പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജനുവരി 8 മുതല്‍ 10 വരെ ഗുജറാത്ത് സന്ദര്‍ശിക്കും


വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ പത്താം പതിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഉച്ചകോടിയുടെ പ്രമേയം: ഭാവിയിലേക്കുള്ള കവാടം

വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ട്രേഡ് ഷോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രമുഖ ആഗോള കോര്‍പ്പറേഷനുകളുടെ സി.ഇ.ഒമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

ഗിഫ്റ്റ് സിറ്റിയിലെ ഗ്ലോബല്‍ ഫിന്‍ടെക് ലീഡര്‍ഷിപ്പ് ഫോറത്തില്‍ പ്രമുഖ വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി സംവദിക്കും

Posted On: 07 JAN 2024 3:11PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 8 മുതല്‍ 10 വരെ ഗുജറാത്ത് സന്ദര്‍ശിക്കും.

ജനുവരി 9 രാവിലെ 9:30 ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ എത്തുന്ന പ്രധാനമന്ത്രി, അവിടെ ലോക നേതാക്കളുമായി ഉഭയകക്ഷി യോഗങ്ങള്‍ നടത്തുകയും, തുടര്‍ന്ന് പ്രമുഖ ആഗോള കോര്‍പ്പറേഷനുകളുടെ സി.ഇ.ഒമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ട്രേഡ് ഷോ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ജനുവരി 10-രാവിലെ 9:45-ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 2024 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, പ്രമുഖ ആഗോള കോര്‍പ്പറേഷനുകളുടെ സി.ഇ.ഒമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതിനു ശേഷം ഗിഫ്റ്റ് സിറ്റിയിലേക്ക് പോകുന്ന പ്രധാനമന്ത്രി, വൈകുന്നേരം 5:15 ന് ഗ്ലോബല്‍ ഫിന്‍ടെക് ലീഡര്‍ഷിപ്പ് ഫോറത്തിലെ പ്രമുഖ ബിസിനസ്സ് നേതാക്കളുമായി അദ്ദേഹം സംവദിക്കും.

2003-ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ നരേന്ദ്രമോദിയുടെ ദര്‍ശനപരമായ നേതൃത്വത്തില്‍ വിഭാവനം ചെയ്ത വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി, ഇന്ന് വ്യാപാര സഹകരണത്തിനും വിജ്ഞാനത്തിൻ്റെ പങ്കിടലിനും എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള ഏറ്റവും പ്രമുഖമായ ഒരു ആഗോള വേദിയായി വികസിച്ചിരിക്കുന്നു. വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ പത്താം പതിപ്പ് 2024 ജനുവരി 10 മുതല്‍ 12 വരെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കും. 'ഭാവിയിലേക്കുള്ള കവാടം' എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ഉച്ചകോടിയുടെ ഈ പത്താം പതിപ്പ് 'വൈബ്രന്റ് ഗുജറാത്തിന്റെ 20 വര്‍ഷങ്ങളുടെ വിജയ ഉച്ചകോടിയായി' ആഘോഷിക്കും.
ഈ വര്‍ഷത്തെ ഉച്ചകോടിയില്‍ 34 പങ്കാളി രാജ്യങ്ങളും 16 പങ്കാളി സംഘടനകളുമുണ്ടായിരിക്കും. അതിനുപുറമെ, വടക്ക്-കിഴക്കന്‍ മേഖലയുടെ വികസന മന്ത്രാലയം വടക്ക്-കിഴക്കന്‍ മേഖലകളിലെ നിക്ഷേപ അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വൈബ്രന്റ് ഗുജറാത്ത് വേദി ഉപയോഗിക്കുകയും ചെയ്യും.

വ്യവസായം 4.0, സാങ്കേതിക വിദ്യയും നൂതനാശയവും, സുസ്ഥിര ഉല്‍പ്പാദനം, ഹരിത ഹൈഡ്രജന്‍, ഇലക്ട്രിക് ചലനക്ഷമത, പുനരുപയോഗ ഊര്‍ജ്ജം, സുസ്ഥിരതയിലേക്കുള്ള പരിവര്‍ത്തനം തുടങ്ങി ആഗോള പ്രസക്തമായ വിഷയങ്ങളില്‍ സെമിനാറുകളും കോണ്‍ഫറന്‍സുകളും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ ഉച്ചകോടിയില്‍ നടക്കും.
വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ട്രേഡ് ഷോയില്‍ ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ കമ്പനികള്‍ പ്രദര്‍ശിപ്പിക്കും. ഇ-മൊബിലിറ്റി, സ്റ്റാര്‍ട്ടപ്പുകള്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ), ബ്ലൂ ഇക്കോണമി, ഹരിത ഊര്‍ജ്ജവും സ്മാര്‍ട്ട് അടിസ്ഥാനസൗകര്യങ്ങളും എന്നിവയാണ് ട്രേഡ് ഷോയിലെ ശ്രദ്ധാകേന്ദ്രമായ ചില മേഖലകള്‍.

--NK--


(Release ID: 1993974) Visitor Counter : 113