പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിയില്‍ 7500 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു


വികസന പദ്ധതികളില്‍ ആരോഗ്യം, റെയില്‍, റോഡ്, എണ്ണ, വാതകം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്നു

ശ്രീ സായിബാബ സമാധി ക്ഷേത്രത്തിലെ പുതിയ ദര്‍ശന്‍ ക്യൂ സമുച്ചയം ഉദ്ഘാടനം ചെയ്തു

നിലവന്ദേ അണക്കെട്ടിന്റെ ഇടതുകര കനാല്‍ ശൃംഖല സമര്‍പ്പിച്ചു

നമോ ഷേത്കാരി മഹാസന്മാന്‍ നിധി യോജനക്ക് സമാരംഭം കുറിച്ചു

ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡുകളും സ്വാമിത്വ കാര്‍ഡുകളും വിതരണം ചെയ്തു

''രാഷ്ട്രം ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാകുകയും പാവപ്പെട്ടവര്‍ക്ക് പര്യാപ്തമായ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യുകയെന്നതാണ് സാമൂഹ്യനീതിയുടെ യഥാര്‍ത്ഥ അര്‍ത്ഥം''

''ഗരീബ് കല്യാണിന് ആണ് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന''

''കര്‍ഷകരുടെ ശാക്തീകരണത്തിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്''

''സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ ഞങ്ങളുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നു''

''അപാരമായ സാദ്ധ്യതകളുടെയും കാര്യശേഷികളുടെയും കേന്ദ്രമാണ് മഹാരാഷ്ട്ര''

'' മഹാരാഷ്ട്രയുടെ വളര്‍ച്ചയുടെ വേഗതയില്‍ ഇന്ത്യയും വളരും''

Posted On: 26 OCT 2023 5:23PM by PIB Thiruvananthpuram

മഹാരാഷ്ട്ര അഹമ്മദ്‌നഗറിലെ ഷിര്‍ദിയില്‍ ആരോഗ്യം, റെയില്‍, റോഡ്, എണ്ണ, വാതകം തുടങ്ങിയ മേഖലകളില്‍ ഏകദേശം 7500 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. അഹമ്മദ്‌നഗര്‍ സിവില്‍ ഹോസ്പിറ്റലിലെ ആയുഷ് ഹോസ്പിറ്റല്‍; കുര്‍ദുവാദി-ലാത്തൂര്‍ റോഡ് റെയില്‍വേ സെക്ഷന്റെ വൈദ്യുതീകരണം (186 കി.മീ); ബോര്‍ഗാവിനെ ഭുസാവലുമായി ബന്ധിപ്പിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ (24.46 കി.മീ); എന്‍.എച്ച്166 (പാക്കേജ്-1) ന്റെ സാംഗ്ലി മുതല്‍ ബോര്‍ഗാവ് വരെയുള്ള ഭാഗം നാലു വരിയാക്കല്‍; ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മന്‍മാഡ് ടെര്‍മിനലില്‍ അധിക സൗകര്യങ്ങള്‍ എന്നിവ വിവിധ വികസന പദ്ധതികളില്‍ ഉള്‍പ്പെടുന്നു. അഹമ്മദ്‌നഗര്‍ സിവില്‍ ഹോസ്പിറ്റലില്‍ മാതൃ-ശിശു ആരോഗ്യ വിഭാഗത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡുകളും സ്വാമിത്വ കാര്‍ഡുകളും ശ്രീ മോദി വിതരണം ചെയ്തു.

മറ്റു പദ്ധതികള്‍ക്കൊപ്പം ഷിര്‍ദ്ദിയിലെ പുതിയ ദര്‍ശന്‍ ക്യൂ സമുച്ചയത്തിന്റെ ഉദ്ഘാടനം, നിൽവണ്ടെ അണക്കെട്ടിന്റെ ഇടത് കര (85 കി.മീ) കനാല്‍ ശൃംഖല രാജ്യത്തിന് സമര്‍പ്പിക്കല്‍, 86 ലക്ഷത്തിലധികം കര്‍ഷക-ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന നമോ ഷേത്കാരി മഹാസന്‍മാന്‍ നിധി യോജനയുടെ സമാരംഭം കുറിയ്ക്കല്‍ എന്നിവയും ശ്രീ മോദി നിര്‍വഹിച്ചു.

ഇന്ന് രാവിലെ ഷിര്‍ദ്ദിയിലെ ശ്രീ സായിബാബ സമാധി ക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും നടത്തിയ ശ്രീ മോദി, നിൽവണ്ടെ  അണക്കെട്ടില്‍ ജല പൂജയും നടത്തി. സായിബാബയുടെ അനുഗ്രഹത്താല്‍ 7500 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടക്കുകയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അഞ്ചു പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന നിൽവണ്ടെ അണക്കെട്ടിന്റെ പ്രവൃത്തിയെ പരാമര്‍ശിച്ചു കൊണ്ട്, അത് ഉദ്ഘാടനം ചെയ്യുന്നതായും പ്രധാനമന്ത്രി പ്രസ്താവിച്ചു. സൈറ്റില്‍ ജലപൂജ നടത്താന്‍ അവസരം ലഭിച്ചതില്‍ അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. ശ്രീ സായിബാബ സമാധി ക്ഷേത്രത്തിലെ ദര്‍ശന്‍ ക്യൂ സമുച്ചയത്തെക്കുറിച്ച് സംസാരിച്ച ശ്രീ മോദി, 2018 ഒക്‌ടോബറില്‍ അതിന്റെ തറക്കല്ലിട്ടതിനെക്കുറിച്ച് അറിയിക്കുകയും ഇത് ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള തീര്‍ഥാടകരുടെ സൗകര്യം കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് പറയുകയും ചെയ്തു.

വാര്‍ക്കാരി സമുദായത്തിലെ ബാബ മഹാരാജ് സതാര്‍ക്കറുടെ ഇന്ന് രാവിലെയുണ്ടായ ദുഃഖകരമായ വിയോഗവും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ബാബ മഹാരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി, കീര്‍ത്തനിലൂടെയും പ്രവചനത്തിലൂടെയും അദ്ദേഹം നടത്തിയ സാമൂഹിക അവബോധ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിക്കുകയും, അത് വരും തലമുറകളെ പ്രചോദിപ്പിക്കുമെന്ന് പറയുകയും ചെയ്തു.

''രാഷ്ട്രം ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാകുകയും പാവപ്പെട്ടവര്‍ക്ക് മതിയായ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യുക എന്നതാണ് സാമൂഹ്യനീതിയുടെ യഥാര്‍ത്ഥ അര്‍ത്ഥം'', ഗവണ്‍മെന്റിന്റെ 'എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം (സബ്കാ സാത്ത് സബ്കാ വികാസ്)' എന്ന മന്ത്രം ആവര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി അടിവരയിട്ടു. പാവപ്പെട്ടവരുടെ ക്ഷേമമാണ് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയെന്നതിന് അടിവരയിട്ട അദ്ദേഹം, അതിനായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വികസിക്കുന്നതിനനുസരിച്ച് ബജറ്റും വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും അറിയിച്ചു. മഹാരാഷ്ട്രയിലെ ഗുണഭോക്താക്കള്‍ക്ക് 1.10 കോടി ആയുഷ്മാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം അവര്‍ക്ക് 5 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷ്വറന്‍സ് ലഭിക്കുമെന്നും ഗവണ്‍മെന്റ് 70,000 കോടിരൂപയാണ് ഇതില്‍ ചെലവഴിക്കുന്നതെന്നും പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിനും അവര്‍ക്ക് പക്കാ വീടുകള്‍ നിര്‍മ്മിക്കുന്നതിനുമായി ഓരോന്നിനും 4 ലക്ഷം കോടിയിലധികം രൂപയുടെ ചെലവ് ഗവണ്‍മെന്റിനുണ്ടാകുന്നതായും അദ്ദേഹം അറിയിച്ചു. 2014-ന് മുമ്പുള്ള ദശാബ്ദത്തേക്കാള്‍ ആറിരട്ടിയാണ് ഈ ചെലവ് എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരുടെ വീടുകളില്‍ ടാപ്പിലൂടെയുള്ള കുടിവെള്ളം എത്തിക്കാന്‍ രണ്ട് ലക്ഷത്തിലധികം കോടിരൂപ ഗവണ്‍മെന്റ് ചെലവഴിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം വഴിയോര കച്ചവടക്കാര്‍ക്ക് ആയിരക്കണക്കിന് രൂപയുടെ സഹായം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 13,000 കോടി രൂപയിലധികം രൂപയുടെ ഗവണ്‍മെന്റ് ചെലവോടെ ലക്ഷക്കണക്കിന് ആശാരിമാര്‍, സ്വര്‍ണ്ണപ്പണിക്കാര്‍, മണ്‍പാത്ര നിര്‍മ്മാതാക്കള്‍, ശില്‍പികള്‍ എന്നിവരുടെ കുടുംബങ്ങളെ സഹായിക്കുന്ന പുതുതായി ആരംഭിച്ച പ്രധാനമന്ത്രി വിശ്വകര്‍മ്മ പദ്ധതിയേയും ശ്രീ മോദി സ്പര്‍ശിച്ചു.

ചെറുകിട കര്‍ഷകരെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ കീഴില്‍ മഹാരാഷ്ര്ടയിലെ ചെറുകിട കര്‍ഷകര്‍ക്ക് ലഭിച്ച 26,000 കോടി രൂപ ഉള്‍പ്പെടെ 2,60,000 കോടി രൂപ ചെറുകിട കര്‍ഷകര്‍ക്ക് പദ്ധതിയിലൂടെ ലഭിച്ചതായും പരാമര്‍ശിച്ചു. മഹാരാഷ്ട്ര ഗവണ്‍മെന്റ് നമോ ഷേത്കാരി മഹാസന്‍മാന്‍ നിധി യോജന ആരംഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, അതിലൂടെ മഹാരാഷ്ട്ര ഷേത്കാരി കുടുംബങ്ങള്‍ക്ക് 6000 രൂപ അധികമായി ലഭിക്കുമെന്നും, അതായത് പ്രാദേശിക ചെറുകിട കര്‍ഷകര്‍ക്ക് 12,000 രൂപ സമ്മാന നിധിയായി ലഭിക്കുമെന്നും, പറഞ്ഞു.

1970ല്‍ അംഗീകാരം ലഭിച്ചതും 5 പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്നതുമായ നിൽവണ്ടെ പദ്ധതിയിലേക്ക് വെളിച്ചം വീശയ പ്രധാനമന്ത്രി നിലവിലെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇത് പൂര്‍ത്തീകരിച്ചതെന്ന് ഉയര്‍ത്തിക്കാട്ടി. ''കര്‍ഷകരുടെ പേരില്‍ വോട്ട് രാഷ്ട്രീയം നടത്തുന്നവര്‍ ഓരോ തുള്ളി വെള്ളത്തിനും വേണ്ടി നിങ്ങളെ കൊതിപ്പിച്ചു'', ഇടയ്ക്ക് വ്യക്തമാക്കികൊണ്ട് ''ഇന്ന് ഇവിടെ ജലപൂജന്‍ നടത്തി'' അദ്ദേഹം പറഞ്ഞു. വലതുകര കനാല്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ക്ക് അനുഗ്രഹമായി മാറുന്ന ബാലിരാജ ജല സഞ്ജീവനി യോജനയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മഹാരാഷ്ട്രയില്‍ പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന 26 ജലസേചന പദ്ധതികള്‍ കൂടി പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുകയാണെന്നും അത് ഈ മേഖലയിലെ കര്‍ഷകര്‍ക്ക് വലിയ ഗുണമാകുമെന്നതിനും അദ്ദേഹം അടിവരയിട്ടു.

കര്‍ഷകരുടെ ശാക്തീകരണത്തിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 7 വര്‍ഷത്തിനിടെ 13.5 ലക്ഷം കോടി രൂപയുടെ ഭക്ഷ്യധാന്യം എം.എസ്.പി (താങ്ങുവില) പ്രകാരം സംഭരിച്ചപ്പോള്‍ മുന്‍ ഗവണ്‍മെന്റിലെ ഒരു മുതിര്‍ന്ന നേതാവിന്റെ കാലത്ത് ഇത് വെറും 3.5 ലക്ഷം കോടി മാത്രമായിരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു. മുന്‍കാലത്തെ 500-600 കോടി രൂപയുടെ എം.എസ്.പി സംഭരണവുമായി താരതമ്യംചെയ്യുമ്പോള്‍ 2014 ന് ശേഷം ഒരു ലക്ഷത്തി 15 ആയിരം കോടി രൂപയുടെ എണ്ണക്കുരുവും പയറുവര്‍ഗ്ഗങ്ങളും സംഭരിച്ചു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം അഴിമതിയും ചോര്‍ച്ചയും ഇല്ലാതാക്കി, അദ്ദേഹം പറഞ്ഞു.

റാബി വിളകളുടെ എം.എസ്.പി വര്‍ദ്ധിപ്പിക്കാനുള്ള അടുത്തകാലത്തെ മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ച് സംസാരിച്ച ശ്രീ മോദി ചെറുപയറിന് 105 രൂപയും ഗോതമ്പിനും കുസുംഭപുഷ്പ്പത്തിനും 150 രൂപ വിതവും വര്‍ദ്ധിപ്പിച്ചതായും അറിയിച്ചു. കരിമ്പിന്റെ താങ്ങുവില ക്വിന്റലിന് 315 രൂപ വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം പരാമര്‍ശിച്ചു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ 70,000 കോടി രൂപയുടെ എഥനോള്‍ വാങ്ങിയെന്നും പണം കരിമ്പ് കര്‍ഷകരിലേക്ക് എത്തിയെന്നും പ്രധാനമന്ത്രി അറിയിച്ചു. ''കരിമ്പ് കര്‍ഷകര്‍ക്ക് കൃത്യസമയത്ത് പണം നല്‍കുന്നതിനായി ആയിരക്കണക്കിന് കോടി രൂപയുടെ സഹായം പഞ്ചസാര മില്ലുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ ഞങ്ങളുടെ ഗവണ്‍മെന്റ്പ്രവര്‍ത്തിക്കുകയാണ്. രാജ്യത്തുടനീളം 2 ലക്ഷത്തിലധികം സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നു'' പ്രധാനമന്ത്രി പറഞ്ഞു. മെച്ചപ്പെട്ട സംഭരണവും ശീതികരണ സംഭരണ സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് പി.എ.സി. (പാഥമിക വായ്പാ സംഘങ്ങള്‍)കള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. 7500-ലധികം എഫ്.പി.ഒ (ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍) കള്‍ ഇതിനകം പ്രവര്‍ത്തനക്ഷമമായതിനാല്‍ ചെറുകിട കര്‍ഷകരെ എഫ്.പി.ഒകള്‍ വഴി സംഘടിപ്പിക്കുന്നു.

''അപാരമായ സാദ്ധ്യതകളുടെയും കാര്യശേഷികളുടെയും കേന്ദ്രമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്ര എത്ര വേഗത്തില്‍ വികസിക്കുന്നുവോ അത്രയും വേഗത്തില്‍ ഇന്ത്യ വികസിക്കും'' പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

മുംബൈയെയും ഷിര്‍ദ്ദിയേയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തത് അനുസ്മരിച്ച പ്രധാനമന്ത്രി മോദി മഹാരാഷ്ട്രയില്‍ റെയില്‍വേ ശൃംഖല തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് എടുത്തുപറയുകയും ചെയ്തു. ജല്‍ഗാവിനും ഭൂസാവലിനും ഇടയിലെ മൂന്നാമത്തെയും നാലാമത്തെയും റെയില്‍പാതകള്‍ ആരംഭിക്കുന്നതോടെ മുംബൈ-ഹൗറ റെയില്‍ പാതയിലെ ഗതാഗതം സുഗമമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുപോലെ, സോലാപൂരില്‍ നിന്ന് ബോര്‍ഗാവോണിലേക്കുള്ള നാലുവരി പാതയുടെ നിര്‍മ്മാണം വ്യവസായങ്ങള്‍ക്കും ഈ മേഖലയിലെ കരിമ്പ്, മുന്തിരി, മഞ്ഞള്‍ കര്‍ഷകര്‍ക്കും ഗുണകരമാക്കികൊണ്ട് മുഴുവന്‍ കൊങ്കണ്‍ മേഖലയുടെയും ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തും. ''ഈ ബന്ധിപ്പിക്കല്‍ ഗതാഗതത്തിന് മോത്രമല്ല പുരോഗതിക്കും സാമ്പത്തിക വികസനത്തിനും ഒരു പുതിയ പാത സൃഷ്ടിക്കും'', അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ രമേഷ് ബായിസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, ശ്രീ അജിത് പവാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

ഭക്തര്‍ക്ക് സൗകര്യപ്രദമായ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായി വിഭാവനം ചെയ്ത അത്യാധുനിക നൂതനരീതിയിലുള്ള ബൃഹത്തായ കെട്ടിടമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഷിര്‍ദ്ദിയിലെ പുതിയ ദര്‍ശന്‍ ക്യൂ സമുച്ചയം. പതിനായിരത്തിലധികം ഭക്തര്‍ക്ക് ഇരിക്കാനുള്ള ശേഷിയുള്ള നിരവധി കാത്തിരിപ്പ് ഹാളുകളാല്‍ സജ്ജീകരിച്ചിരിക്കുന്നതാണ് ഇത്. ക്ലോക്ക് റൂമുകള്‍, ശൗച്യാലയങ്ങള്‍, ബുക്കിംഗ് കൗണ്ടറുകള്‍, പ്രസാദ് കൗണ്ടറുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങിയ എയര്‍കണ്ടീഷന്‍ ചെയ്ത പൊതു സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. 2018 ഒക്‌ടോബറില്‍ പ്രധാനമന്ത്രിയാണ് സമുച്ചയത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചത്.

നിൽവണ്ടെ അണക്കെട്ടിന്റെ ഇടതുകര (85 കി.മീ) കനാല്‍ ശൃംഖല പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ജലത്തിന്റെ പൈപ്പ് വിതരണ ശൃംഖലകളുടെ സൗകര്യമൊരുക്കുന്നതിലൂടെ 7 തഹസിലുകളില്‍ (അഹമ്മദ്‌നഗര്‍ ജില്ലയില്‍ 6ഉം, നാസിക് ജില്ലയിലെ 1ഉം) നിന്നുള്ള 182 ഗ്രാമങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടും. 1970 ലാണ് നിൽവണ്ടെ അണക്കെട്ട് എന്ന ആശയം ആദ്യമായി രൂപപ്പെട്ടത്. ഏകദേശം 5177 കോടി രൂപ ചെലവിലാണ് ഇത് വികസിപ്പിച്ചത്.

'നമോ ഷേത്കാരി മഹാസമ്മാന്‍ നിധി യോജന'യും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രതിവര്‍ഷം 6000 രൂപയുടെ അധിക തുക ലഭഭ്യമാക്കികൊണ്ട് പദ്ധതി മഹാരാഷ്ട്രയിലെ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ 86 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടും.

അഹമ്മദ്‌നഗര്‍ സിവില്‍ ഹോസ്പിറ്റലിലെ ആയുഷ് ഹോസ്പിറ്റല്‍ കുര്‍ദുവാദി-ലാത്തൂര്‍ റോഡ് റെയില്‍വേ സെക്ഷന്റെ വൈദ്യുതീകരണം (186 കി.മീ); ജല്‍ഗാവിനെയും ഭൂസാവലിനെയും ബന്ധിപ്പിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈന്‍ (24.46 കി.മീ); എന്‍.എച്ച് 166 (പാക്കേജ്-1) ന്റെ സാംഗ്ലി മുതല്‍ ബോര്‍ഗാവ് വരെയുള്ള ഭാഗം നാലു വരിയാക്കല്‍; ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മന്‍മാഡ് ടെര്‍മിനലില്‍ അധിക സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കുകയും ചെയ്തു. അഹമ്മദ്‌നഗര്‍ സിവില്‍ ഹോസ്പിറ്റലില്‍ മാതൃ-ശിശു ആരോഗ്യ വിഭാഗത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡുകളും സ്വമിത്വ കാര്‍ഡുകളും ശ്രീ മോദി വിതരണം ചെയ്തു.

*****

DS/TS

NS

(Release ID: 1971671) Visitor Counter : 66