പ്രധാനമന്ത്രിയുടെ ഓഫീസ്
ജമ്മു കാശ്മീരില്‍ 32,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്ര സമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു
ഐഐടി ഭിലായ്, ഐഐടി തിരുപ്പതി, ഐഐടിഡിഎം കുര്‍ണൂല്‍, ഐഐഎം ബോധ്ഗയ, ഐഐഎം ജമ്മു, ഐഐഎം വിശാഖപട്ടണം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ് (ഐഐഎസ്) കാണ്‍പൂര്‍ തുടങ്ങിയ നിരവധി പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ ക്യാമ്പസുകള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു
രാജ്യത്തുടനീളമുള്ള നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാനസൗകര്യവികസനത്തിനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിച്ചു
ജമ്മു എയിംസ് ഉദ്ഘാടനം ചെയ്തു
ജമ്മു വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടത്തിനും ജമ്മുവിലെ പൊതു ഉപയോക്തൃ സൗകര്യമുള്ള പെട്രോളിയം ഡിപ്പോയ്ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു
ജമ്മു കശ്മീരിലെ നിരവധി സുപ്രധാന റോഡ്-റെയില്‍ സമ്പര്‍ക്കസൗകര്യ പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
ജമ്മു കശ്മീരിലുടനീളം പൗര-നഗര അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു
'ഇന്നത്തെ സംരംഭങ്ങള്‍ ജമ്മു കാശ്മീരിലെ സമഗ്ര വികസനത്തിന് ആക്കം കൂട്ടും'
'ഞങ്ങള്‍ വികസിത ജമ്മു കശ്മീര്‍ ഉറപ്പാക്കും'
'വികസിത ജമ്മു കശ്മീര്‍ സൃഷ്ടിക്കുന്നതിനായി ഗവണ്‍മെന്റ് ദരിദ്രര്‍, കര്‍ഷകര്‍, യുവാക്കള്‍, നാരീശക്തി എന്നിവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു'
'ഇന്നത്തെ തലമുറയ്ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കാന്‍ നവഇന്ത്യ കൂടുതല്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു'
'ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പ്രയത്‌നം എന്നീ തത്വങ്ങളാണ് ജമ്മു കശ്മീരിന്റെ വികസനത്തിന്റെ അടിത്തറ'
'ഇതാദ്യമായാണ് ജമ്മു കശ്മീരിലെ സാധാരണ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കുുന്ന സാമൂഹിക നീതിയുടെ ഉറപ്പ് ലഭിക്കുന്നത്.'
'ജമ്മു കശ്മീരിന്റെ വികസനത്തിനുള്ള ഏറ്റവും വലിയ തടസ്സമായിരുന്ന അനുച്ഛേദം 370 റദ്ദാക്കിയതോടെ പുതിയ ജമ്മു കശ്മീരാണ് നിലവില്‍ വരുന്നത്'
'വികസിത ജമ്മു കശ്മീരിനായി ലോകം ആവേശം കൊള്ളുന്നു'
Posted On:
20 FEB 2024 2:15PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജമ്മുവില്‍ 32,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം, റെയില്‍, റോഡ്, വ്യോമയാനം, പെട്രോളിയം, ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികള്‍. ജമ്മു കശ്മീരിലേക്ക് ഗവണ്‍മെന്റ് ജോലിയിലേക്കു പുതുതായി നിയമിക്കപ്പെട്ട 1500 പേര്‍ക്കുള്ള നിയമന ഉത്തരവുകളും പ്രധാനമന്ത്രി വിതരണം ചെയ്തു. 'വികസിത് ഭാരത് വികസിത് ജമ്മു' പരിപാടിയുടെ ഭാഗമായി വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
കിഷ്ത്വാര്‍ ജില്ലയില്‍ നിന്നുള്ള വീണാ ദേവി താന്‍ ഉജ്ജ്വല യോജനയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തിയെന്നും ഇത് തന്റെ ജീവിതം മികച്ചതാക്കുകയും തനിക്കും കുടുംബത്തിനും വേണ്ടി സമയം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. മുമ്പ് കാട്ടില്‍ നിന്നാണ് പാചകത്തിന് വീണ വിറക് കൊണ്ടുവന്നിരുന്നത്. തന്റെ കുടുംബത്തിന് ആയുഷ്മാന്‍ കാര്‍ഡുകള്‍ ഉണ്ടെന്നും അതിന് പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും അവര്‍ അദ്ദേഹത്തെ അറിയിച്ചു. അവര്‍ക്കും കുടുംബത്തിനും നല്ല ആരോഗ്യം നേരുന്നുവെന്നു പ്രധാനമന്ത്രി ആശംസിച്ചു.
രാഷ്ട്രീയ ആജീവിക അഭിയാന്റെ ഗുണഭോക്താവായ കഠ്വയിലെ കീര്‍ത്തി ശര്‍മ്മ സ്വയം സഹായ സംഘവുമായി ബന്ധപ്പെടുന്നതിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. 30,000 രൂപ വായ്പയെടുത്ത് അവർ തന്റെ സംരംഭം ആരംഭിച്ചു, പിന്നീട് ഒരു ലക്ഷം രൂപയുടെ രണ്ടാമത്തെ വായ്പയിലൂടെ മൂന്ന് പശുക്കളാക്കി ഉയര്‍ത്തി. തന്റെ സംഘത്തിന് മാത്രമല്ല, ജില്ലയിലെ മുഴുവന്‍ സ്ത്രീകള്‍ക്കും സ്വാശ്രയത്വം ഉണ്ടാകുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അവരുടെ സംഘം ബാങ്ക് വായ്പ തിരിച്ചടച്ചു, ഇപ്പോള്‍ അവര്‍ക്ക് 10 പശുക്കളുണ്ട്. അവരും അവരുടെ സംഘാംഗങ്ങളും മറ്റ് നിരവധി ഗവണ്‍മെന്റ് പദ്ധതികളില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. 3 കോടി ലാഖ്പതി ദീദികളെ സൃഷ്ടിക്കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ പൂര്‍ണ സഹകരണം അവര്‍ ഉറപ്പ് നല്‍കി.
പൂഞ്ചില്‍ നിന്നുള്ള കര്‍ഷകനായ ലാല്‍ മുഹമ്മദ് താന്‍ അതിര്‍ത്തി പ്രദേശത്തുനിന്നുള്ളയാളാണെന്നും തന്റെ മണ്‍വീട് അതിര്‍ത്തിയുടെ മറുവശത്ത് നിന്നുള്ള ഷെല്ലാക്രമണത്തിന് വിധേയമായെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. താന്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കാനായി പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച 1,30,000 രൂപയ്ക്ക് പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു. ഗവണ്‍മെന്റിന്റെ പദ്ധതികള്‍ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ എത്തിച്ചേരുന്നതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ വീടിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് ലാല്‍ മുഹമ്മദ് 'വികസിത് ഭാരത്' എന്ന വിഷയത്തില്‍ ഈരടികള്‍ ചൊല്ലുകയും ചെയ്തു.
തനിക്ക് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമുണ്ടെന്നും എന്നാല്‍ തൊഴിലില്ലായ്മ കാരണം നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നുവെന്നും ബന്ദിപ്പോരയില്‍ നിന്നുള്ള സ്വയംസഹായ സംഘാംഗമായ ഷഹീന ബീഗം പ്രധാനമന്ത്രിയെ അറിയിച്ചു. 2018-ല്‍, അവള്‍ സ്വയംസഹായ സംഘത്തിന്റെ ഭാഗമാകുകയും തേന്‍ കൃഷി കച്ചവടം ആരംഭിക്കാന്‍ വായ്പ നേടുകയും പിന്നീട് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ സഹായത്തോടെ അത് വിപുലീകരിക്കുകയും ചെയ്തു. അതുവഴി അവര്‍ ഈ മേഖലയില്‍ അംഗീകാരം നേടുകയും അവരെ ലാഖ്പതി ദീദിയാകാന്‍ സഹായിക്കുകയും ചെയ്തു. ഷഹീനയെ അഭിനന്ദിച്ച പ്രധാനമന്ത്രി ദൂരെയുള്ള ഗ്രാമങ്ങളിലെ സ്ത്രീകള്‍ ലാഖ്പതി ദീദികളാകാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. അവള്‍ ഒരു പ്രചോദനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ തന്റെ കോഴിവളര്‍ത്തല്‍ കച്ചവടത്തിന് പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു. അവരുടെ ബിരുദാനന്തര തലത്തിലുള്ള വിദ്യാഭ്യാസത്തിന് അവരുടെ മാതാപിതാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി ജോലിയോടുള്ള അവരുടെ അര്‍പ്പണബോധത്തെ പ്രശംസിക്കുകയും ചെയ്തു. സ്ത്രീകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള വികസനത്തെയും ശാക്തീകരണത്തെയും കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, 'മോദിയുടെ ഭരണത്തില്‍ എല്ലാം സാധ്യമാണ്' എന്ന് പറഞ്ഞു.
ജല്‍ ജീവന്‍ മിഷന്റെ ഗുണഭോക്താവാണ് പുല്‍വാമയില്‍ നിന്നുള്ള റിയാസ് അഹമ്മദ് കോലി. തന്റെ ഗ്രാമത്തിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം ഉണ്ടെന്നും ഇത് തന്റെ കുടുംബത്തിന്റെ ജീവിതത്തില്‍ വലിയ പരിവര്‍ത്തനത്തിന് കാരണമായെന്നും പ്രധാനമന്ത്രിയോട് പറഞ്ഞു. ഗ്രാമങ്ങളിലെ സ്ത്രീകളുടെ അനുഗ്രഹവും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. അനുച്ഛേദം 370 റദ്ദാക്കിയ ശേഷം അദ്ദേഹം തന്റെ ഭൂമിയുടെ സ്വത്തവകാശം നേടി. അദ്ദേഹവും ഗോത്ര സമൂഹത്തിലെ മറ്റ് അംഗങ്ങളും അതില്‍ നിന്ന് വളരെയധികം പ്രയോജനം നേടി. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള തന്റെ നാളുകള്‍ അനുസ്മരിച്ച പ്രധാനമന്ത്രി ഗുജ്ജര്‍ സമുദായത്തിന്റെ ആതിഥ്യമര്യാദയെ പ്രശംസിച്ചു.
സദസ്സിനെ അഭിസംബോധന ചെയ്യവെ, കഠിനമായ കാലാവസ്ഥയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുത്ത ഇന്നത്തെ മഹത്തായ പരിപാടിയുമായി തന്റെ മുന്‍ ജമ്മു സന്ദര്‍ശനങ്ങളെ പ്രധാനമന്ത്രി താരതമ്യം ചെയ്തു. വലിയ സ്‌ക്രീനുകളില്‍ പരിപാടി കാണാന്‍ ജമ്മുവിലെ പൗരന്മാര്‍ വലിയ തോതില്‍ ഒത്തുകൂടിയ 3 വ്യത്യസ്ത വേദികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ജമ്മു കശ്മീരിലെ ജനങ്ങളുടെ മനോഭാവത്തെ പ്രകീര്‍ത്തിച്ച ശ്രീ മോദി, ഇന്നത്തെ പരിപാടി അനുഗ്രഹമാണെന്ന് കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ അവസരം വികസിത ഭാരതത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് രാജ്യമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ജനങ്ങളും ഉള്‍പ്പെടുന്നതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീരിലെ 285 ബ്ലോക്കുകളിലെ പൗരന്മാര്‍ പരിപാടിക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങളുടെ മനോഭാവത്തെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താനുമായി സംവദിച്ച ഗുണഭോക്താക്കള്‍ ഗവണ്‍മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ വ്യക്തമായി വിശദീകരിച്ചതിനെ പ്രധാനമന്ത്രി പ്രശംസിച്ചു. വികസിത ഭാരതം വികസിത ജമ്മു കശ്മീര്‍, വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര എന്നിവയുടെ ചൈതന്യത്തിന് ജമ്മു കശ്മീരിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഓരോ ഗുണഭോക്താവിന്റെയും വീട്ടുപടിക്കല്‍ എത്താനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച പ്രധാനമന്ത്രി, അര്‍ഹരായ ആരെയും വിട്ടുകളയില്ലെന്ന് ഉറപ്പുനല്‍കി. ''എനിക്ക് നിങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഞങ്ങള്‍ തീര്‍ച്ചയായും വികസിത ജമ്മു കശ്മീര്‍ സൃഷ്ടിക്കും. 70 വര്‍ഷമായി പൂവണിയാതെ കിടന്നിരുന്ന സ്വപ്നങ്ങള്‍ മോദി ഉടന്‍ സാക്ഷാത്കരിക്കും''- പ്രധാനമന്ത്രി പറഞ്ഞു.
നിരാശയുടെയും വിഘടനവാദത്തിന്റെയും നാളുകള്‍ ഉപേക്ഷിച്ച് ജമ്മു കശ്മീര്‍ വികസിതമാകുമെന്ന പ്രതിജ്ഞയുമായി മുന്നോട്ട് പോവുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 32,000 കോടി രൂപയുടെ ഇന്നത്തെ പദ്ധതികള്‍ വിദ്യാഭ്യാസം, വൈദഗ്ധ്യം, ജോലി, ആരോഗ്യം, വ്യവസായം, സമ്പര്‍ക്കസൗകര്യം എന്നിവയ്ക്ക് ഉത്തേജനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഐഐഎമ്മിനും ഐഐടിക്കും നിയമനപത്രങ്ങള്‍ക്കും രാജ്യത്തെ യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു. നിരവധി തലമുറകളായി ജമ്മു-കശ്മീര്‍ കുടുംബാധിപത്യരാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ജനങ്ങളുടെ ക്ഷേമം പാടേ അവഗണിക്കപ്പെടുകയും യുവാക്കള്‍ക്ക് വലിയ നഷ്ടം സംഭവിക്കുകയും ചെയ്‌തെന്നും പറഞ്ഞു. അത്തരം ഗവണ്‍മെന്റുകള്‍ യുവാക്കള്‍ക്കായി നയങ്ങള്‍ രൂപീകരിക്കുന്നതിന് മുന്‍ഗണന നല്‍കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''സ്വന്തം കുടുംബത്തിന്റെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ ഒരിക്കലും സാധാരണ പൗരന്മാരെക്കുറിച്ച് ചിന്തിക്കാന്‍ ഇടവരില്ല'' - പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രഭരണ പ്രദേശത്തെ കുടുംബാധിപത്യ രാഷ്ട്രീയം ഇപ്പോള്‍ അവസാനിക്കുന്നതില്‍ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു.
ഒരു വികസിത് ജമ്മു കശ്മീര്‍ സൃഷ്ടിക്കുന്നതിന്, പാവപ്പെട്ടവര്‍, കര്‍ഷകര്‍, യുവജനങ്ങള്‍, നാരീശക്തി എന്നിവയില്‍ ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും പ്രധാന കേന്ദ്രമായി ജമ്മു കശ്മീര്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരില്‍ ഐ.ഐ.ടിയും ഐ.ഐ.എമ്മും കൊണ്ടുവരുന്നത് സംബന്ധിച്ച് 2013ല്‍ ഇതേ വേദിയില്‍വെച്ച് നല്‍കിയ ഉറപ്പ് അനുസ്മരിച്ച പ്രധാനമന്ത്രി, ആ ഉറപ്പ് ഇന്ന് നിറവേറ്റപ്പെടുകയാണെന്നും പറഞ്ഞു. അതുകൊണ്ടാണ് ''മോദിയുടെ ഉറപ്പ് എന്നാല്‍ ഉറപ്പിന്റെ പൂര്‍ത്തീകരണത്തിന്റെ ഉറപ്പ് എന്ന് ജനങ്ങള്‍ പറയുന്നത്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ പരിപാടിയിലെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പട്ടിക നിരത്തിയ പ്രധാനമന്ത്രി മോദി, ഇന്ന് വിദ്യാഭ്യാസ, നൈപുണ്യ വികസന മേഖലകള്‍ നേടിയ ഇത്രയധികം പുരോഗതി പത്ത് വര്‍ഷം മുമ്പ് വിദൂരമായ യാഥാര്‍ത്ഥ്യമായിരുന്നുവെന്നും ഊന്നിപ്പറഞ്ഞു. ''എന്നാല്‍, ഇത് നവ ഇന്ത്യയാണ്'', ഇന്നത്തെയും ഭാവി തലമുറയുടെയും ആധുനിക വിദ്യാഭ്യാസത്തിനായി ഇപ്പോഴത്തെ ഗവണ്‍മെന്റ് പരമാവധി തുക ചെലവിടുന്നത് ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജമ്മു കശ്മീരിലെ 50 പുതിയ ഡിഗ്രി കോളേജുകള്‍ ഉള്‍പ്പെടെ റെക്കോര്‍ഡ് എണ്ണം സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചതായി ശ്രീ മോദി അറിയിച്ചു. സ്‌കൂളില്‍ പോകാതിരുന്ന 45,000 പുതിയ കുട്ടികള്‍ ഇപ്പോള്‍ പ്രവേശനം നേടിയിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി അധികം യാത്ര ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''സ്‌കൂളുകള്‍ സാധാരണപോലെ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാല്‍ ഇന്ന് സ്‌കൂളുകള്‍ മെച്ചപ്പെട്ടിരിക്കുകയാണ്'', പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരിലെ ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, 2014-ലെ 4-ല്‍ നിന്ന് ജമ്മു കശ്മീരിലെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 12 ആയി ഉയര്‍ന്നുവെന്നും, എം.ബി.ബി.എസ് സീറ്റുകള്‍ 2014-ലെ 500-ല്‍ നിന്ന് 1300-ലധികമായെന്നും, 2014ല്‍ ഒന്നുപോലുമില്ലാതിരുന്ന പി.ജി മെഡിക്കല്‍ സീറ്റുകള്‍ 650-ലധികമായെന്നും അറിയിച്ചു. കഴിഞ്ഞ 4 വര്‍ഷത്തിനിടെ 45 നഴ്‌സിംഗ്, പാരാമെഡിക് കോളേജുകള്‍ സ്ഥാപിച്ചതിനെക്കുറിച്ചും അദ്ദേഹം അറിയിച്ചു. ജമ്മു കശ്മീരില്‍ പുതുതായി വരുന്ന രണ്ട് എയിംസുകളിൽ ഒന്നായ ജമ്മു എയിംസ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്ത് 15 പുതിയ എയിംസുകള്‍ അനുവദിച്ചതായും പ്രധാനമന്ത്രി മോദി പറഞ്ഞു.
അനുച്‌ഛേദം 370 റദ്ദാക്കിയതിനെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ജമ്മു കശ്മീരിന്റെ വികസനത്തിനുള്ള ഏറ്റവും വലിയ തടസ്സം നീങ്ങിയതിനാൽ പ്രദേശം സന്തുലിത വികസനത്തിന്റെ ദിശയിലേക്ക് നീങ്ങുകയാണെന്നും, ഒരു പുതിയ ജമ്മു കശ്മീര് നിലവില്‍ വരികയാണെന്നും പറഞ്ഞു. അനുച്‌ഛേദം 370-മായി ബന്ധപ്പെട്ട് വരാനിരിക്കുന്ന സിനിമയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
ആരും പിന്തള്ളപ്പെടില്ലെന്നും പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുവെന്ന് തോന്നിക്കൊണ്ടിരുന്നവർക്ക് ഇപ്പോള്‍ കാര്യക്ഷമമായ ഒരു ഗവണ്‍മെന്റിന്റെ സാന്നിദ്ധ്യം അനുഭവേദ്യമാകുന്നുണ്ടെന്നും യുവജനങ്ങളിലെ വിശ്വാസം ആവര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. കുടുംബവാഴ്ചയടെയും പ്രീണനത്തിന്റെയും രാഷ്ട്രീയത്തെ തള്ളിക്കളയുന്ന ഒരു പുതിയ തരംഗം രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ''ജമ്മു കശ്മീരിലെ യുവജനങ്ങളും വികസനത്തിന്റെ കാഹളം ഊതുകയും സ്വന്തം ഭാവി സൃഷ്ടിക്കാന്‍ മുന്നേറുകയും ചെയ്യുന്നു'', ജമ്മു കാശ്മീരിൻ്റെ അന്തരീക്ഷത്തിലുള്ള നല്ല മാറ്റം ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മുന്‍ ഗവണ്‍മെന്റുകള്‍ ജമ്മു കശ്മീരിലെ ജനങ്ങളോടും പ്രതിരോധ ഉദ്യോഗസ്ഥരോടും കാണിച്ച അവഗണനയില്‍ അദ്ദേഹം പരിവേദനപ്പെട്ടു. മേഖലയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള വിമുക്തഭടന്മാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട് ഒരു റാങ്ക് ഒരു പെന്‍ഷന്‍ എന്ന ദീര്‍ഘകാല ആവശ്യം നിലവിലെ ഗവണ്‍മെന്റ് നിറവേറ്റിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഭരണഘടനാ വാഗ്ദാനമായ സാമൂഹ്യനീതി ഒടുവില്‍ അഭയാര്‍ത്ഥി കുടുംബങ്ങളിലും ബാല്‍മീകി സമൂഹത്തിലും സഫായി കരംചാരികളിലും എത്തിച്ചേര്‍ന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാല്‍മീകി സമൂഹത്തിന് എസ്.സി പദവി നേടാനായതിനെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റലായി പ്രധാനമന്ത്രി വിശേഷിപ്പിച്ചു. പദ്ദാരി, പഹാരി, ഗദ്ദ ബ്രാഹ്‌മണര്‍, കോലികള്‍ എന്നിവരെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. '' എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം (സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്ക പ്രയാസ്) എന്നി മന്ത്രമാണ് ജമ്മു കശ്മീരിന്റെ വികസനത്തിന്റെ അടിത്തറ'' നിയമസഭയിലെ എസ്.ടി സംവരണവും പഞ്ചായത്തുകളിലേയും നഗര തദ്ദേശ സ്ഥാപനങ്ങളിലേയും ഒ.ബി.സി സംവരണവും ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു കശ്മീരില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കാരണം സ്ത്രീകള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചതെന്നത് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലെ പക്കാ വീടുകള്‍ സ്ത്രീകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നതും, ഹര്‍ ഘര്‍ ജല്‍ പദ്ധതിക്ക് കീഴിലുള്ള ശൗച്യാലയ നിര്‍മ്മാണവും, ആയുഷ്മാന്‍ കാര്‍ഡുകളുടെ വിതരണവും പരാമര്‍ശിച്ചു. '' സ്ത്രീകള്‍ക്ക് നേരത്തെ നഷ്ടപ്പെട്ട അവകാശങ്ങള്‍ അനുച്‌ഛേദം 370 റദ്ദാക്കിയതിലൂടെ സമ്മാനിച്ചു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധാരാളം സ്ത്രീകള്‍ക്ക് ഡ്രോണ്‍ പൈലറ്റുമാരാകുന്നതിന് പരിശീലനം നല്‍കുന്ന നമോ ഡ്രോണ്‍ ദീദി പദ്ധതിയും പ്രധാനമന്ത്രി പരാമർശിച്ചു. കൃഷിയിലും പൂന്തോട്ടപരിപാലനത്തിലും സഹായിക്കുന്നതിനായി ആയിരക്കണക്കിന് സ്വയം സഹായ സംഘങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ഡ്രോണുകള്‍ നല്‍കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതും പ്രധാനമന്ത്രി അറിയിച്ചു. രാസവളങ്ങളോ കീടനാശിനികളോ തളിക്കുന്ന ജോലി കൂടുതല്‍ എളുപ്പമാകുമെന്നും അതോടൊപ്പം അവര്‍ക്ക് അധിക വരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരേ സമയം ഇന്ന് രാജ്യത്തുടനീളം ഇന്ന് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി, ജമ്മു കശ്മീരിലേക്കുള്ള വര്‍ദ്ധിച്ച ബന്ധിപ്പിക്കലിനെക്കുറിച്ചും പരാമര്‍ശിച്ചു. ജമ്മു വിമാനത്താവളത്തിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍, കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ റെയില്‍ മാര്‍ഗ്ഗത്തിലൂടെയുള്ള ബന്ധിപ്പിക്കല്‍, ശ്രീനഗറില്‍ നിന്ന് സംഗല്‍ദാനിലേക്കും സംഗല്‍ദാനില്‍ നിന്ന് ബാരാമുള്ളയിലേക്കും ഓടുന്ന ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് എന്നിവ അദ്ദേഹം പരാമര്‍ശിച്ചു. ''കശ്മീരില്‍ നിന്ന് ട്രെയിനില്‍ ആളുകള്‍ക്ക് രാജ്യത്തുടനീളം സഞ്ചരിക്കാന്‍ കഴിയുന്ന ദിവസം വിദൂരമല്ല'', പ്രധാനമന്ത്രി മോദി ഉറപ്പിച്ചുപറഞ്ഞു. രാജ്യത്ത് നടക്കുന്ന റെയില്‍വേയുടെ വൈദ്യുതീകരണത്തിന്റെ വന്‍ സംഘടിതപ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇന്ന് ആദ്യത്തെ ഇലക്ട്രിക് ട്രെയിന്‍ ലഭിച്ചതിന് ജമ്മു കശ്മീരിലെ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകളെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, ട്രെയിനുകളുടെ പ്രാരംഭ റൂട്ടുകളില്‍ ജമ്മു കശ്മീരിനെയാണ് തെരഞ്ഞെടുത്തതെന്നും പറഞ്ഞു. ജമ്മു കശ്മീരില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ ഓടുന്നുണ്ടെന്നും മാതാ വൈഷ്‌ണോ ദേവിയിലേക്കുള്ള ബന്ധിപ്പിക്കൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ റോഡ് പദ്ധതികളുടെ പട്ടികയും പ്രധാനമന്ത്രി മോദി നല്‍കി. ഇന്നത്തെ പദ്ധതികളിലുള്ള ശ്രീനഗര്‍ റിംഗ് റോഡിന്റെ രണ്ടാം ഘട്ടം മനസ്സ്ബാല്‍ തടാകത്തിലേക്കും ഖീര്‍ ഭവാനി ക്ഷേത്രത്തിലേക്കുമുള്ള പ്രാപ്യത മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പരാമര്‍ശിച്ചു. അതുപോലെ ശ്രീനഗര്‍-ബാരാമുള്ള-ഉറി ഹൈവേ കര്‍ഷകര്‍ക്കും ടൂറിസത്തിനും ഗുണം ചെയ്യും. ഡല്‍ഹി അമൃത്സര്‍ കത്ര എക്‌സ്പ്രസ് വേ ജമ്മുവിനും ഡല്‍ഹിക്കുമിടയിലുള്ള യാത്ര സുഗമമാക്കും.
''ഇന്ന്, ജമ്മു കശ്മീരിന്റെ വികസനത്തെക്കുറിച്ച് അറിയാൻ ലോകമാകമാനം വളരെയധികം ഉത്സാഹത്തിലാണ്'' അടുത്തിടെ താന്‍ നടത്തിയ ഗള്‍ഫ് സന്ദര്‍ശനത്തില്‍ ജമ്മു കശ്മീരിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുണപരമായ താല്‍പര്യങ്ങളെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരില്‍ സംഘടിപ്പിച്ച നിരവധി ജി 20 ളേയും പരാമർശിച്ച പ്രധാനമന്ത്രി മോദി, ലോകം മുഴുവന്‍ അതിന്റെ പ്രകൃതി സൗന്ദര്യത്താല്‍ മയങ്ങിയെന്നും പറഞ്ഞു. കഴിഞ്ഞ വര്‍ഷം 2 കോടിയിലധികം സന്ദര്‍ശകരാണ് ജമ്മു കശ്മീരിലെത്തിയതായി രേഖപ്പെടുത്തിയതെന്ന് അറിയിച്ച അദ്ദേഹം അമര്‍നാഥ് ജിയും ശ്രീ മാതാ വൈഷ്‌ണോ ദേവിയും സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം കഴിഞ്ഞ ദശകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയതായും പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള വികസനം കണക്കിലെടുക്കുമ്പോള്‍ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
മികച്ച 5 ആഗോള സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി, മെച്ചപ്പെട്ട സമ്പദ്‌വ്യവസ്ഥ മൂലം ക്ഷേമ പദ്ധതികള്‍ക്ക് ചെലവഴിക്കാനുള്ള ഗവണ്‍മെന്റിന്റെ ശേഷി വര്‍ദ്ധിച്ചുവരുന്നതായും പ്രഖ്യാപിച്ചു. മെച്ചപ്പെട്ട സമ്പദ്‌വ്യവസ്ഥ കാരണം ഇന്ത്യയ്ക്ക് സൗജന്യ റേഷന്‍, വൈദ്യചികിത്സ, പക്കാ വീടുകള്‍, ഗ്യാസ് കണക്ഷനുകള്‍, ശൗച്യാലയങ്ങള്‍, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്നിവ ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ''ഇനി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റണം. ഇത് പാവപ്പെട്ടവരുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി ചെലവഴിക്കാനുള്ള രാജ്യത്തിന്റെ കഴിവ് പലമടങ്ങ് വര്‍ദ്ധിപ്പിക്കും. ജമ്മു കശ്മീരിലെ എല്ലാ കുടുംബങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും'', പ്രധാനമന്ത്രി ഉപഹസംഹരിച്ചു.
ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹ, പ്രധാനമന്ത്രിയുടെ ഓഫീസ് സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ ഉത്തേജനം
രാജ്യത്തുടനീളം വിദ്യാഭ്യാസ-നൈപുണ്യ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പില്‍, ഏകദേശം 13,375 കോടി രൂപയുടെ നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു.
ഐഐടി ഭിലായ്, ഐഐടി തിരുപ്പതി, ഐഐഎസ്ഇആര്‍ തിരുപ്പതി, ഐഐഐടിഡിഎം കുര്‍ണൂല്‍ എന്നിവയുടെ സ്ഥിരം കാമ്പസുകള്‍; ഐഐടി പട്നയിലും ഐഐടി റോപ്പറിലും അക്കാദമിക്, പാര്‍പ്പിട സമുച്ചയം; ദേവപ്രയാഗിലും (ഉത്തരാഖണ്ഡ്), അഗര്‍ത്തലയിലും (ത്രിപുര) കേന്ദ്ര സംസ്‌കൃത സര്‍വകലാശാലയുടെ രണ്ട് സ്ഥിര കാമ്പസുകള്‍ എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു; ഐഐഎം വിശാഖപട്ടണം, ഐഐഎം ജമ്മു, ഐഐഎം ബോധ്ഗയ എന്നിവയുടെ സ്ഥിരം കാമ്പസുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള മുന്‍നിര നൈപുണ്യ പരിശീലന സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ് (ഐഐഎസ്) അദ്ദേഹം കാണ്‍പൂരില്‍ ഉദ്ഘാടനം ചെയ്തു.
ഐഐടി ജമ്മു, എന്‍ഐടി ഡല്‍ഹി, ഐഐടി ഖരഗ്പൂര്‍, എന്‍ഐടി ദുര്‍ഗാപൂര്‍, ഐഐഎസ്ഇആര്‍ ബെഹ്റാംപൂര്‍, എന്‍ഐടി അരുണാചല്‍ പ്രദേശ്, ഐഐഐടി ലഖ്നൗ, ഐഐടി ബോംബെ, ഐഐടി ഡല്‍ഹി, കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല തുടങ്ങി രാജ്യത്തുടനീളമുള്ള ഒന്നിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകള്‍, അക്കാദമിക് ബ്ലോക്കുകള്‍, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങള്‍, ലൈബ്രറികള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. രാജ്യത്തുടനീളമുള്ള നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനുള്ള ഒന്നിലധികം പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ പദ്ധതികളില്‍ റായ്ച്ചൂര്‍ സിന്ധു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെയും ഐഐഐടി റായ്ച്ചൂരിന്റെയും സ്ഥിരം കാമ്പസിന്റെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു; ഐഐടി ബോംബെയില്‍ അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റല്‍, ഫാക്കല്‍റ്റി ക്വാര്‍ട്ടര്‍ തുടങ്ങിയവയുടെ നിര്‍മ്മാണം; ഐഐടി ഗാന്ധിനഗറിലെ ഹോസ്റ്റലിന്റെയും സ്റ്റാഫ് ക്വാര്‍ട്ടറിന്റെയും നിര്‍മ്മാണം, ബിഎച്ച്യുവിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ നിര്‍മ്മാണം തുടങ്ങിയവയാണ് ബാക്കി.
എയിംസ് ജമ്മു
ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് സമഗ്രവും ഗുണമേന്മയുള്ളതും സമഗ്രവുമായ തൃതീയ പരിചരണ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ഒരു ഘട്ടത്തില്‍, ജമ്മുവിലെ വിജയ്പൂര്‍ (സാംബ), ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2019 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി തറക്കല്ലിട്ട ഈ സ്ഥാപനം, കേന്ദ്ര മേഖലാ പദ്ധതിയായ പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴിലാണ് സ്ഥാപിക്കുന്നത്.
1660 കോടിയിലധികം ചെലവില്‍ 227 ഏക്കറില്‍ പരന്നുകിടക്കുന്ന ആശുപത്രിയില്‍ 720 കിടക്കകള്‍, 125 സീറ്റുകളുള്ള മെഡിക്കല്‍ കോളജ്, 60 സീറ്റുകളുള്ള നഴ്സിങ് കോളജ്, 30 കിടക്കകളുള്ള ആയുഷ് ബ്ലോക്ക്, ഫാക്കല്‍റ്റികള്‍ക്കുള്ള താമസസൗകര്യം, താമസ സൗകര്യം തുടങ്ങിയ സൗകര്യങ്ങളോടെയാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാഫ്, യുജി, പിജി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ താമസം, നൈറ്റ് ഷെല്‍ട്ടര്‍, ഗസ്റ്റ് ഹൗസ്, ഓഡിറ്റോറിയം, ഷോപ്പിംഗ് കോംപ്ലക്‌സ് മുതലായവയുമുണ്ട്. നെഫ്രോളജി, യൂറോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, എന്‍ഡോക്രൈനോളജി, ബേണ്‍സ് & പ്ലാസ്റ്റിക് സര്‍ജറി കാര്‍ഡിയോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി ഉള്‍പ്പെടെയുള്ള 18 സ്‌പെഷ്യാലിറ്റികളിലും 17 സൂപ്പര്‍ സ്‌പെഷ്യാലിറ്റികളിലും അത്യാധുനിക ആശുപത്രി ഉയര്‍ന്ന നിലവാരമുള്ള രോഗി പരിചരണ സേവനങ്ങള്‍ നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ടിന് തീവ്രപരിചരണ വിഭാഗം, എമര്‍ജന്‍സി & ട്രോമ യൂണിറ്റ്, 20 മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍, ഡയഗ്‌നോസ്റ്റിക് ലബോറട്ടറികള്‍, ബ്ലഡ് ബാങ്ക്, ഫാര്‍മസി തുടങ്ങിയവ ഉണ്ടായിരിക്കും. മേഖലയിലെ ദൂരെയുള്ള പ്രദേശങ്ങളില്‍ എത്തിച്ചേരുന്നതിന് ആശുപത്രി ഡിജിറ്റല്‍ ഹെല്‍ത്ത് അടിസ്ഥാന സൗകര്യവും പ്രയോജനപ്പെടുത്തും.
ജമ്മു വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ കെട്ടിടം
ജമ്മു വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. 40,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ ടെര്‍മിനല്‍ കെട്ടിടം തിരക്കേറിയ സമയങ്ങളില്‍ 2000 ത്തോളം യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കുന്ന ആധുനിക സൗകര്യങ്ങളോടെയാണ് സജ്ജീകരിക്കുന്നത്. പുതിയ ടെര്‍മിനല്‍ കെട്ടിടം പരിസ്ഥിതി സൗഹൃദമായും പ്രദേശത്തിന്റെ പ്രാദേശിക സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുമായിരിക്കും നിര്‍മ്മിക്കുക. ഇത് വ്യോമ ഗതാഗതം ശക്തിപ്പെടുത്തുകയും വിനോദസഞ്ചാരവും വ്യാപാരവും വര്‍ദ്ധിപ്പിക്കുകയും മേഖലയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.
റെയില്‍ പദ്ധതികള്‍
ജമ്മു കശ്മീരിലെ ബനിഹാല്‍-ഖാരി-സംബര്‍-സങ്കല്‍ദാന്‍ (48 കി.മീ.) പുതിയ റെയില്‍ പാതയും പുതുതായി വൈദ്യുതീകരിച്ച ബാരാമുള്ള-ശ്രീനഗര്‍-ബനിഹാല്‍-സങ്കല്‍ദാന്‍ സെക്ഷനും (185.66 കി.മീ) ഉള്‍പ്പെടെ വിവിധ റെയില്‍ പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. താഴ്വരയിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിനും സംഗല്‍ദാന്‍ സ്റ്റേഷനും ബാരാമുള്ള സ്റ്റേഷനും തമ്മിലുള്ള ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
ബനിഹാല്‍-ഖാരി-സംബര്‍-സംഗല്‍ദാന്‍ സെക്ഷൻ കമ്മീഷന്‍ ചെയ്യുന്നത് വളരെ പ്രധാനമാണ്. കാരണം യാത്രക്കാര്‍ക്ക് മികച്ച യാത്രാ അനുഭവം നല്‍കുന്ന റൂട്ടിലുടനീളം ബല്ലാസ്റ്റ് ലെസ് ട്രാക്കിന്റെ (ബിഎല്‍ടി) ഉപയോഗം ഇതിന്റെ സവിശേഷതയാണ്. കൂടാതെ, ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗതാഗത തുരങ്കം ടി-50 (12.77 കി.മീ) ഖാരി-സംബറിന് ഇടയിലുള്ള ഈ ഭാഗത്താണ്. റെയില്‍ പദ്ധതികള്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുകയും മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തിക വികസനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
റോഡ് പദ്ധതികള്‍
ജമ്മുവിനെ കത്രയുമായി ബന്ധിപ്പിക്കുന്ന ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേയുടെ രണ്ട് പാക്കേജുകള്‍ (44.22 കി.മീ.) ഉള്‍പ്പെടെയുള്ള സുപ്രധാന റോഡ് പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ശ്രീനഗര്‍ റിങ് റോഡ് നാലുവരിയാക്കുന്നതിനുള്ള രണ്ടാം ഘട്ടം; എന്‍എച്ച്-01 ന്റെ 161 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശ്രീനഗര്‍-ബാരാമുള്ള-ഉറി പാത നവീകരിക്കുന്നതിന് അഞ്ച് പാക്കേജുകള്‍; എന്‍എച്ച് -444-ല്‍ കുല്‍ഗാം ബൈപാസിന്റെയും പുല്‍വാമ ബൈപ്പാസിന്റെയും നിര്‍മ്മാണവും
ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേയുടെ രണ്ട് പാക്കേജുകളും പൂര്‍ത്തിയായാല്‍, മാതാ വൈഷ്‌ണോദേവിയുടെ പുണ്യക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരുടെ സന്ദര്‍ശനം സുഗമമാകും.
ഇത് ബാരാമുള്ളയുടെയും ഉറിയുടെയും സാമ്പത്തിക വികസനം വര്‍ദ്ധിപ്പിക്കും; ഖാസിഗുണ്ട് - കുല്‍ഗാം - ഷോപിയാന്‍ - പുല്‍വാമ - ബദ്ഗാം - ശ്രീനഗര്‍ എന്നിവയെ ബന്ധിപ്പിക്കുന്ന എന്‍എച്ച് -444-ല്‍ കുല്‍ഗാം ബൈപ്പാസും പുല്‍വാമ ബൈപ്പാസും ഈ മേഖലയിലെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.
സി യു എഫ് പെട്രോളിയം ഡിപ്പോ
ജമ്മുവിലെ സിയുഎഫ് (കോമണ്‍ യൂസര്‍ ഫെസിലിറ്റി) പെട്രോളിയം ഡിപ്പോ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഏകദേശം 677 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന അത്യാധുനിക സമ്പൂര്‍ണ ഓട്ടോമേറ്റഡ് ഡിപ്പോയില്‍ മോട്ടോര്‍ സ്പിരിറ്റ് (എംഎസ്), ഹൈ സ്പീഡ് ഡീസല്‍ (എച്ച്എസ്ഡി), സുപ്പീരിയര്‍ മണ്ണെണ്ണ, ഓയില്‍ (എസ്‌കെഒ), ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എടിഎഫ്), എത്തനോള്‍, ബയോഡീസല്‍, വിന്റര്‍ ഗ്രേഡ് എച്ച്എസ്ഡി എന്നിവ സംഭരിക്കുന്നതിന് ഏകദേശം 100000 കിലോ ലിറ്റര്‍ സംഭരണ ശേഷിയുണ്ടാകും.
മറ്റ് പദ്ധതികള്‍
ജമ്മു കശ്മീരിലുടനീളം ജനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പൊതു സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 3150 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളില്‍ റോഡ് പദ്ധതികളും പാലങ്ങളും; ഗ്രിഡ് സ്റ്റേഷനുകള്‍, സ്വീകരണ സ്റ്റേഷനുകള്‍, പ്രസരണ ലൈന്‍ പദ്ധതികള്‍, സാധാരണ മലിനജല സംസ്‌കരണ പ്ലാന്റുകളും മലിനജല സംസ്‌കരണ പ്ലാന്റുകളും; നിരവധി ഡിഗ്രി കോളേജ് കെട്ടിടങ്ങള്‍; ശ്രീനഗര്‍ നഗരത്തിലെ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം; ആധുനിക നര്‍വാള്‍ ഫ്രൂട്ട് ചന്ത; കത്വയിലെ മരുന്നു പരിശോധനാ ലബോറട്ടറി; ഗന്ധര്‍ബാലിലും കുപ്വാരയിലും 224 ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടുന്ന ട്രാന്‍സിറ്റ് താമസ സൗകര്യം എന്നിവ ഉള്‍പ്പെടുന്നു. ജമ്മു കശ്മീരിലുടനീളം അഞ്ച് പുതിയ വ്യവസായ എസ്റ്റേറ്റുകളുടെ വികസനം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് തറക്കല്ലിടുന്നത്. ജമ്മു സ്മാര്‍ട്ട് സിറ്റിയുടെ സംയോജിത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനായുള്ള ഡാറ്റാ സെന്റര്‍/പ്രകൃതി ദുരന്ത നിവാരണ കേന്ദ്രം; പരിമ്പോറ ശ്രീനഗറിലെ ട്രാന്‍സ്പോര്‍ട്ട് നഗറിന്റെ നവീകരണം; 62 റോഡ് പ്രോജക്ടുകളുടെയും 42 പാലങ്ങളുടെയും നവീകരണവും യാത്രാ സൗകര്യ വികസനത്തിനുള്ള പദ്ധതിയും അനന്ത്‌നാഗ്, കുല്‍ഗാം, കുപ്വാര, ഷോപിയാന്‍, പുല്‍വാമ തുടങ്ങിയ ജില്ലകളിലെ ഒമ്പത് സ്ഥലങ്ങളിലായി 2816 ഫ്‌ളാറ്റുകള്‍ എന്നിവയും ഇതില്‍പ്പെടും.
SK
(Release ID: 2007459)
Visitor Counter : 95
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali-TR
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada