വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വികസിത് ഭാരത് സങ്കൽപ് യാത്രയുടെ പൗരപങ്കാളിത്തം 2 കോടി കവിഞ്ഞു

Posted On: 14 DEC 2023 3:22PM by PIB Thiruvananthpuram

ന്യൂ ഡൽഹി: 14 ഡിസംബർ 23

വമ്പിച്ച പൊതുജന പിന്തുണയോടെ വികസിത് ഭാരത് സങ്കൽപ് യാത്ര ഒരു മാസത്തിനുള്ളിൽ 2 കോടിയിൽപ്പരം പേരുടെ പങ്കാളിത്തമെന്ന ഒരു മഹത്തായ നാഴികക്കല്ല് പിന്നിട്ടു.

ആദ്യ ഒരു കോടി നേട്ടം 22 ദിവസത്തിനുള്ളിൽ നേടിയപ്പോൾ കേവലം 7 ദിവസത്തിനുള്ളിൽ അടുത്ത ഒരു കോടി എന്ന നാഴികക്കല്ല് നേടാനായി എന്നതിൽ നിന്ന് യാത്രയുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കാക്കാം.

യാത്ര ഏകദേശം 60,000 ഗ്രാമപഞ്ചായത്തുകളിൽ എത്തിയിരിക്കുന്നു. 2047-ഓടെ വികസിത ഭാരതം എന്ന ലക്‌ഷ്യം കൈവരിക്കുന്നതിന് 1.6 കോടിയിലധികം പൗരന്മാർ യാത്രയുമായി സംവദിച്ചു. യാത്രയുടെ "മേരി കഹാനി, മേരി സുബാനി" എന്ന സംരംഭം വഴി രാജ്യവ്യാപകമായി 1.30 കോടിയിലധികം ആളുകൾ അവരുടെ വ്യക്തിഗത അനുഭവങ്ങൾ പങ്കിട്ടു കൊണ്ട് അവരുടെ വൈവിധ്യമാർന്ന അനുഭവങ്ങളും അഭിലാഷങ്ങളും പ്രകടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി രാജ്യത്തുടനീളം സംഘടിപ്പിച്ച ആരോഗ്യ ക്യാമ്പുകളിൽ ഇതുവരെ 42 ലക്ഷത്തിലധികം ആളുകളെ പരിശോധിച്ചു.

വികസിത് ഭാരത് സങ്കൽപ് യാത്ര, ഗവൺമെന്റിന്റെ പ്രധാന സംരംഭങ്ങളുടെ 100% പങ്കാളിത്തം നേടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു രാജ്യവ്യാപകമായ ശ്രമമാണ്. ഗവണ്മെന്റ് ആനുകൂല്യങ്ങൾ ഉദ്ദേശിക്കപ്പെട്ട എല്ലാ സ്വീകർത്താക്കളിലും എത്തിച്ചേരുന്നുവെന്ന് യാത്ര ഉറപ്പാക്കുന്നു. യാത്രയിൽ കൈവരിച്ച നാഴികക്കല്ലുകൾ ശ്രദ്ധേയമാണ്: 29,000-ലധികം ഗ്രാമപഞ്ചായത്തുകൾ ആയുഷ്മാൻ കാർഡുകളുടെ 100% വിതരണം കൈവരിച്ചു; 18,000-ലധികം ഗ്രാമപഞ്ചായത്തുകൾ 'ഹർ ഘർ ജൽ' പദ്ധതി 100% പൂർത്തിയാക്കി; 34,000-ലധികം ഗ്രാമപഞ്ചായത്തുകൾ ഭൂരേഖകളുടെ സമ്പൂർണ ഡിജിറ്റൈസേഷൻ കൈവരിച്ചു; കൂടാതെ സ്വച്ഛ് ഭാരത് സംരംഭത്തെ പിന്തുണച്ച്, 9,000-ലധികം ഗ്രാമപഞ്ചായത്തുകൾ 100% ഒ.ഡി.എഫ് പ്ലസ് മാതൃക പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കൈവരിച്ചിട്ടുണ്ട്.



(Release ID: 1986307) Visitor Counter : 62