പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സന്ത് ഗുരു രവിദാസിന്റെ 647ാമതു ജന്‍മവാര്‍ഷികത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 23 FEB 2024 2:02PM by PIB Thiruvananthpuram


ജയ് ഗുരു രവിദാസ്!
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ ഒത്തുകൂടിയ ബഹുമാന്യരായ സന്യാസിമാരെ, ഭക്തരെ, എന്റെ സഹോദരീസഹോദരന്മാരെ,

ഗുരു രവിദാസ് ജിയുടെ ജന്മനാട്ടില്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഞാന്‍ നിങ്ങളേവരെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. രവിദാസ് ജിയുടെ ജയന്തി ആഘോഷങ്ങളുടെ ഭാഗമാകാന്‍ നിങ്ങളില്‍ പലരും ദൂരദിക്കുകളില്‍നിന്നു വരുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു. പ്രത്യേകിച്ചും, പഞ്ചാബില്‍ നിന്ന് നിരവധി സഹോദരങ്ങള്‍ വരുന്നതിനാല്‍ വാരണാസി 'മിനി പഞ്ചാബ്' പോലെ അനുഭവപ്പെടുന്നു. സന്ത് രവിദാസ് ജിയുടെ കൃപകൊണ്ടാണ് ഇതെല്ലാം സാധ്യമായത്. എന്നെയും രവിദാസ് ജി അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് ആവര്‍ത്തിച്ചു വിളിക്കാറുണ്ട്. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ദശലക്ഷക്കണക്കിന് അനുയായികളെ സേവിക്കാനും ഇത് എനിക്ക് അവസരം നല്‍കുന്നു. ഗുരുവിന്റെ ജന്മസ്ഥലത്ത് അദ്ദേഹത്തിന്റെ എല്ലാ അനുയായികളെയും സേവിക്കാന്‍ കഴിഞ്ഞത് എനിക്ക് ലഭിച്ച അനുഗ്രഹമല്ലാതെ അതില്‍ കുറഞ്ഞ ഒന്നുമല്ല.

ഒപ്പം എന്റെ സഹോദരീ സഹോദരന്മാരെ,

ഈ മണ്ഡലത്തിലെ എംപി എന്ന നിലയില്‍, കാശിയുടെ പ്രതിനിധി എന്ന നിലയില്‍, അത് എന്റെ പ്രത്യേക ഉത്തരവാദിത്തം കൂടിയാണ്. വാരാണസിയില്‍ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യേണ്ടതും നിങ്ങളുടെ സുഖസൗകര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും എന്റെ കടമയാണ്. ഈ ശുഭദിനത്തില്‍, എന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ഇന്ന് എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. വാരാണസിയുടെ വികസനത്തിനായി നൂറുകണക്കിനു കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമോ തറക്കല്ലിടലോ ഇന്നു നടക്കുകയാണ്. ഇത് ഇവിടേക്കുള്ള ഭക്തരുടെ യാത്ര കൂടുതല്‍ സുഖകരവും ആസ്വാദ്യകരവുമാക്കും. കൂടാതെ, സന്ത് രവിദാസ് ജിയുടെ ജന്മസ്ഥലത്തിന്റെ വികസനത്തിനും കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ക്ഷേത്രങ്ങളുടേയും ക്ഷേത്രപ്രദേശങ്ങളുടേയും വികസനം, ക്ഷേത്രങ്ങളിലേക്കുള്ള റോഡുകളുടെ നിര്‍മ്മാണം, ഇന്റര്‍ലോക്കിങ്, ഡ്രെയിനേജ് നിര്‍മാണം, ഭക്തര്‍ക്ക് 'സത്സംഗം' (മത സമ്മേളനങ്ങള്‍) പങ്കെടുക്കാനും 'സാധന' (ആത്മീയ ആചാരങ്ങള്‍) നടത്താനും വിവിധ സൗകര്യങ്ങളുടെ നിര്‍മാണം, 'പ്രസാദം' (ഭക്തിപരമായ വഴിപാട്) സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ എന്നിവയെല്ലാം ലക്ഷക്കണക്കിന് ഭക്തര്‍ക്ക് സൗകര്യം പ്രദാനം ചെയ്യും. മാഗി പൂര്‍ണിമ തീര്‍ഥാടന വേളയില്‍ ഭക്തര്‍ക്ക് ആത്മീയ ആനന്ദം ലഭിക്കുക മാത്രമല്ല, പല വിഷമങ്ങളില്‍നിന്നും മോചനം നല്‍കുകയും ചെയ്യും. ഇന്ന്, സന്ത് രവിദാസ് ജിയുടെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്യാനുള്ള ഭാഗ്യവും എനിക്കുണ്ട്. സന്ത് രവിദാസ് മ്യൂസിയത്തിന്റെ തറക്കല്ലിടല്‍ ഇന്ന് നടന്നു. ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരെയും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. സന്ത് രവിദാസ് ജിയുടെ ജന്മദിനത്തിലും മാഘി പൂര്‍ണിമയിലും രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള എല്ലാ ഭക്തജനങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.

സുഹൃത്തുക്കളെ,
മഹാനായ സന്യാസിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ഗാഡ്ഗെ ബാബയുടെ ജന്മദിനം കൂടിയാണ് ഇന്ന്. സന്ത് രവിദാസിനെപ്പോലെ, ഗാഡ്ഗെ ബാബയും മാറ്റമില്ലാതെ തുടരുന്ന സമൂഹത്തെ  ഉയര്‍ത്തുന്നതിനും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനും വേണ്ടി വിപുലമായി പ്രവര്‍ത്തിച്ചു. ബാബാസാഹെബ് അംബേദ്കര്‍ തന്നെ ഗാഡ്ഗെ ബാബയുടെ വലിയ ആരാധകനായിരുന്നു. ഗാഡ്ഗെ ബാബയെ ബാബാസാഹിബ് വളരെയധികം സ്വാധീനിക്കുകയും ചെയ്തു. ഇന്ന്, ഈ അവസരത്തില്‍ ഞാന്‍ ഗാഡ്ഗെ ബാബയുടെ പാദങ്ങളിലും ആദരവോടെ വണങ്ങുന്നു.

സുഹൃത്തുക്കളെ,
വേദിയിലേക്ക് വരുന്നതിനുമുമ്പ് സന്ത് രവിദാസ് ജിയുടെ പ്രതിമയില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ഞാനും പോയിരുന്നു. ആ സമയത്ത്, ഉള്ളില്‍ ബഹുമാനത്തിന്റെ അത്രതന്നെ നന്ദിയും തോന്നി. വര്‍ഷങ്ങള്‍ക്കുമുന്‍പ്, ഞാന്‍ രാഷ്ട്രീയത്തില്‍ ഇല്ലാതിരുന്നപ്പോഴും, ഒരു പദവിയും വഹിക്കാത്തപ്പോഴും, സന്ത് രവിദാസ് ജിയുടെ പാഠങ്ങളില്‍നിന്നു് ഞാന്‍ മാര്‍ഗനിര്‍ദേശം കണ്ടെത്തി. രവിദാസ് ജിയെ സേവിക്കണമെന്ന ആഗ്രഹം എന്റെ മനസ്സില്‍ എപ്പോഴും ഉണ്ടായിരുന്നു. ഇന്ന്, സന്ത് രവിദാസ് ജിയുമായി ബന്ധപ്പെട്ട ദൃഢനിശ്ചയങ്ങള്‍ കാശിയില്‍ മാത്രമല്ല, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നിറവേറ്റപ്പെടുന്നു. രവിദാസ് ജിയുടെ പാഠങ്ങള്‍ പ്രചരിപ്പിക്കാന്‍ പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പ്, മധ്യപ്രദേശിലെ സാഗറില്‍ സന്ത് രവിദാസ് സ്മാരകത്തിനും ആര്‍ട്ട് ഗാലറിക്കും തറക്കല്ലിടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. വികസനത്തിന്റെ ഗംഗയൊന്നാകെ കാശിയില്‍ ഒഴുകുകയാണ്.

സുഹൃത്തുക്കളെ,
രാജ്യത്തിന് ആവശ്യം വന്നപ്പോഴെല്ലാം ഏതെങ്കിലുമൊരു സന്യാസിയോ മഹര്‍ഷിയോ മഹാനായ വ്യക്തിയോ ഇവിടെ ജനിച്ചതായി ഭാരതത്തിന്റെ ചരിത്രം വ്യക്തമാക്കുന്നു. ദുര്‍ബ്ബലവും വിഭജിക്കപ്പെട്ടതുമായ ഭാരതത്തിന് പുത്തന്‍ ഊര്‍ജം പ്രദാനം ചെയ്ത 'ഭക്തി'പ്രസ്ഥാനത്തിലെ മഹാനായ സന്യാസിയായിരുന്നു രവിദാസ് ജി. രവിദാസ് ജി സമൂഹത്തിനുള്ള സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും സാമൂഹിക വിഭജനം നികത്താനായി പ്രവര്‍ത്തിക്കുകയും ചെയ്തു. ആ കാലഘട്ടത്തില്‍ അധികാരശ്രേണി, വിവേചനം, വിഭജനം എന്നിവയ്ക്കെതിരെ അദ്ദേഹം ശബ്ദം ഉയര്‍ത്തി. മതത്തിന്റെയോ വിഭാഗത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങാന്‍ കഴിയാത്ത സന്യാസിയാണ് സന്ത് രവിദാസ്. രവിദാസ് ജി എല്ലാവരുടേതുമാണ്, എല്ലാവരും രവിദാസ് ജിയുടേതാണ്. ജഗദ്ഗുരു രാമാനന്ദിന്റെ ശിഷ്യനെന്ന നിലയില്‍ വൈഷ്ണവ സമൂഹവും അദ്ദേഹത്തെ തങ്ങളുടെ ഗുരുവായി കണക്കാക്കുന്നു. സിഖ് സഹോദരീസഹോദരന്മാര്‍ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു. കാശിയില്‍ താമസിക്കുമ്പോള്‍ അദ്ദേഹം 'മന ചംഗാ തോ കഠൗതി മേം ഗംഗ' (നിന്റെ മനസ്സ് നന്നായാല്‍ ഗംഗയെ ബക്കറ്റിലും കാണാം) എന്നു പഠിപ്പിച്ചു. അതിനാല്‍, കാശിയോട് അഗാധമായ ബഹുമാനമുള്ള, മാ ഗംഗയില്‍ വിശ്വാസമുള്ള, ആളുകള്‍ രവിദാസ് ജിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. ഇന്ന് നമ്മുടെ ഗവണ്‍മെന്റ് രവിദാസ് ജിയുടെ ആദര്‍ശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ബിജെപി ഗവണ്‍മെന്റ് എല്ലാവരുടേതുമാണ്. ബിജെപി ഗവണ്‍മെന്റിന്റെ പദ്ധതികള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' ഇന്ന് 140 കോടി പൗരന്മാരുമായി ബന്ധിപ്പിക്കുന്നതിനുള്ള മന്ത്രമായി മാറിയിരിക്കുന്നു.

സുഹൃത്തുക്കളെ,
രവിദാസ് ജി സമത്വത്തിന്റെയും ഐക്യത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നുനല്‍കുകയും ദലിതര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പ്രത്യേക പരിഗണന നല്‍കുകയും ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ മാത്രമേ സമത്വം ഉണ്ടാകൂ. അതുകൊണ്ടാണ് വികസനത്തിന്റെ മുഖ്യധാരയില്‍നിന്ന് ഏറെ അകന്നുനിന്നവരെ മുന്‍നിര്‍ത്തിക്കൊണ്ട് കഴിഞ്ഞ പത്തു വര്‍ഷമായി പ്രവര്‍ത്തനം നടത്തിയത്. നേരത്തെ ഏറ്റവും ദരിദ്രരെന്നും ചെറിയവരെന്നും കരുതിയിരുന്നവര്‍ക്കായാണ് ഇപ്പോള്‍ ഏറ്റവും വലിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ പദ്ധതികള്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഗവണ്‍മെന്റ് പദ്ധതികളായി കണക്കാക്കപ്പെടുന്നു. നോക്കൂ, ഇത്രയും വലിയ കൊറോണ പ്രതിസന്ധി വന്നു. 80 കോടി പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്ന പദ്ധതി ഞങ്ങള്‍ നടപ്പാക്കി. കൊറോണയ്ക്കുശേഷവും ഞങ്ങള്‍ സൗജന്യ റേഷന്‍ നല്‍കുന്നത് നിര്‍ത്തിയില്ല. കാരണം, സ്വന്തം കാലില്‍നിന്ന പാവപ്പെട്ടവര്‍ അവരുടെ സുദീര്‍ഘയാത്ര സ്വയം തീരുമാനിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ക്കുമേല്‍ അധികഭാരം ചുമത്താന്‍ പാടില്ല. ഇത്രയും വലിയൊരു പദ്ധതി ലോകത്ത് മറ്റൊരു രാജ്യത്തും ഇല്ല. ഞങ്ങള്‍ സ്വച്ഛ് ഭാരത് അഭിയാന്‍ നടത്തി. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ ശൗചാലയങ്ങള്‍ നിര്‍മിച്ചു. ദലിത്, പിന്നോക്ക കുടുംബങ്ങള്‍, പ്രത്യേകിച്ച് നമ്മുടെ എസ്സി, എസ്ടി, ഒബിസി അമ്മമാരും സഹോദരിമാരുമാണ് ഇതിന്റെ ഗുണം അനുഭവിച്ചത്. അവര്‍ക്ക് തുറസ്സായ സ്ഥലങ്ങളില്‍ പോകേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു.

ഇന്ന്, രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ശുദ്ധജലം ലഭ്യമാക്കുന്നതിനായി ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ചിരിക്കുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ 11 കോടിയിലധികം വീടുകളില്‍ പൈപ്പ് വെള്ളം എത്തിച്ചു. കോടിക്കണക്കിനു പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സയ്ക്കായി ആയുഷ്മാന്‍ കാര്‍ഡുകള്‍ ലഭിച്ചു. എന്തെങ്കിലും അസുഖം വന്നാല്‍ ചികിത്സ കിട്ടാതെ ജീവിതം അവസാനിക്കില്ല എന്ന ആത്മവിശ്വാസം ഇവര്‍ക്ക് ആദ്യമായി ലഭിച്ചിരിക്കുന്നു. അതുപോലെ ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ പാവപ്പെട്ടവര്‍ക്കും ബാങ്കില്‍ പോകാനുള്ള അവകാശം ലഭിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളിലേക്ക് ഗവണ്‍മെന്റ് നേരിട്ട് പണം അയയ്ക്കുന്നു. ഈ അക്കൗണ്ടുകളില്‍ നിന്നാണ് കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി ലഭിക്കുന്നത്. അതു ലഭിക്കുന്നതില്‍ 1.5 കോടിയോളം പേര്‍ നമ്മുടെ ദളിത് കര്‍ഷകരാണ്. ദലിത്, പിന്നാക്ക കര്‍ഷകര്‍ വലിയൊരു വിഭാഗം ഫസല്‍ ബീമാ യോജനയില്‍നിന്നു പ്രയോജനം നേടുന്നു. യുവാക്കളുടെ കാര്യത്തിലാണെങ്കില്‍, 2014-ന് മുമ്പ് ദളിത് യുവാക്കള്‍ക്ക് ലഭിച്ചിരുന്നതിന്റെ ഇരട്ടി സ്‌കോളര്‍ഷിപ്പ് ഇന്ന് ഞങ്ങള്‍ നല്‍കുന്നു. അതുപോലെ, പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍, 2022-23ല്‍ ദളിത് കുടുംബങ്ങള്‍ക്കും സ്വന്തമായി നല്ല വീടുകള്‍ ലഭിക്കാനായി അവരുടെ അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് കോടി രൂപ അയച്ചു. .

ഒപ്പം സഹോദരീ സഹോദരന്മാരെ,
ദലിതര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പദ്ധതികളെക്കുറിച്ചു ഗവണ്‍മെന്റിന്റെ ഉദ്ദേശ്യം ഇന്ന് വ്യക്തമാണ് എന്നതിനാലാണ് ഭാരതത്തിന് അത്തരം മഹത്തായ ദൗത്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നത്. നിങ്ങളുടെ 'സാത്ത്' (പിന്തുണ), നിങ്ങളുടെ 'വിശ്വാസം' (വിശ്വാസം) എന്നിവ ഞങ്ങളോടൊപ്പമുള്ളതിനാലാണ് ഭാരതത്തിന് ഈ കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുന്നത്. വിശുദ്ധരുടെ വാക്കുകള്‍ എല്ലാ യുഗത്തിലും നമ്മെ നയിക്കുന്നു, അവയും നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു.

രവിദാസ് ജി പറയും:

जात पात के फेर महि, उरझि रहई सब लोग।

मानुष्ता कुं खात हई, रैदास जात कर रोग॥



മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍, ഭൂരിഭാഗം ആളുകളും ജാതിയുടെയും മതത്തിന്റെയും വിഭജനത്തില്‍ കുടുങ്ങി, ദോഷം വരുത്തുന്നു. ജാതീയതയുടെ ഈ രോഗം മനുഷ്യരാശിക്ക് നാശമുണ്ടാക്കുന്നു. അതായത്, ഒരാള്‍ മറ്റൊരാളോട് ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുമ്പോള്‍, അവര്‍ മനുഷ്യത്വത്തെ ദ്രോഹിക്കുന്നു. ജാതീയതയുടെ പേരില്‍ ആരെങ്കിലും മറ്റുള്ളവരെ പ്രകോപിപ്പിച്ചാല്‍ അവര്‍ മനുഷ്യത്വത്തിനും ദോഷം ചെയ്യും.

അതിനാല്‍, സഹോദരീ സഹോദരന്മാരേ,


ഇന്നു രാജ്യത്തെ ഓരോ ദളിതനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഓരോ വ്യക്തിയും ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. ജാതി അടിസ്ഥാനത്തിലുള്ള ഭിന്നതകള്‍ ഇളക്കിവിടുകയും വഴക്കുണ്ടാക്കുകയുംവഴി ഇന്‍ഡി സഖ്യത്തിലെ ജനങ്ങള്‍ ദലിതുകളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനായുള്ള പദ്ധതികളെ എതിര്‍ക്കുന്നു. ജാതിക്ഷേമത്തിന്റെ പേരില്‍ ഇക്കൂട്ടര്‍ സ്വാര്‍ത്ഥ രാഷ്ട്രീയം കളിക്കുന്നു എന്നതാണ് സത്യം. പാവപ്പെട്ടവര്‍ക്ക് കക്കൂസ് പണിയാനുള്ള പദ്ധതി തുടങ്ങിയപ്പോള്‍ ഇത്തരക്കാര്‍ കളിയാക്കിയത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ജന്‍ ധന് യോജനയെ അവര്‍ പരിഹസിച്ചു. അവര്‍ ഡിജിറ്റല്‍ ഇന്ത്യയെ എതിര്‍ത്തു. മാത്രവുമല്ല, കുടുംബാഭിമുഖ്യമുള്ള പാര്‍ട്ടികളുടെ മറ്റൊരു പ്രത്യേകത, കുടുംബത്തില്‍നിന്ന് വേറിട്ട് ദലിതരോ ആദിവാസികളോ മുന്നോട്ട് പോകണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. ദളിതരും ആദിവാസികളും ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നത് അവര്‍ക്ക് സഹിക്കാനാവില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആദ്യമായി ഗോത്രവര്‍ഗക്കാരിയായ ദ്രൗപതി മുര്‍മു മത്സരിക്കുന്നതിന് രാജ്യം സാക്ഷിയായപ്പോള്‍ ആരാണ് അവരെ എതിര്‍ത്തത്? അവരെ തോല്‍പ്പിക്കാന്‍ ഏതൊക്കെ പാര്‍ട്ടികള്‍ ഒന്നിച്ചു? ദളിതരെയും പിന്നാക്കക്കാരെയും ഗോത്രവര്‍ഗക്കാരെയും തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ബാങ്കായി കാണുന്ന കുടുംബാധിഷ്ഠിത പാര്‍ട്ടികളായിരുന്നു അവരെല്ലാം. ഇത്തരക്കാരെയും അവരുടെ മാനസികാവസ്ഥയെയുംകുറിച്ച് നാം ജാഗ്രത പാലിക്കണം. രവിദാസ് ജിയുടെ പോസിറ്റീവ് പാഠങ്ങള്‍ പിന്തുടരുകയും ജാതീയതയുടെ നിഷേധാത്മക മാനസികാവസ്ഥയില്‍ നിന്ന് വ്യതിചലിക്കുകയും വേണം.

സുഹൃത്തുക്കളെ,


രവിദാസ് ജി പറയും:

सौ बरस लौं जगत मंहि जीवत रहि करू काम।

रैदास करम ही धरम है करम करहु निहकाम॥


മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരാള്‍ നൂറു വര്‍ഷം ജീവിച്ചാലും, ജീവിതത്തിലുടനീളം ജോലി തുടരണം. കാരണം പ്രവൃത്തി തീര്‍ച്ചയായും നീതിയുടെ സത്തയാണ്. നിസ്വാര്‍ത്ഥ മനോഭാവത്തോടെ നമ്മുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കണം. സന്ത് രവിദാസ് ജിയുടെ ഈ പാഠം ഇന്ന് രാജ്യത്തിനാകെ പ്രസക്തമാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 'അമൃതകാല'ത്തിലേക്ക് പ്രവേശിച്ചു. സമീപ വര്‍ഷങ്ങളില്‍, ഈ 'അമൃത് കാല'ത്തില്‍ ഒരു 'വികസിത ഭാരതം' യാഥാര്‍ഥ്യമാക്കുന്നതിന് ശക്തമായ അടിത്തറയിട്ടിട്ടുണ്ട്. ഇപ്പോള്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ഈ അടിത്തറയില്‍ വികസനത്തിന്റെ ഘടന കൂടുതല്‍ ഉയര്‍ത്തേണ്ടതുണ്ട്. പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സേവനത്തിനായി കഴിഞ്ഞ 10 വര്‍ഷമായി നടത്തിവരുന്ന പദ്ധതികള്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ട്. രാജ്യത്തെ 140 കോടി പൗരന്മാരുടെ പങ്കാളിത്തത്തോടെ മാത്രമേ ഇതെല്ലാം സാധ്യമാകൂ. അതിനാല്‍, രാജ്യത്തെ ഓരോ പൗരനും അവരുടെ കടമ നിറവേറ്റേണ്ടത് അത്യാവശ്യമാണ്. നമ്മള്‍ രാജ്യത്തെക്കുറിച്ച് ചിന്തിക്കണം. ഭിന്നിപ്പുണ്ടാക്കുന്ന ചിന്തകളില്‍നിന്ന് അകന്ന് രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തേണ്ടതുണ്ട്. സന്ത് രവിദാസ് ജിയുടെ കൃപയാല്‍ രാജ്യത്തെ ജനങ്ങളുടെ സ്വപ്നങ്ങള്‍ തീര്‍ച്ചയായും സാക്ഷാത്കരിക്കപ്പെടുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഒരിക്കല്‍ കൂടി, സന്ത് രവിദാസ് ജയന്തിയുടെ വേളയില്‍ എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു.

ഒത്തിരി നന്ദി!

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണിത്. ഹിന്ദിയിലായിരുന്നു യഥാര്‍ത്ഥ പ്രസംഗം.

 

NS


(Release ID: 2012099) Visitor Counter : 83