രരായ ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്നു ചോദിച്ചേക്കാം. ഇതാണ് മോദി തുടക്കമിട്ടത്; ഇപ്പോൾ പാവപ്പെട്ടവർ പോലും അവരുടെ വീടുകളിൽ ഊർജനിലയം സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കും. ഉൽപ്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഗവണ്മെന്റ് വാങ്ങി നമ്മുടെ സഹോദരിമാർക്കും അവരുടെ കുടുംബങ്ങൾക്കും അധിക വരുമാനം നൽകും.
അതിനാൽ, നിങ്ങൾ പിഎം സൂര്യ ഘർ അല്ലെങ്കിൽ നിങ്ങളുടെ സമീപത്തെ ഏതെങ്കിലും പൊതു കേന്ദ്രം സന്ദർശിക്കുകയാണെങ്കിൽ, നിങ്ങൾക്ക് അവിടെ അപേക്ഷിക്കാം. സ്വയംസഹായസംഘങ്ങളിലെ എല്ലാ സഹോദരിമാരും മുൻകൈയെടുക്കാനും ഈ പദ്ധതി എല്ലാ വീടുകളിലേക്കും വ്യാപിപ്പിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. ഈ വ്യവസായത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക. ഇപ്പോൾ എന്റെ സഹോദരിമാർക്ക് വൈദ്യുതിയുമായി ബന്ധപ്പെട്ട എത്രത്തോളം സുപ്രധാനമായ ജോലികൾ ചെയ്യാൻ കഴിയുമെന്ന് സാക്ഷ്യപ്പെടുത്തുക, എല്ലാ വീട്ടിലും ഒരു സീറോ യൂണിറ്റ് വൈദ്യുതി ബിൽ... സമ്പൂർണ പൂജ്യം ബിൽ ലഭിക്കുമ്പോൾ, അവർ അനുഗ്രഹം ചൊരിയാൻ ബാധ്യസ്ഥരാണെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്! അല്ലേ? അവർ ലാഭിക്കുന്ന പണം അവരുടെ കുടുംബത്തിന് ഉപകാരപ്പെടില്ലേ? അതിനാൽ, നമ്മുടെ സ്വയംസഹായസംഘങ്ങളിലെ സഹോദരിമാർക്ക് അവരുടെ ഗ്രാമങ്ങളിൽ ഈ പദ്ധതിയുടെ പ്രയോജനം പരമാവധി ഉപയോഗപ്പെടുത്താം. സ്വയംസഹായസംഘങ്ങളിലെ സഹോദരിമാർ ഈ ഉദ്യമത്തിനായി മുന്നിട്ടിറങ്ങുന്നിടത്തെല്ലാം ഞങ്ങൾ അവർക്ക് മുൻഗണന നൽകുമെന്നും സീറോ കറന്റ് ബില്ലിന്റെ ഈ യജ്ഞം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഞാൻ ഗവണ്മെന്റിനെ അറിയിച്ചിട്ടുണ്ട്.
ഒരിക്കൽ കൂടി, നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു.
വളരെ നന്ദി.
NS
(Release ID: 2015141)
Visitor Counter : 86
Read this release in:
Assamese
,
Malayalam
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada