പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗ്രീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ (ഫെബ്രുവരി 21, 2024) പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന

Posted On: 21 FEB 2024 3:18PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട പ്രധാനമന്ത്രി മിത്സോതാകിസ്,
ഇരു രാജ്യങ്ങളിലെയും പ്രതിനിധികളേ,
മാധ്യമ സുഹൃത്തുക്കളേ,

നമസ്‌കാരം!

പ്രധാനമന്ത്രി മിത്സോതാകിസിനെയും അദ്ദേഹത്തിന്റെ സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷം എന്റെ ഗ്രീസ് സന്ദര്‍ശനത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുന്നതിന്റെ സൂചനയാണ്. പതിനാറ് വര്‍ഷത്തിന് ശേഷം, ഇത്രയും നീണ്ട ഇടവേളയ്ക്കൊടുവിൽ ഗ്രീസ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് വരുന്നത് തന്നെ ഒരു ചരിത്ര സന്ദര്‍ഭമാണ്.

സുഹൃത്തുക്കളേ,

ഇന്നത്തെ നമ്മുടെ ചര്‍ച്ചകള്‍ വളരെ പ്രസക്തവും പ്രയോജനപ്രദവുമായിരുന്നു. 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഞങ്ങള്‍ അതിവേഗം നീങ്ങുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. ഞങ്ങളുടെ സഹകരണത്തിന് പുതിയ ഊര്‍ജ്ജവും ദിശാബോധവും നല്‍കുന്നതിന് നിരവധി പുതിയ അവസരങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. കാര്‍ഷിക മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ അടുത്ത സഹകരണത്തിന് നിരവധി സാധ്യതകളുണ്ട്. ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ കരാറുകള്‍ നടപ്പിലാക്കാന്‍ ഇരുപക്ഷവും നടപടികള്‍ സ്വീകരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഫാര്‍മ, മെഡിക്കല്‍ ഉപകരണങ്ങള്‍, സാങ്കേതികവിദ്യ, ഇന്നൊവേഷന്‍, നൈപുണ്യ വികസനം, ബഹിരാകാശം തുടങ്ങിയ നിരവധി മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങള്‍ ഊന്നല്‍ നല്‍കി.

ഇരു രാജ്യങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഷിപ്പിംഗും കണക്റ്റിവിറ്റിയും ഇരു രാജ്യങ്ങളും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്ന മേഖലകളാണ്. ഈ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

സുഹൃത്തുക്കളേ,

പ്രതിരോധത്തിലും സുരക്ഷയിലും വര്‍ദ്ധിച്ചുവരുന്ന സഹകരണം നമ്മുടെ അഗാധമായ പരസ്പര വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. ഈ മേഖലയില്‍ ഒരു വര്‍ക്കിംഗ് ഗ്രൂപ്പിന്റെ രൂപീകരണത്തോടെ, പ്രതിരോധം, സൈബര്‍ സുരക്ഷ, തീവ്രവാദ വിരുദ്ധത, സമുദ്ര സുരക്ഷ തുടങ്ങിയ പൊതുവായ വെല്ലുവിളികളില്‍ പരസ്പര ഏകോപനം വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഇന്ത്യയില്‍ പ്രതിരോധ ഉല്‍പ്പാദനത്തില്‍ സഹ-ഉത്പാദനത്തിനും സഹ-വികസനത്തിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു, ഇത് ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യും. ഇരു രാജ്യങ്ങളുടെയും പ്രതിരോധ വ്യവസായങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ ധാരണയിലെത്തിയിട്ടുണ്ട്. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കും ഗ്രീസിനും പൊതുവായ ആശങ്കകളും മുന്‍ഗണനകളുമുണ്ട്. ഈ മേഖലയില്‍ ഞങ്ങളുടെ സഹകരണം എങ്ങനെ കൂടുതല്‍ ശക്തമാക്കാം എന്ന് ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.


സുഹൃത്തുക്കളേ,

പുരാതനവും മഹത്തായതുമായ രണ്ട് നാഗരികതകള്‍ എന്ന നിലയില്‍, ഇന്ത്യയ്ക്കും ഗ്രീസിനും ആഴത്തിലുള്ള സാംസ്‌കാരികവും ജനങ്ങൾ തമ്മിലുള്ളതുമായ ബന്ധത്തിന്റെ നീണ്ട ചരിത്രമുണ്ട്. ഏകദേശം 2500 വര്‍ഷമായി, ഇരു രാജ്യങ്ങളിലെയും ആളുകള്‍ വ്യാപാര സാംസ്‌കാരിക ബന്ധങ്ങളും ആശയങ്ങളും കൈമാറുന്നു.

ഈ ബന്ധങ്ങള്‍ക്ക് ആധുനിക രൂപം നല്‍കുന്നതിന് ഇന്ന് ഞങ്ങള്‍ നിരവധി പുതിയ സംരംഭങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാര്‍ എത്രയും വേഗം ധാരണയാക്കാൻ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഇത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും.

ഇരു രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഞങ്ങള്‍ ഊന്നല്‍ നല്‍കി. ഇന്ത്യയും ഗ്രീസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികം അടുത്ത വര്‍ഷം ആഘോഷിക്കാന്‍ ഒരു കര്‍മപദ്ധതി തയ്യാറാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇതോടെ, ശാസ്ത്ര-സാങ്കേതികവിദ്യ, ഇന്നൊവേഷന്‍, സ്‌പോര്‍ട്‌സ്, മറ്റ് മേഖലകള്‍ എന്നിവയില്‍ ഇരു രാജ്യങ്ങളുടെയും പൊതു പൈതൃകവും നേട്ടങ്ങളും ആഗോള വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും.

സുഹൃത്തുക്കളേ,

ഇന്നത്തെ യോഗത്തില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ നിരവധി വിഷയങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. എല്ലാ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു. ഇന്തോ-പസഫിക്കില്‍ ഗ്രീസിന്റെ സജീവ പങ്കാളിത്തത്തെയും ക്രിയാത്മകമായ പങ്കിനെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇന്തോ-പസഫിക് ഓഷ്യന്‍സ് ഇനിഷ്യേറ്റീവില്‍ ചേരാന്‍ ഗ്രീസ് തീരുമാനിച്ചത് സന്തോഷകരമായ കാര്യമാണ്. കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ സഹകരണത്തിനും ധാരണയായി. ഇന്ത്യയുടെ ജി-20 അധ്യക്ഷ കാലത്ത് ആരംഭിച്ച IMEC ഇടനാഴി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാനവികതയുടെ വികസനത്തിന് ഗണ്യമായ സംഭാവന നല്‍കും.

ഈ സംരംഭത്തില്‍ ഗ്രീസിനും ഒരു പ്രധാന പങ്കാളിയാകാന്‍ കഴിയും. ഐക്യരാഷ്ട്രസഭയേയും മറ്റ് ആഗോള സ്ഥാപനങ്ങളെയും നവീകരിക്കാന്‍ ഞങ്ങള്‍ സമ്മതിക്കുന്നു, അതുവഴി അവയെ സമകാലികമാക്കാന്‍ കഴിയും. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സംഭാവന നല്‍കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയും ഗ്രീസും തുടരും.

ശ്രേഷ്ഠ വ്യക്തിത്വമേ,

ഇന്ന് വൈകുന്നേരം താങ്കള്‍ റെയ്സിന ഡയലോഗില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. അവിടെ നിങ്ങളുടെ അഭിസംബോധന ശ്രവിക്കാന്‍ ഞങ്ങള്‍ എല്ലാവരും ആകാംക്ഷയിലാണ്. നിങ്ങളുടെ ഇന്ത്യാ സന്ദര്‍ശനത്തിനും നമ്മുടെ ഫലപ്രദമായ ചര്‍ച്ചയ്ക്കും ഞാന്‍ വളരെ നന്ദി പറയുന്നു.

 

SK



(Release ID: 2007970) Visitor Counter : 75