യുവജനകാര്യ, കായിക മന്ത്രാലയം

ബീച്ച് ഗെയിംസ് 2024, ദിയു



ദിയുവിൽ നടന്ന പ്രഥമ ബീച്ച് ഗെയിംസിൽ മധ്യപ്രദേശ് ഓവറോൾ ചാമ്പ്യന്മാര്‍

ബീച്ച് ഫുട്ബോളില്‍ ശക്തരായ മഹാരാഷ്‌ട്രയെ ഞെട്ടിച്ച് ലക്ഷദ്വീപിന് സ്വർണം

ദിയു ബീച്ച് ഗെയിംസിന്റെ വിജയകരമായ നടത്തിപ്പ് കടല്‍തീരത്തെ ആവേശകരമായ കായിക മത്സരങ്ങൾക്ക് അടിത്തറയിടുന്നു - ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ

Posted On: 13 JAN 2024 12:04PM by PIB Thiruvananthpuram

ദിയുവിലെ ‘ബ്ലൂ ഫ്ലാഗ്’ അംഗീകാരമുള്ള പുരാതനമായ ഘോഘ്ല ബീച്ചിൽ സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യ കടല്‍ത്തീര ബഹു-കായിക മത്സരമായ ബീച്ച് ഗെയിംസ്-2024 സമാപിച്ചു. കടല്‍ത്തീരമില്ലാത്ത സംസ്ഥാനമായ മധ്യപ്രദേശ് ഏഴ് സ്വര്‍ണം ഉള്‍പ്പെടെ 18 മെഡലുകളെന്ന ശ്രദ്ധേയ നേട്ടത്തോടെ ഓവറോള്‍ ചാമ്പ്യന്മാരായി. ഈ ശ്രദ്ധേയമായ നേട്ടം മധ്യപ്രദേശ് സംഘത്തിന്റെ കായിക വൈദഗ്ധ്യം പ്രകടിപ്പിക്കുക മാത്രമല്ല, സംസ്ഥാനത്തിനകത്ത് വളർത്തിയെടുത്ത പ്രതിഭയുടെ ആഴം ഉയർത്തിക്കാട്ടുകയും ചെയ്തു.

മഹാരാഷ്ട്ര 3 സ്വർണമടക്കം 14 മെഡലുകൾ നേടിയപ്പോൾ തമിഴ്‌നാടും ഉത്തരാഖണ്ഡും ആതിഥേയരായ ദാദ്ര, നാഗർ ഹവേലി, ദിയു-ദാമനും 12 മെഡലുകൾ വീതം നേടി. അസം 5 സ്വർണം ഉള്‍പ്പെടെ 8 മെഡലുകളാണ് നേടിയത്.

ആവേശകരവും അപ്രതീക്ഷിതവുമായ സംഭവവികാസങ്ങളോടെ ബീച്ച് ഫുട്ബോള്‍ മത്സരത്തില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ലക്ഷദ്വീപ് ചരിത്രനേട്ടം കുറിച്ചു. വാശിയേറിയ ഫൈനലിൽ മഹാരാഷ്ട്രയെ 5-4നാണ് ലക്ഷദ്വീപ് തോൽപിച്ചത്. ലക്ഷദ്വീപിന്റെ വിജയം മെഡൽ ജേതാക്കളുടെ വൈവിധ്യം വർധിപ്പിക്കുക മാത്രമല്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും രാജ്യവ്യാപകവുമായ ദിയു ബീച്ച് ഗെയിംസ് 2024-ന്റെ സ്വാധീനം അടിവരയിടുകയും ചെയ്തു.

കായിക മികവ് ശ്രദ്ധാകേന്ദ്രമാക്കി ജനുവരി 4 മുതല്‍ 11 വരെ 28 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 21 വയസ്സിന് താഴെയുള്ള 1404 കായികതാരങ്ങളാണ് 205 കായിക-ഉദ്യോഗസ്ഥരുടെ പിന്തുണയോടെ വൈവിധ്യമാർന്ന ഇനങ്ങളിൽ പങ്കെടുത്തത്.

മത്സരങ്ങള്‍ ഓരോ ദിവസവും 2 സെഷനുകളിലായി ക്രമീകരിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് സമാപിക്കുന്ന പ്രഭാത സെഷനു ശേഷം 3 മണിക്ക് ഉച്ചകഴിഞ്ഞുള്ള സെഷൻ ആരംഭിക്കുന്നു. ഈ സമയക്രമീകരണം അനുയോജ്യമായ കാലാവസ്ഥയിൽ  കായികതാരങ്ങളുടെ മികച്ച പ്രകടനം സാധ്യമാക്കുക മാത്രമല്ല, ആവേശഭരിതരായ കാണികള്‍ക്ക് ചലനാത്മകവും ആകർഷകവുമായ കാഴ്ചാനുഭവം നല്‍കുകയും ചെയ്തു.


വടംവലിയിലെ തന്ത്രപ്രധാന ബലപരീക്ഷണങ്ങള്‍ മുതൽ ആശ്ചര്യപ്പെടുത്തുന്ന കടൽ നീന്തൽ വരെ, ‘പെന്‍ചക് സിലാട്ടി’ന്റെ ആയോധനകലയും ‘മല്ലഖംബി’ന്റെ കായികാഭ്യാസ പ്രദർശനവും ബീച്ച് വോളിബോളിന്റെ ചടുല ചലനങ്ങളും ബീച്ച് കബഡിയിലെ തന്ത്രപ്രധാന  പോരാട്ടങ്ങളും ബീച്ച് ഫുട്ബോളിന്റെ രോമാഞ്ചമുളവാക്കുന്ന കിക്കുകളും ഗോളുകളുമടക്കം ഓരോ കായിക ഇനവും ഗെയിംസിന് അതുല്യമായ ഊർജ്ജം പകര്‍ന്നു. ആവേശമുയര്‍ത്തിയ ബീച്ച് ബോക്‌സിങിന്റെ അരങ്ങേറ്റം മത്സരാര്‍ഥികളുടെയും കാണികളുടെയും മനം കവരുകയും രാജ്യത്തിന്റെ കായികയാത്രയിൽ ചരിത്രനിമിഷം അടയാളപ്പെടുത്തുകയും ചെയ്തു.

പരിപാടിയ്ക്ക് പിന്തുണയും ആവേശവും പ്രകടിപ്പിച്ച് കേന്ദ്ര യുവജനകാര്യ  കായിക മന്ത്രി അനുരാഗ് 
 സിംഗ്  ഠാക്കൂർ ‘എക്സി’ല്‍ (നേരത്തെ ട്വിറ്റര്‍) കുറിച്ചു: "കായികതാരങ്ങളുടെ ഊർജവും ദിയുവിന്റെ സൗന്ദര്യവും മുമ്പെങ്ങുമില്ലാത്ത, മോഹിപ്പിക്കുന്നതും ഉന്മേഷദായകവുമായ ഒരു സാഹചര്യം നെയ്തെടുത്തു." ഗുജറാത്ത് തീരത്തെ ദിയുവിൽ ആദ്യമായി ബീച്ച് ഗെയിംസ് സംഘടിപ്പിച്ചതോടെ ഭാരതത്തിന്റെ കടല്‍ത്തീരങ്ങള്‍ക്ക് പുതുജീവൻ നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് കായികരംഗത്ത് വഴിത്തിരിവായെന്നും അദ്ദേഹം പറഞ്ഞു.


ഭൂമിശാസ്ത്രപരമായി ലോകത്തിലെ ഏറ്റവും മനോഹരമായ ചില കടല്‍ത്തീരങ്ങളാല്‍ അനുഗ്രഹീതമാണ് ഇന്ത്യ. സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന വൃത്തിയുള്ള കടല്‍ത്തീരങ്ങള്‍ക്ക് നല്‍കുന്ന ‘ബ്ലൂ ഫ്ലാഗ്’ അംഗീകാരം ഇന്ത്യയിലെ 12 കടല്‍ത്തീരങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. എങ്കിലും രാജ്യത്തെ പല കടല്‍ത്തീരങ്ങളും വേണ്ടവിധം പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ദിയു ബീച്ച് ഗെയിംസിന്റെ വിജയകരമായ ആതിഥേയത്വം ഹൃദ്യമായ വാർത്തയായി മാറുന്നു.


ദിയു ബീച്ച് ഗെയിംസ്-2024 ലെ ചിത്രങ്ങള്‍


SKY

 

 



(Release ID: 1995816) Visitor Counter : 117