പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ മധുരയില്‍ ‘ഭാവി സൃഷ്ടിക്കല്‍ - ഓട്ടോമോട്ടീവ് എംഎസ്എംഇ സംരംഭകര്‍ക്കുള്ള ഡിജിറ്റല്‍ മൊബിലിറ്റി’ പരിപാടിയില്‍ പങ്കെടുത്തു


ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായത്തിലെ എംഎസ്എംഇകളെ പിന്തുണയ്ക്കുന്നതിനും ഉയര്‍ത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്ത രണ്ടു പ്രധാന സംരംഭങ്ങള്‍ക്കു തുടക്കംകുറിച്ചു

“ഓട്ടോമോട്ടീവ് വ്യവസായത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിലെ പ്രധാന പങ്കാളികളാണ് എംഎസ്എംഇകൾ; മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അവ പ്രധാനമാണ്”

“ഓട്ടോമൊബൈല്‍ വ്യവസായം സമ്പദ്‌വ്യവസ്ഥയുടെ ശക്തികേന്ദ്രമാണ്”

“ഇന്ന് നമ്മുടെ എംഎസ്എംഇകള്‍ക്ക് ആഗോള വിതരണശൃംഖലയുടെ ശക്തമായ ഭാഗമാകാനുള്ള മികച്ച അവസരമുണ്ട്”

“രാജ്യത്തിന്റെ എംഎസ്എംഇ എന്ന നിലയില്‍ എംഎസ്എംഇയുടെ ഭാവി രാജ്യം കാണുന്നു”

“ഇന്ത്യാ ഗവണ്‍മെന്റ് ഇന്ന് എല്ലാ വ്യവസായങ്ങളോടും തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുന്നു”

“നവീകരണവും മത്സരക്ഷമതയും മുന്നോട്ടുകൊണ്ടുപോകുക. ഗവണ്മെന്റ് പൂർണമായും നിങ്ങളോടൊപ്പമുണ്ട്”


Posted On: 27 FEB 2024 7:44PM by PIB Thiruvananthpuram

തമിഴ്നാട്ടിലെ മധുരയില്‍ ഇന്നു നടന്ന ‘ഭാവി സൃഷ്ടിക്കല്‍ -ഓട്ടാമോട്ടീവ് എംഎസ്എംഇ സംരംഭകര്‍ക്കുള്ള ഡിജിറ്റല്‍ മൊബിലിറ്റി’ പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, വാഹന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ (എംഎസ്എംഇ) അഭിസംബോധന ചെയ്തു. ഗാന്ധിഗ്രാമില്‍ പരിശീലനം ലഭിച്ച വനിതാ സംരംഭകരുമായും സ്‌കൂള്‍ കുട്ടികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.


ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, സാങ്കേതികവിദ്യയുടെയും നൂതനാശയ മേഖലയുടെയും മനസ്സുകള്‍ക്കിടയില്‍ സാന്നിധ്യമറിയിക്കുന്നത് ആനന്ദദായകമായ അനുഭവമാണെന്നും ഭാവിയെ രൂപപ്പെടുത്തുന്ന ലബോറട്ടറി സന്ദര്‍ശിക്കുന്നതിന് തുല്യമാണ് ഈ വികാരമെന്നും അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയുടെ കാര്യത്തില്‍, പ്രത്യേകിച്ച് ഓട്ടോമോട്ടീവ് മേഖലയില്‍ ആഗോളതലത്തില്‍ തമിഴ്‌നാട് തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഭാവി സൃഷ്ടിക്കല്‍ - ഓട്ടോമോട്ടീവ് എംഎസ്എംഇ സംരംഭകര്‍ക്കുള്ള ഡിജിറ്റല്‍ മൊബിലിറ്റി' എന്ന പരിപാടിയുടെ പ്രമേയത്തില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും എല്ലാ എംഎസ്എംഇകളെയും വികസനം കാംക്ഷിക്കുന്ന യുവാക്കളെയും ഒരേ വേദിയിൽ ഒരുമിച്ച് കൊണ്ടുവന്നതിന് ടിവിഎസ് കമ്പനിയെ അഭിനന്ദിക്കുകയും ചെയ്തു. ഓട്ടോമൊബൈല്‍ വ്യവസായത്തിനൊപ്പം വികസിത ഭാരതത്തിന്റെ വികസനത്തിനും ആവശ്യമായ ഊര്‍ജം ലഭിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാജ്യത്തിന്റെ ജിഡിപിയുടെ 7 ശതമാനം ഓട്ടോമൊബൈൽ വ്യവസായത്തിൽ നിന്നാണു വരുന്നതെന്നും അതു രാജ്യത്തിന്റെ സ്വയംഭരണത്തിന്റെ പ്രധാന ഭാഗമാണെന്നും പ്രധാനമന്ത്രി പരാമർശിച്ചു. നിർമാണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിൽ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലേക്കുള്ള ഓട്ടോമൊബൈൽ വ്യവസായത്തിന്റെ സംഭാവനകൾ ഓട്ടോമൊബൈൽ വ്യവസായത്തിലെ തന്നെ എംഎസ്എംഇകളുടെ സംഭാവനകൾക്കു സമാനമാണെന്നു ചൂണ്ടിക്കാട്ടി, 45 ലക്ഷത്തിലധികം കാറുകളും 2 കോടി ഇരുചക്രവാഹനങ്ങളും 10 ലക്ഷം വാണിജ്യ വാഹനങ്ങളും 8.5 ലക്ഷം മുച്ചക്രവാഹനങ്ങളും ഓരോ വർഷവും ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഓരോ യാത്രാവാഹനത്തിലും 3000-4000 വ്യത്യസ്ത ഓട്ടോമോട്ടീവ് ഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും നിർമാണപ്രക്രിയയിൽ അത്തരം ലക്ഷക്കണക്കിനു ഭാഗങ്ങൾ പ്രതിദിനം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യയിലെ എംഎസ്എംഇകളാണ് ഈ ഭാഗങ്ങളുടെ നിർമാണത്തിന്റെ ഉത്തരവാദികൾ” - ഇന്ത്യയിലെ ഒട്ടുമിക്ക ഒന്നാംനിര-രണ്ടാംനിര നഗരങ്ങളിലും അവയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. “ലോകത്തിലെ പല കാറുകളും ഇന്ത്യൻ എംഎസ്എംഇകൾ നിർമിക്കുന്ന ഘടകങ്ങളാണ് ഉപയോഗിക്കുന്നത്” - നമ്മുടെ വാതിലുകളിൽ മുട്ടുന്ന ആഗോള സാധ്യതകൾക്ക് അടിവരയിട്ടു പ്രധാനമന്ത്രി പറഞ്ഞു.

“ഇന്നു നമ്മുടെ എംഎസ്എംഇകൾക്ക് ആഗോള വിതരണശൃംഖലയുടെ ശക്തമായ ഭാഗമാകാനുള്ള മികച്ച അവസരമുണ്ട്”, ഗുണനിലവാരത്തിലും ഈടുനിൽക്കലിലും പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഗുണനിലവാരവും പാരിസ്ഥിതിക സുസ്ഥിരതയും ഉൾക്കൊള്ളുന്ന ‘സീറോ ഡിഫെക്റ്റ്-സീറോ ഇഫക്റ്റ്’ എന്ന തത്വശാസ്ത്രം ആവർത്തിച്ചു.

മഹാമാരിയുടെ കാലത്ത് ഇന്ത്യയുടെ എംഎസ്എംഇകളുടെ സാധ്യതകളെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. “രാജ്യത്തിന്റെ എംഎസ്എംഇ എന്ന നിലയിൽ എംഎസ്എംഇ-യുടെ ഭാവിയാണ രാജ്യം കാണുന്നത്” - അദ്ദേഹം കൂട്ടിച്ചേർത്തു. എംഎസ്എംഇകൾക്കായുള്ള ഗവണ്മെന്റിന്റെ ബഹുമുഖ ഊന്നൽ വിശദീകരിച്ച പ്രധാനമന്ത്രി പിഎം മുദ്ര യോജന, പിഎം വിശ്വകർമ യോജന എന്നിവ പരാമർശിച്ചു. കൂടാതെ, എംഎസ്എംഇ വായ്പ ഉറപ്പു പദ്ധതി മഹാമാരിയുടെ സമയത്ത് എംഎസ്എംഇയിൽ ലക്ഷക്കണക്കിനു തൊഴ‌ിലുകൾ സംരക്ഷിച്ചു.

ഇന്ന് എല്ലാ മേഖലകളിലും എംഎസ്എംഇകൾക്കു കുറഞ്ഞ ചെലവിൽ വായ്പകളും പ്രവർത്തന മൂലധനത്തിനുള്ള സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും അതുവഴി അവയുടെ വ്യാപ്തി വർധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ചെറുകിട സംരംഭങ്ങളുടെ നവീകരണത്തിനു ഗവണ്മെന്റ് നൽകുന്ന ഊന്നലും കരു​ത്തേകുന്ന ഘടകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “എംഎസ്എംഇകൾക്കു പുതിയ സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിന്റെയും ആവശ്യകതയുണ്ടെന്നത് ഇന്നത്തെ ഗവൺമെന്റ് കണക്കിലെടുക്കുന്നുണ്ട്” - രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന നൈപുണ്യ വികസന പരിപാടികൾ എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഭാവിയെ രൂപപ്പെടുത്തുന്നതിൽ നൈപുണ്യവികസനത്തിന്റെ പങ്കിന് അടിവരയിട്ട പ്രധാനമന്ത്രി, നൈപുണ്യവികസനത്തിനു നൽകിയ പ്രത്യേക ഊന്നൽ എടുത്തുപറഞ്ഞു. അധികാരത്തിൽ വന്നശേഷം പുതിയ മന്ത്രാലയത്തിനു രൂപംനൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നവീകരണത്തിന് ഇടമുള്ള നൂതന നൈപുണ്യ സർവകലാശാലകൾ ഇന്ത്യയുടെ കാലഘട്ടത്തിന്റെ ആവശ്യമാണ്” - അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദ്യുത വാഹനങ്ങളുടെ (ഇ.വി) വര്‍ദ്ധിച്ചുവരുന്ന ആവശ്യത്തിന് അനുസൃതമായി തങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി സംരംഭകരോട് അഭ്യര്‍ത്ഥിച്ചു. അടുത്തിടെ സമാരംഭം കുറിച്ച, ഗുണഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതിയും അധിക വരുമാനവും നല്‍കുന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി പ്രധാനമന്ത്രി സൂര്യഘര്‍ യോജനയെക്കുറിച്ചും പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു. ഒരു കോടി വീടുകള്‍ എന്ന പ്രാഥമിക ലക്ഷ്യത്തോടെയുള്ള പദ്ധതിയിലൂടെ വീടുകളില്‍ ഇ.വി. വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാകുന്ന ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ലഭ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


നിര്‍മ്മാണത്തോടൊപ്പം ഹൈഡ്രജന്‍ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഓട്ടോ, ഓട്ടോ ഘടകങ്ങള്‍ക്കായുള്ള 26,000 കോടി രൂപയുടെ പി.എല്‍.ഐ (ഉല്‍പ്പാദന ബന്ധിത ആനുകൂല്യ) പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. നൂറിലധികം നൂതന ഓട്ടോമോട്ടീവ് സാങ്കേതികവിദ്യകള്‍ ഇതിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ''രാജ്യത്ത് പുതിയ സാങ്കേതികവിദ്യകള്‍ വികസിക്കുമ്പോള്‍, ആ സാങ്കേതികവിദ്യകളിലൂടെ ആഗോള നിക്ഷേപം ഇന്ത്യയിലേക്കും വരും'', സംരംഭകരുടെ ശേഷി വികസിപ്പിക്കാനും പുതിയ മേഖലകള്‍ തേടിപ്പിടിക്കാനും ഉദ്‌ബോധിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
അവസരങ്ങള്‍ക്കൊപ്പം വെല്ലുവിളികളുടെ സാന്നിദ്ധ്യത്തേയും അംഗീകരിച്ച പ്രധാനമന്ത്രി, ഡിജിറ്റല്‍വല്‍ക്കരണം, വൈദ്യുതീകരണം, ബദല്‍ ഇന്ധന വാഹനങ്ങള്‍, വിപണിയിലെ ആവശ്യകതയിലുള്ള ചാഞ്ചാട്ടം എന്നിവ പ്രധാന വിഷയങ്ങളായി പരാമര്‍ശിക്കുകയും ചെയ്തു. ഇവയെ അവസരങ്ങളാക്കി മാറ്റുന്നതിന് ശരിയായ തന്ത്രങ്ങളോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.


സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) ഔപചാരികവല്‍ക്കരണത്തിലേക്ക് നയിച്ച നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയതും, എം.എസ്.എം.ഇകളുടെ വളര്‍ച്ചാ വലിപ്പത്തിനുള്ള വഴി തെളിച്ചതുമുള്‍പ്പെടെയുള്ള നടപടികളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

''ഇന്ത്യാ ഗവണ്‍മെന്റ് ഇന്ന് എല്ലാ വ്യവസായങ്ങളോടും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു'', പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. വ്യവസായമായാലും വ്യക്തിയായാലും മുന്‍പൊക്കെ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഒരാള്‍ക്ക് ഗവണ്‍മെന്റ് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടി വന്നിരുന്നെങ്കില്‍ എല്ലാ മേഖലകളും നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുകയാണ് ഇന്നത്തെ ഗവണ്‍മെന്റെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 40,000-ലധികം അനുസരണങ്ങള്‍ ഒഴിവാക്കിയതായും നിരവധി വ്യാപാര സംബന്ധമായ ചെറിയ തെറ്റുകളെ കുറ്റമല്ലതാക്കിയതായും അദ്ദേഹം പരാമര്‍ശിച്ചു.


''പുതിയ ലോജിസ്റ്റിക്‌സ് നയമായാലും ജി.എസ്.ടിയായാലും, ഇവയെല്ലാം ഓട്ടോമൊബൈല്‍ മേഖലയിലെ ചെറുകിട വ്യവസായങ്ങളെ സഹായിച്ചു'', പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ രൂപീകരിച്ച് ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഗവണ്‍മെന്റ് ദിശാബോധം നല്‍കി. 1500ലധികം തലങ്ങളില്‍ ഡാറ്റ പ്രോസസ്സ് ചെയ്തുകൊണ്ട് ബഹുമാതൃകാ ബന്ധിപ്പിക്കലിന് വലിയ കരുത്തുപകര്‍ന്നുകൊണ്ട് ഈ പ്ലാനിന് കീഴില്‍ ഭാവിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുവെന്നതിനും അദ്ദേഹം അടിവരയിട്ടു. എല്ലാ വ്യവസായത്തിനും വേണ്ടിയുള്ള പിന്തുണാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കിയ അദ്ദേഹം ഓട്ടോമൊബൈലിലെ എം.എസ്.എം.ഇ മേഖലയിലെ പങ്കാളികളോട് ഈ പിന്തുണാ സംവിധാനം പ്രയോജനപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ''നൂതനാശയത്തേയും മത്സരശേഷിയേയും മുന്നോട്ട് കൊണ്ടുപോകുക. പൂര്‍ണമായും ഗവണ്‍മെന്റ് നിങ്ങളോടൊപ്പമുണ്ട്. ടി വി എസിന്റെ ഈ പരിശ്രമം ഈ ദിശയില്‍ നിങ്ങളെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'', പ്രധാനമന്ത്രി പറഞ്ഞു.

ഗവണ്‍മെന്റിന്റെ സ്‌ക്രാപ്പിംഗ് നയത്തേക്കുറിച്ച് സൂചിപ്പിച്ച പ്രധാനമന്ത്രി മോദി എല്ലാ പഴയ വാഹനങ്ങളേയും പുതിയ നവീകരിച്ചവയായി മാറ്റുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ബന്ധപ്പെട്ട ഓഹരിപങ്കാളികളോട് ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കപ്പല്‍നിര്‍മ്മാണത്തിന്റെ നൂതനവും ആസൂത്രിതവുമായ മാര്‍ഗ്ഗങ്ങളുമായി മുന്നോട്ട് വരുന്നതിനെക്കുറിച്ചും അതിന്റെ ഭാഗങ്ങള്‍ പുനരുപയോഗിക്കുന്നതിനുള്ള വിപണിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ഡ്രൈവര്‍മാര്‍ നേരിടുന്ന വെല്ലുവിളികളിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, ഡ്രൈവര്‍മാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ക്കായി ഹൈവേയില്‍ 1,000 കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതും പരാമര്‍ശിച്ചു. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള അവരുടെ പദ്ധതികളില്‍ ഗവണ്‍മെന്റ് അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് ആശംസകള്‍ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര സഹമന്ത്രി ഡോ എല്‍ മുരുകന്‍, ടി.വി.എസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ ശ്രീ.ആര്‍. ദിനേശ് എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
'' മധുരയില്‍ നടന്ന 'ഭാവി സൃഷ്ടിക്കുന്നു - ഓട്ടോമോട്ടീവ് എം.എസ്.എം.ഇ സംരംഭകര്‍ക്കുള്ള ഡിജിറ്റല്‍ ചലനക്ഷമത എന്ന പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുകയും ഓട്ടോമോട്ടീവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക (എം.എസ്.എം.ഇ) സംരംഭകരെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായത്തില്‍ എം.എസ്.എം.ഇകളെ പിന്തുണയ്ക്കുന്നതിനും ഉയര്‍ത്തികൊണ്ടുവരുന്നതിനുമായി രൂപകല്‍പ്പന ചെയ്ത രണ്ട് പ്രധാന മുന്‍കൈകള്‍ക്കും പ്രധാനമന്ത്രി സമാരംഭം കുറിച്ചു. ടി.വി.എസ് ഓപ്പണ്‍ മൊബിലിറ്റി പ്ലാറ്റ്‌ഫോം, ടി.വി.എസ് മൊബിലിറ്റി-സി.ഐ.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്നിവ ഈ സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ എം.എസ്.എം.ഇകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഔപചാരികമാക്കുന്നതിനും ആഗോള മൂല്യ ശൃംഖലകളുമായി സംയോജിപ്പിക്കുന്നതിനും സ്വാശ്രയമാകുന്നതിനും അവരെ സഹായിക്കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ഈ മുന്‍കൈകള്‍.

*****

SK

(Release ID: 2009602) Visitor Counter : 36