പ്രധാനമന്ത്രിയുടെ ഓഫീസ്‌

യുഎഇയിലെ അബുദാബിയില്‍ ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 14 FEB 2024 11:48PM by PIB Thiruvananthpuram

ശ്രീ സ്വാമി നാരായണ്‍ ജയ് ദേവ്, ആദരണീയനാ ഷെയ്ഖ് നഹ്യാന്‍ അല്‍ മുബാറക്, ബഹുമാനപ്പെട്ട മഹന്ത് സ്വാമി ജി മഹാരാജ്, ഭാരതത്തിലെയും യുഎഇടയിലെയും ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികള്‍, ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എന്റെ സഹോദരീസഹോദരന്മാരേ!

ഇന്ന്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് മനുഷ്യ ചരിത്രത്തില്‍ ഒരു പുതിയ സുവര്‍ണ്ണ അധ്യായം എഴുതിച്ചേര്‍ത്തിരിക്കുന്നു. വര്‍ഷങ്ങളുടെ പ്രയത്നത്തിന്റെ പരിസമാപ്തി കുറിക്കുകയും ഏറെ നാളത്തെ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തുകൊണ്ട് അബുദാബിയില്‍ മഹത്തായതും ദിവ്യവുമായ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നു. സ്വാമി നാരായണന്റെ അനുഗ്രഹങ്ങള്‍ ഈ സുപ്രധാന സന്ദര്‍ഭവുമായി ഇഴചേര്‍ന്നിരിക്കുന്നു. അദ്ദേഹം ദൈവിക മണ്ഡലത്തില്‍ എവിടെയായിരുന്നാലും ആത്മാവ് തീര്‍ച്ചയായും സന്തോഷിക്കുക തന്നെ ചെയ്യും. സ്വാമിജിയുമായുള്ള എന്റെ ബന്ധം അച്ഛനും മകനും പോലെയായിരുന്നു. അദ്ദേഹത്തിന്റെ സഹവാസത്തില്‍ ആയിരിക്കാനും എന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഘട്ടത്തില്‍ പിതൃസ്‌നേഹം സ്വീകരിക്കാനുമുള്ള പ്രത്യേകാവസരം എനിക്കുണ്ടായി. ഞാന്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായപ്പോഴും അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം തുടര്‍ന്നു. ഡല്‍ഹിയില്‍ അക്ഷര്‍ധാമിന്റെ നിര്‍മ്മാണ വേളയില്‍, എന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ, അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം തറക്കല്ലിടല്‍ ചടങ്ങില്‍ ഞാന്‍ പങ്കെടുത്തിരുന്നു. സമര്‍പ്പിതനായ ഒരു ശിഷ്യന്റെ ആദര്‍ശം ഉള്‍ക്കൊണ്ട് യമുനാതീരത്ത് ഒരു പുണ്യക്ഷേത്രം സ്ഥാപിച്ച് അദ്ദേഹം തന്റെ ഗുരുവിന്റെ ആഗ്രഹം നിറവേറ്റിയതുപോലെ, ഇന്ന്, അതേ ശിഷ്യത്വ ബോധത്തോടെ, സ്വാമി മഹാരാജിനെ സാക്ഷാത്കരിക്കാന്‍ സഹായിച്ചതിന്റെ ബഹുമാനത്തോടെ ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു.  കൂടാതെ, ഇന്ന് ബസന്ത് പഞ്ചമിയുടെ മഹത്തായ ഉത്സവവും ബഹുമാനപ്പെട്ട ശാസ്ത്രി ജി മഹാരാജിന്റെ ജന്മദിനവും അടയാളപ്പെടുത്തുന്നു. മനുഷ്യന്റെ ബുദ്ധിയുടെയും മനസ്സാക്ഷിയുടെയും ദേവതയായ സരസ്വതി ദേവിയെയാണ് ബസന്ത് പഞ്ചമി ആഘോഷിക്കുന്നത്. ജീവിതത്തില്‍ സഹകരണം, സൗഹാര്‍ദ്ദം, ഐക്യം തുടങ്ങിയ ആദര്‍ശങ്ങള്‍ നടപ്പാക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത് ഈ ബുദ്ധിയാണ്. ലോകത്തിന് സാമുദായിക സൗഹാര്‍ദത്തിന്റെയും ആഗോള ഐക്യത്തിന്റെയും പ്രതീകമായ ഈ ക്ഷേത്രം മാനവികതയുടെ ശോഭനമായ ഭാവിയിലേക്ക് നയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

യുഎഇയുടെ സഹിഷ്ണുതാ മന്ത്രിയായ ആദരണീയ ശൈഖ് നഹ്യാന്‍ അല്‍ മുബാറക്കിന്റെ സാന്നിധ്യം ഇന്ന് പ്രത്യേകം ശ്രദ്ധേയമാണ്. നമ്മുടെ അഭിലാഷങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വിധം അദ്ദേഹത്തിന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനും ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും അവ സ്വന്തം വാക്കുകളില്‍ വാചാലമായി വിവരിച്ചതിനും ഞാന്‍ അദ്ദേഹത്തോട് നന്ദിയുള്ളവനാണ്.

സുഹൃത്തുക്കളേ

ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ യുഎഇ ഗവണ്‍മെന്റ് വഹിച്ച സ്തുത്യര്‍ഹമായ പങ്ക് പറഞ്ഞറിയിക്കാനാവില്ല. എന്നിരുന്നാലും, ഈ മഹത്തായ ക്ഷേത്രത്തിന്റെ ദര്‍ശനം സാക്ഷാത്കരിച്ചതിന് ഏറ്റവും വലിയ ബഹുമതി ആരെങ്കിലും അര്‍ഹിക്കുന്നുവെങ്കില്‍, അത് എന്റെ സഹോദരന്‍, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആണ്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ നേതൃത്വത്തില്‍ യു.എ.ഇ ഗവണ്‍മെന്റ് കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിലാഷങ്ങള്‍ എത്രമാത്രം പൂര്‍ണ്ണഹൃദയത്തോടെയാണ് നിറവേറ്റിയതെന്ന് എനിക്കറിയാം. 140 കോടി ഭാരതീയരുടെ ഹൃദയത്തില്‍ പതിഞ്ഞത് മാത്രമല്ല, സ്വാമിജിയുടെ ക്ഷേത്ര സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ അപാരമായ ഔദാര്യം നേരിട്ട് കണ്ട്, ഈ പദ്ധതിയുടെ തുടക്കം മുതല്‍ അതിന്റെ ഫലപ്രാപ്തി വരെ ഇതില്‍ സഹകരിക്കാന്‍ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. ഞാന്‍ അദ്ദേഹത്തിന് എന്റെ അനന്തമായ നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഉയരവും ഭാരത-യുഎഇ ബന്ധത്തിന്റെ ആഴവും യുഎഇയിലെയും ഭാരതത്തിലെയും ജനങ്ങള്‍ മാത്രമല്ല, ലോകം മുഴുവന്‍ അംഗീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 2015-ല്‍ ഞാന്‍ യുഎഇ സന്ദര്‍ശിച്ച് ഈ ക്ഷേത്രത്തിന്റെ ആശയത്തെക്കുറിച്ച് ആദരണീയനായ ഷെയ്ഖ് മുഹമ്മദുമായി ചര്‍ച്ച ചെയ്തപ്പോള്‍, ഞാന്‍ ഓര്‍ക്കുന്നു, ഇന്ത്യന്‍ ജനതയുടെ അഭിലാഷങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍, അദ്ദേഹം എന്റെ നിര്‍ദ്ദേശം ഉടനടി ആവേശത്തോടെ സ്വീകരിച്ചു. തന്റെ അചഞ്ചലമായ പിന്തുണ പ്രകടമാക്കി അദ്ദേഹം അതിവേഗം ക്ഷേത്രത്തിനായി വിശാലമായ ഭൂമി അനുവദിച്ചു. മാത്രമല്ല, ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്‌നവും പരിഹരിക്കപ്പെട്ടു. 2018-ല്‍ ഞാന്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍, ബ്രഹ്‌മവിഹാരി സ്വാമിജി സൂചിപ്പിച്ചതുപോലെ, പ്രാദേശിക സന്യാസിമാര്‍ രണ്ട് ക്ഷേത്ര മാതൃകകള്‍ അവതരിപ്പിച്ചു. ഒരു മാതൃക ഭാരതത്തിന്റെ പുരാതന വേദ ശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു മഹത്തായ ക്ഷേത്രത്തെ ചിത്രീകരിക്കുന്നു, മറ്റൊന്ന് ബാഹ്യമായ ഹിന്ദു മതചിഹ്നങ്ങളില്ലാത്ത ലളിതമായ രൂപകല്‍പ്പനയായിരുന്നു. തുടര്‍ന്ന് യുഎഇ ഗവണ്‍മെന്റ് അംഗീകരിക്കുന്ന രൂപരേഖ മുന്നോട്ട് കൊണ്ടുപോകുമെന്ന് സംന്യാസിമാര്‍ പറഞ്ഞു. ഷെയ്ഖ് മുഹമ്മദുമായി ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍, അദ്ദേഹത്തിന്റെ നിലപാട് അസന്ദിഗ്ധമായിരുന്നു. അബുദാബിയിലെ ക്ഷേത്രങ്ങള്‍ അവയുടെ എല്ലാ പ്രൗഢിയോടും ഗാംഭീര്യത്തോടും കൂടി നിര്‍മ്മിക്കപ്പെടണമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. അദ്ദേഹം ഒരു ക്ഷേത്രം വിഭാവനം ചെയ്യുക മാത്രമല്ല, അത് ക്ഷേത്ര വാസ്തുവിദ്യയുടെ യഥാര്‍ത്ഥ മൂര്‍ത്തീഭാവമായി വിഭാവനം ചെയ്യുകയും ചെയ്തു.

സുഹൃത്തുക്കളേ,

ഇതൊരു നിസ്സാര കാര്യമല്ല; അതൊരു സുപ്രധാന സംരംഭമാണ്. ഇവിടെ ക്ഷേത്രം പണിയുക മാത്രമല്ല; അത് ഒരു യഥാര്‍ത്ഥ ക്ഷേത്രത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുകയാണ്. ഭാരതവുമായുള്ള ഈ സാഹോദര്യ മനോഭാവം തീര്‍ച്ചയായും നമ്മുടെ ഏറ്റവും വലിയ സമ്പത്താണ്. ഇവിടെ നാം കാണുന്ന ക്ഷേത്രത്തിന്റെ മഹത്വം ശൈഖ് മുഹമ്മദിന്റെ മഹത്തായ ദര്‍ശനത്തിന്റെ തെളിവാണ്. ഇതുവരെ, ബുര്‍ജ് ഖലീഫ, ഫ്യൂച്ചര്‍ മ്യൂസിയം, ഷെയ്ഖ് സായിദ് മസ്ജിദ്, മറ്റ് അത്യാധുനിക ഘടനകള്‍ എന്നിവയ്ക്ക് യുഎഇ പ്രശസ്തമായിരുന്നു. ഇപ്പോഴിതാ മറ്റൊരു സാംസ്‌കാരിക നാഴികക്കല്ല് അതിന്റെ സ്വത്വത്തിലേക്ക് ചേര്‍ത്തിരിക്കുന്നു.
ഭാവിയില്‍ ഗണ്യമായ എണ്ണം ഭക്തര്‍ ഇവിടെ സന്ദര്‍ശിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, തല്‍ഫലമായി യുഎഇയിലേക്കുള്ള സന്ദര്‍ശകരുടെ വരവ് വര്‍ധിപ്പിക്കുകയും ആളുകള്‍ തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഭാരതത്തിലും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഇന്ത്യക്കാരുടെ പേരില്‍, പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിനും യുഎഇ ഗവണ്‍മെന്റിനും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ഇവിടെ നിന്ന് യുഎഇ പ്രസിഡന്റിന് കൈയടി നല്‍കുന്നതില്‍ എന്നോടൊപ്പം ചേരാന്‍ ഞാന്‍ നിങ്ങളെ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. വളരെ നന്ദി. യുഎഇയിലെ ജനങ്ങളുടെ സഹകരണത്തിന് എന്റെ ഹൃദയംഗമമായ നന്ദിയും അറിയിക്കുന്നു.

സുഹൃത്തുക്കളേ,

ഭാരതവും യുഎഇയും തമ്മിലുള്ള സൗഹൃദം പരസ്പര വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും മാതൃകയായാണ് ലോകമെമ്പാടും കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ചും സമീപ വര്‍ഷങ്ങളില്‍, ഞങ്ങളുടെ ബന്ധം അഭൂതപൂര്‍വമായ ഉയരങ്ങളിലെത്തി. എന്നിരുന്നാലും, ഭാരതം ഈ ബന്ധങ്ങളെ സമകാലിക പശ്ചാത്തലത്തില്‍ മാത്രം വീക്ഷിക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ ബന്ധങ്ങളുടെ അടിസ്ഥാനം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുകിടക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, അറബ് ലോകം ഭാരതത്തിനും യൂറോപ്പിനും ഇടയിലുള്ള നിര്‍ണായക വ്യാപാര പാലമായി പ്രവര്‍ത്തിച്ചു. എന്റെ ജന്മനാടായ ഗുജറാത്തിലെ വ്യാപാരികള്‍ക്ക്, അറബ് ലോകമായിരുന്നു വ്യാപാര ബന്ധങ്ങളുടെ പ്രാഥമിക കേന്ദ്രം, നമ്മുടെ പൂര്‍വ്വികര്‍ വരെ. നാഗരികതകളുടെ ഈ സംഗമഭൂമിയില്‍ നിന്നാണ് പുതിയ അവസരങ്ങള്‍ ഉണ്ടാകുന്നത്; കല, സാഹിത്യം, സംസ്‌കാരം എന്നിവയുടെ പുതിയ വഴികള്‍ക്ക് അതു ജന്മം നല്‍കുന്നു. അതുകൊണ്ട് തന്നെ അബുദാബിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ല. ഈ ക്ഷേത്രം നമ്മുടെ പുരാതന ബന്ധങ്ങളില്‍ പുത്തന്‍ സാംസ്‌കാരിക വീര്യം പകരുന്നു.

സുഹൃത്തുക്കളേ,

അബുദാബിയിലെ മഹാക്ഷേത്രം കേവലം ആരാധനാലയമല്ല; അത് മനുഷ്യരാശിയുടെ പങ്കിട്ട പൈതൃകത്തിന്റെ പ്രതീകമാണ്. ഇത് ഭാരതത്തിലെയും അറേബ്യയിലെയും ജനങ്ങള്‍ തമ്മിലുള്ള പരസ്പര സ്‌നേഹത്തെ ഉള്‍ക്കൊള്ളുന്നു, കൂടാതെ ഭാരതം- യുഎഇ ബന്ധങ്ങളുടെ ആത്മീയ മാനം പ്രതിഫലിപ്പിക്കുന്നു. ഈ ശ്രദ്ധേയമായ നേട്ടത്തിന് ബിഎപിഎസ് സംഘടനയെയും അതിലെ അംഗങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈശ്വര ഭക്തരോടുള്ള ആദരവ് ഞാന്‍ പ്രകടിപ്പിക്കുന്നു. നമ്മുടെ ബഹുമാന്യരായ ഋഷിമാരുടെ മാര്‍ഗനിര്‍ദേശപ്രകാരം ബിഎപിഎസ് സംഘടനയിലെ അംഗങ്ങള്‍ ലോകമെമ്പാടും ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്ഷേത്രങ്ങളിലെ വൈദിക സങ്കീര്‍ണ്ണതകളോടുള്ള സൂക്ഷ്മമായ ശ്രദ്ധ ആധുനിക വീക്ഷണവുമായി പൊരുത്തപ്പെടുന്നു. പുരാതന തത്ത്വങ്ങള്‍ പാലിച്ചുകൊണ്ട് ഒരാള്‍ക്ക് എങ്ങനെ ആധുനിക ലോകത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് സ്വാമിനാരായണ്‍ സന്യാസ പാരമ്പര്യം ഉദാഹരിക്കുന്നു. നിങ്ങളുടെ സംഘടനാ വൈഭവം, വ്യവസ്ഥാപിത കാര്യക്ഷമത, ഓരോ ഭക്തരോടുമുള്ള സംവേദനക്ഷമത എന്നിവയില്‍ നിന്ന് എല്ലാവര്‍ക്കും വിലപ്പെട്ട പാഠങ്ങള്‍ പഠിക്കാന്‍ കഴിയും. ഇതെല്ലാം ഭഗവാന്‍ സ്വാമിനാരായണന്റെ കൃപയുടെ പ്രകടനമാണ്. ഈ സുപ്രധാന അവസരത്തില്‍ ഞാന്‍ ഭഗവാന്‍ സ്വാമിനാരായണന് എന്റെ എളിയ പ്രണാമം അര്‍പ്പിക്കുന്നു. നിങ്ങള്‍ക്കും രാജ്യത്തും വിദേശത്തുമുള്ള എല്ലാ ഭക്തജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നു.

സുഹൃത്തുക്കളേ്,

ഇത് ഭാരതത്തിന് അമൃതകാലത്തിന്റെ സമയമാണ്, ഇത് നമ്മുടെ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും സുവര്‍ണ്ണ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. കഴിഞ്ഞ മാസമാണ് അയോധ്യയില്‍ രാമക്ഷേത്രമെന്ന ചിരകാല സ്വപ്നം പൂവണിഞ്ഞത്. രാംലല്ല ഇപ്പോള്‍ അദ്ദേഹത്തിന്റെ വസതിയില്‍ വിശ്രമിക്കുന്നു, ഇത് ഉണര്‍ത്തുന്ന സ്‌നേഹവും വികാരവും ഭാരതത്തിലുടനീളവും എല്ലാ ഇന്ത്യക്കാര്‍ക്കിടയിലും പ്രതിധ്വനിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ന്, എന്റെ പ്രിയ സുഹൃത്ത് ബ്രഹ്‌മവിഹാരി സ്വാമി പറഞ്ഞത് മോദിജിയാണ് പ്രധാന പുരോഹിതന്‍ എന്നാണ്. ഒരു ക്ഷേത്ര പൂജാരി ആകാനുള്ള യോഗ്യത എനിക്കുണ്ടോ എന്ന് പറയാനാവില്ല, എന്നാല്‍ ഭാരത മാതാവിന്റെ ഭക്തനെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു. എനിക്ക് സമ്മാനിച്ച സമയത്തിന്റെ ഓരോ നിമിഷവും, ദൈവത്താല്‍ സമ്മാനിച്ച എന്റെ ശരീരത്തിലെ ഓരോ കണികയും ഭാരത മാതാവിന് മാത്രം സമര്‍പ്പിക്കുന്നു. 140 കോടി ഇന്ത്യക്കാരും എന്റെ ആരാധനാമൂര്‍ത്തികളാണ്.

സുഹൃത്തുക്കളേ,

അയോധ്യയില്‍ ഞങ്ങള്‍ അനുഭവിച്ച അഗാധമായ സന്തോഷം, ഇന്ന് അബുദാബിയില്‍ നാം കാണുന്ന സന്തോഷത്തിന്റെ തരംഗത്താല്‍ കൂടുതല്‍ സമ്പന്നമാക്കിയിരിക്കുന്നു. അയോധ്യയിലെ മഹത്തായ ശ്രീരാമക്ഷേത്രവും ഇപ്പോള്‍ അബുദാബിയിലെ ഈ ക്ഷേത്രവും ദര്‍ശിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു.

സുഹൃത്തുക്കളേ

നമ്മുടെ വേദങ്ങള്‍ 'ഏകം സത് വിപ്രാ ബഹുദാ വദന്തി' എന്ന് ഉദ്‌ഘോഷിക്കുന്നു, അതായത് പണ്ഡിതന്മാര്‍ ഒരേ ദൈവത്തെ, ഒരേ സത്യത്തെ, പലവിധത്തില്‍ വ്യാഖ്യാനിക്കുന്നു. ഈ തത്ത്വചിന്ത ഭാരതത്തിന്റെ കാതലായ ബോധത്തില്‍ രൂഢമൂലമാണ്. അതിനാല്‍, ഞങ്ങള്‍ എല്ലാവരേയും സ്വഭാവത്താല്‍ ആശ്ലേഷിക്കുക മാത്രമല്ല, എല്ലാവരേയും ഊഷ്മളമായ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. വിഭജനത്തിന്റെ ഉറവിടമായിട്ടല്ല, മറിച്ച് നമ്മുടെ അതുല്യമായ ശക്തിയായാണ് നാം വൈവിധ്യത്തെ കാണുന്നത്. ഈ വിശ്വാസം ആഗോള സംഘര്‍ഷങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും എതിരെ നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു, മാനവികതയിലുള്ള നമ്മുടെ ആത്മവിശ്വാസം ദൃഢമാക്കുന്നു. ഈ ക്ഷേത്രത്തിലെ ഓരോ ചുവടിലും, വൈവിധ്യത്തിലുള്ള ആത്മവിശ്വാസത്തിന്റെ ഒരു നേര്‍ക്കാഴ്ച നിങ്ങള്‍ കാണും. ഹിന്ദു ഐക്കണോഗ്രഫിയ്ക്കൊപ്പം, ഈജിപ്ഷ്യന്‍ ഹൈറോഗ്ലിഫുകളും ബൈബിളില്‍ നിന്നും ഖുറാനില്‍ നിന്നുമുള്ള വിവരണങ്ങളും ക്ഷേത്ര മതിലുകളെ അലങ്കരിക്കുന്നു. ഞാന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചയുടനെ, നമ്മുടെ ബോഹ്റ മുസ്‌ലിം സമുദായം നിര്‍മ്മിച്ച സൗഹാര്‍ദ്ദ മതില്‍ എന്റെ കണ്ണില്‍പ്പെട്ടു. തുടര്‍ന്ന്, പാഴ്സി സമൂഹം ആരംഭിച്ച ക്ഷേത്രത്തിന്റെ ശ്രദ്ധേയമായ 3ഡി  അനുഭവം പ്രദര്‍ശിപ്പിച്ചു. ഇവിടെ, നമ്മുടെ സിഖ് സഹോദരീസഹോദരന്മാര്‍ ലംഗറിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നു. എല്ലാ മതങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ സംഭാവന ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിലെ ഏഴ് തൂണുകള്‍ അല്ലെങ്കില്‍ മിനാരങ്ങള്‍ യുഎഇയുടെ ഏഴ് എമിറേറ്റുകളെ പ്രതീകപ്പെടുത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഈ ചൈതന്യം ഇന്ത്യന്‍ ജനതയുടെ സത്തയെ പ്രതിഫലിപ്പിക്കുന്നു, നമ്മള്‍ എവിടെയൊക്കെ സഞ്ചരിച്ചാലും, ആ സ്ഥലത്തിന്റെ സംസ്‌കാരത്തെയും മൂല്യങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നു. ഷെയ്ഖ് മുഹമ്മദിന്റെ ജീവിതത്തില്‍ ഉള്‍ക്കൊള്ളുന്ന എല്ലാവരോടും ഇതേ ആദരവ് പ്രകടിപ്പിക്കുന്നത് സന്തോഷകരമാണ്.
എന്റെ സഹോദരന്‍, എന്റെ സുഹൃത്ത് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്, നാമെല്ലാവരും സഹോദരന്മാരാണെന്ന കാഴ്ചപ്പാട് പുലര്‍ത്തുന്നു. അബുദാബിയില്‍ ഒരു പള്ളിയും ചര്‍ച്ചും സിനഗോഗും ഉള്‍ക്കൊള്ളുന്ന ഹൗസ് ഓഫ് അബ്രഹാമിക് ഫാമിലി അദ്ദേഹം സ്ഥാപിച്ചു. ഇപ്പോഴിതാ, അബുദാബിയിലെ ഭഗവാന്‍ സ്വാമി നാരായണ്‍ ക്ഷേത്രം നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പ്പത്തിന് ഒരു പുതിയ മാനം നല്‍കുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, ഈ മഹത്തായതും പവിത്രവുമായ സ്ഥലത്ത് നിന്ന്, മറ്റൊരു സന്തോഷവാര്‍ത്ത പങ്കിടുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇന്ന് രാവിലെ, യുഎഇ വൈസ് പ്രസിഡന്റ് ആദരണീയനാ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ദുബായില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി ഒരു ആശുപത്രി നിര്‍മ്മിക്കുന്നതിന് സ്ഥലം സംഭാവനയായി പ്രഖ്യാപിച്ചു. അദ്ദേഹത്തിനും എന്റെ സഹോദരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ വേദങ്ങള്‍ 'സമാനോ മന്ത്രം: സമിതി: സമാനി, സമാനം മനഃ സഹ ചിത്തം ഏഷാം' (നമ്മുടെ ചിന്തകള്‍ ഒന്നായിരിക്കണം, നമ്മുടെ മനസ്സുകള്‍ പരസ്പര ബന്ധിതമായിരിക്കണം, നമ്മുടെ ദൃഢനിശ്ചയങ്ങളും ചേര്‍ന്നിരിക്കണം) എന്ന ജ്ഞാനം നല്‍കുന്നു. മനുഷ്യ ഐക്യത്തിനായുള്ള ഈ ആഹ്വാനം നമ്മുടെ ആത്മീയതയുടെ അടിസ്ഥാന സത്തയാണ്. ഈ പഠിപ്പിക്കലുകളുടെയും ദൃഢനിശ്ചയങ്ങളുടെയും കേന്ദ്രമായി നമ്മുടെ ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ജീവജാലങ്ങളോട് സുമനസ്സുണ്ടാകണമെന്നും ലോകക്ഷേമം ഉണ്ടാകണമെന്നും വേദവാക്യങ്ങള്‍ ഉരുവിട്ടുകൊണ്ട് ഈ ക്ഷേത്രങ്ങളില്‍ നാം ഒരേ സ്വരത്തില്‍ പ്രഖ്യാപിക്കുന്നു. 'വസുധൈവ കുടുംബകം'- ഭൂമി മുഴുവന്‍ നമ്മുടെ കുടുംബമാണ് എന്ന തത്വം അവര്‍ നമ്മെ പഠിപ്പിക്കുന്നു. ഈ തത്വത്താല്‍ നയിക്കപ്പെടുന്ന ഭാരതം ആഗോള സമാധാനം പ്രോത്സാഹിപ്പിക്കുന്നതിന് സമര്‍പ്പിതമാണ്. ഇത്തവണ ഭാരതത്തിന്റെ അദ്ധ്യക്ഷതയില്‍, ജി-20 രാജ്യങ്ങള്‍ 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ദൃഢനിശ്ചയം കൂടുതല്‍ ശക്തിപ്പെടുത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു. 'ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ്' തുടങ്ങിയ പ്രചാരണ പരിപാടികള്‍ നമ്മുടെ പരിശ്രമങ്ങള്‍ക്ക് ഉദാഹരണമാണ്. (സര്‍വേ ഭവന്തു സുഖിനഃ: സര്‍വേ സന്തു നിരാമയ) എന്ന മനോഭാവത്തോടെ ഇന്ത്യയും 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്ന ദൗത്യത്തിനായി പ്രവര്‍ത്തിക്കുന്നു. നമ്മുടെ സംസ്‌കാരവും വിശ്വാസവും ആഗോള ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും ക്ഷേമത്തിന്, എല്ലാവരെയും വിശ്വാസത്തിലെടുത്ത്, എല്ലാവരുടെയും വിഷമങ്ങള്‍ക്കൊപ്പം' എന്ന മന്ത്രത്തില്‍ ഭാരതം ഈ ദിശയില്‍ പ്രവര്‍ത്തിക്കുന്നു. അബുദാബി ക്ഷേത്രം ഉള്‍ക്കൊള്ളുന്ന മാനുഷിക ദര്‍ശനം ഞങ്ങളുടെ ദൃഢനിശ്ചയങ്ങള്‍ക്ക് ഊര്‍ജം പകരുകയും അവ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതോടൊപ്പം, ഇവിടെ സന്നിഹിതരായ എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഞാന്‍ ഈ മഹത്തായ ക്ഷേത്രം മനുഷ്യരാശിക്കാകെ സമര്‍പ്പിക്കുന്നു. ബഹുമാനപ്പെട്ട മഹന്ത് സ്വാമി ജിക്ക് ഞാന്‍ പ്രണാമം അര്‍പ്പിക്കുകയും എല്ലാ ഭക്തജനങ്ങള്‍ക്കും 'ജയ് ശ്രീ സ്വാമി നാരായണ്‍' ആശംസിക്കുകയും ചെയ്യുന്നു.

--NS--



(Release ID: 2006851) Visitor Counter : 41