മന്ത്രിസഭ

ഡിജിറ്റൽ പരിവർത്തനത്തിനായി ജനങ്ങൾക്കിടയിൽ നടപ്പാക്കിയ വിജയകരമായ ഡിജിറ്റൽ പ്രതിവിധികൾ പങ്കിടുന്നതിനുള്ള സഹകരണത്തിന് ഇന്ത്യയും കെനിയയും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 18 JAN 2024 12:59PM by PIB Thiruvananthpuram

ഡിജിറ്റൽ പരിവർത്തനത്തിനായി ജനങ്ങൾക്കിടയിൽ നടപ്പാക്കിയ വിജയകരമായ ഡിജിറ്റൽ പരിഹാരങ്ങൾ പങ്കിടുന്നതിനുള്ള സഹകരണത്തിനായി, ഇലക്ട്രോണിക്സ് – വിവര- സാങ്കേതികവിദ്യാ മന്ത്രാലയം മുഖേന ഇന്ത്യാ ഗവൺമെന്റും വിവര-വിനിമയ-ഡിജിറ്റൽ സാമ്പത്തിക മന്ത്രാലയം മുഖേന കെനിയൻ ഗവർൺമെന്റും തമ്മിൽ, 2023 ഡിസംബർ 5ന് ഒപ്പുവച്ച ധാരണാപത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു.

വിശദാംശങ്ങൾ:

ഇരുരാജ്യങ്ങളുടെയും ഡിജിറ്റൽ പരിവർത്തന സംരംഭങ്ങൾ നടപ്പാക്കുന്നതിൽ കൂടുതൽ സഹകരണവും അനുഭവങ്ങളുടെ കൈമാറ്റവും ഡിജിറ്റൽ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള പ്രതിവിധികളും പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ധാരണാപത്രം.

നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:

ഈ ധാരണാപത്രം കക്ഷികൾ ഒപ്പിട്ട തീയതി മുതൽ പ്രാബല്യത്തിൽ വരികയും 3 വർഷത്തേക്ക് പ്രാബല്യത്തിൽ തുടരുകയും ചെയ്യും.

സ്വാധീനം:

ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ (ഡിപിഐ) മേഖലയിൽ ജി2ജി, ബി2ജി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തും.

ഗുണഭോക്താക്കളുടെ എണ്ണം:

ഐടി മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്  മെച്ചപ്പെട്ട സഹകരണം ധാരണാപത്രം വിഭാവനം ചെയ്യുന്നു.

പശ്ചാത്തലം:

ഐസിടി മേഖലയിൽ ഉഭയകക്ഷി- ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി രാജ്യങ്ങളുമായും ബഹുമുഖ ഏജൻസികളുമായും ഇലക്‌ട്രോണിക്‌സ് – വിവര സാങ്കേതികവിദ്യാ മന്ത്രാലയം സഹകരിക്കുന്നുണ്ട്.  ഈ കാലയളവിൽ, ഐസിടി മേഖലയിലെ സഹകരണവും വിവര കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയം വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമാനസംഘടനകളുമായും ഏജൻസികളുമായും ധാരണാപത്രങ്ങൾ/എംഒസികൾ / കരാറുകൾ എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ട്. ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട സമൂഹമായും വിജ്ഞാന സമ്പദ്‌വ്യവസ്ഥയായും രാജ്യത്തെ മാറ്റുന്നതിന് ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ച ഡിജിറ്റൽ ഇന്ത്യ, ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ തുടങ്ങിയ വിവിധ സംരംഭങ്ങൾക്ക് അനുസൃതമാണിത്.  മാറിക്കൊണ്ടിരിക്കുന്ന ഈ മാതൃകയിൽ, പരസ്പര സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാപാര അവസരങ്ങൾ പര്യവേക്ഷണം ചെയ്യുക, മികച്ച രീതികൾ പങ്കിടുക, ഡിജിറ്റൽ മേഖലയിൽ നിക്ഷേപം ആകർഷിക്കുക എന്നിവ അനിവാര്യമാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ (ഡിപി) നടപ്പാക്കുന്നതിൽ ഇന്ത്യ അതിന്റെ നേതൃത്വം പ്രകടിപ്പിക്കുകയും കോവിഡ് മഹാമാരിയുടെ സമയത്തും പൊതുജനങ്ങൾക്ക് സേവനങ്ങൾ വിജയകരമായി നൽകുകയും ചെയ്തു. തൽഫലമായി, ഇന്ത്യയുടെ അനുഭവങ്ങളിൽനിന്ന് പഠിക്കാനും ഇന്ത്യയുമായി ധാരണാപത്രങ്ങളിൽ ഏർപ്പെടാനും പല രാജ്യങ്ങളും താൽപ്പര്യം പ്രകടിപ്പിച്ചു.

പൊതുസേവനങ്ങളുടെ ലഭ്യതയും വിതരണവും നൽകുന്നതിനായി ഇന്ത്യ വികസിപ്പിക്കുകയും ജനങ്ങൾക്കിടയിൽ നടപ്പിലാക്കുകയും ചെയ്യുന്ന ഡിപിഐയാണ് ഇന്ത്യ സ്റ്റാക്ക് സൊല്യൂഷൻസ്. സമ്പർക്കസൗകര്യം വർധിപ്പിക്കുക, ഡിജിറ്റൽ ഉൾച്ചേർക്കൽ പ്രോത്സാഹിപ്പിക്കുക, പൊതുസേവനത്തിലേക്ക് തടസ്സമില്ലാത്ത പ്രവേശനം പ്രാപ്തമാക്കുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്.  ഇവ തുറന്ന സാങ്കേതികവിദ്യകളിൽ നിർമിച്ചവയും പരസ്പരം പ്രവർത്തിപ്പിക്കാവുന്നവയുമാണ്. നൂതനവും സമഗ്രവുമായ പ്രതിവിധികൾ പ്രോത്സാഹിപ്പിക്കുന്നതും വ്യവസായ-സാമൂഹ്യ പങ്കാളിത്തം ഉപയോഗപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളവയുമാണ്.  എന്നിരുന്നാലും, ഡിപിഐ കെട്ടിപ്പടുക്കുന്നതിൽ ഓരോ രാജ്യത്തിനും തനതായ ആവശ്യങ്ങളും വെല്ലുവിളികളും ഉണ്ട്. എന്നിരുന്നാലും അടിസ്ഥാന പ്രവർത്തനം സമാനമാണ്. ഇത് ആഗോള സഹകരണം അനുവദിക്കുന്നു.

--NK--



(Release ID: 1997311) Visitor Counter : 67