ആഭ്യന്തരകാര്യ മന്ത്രാലയം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിലും "സൈബർ സേഫ് ഇന്ത്യ" നിർമ്മിക്കുക എന്നതിന്   ആഭ്യന്തര മന്ത്രാലയം മുൻഗണന നൽകുന്നു

Posted On: 06 DEC 2023 10:12AM by PIB Thiruvananthpuram

14C-യുടെ കീഴിലുള്ള നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റ് (NCTAU) സംഘടിത നിക്ഷേപം/നിശ്ചിത ജോലി എന്നിവയിലൂടെ പാർട്ട് ടൈം ജോലി തട്ടിപ്പുകൾ  നടത്തുന്ന  100-ലധികം വെബ്‌സൈറ്റുകൾ കഴിഞ്ഞയാഴ്ച കണ്ടെത്തി നടപടിക്കായി ശുപാർശ ചെയ്തു

ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY), 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ഈ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്‌തു.


ന്യൂഡൽഹി : 06  ഡിസംബർ 2023

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വവും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദ്ദേശവും സമന്വയിപ്പിച്ചു സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്ന ഇന്ത്യ അഥവാ  "സൈബർ സേഫ് ഇന്ത്യ" കെട്ടിപ്പടുക്കുക  എന്നതിനാണ്   ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻ‌ഗണന.

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദേശാനുസരണം  സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും സൈബർ ഭീഷണി നടത്തുന്നവരിൽ നിന്നും  ജനങ്ങളെ സംരക്ഷിക്കുന്നതിനും  കേന്ദ്ര  ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ഇത്തരം തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും പൗരന്മാർ ഉടൻ തന്നെ എൻസിആർപിയെ (www.cybercrime.gov.in) അറിയിക്കേണ്ടത് അഭിലഷണീയമാണ്.

രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളെ ഏകോപിതമായും സമഗ്രമായും  കൈകാര്യം ചെയ്യുന്നതിനായി  കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച  ഒരു സംരംഭമാണ് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C). കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള 14C-യുടെ മേൽനോട്ടത്തിൽ  നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റ് (NCTAU) സംഘടിത നിക്ഷേപം/നിശ്ചിത ജോലി എന്നിവയിലൂടെ പാർട്ട് ടൈം  ജോലി തട്ടിപ്പുകൾ  നടത്തുന്ന  100-ലധികം വെബ്‌സൈറ്റുകൾ കഴിഞ്ഞയാഴ്ച കണ്ടെത്തി നടപടിക്കായി ശുപാർശ ചെയ്തിരുന്നു.

ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY), 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ഈ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്‌തിട്ടുണ്ട്. നിശ്ചിത ജോലി അധിഷ്‌ഠിതമായും അല്ലെങ്കിൽ  സംഘടിത നിയമവിരുദ്ധ നിക്ഷേപവുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങൾ സുഗമമാക്കുന്നതുമായ  ഈ വെബ്‌സൈറ്റുകൾ പ്രവർത്തിപ്പിക്കുന്നത് വിദേശരാജ്യങ്ങളിൽ നിന്നാണെന്നും അവ ഡിജിറ്റൽ പരസ്യം, ചാറ്റ് മെസഞ്ചറുകൾ എന്നിവ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അവർ  മ്യൂൾ  അല്ലെങ്കിൽ  വാടകയ്ക്ക് എടുത്ത അക്കൗണ്ടുകൾ എന്നിവയേയും ഉപയോഗിക്കുന്നു.

ഇത്തരം വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പുകളിൽ നിന്നുള്ള വരുമാനം കാർഡ് ശൃംഖല, ക്രിപ്‌റ്റോ കറൻസി, വിദേശത്തുള്ള  എടിഎം വഴി പണം പിൻവലിക്കൽ, അന്താരാഷ്ട്ര ഫിൻ‌ടെക് കമ്പനികൾ എന്നിവ ഉപയോഗിച്ച് ഇന്ത്യയിൽ നിന്നും പുറത്തേക്ക് മാറ്റുന്നതായും  കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 1930 ഹെൽപ്പ് ലൈൻ, എൻസിആർപി എന്നിവയിലൂടെ നിരവധി പരാതികൾ ലഭിച്ചിരുന്നു.  ഈ കുറ്റകൃത്യങ്ങൾ പൗരന്മാരെ  സംബന്ധിച്ചിടത്തോളം സാരമായ ഭീഷണി ഉയർത്തുന്നവയും ഡാറ്റാ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉളവാക്കുകയും ചെയ്യുന്നവയാണ്.  

 
ഇത്തരം വഞ്ചനകളിൽ  താഴെപ്പറയുന്ന ഘട്ടങ്ങൾ സാധാരണയായി കാണാവുന്നതാണ്:-

1.      വിദേശ പരസ്യദാതാക്കൾ ഗൂഗിൾ, മെറ്റാ (Meta) പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ "വീട്ടിലിരുന്ന് ജോലി ചെയ്യാം", "വീട്ടിലിരുന്ന് സമ്പാദിക്കൂ" തുടങ്ങിയ പ്രധാന പദങ്ങൾ അഥവാ "കീ വേർഡ്‌സ്" ഉപയോഗിച്ച് നിശ്ചിത ലക്‌ഷ്യത്തോടെ ഒന്നിലധികം ഭാഷകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നടത്തുന്നു. പാർട്ട് ടൈം ജോലികൾ തേടുന്ന വിരമിച്ച ജീവനക്കാരെയും, സ്ത്രീകളെയും,  തൊഴിലില്ലാത്ത യുവാക്കളെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

2.      പരസ്യം ക്ലിക്കുചെയ്യുമ്പോൾ, ഒരു ഏജന്റ് വാട്ട്‌സ്ആപ്പ്/ ടെലിഗ്രാം ഉപയോഗിച്ച് ഇരയുമായി സംഭാഷണം ആരംഭിക്കുകയും  വീഡിയോ ലൈക്കുകൾ, സബ്‌സ്‌ക്രൈബ്, മാപ്‌സ് റേറ്റിംഗ് മുതലായവ പോലുള്ള ചില ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

3.      ദൗത്യം പൂർത്തിയാകുമ്പോൾ, ഇരയ്ക്ക് തുടക്കത്തിൽ കുറച്ച് കമ്മീഷൻ നൽകുകയും നൽകിയ ദൗത്യത്തിനെതിരെ കൂടുതൽ വരുമാനം നേടുന്നതിനായി  കൂടുതൽ നിക്ഷേപം നടത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

4.      ആത്മവിശ്വാസം നേടിയ ശേഷം ഇര വലിയ തുക നിക്ഷേപിക്കുമ്പോൾ അവയെ മരവിപ്പിക്കുകയും അങ്ങനെ ഇരയെ കബളിപ്പിക്കുകയും ചെയ്യുന്നു.

മുൻകരുതൽ നടപടി എന്ന നിലയിൽ താഴെപ്പറയുന്നത് ശ്രദ്ധിക്കുക:-

 
1.      ഇൻറർനെറ്റിൽ കാണുന്ന ഉയർന്ന കമ്മീഷൻ വാഗ്‌ദാനം ചെയ്യുന്ന ഓൺലൈൻ പദ്ധതികളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് കൃത്യമായ ജാഗ്രത പുലർത്തുക.

2.      ഒരു അജ്ഞാത വ്യക്തി നിങ്ങളെ വാട്ട്‌സ്ആപ്പ്/ടെലിഗ്രാം വഴി ബന്ധപ്പെടുകയാണെങ്കിൽ, സ്ഥിരീകരണമില്ലാതെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിൽ നിന്നും  വിട്ടുനിൽക്കുക.

3.      യു പി ഐ ആപ്പിൽ പരാമർശിച്ചിരിക്കുന്ന സ്വീകർത്താവിൻന്റെ പേര് പരിശോധിക്കുക. സ്വീകർത്താവ് ഏതെങ്കിലും ഒരു  യാദൃച്ഛികമായ വ്യക്തിയാണെങ്കിൽ, അത് ഒരു മ്യൂൾ  അക്കൗണ്ടായിരിക്കാം കൂടാതെ ഈ പദ്ധതി  ഒരു ചതിക്കുഴി ആയിരിക്കാം. അതുപോലെ തുടക്കത്തിലെ കമ്മീഷൻ ലഭ്യമാക്കുന്ന ഉറവിടം പരിശോധിക്കുക.

4.      അത്തരം അജ്ഞാത അക്കൗണ്ടുകളുമായി  ഇടപാടുകൾ നടത്തുന്നതിൽ നിന്ന് പൗരന്മാർ വിട്ടുനിൽക്കണം, കാരണം ഇവ കള്ളപ്പണം വെളുപ്പിക്കലിലും തീവ്രവാദത്തിനായി ധനം സ്വരൂപിക്കുന്നതിന്റെയും ഭാഗമാകാം.  കൂടാതെ, അക്കൗണ്ടുകൾ പോലീസ് തടയുന്നതിലേക്കും  മറ്റ് നിയമനടപടികൾക്കും ഇത് ഇടയാക്കാം.
 
 
SKY


(Release ID: 1983100) Visitor Counter : 92