പ്രധാനമന്ത്രിയുടെ ഓഫീസ്‌

വള്ളാളര്‍ എന്നറിയപ്പെടുന്ന ശ്രീരാമലിംഗ സ്വാമിയുടെ 200-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പ്രസംഗിക്കുന്നു


'വള്ളാളരുടെ സ്വാധീനം ആഗോളമാണ്'

'വള്ളാളറിനെ ഓര്‍ക്കുമ്പോള്‍, അദ്ദേഹത്തിന്റെ കരുതലിന്റെയും കാരുണ്യത്തിന്റെയും ആത്മാവ് നാം ഓര്‍ക്കുന്നു'

'വിശക്കുന്നവര്‍ക്ക് ഭക്ഷണം പങ്കിടുന്നത് കാരുണ്യപ്രവൃത്തികളില്‍ ഏറ്റവും ശ്രേഷ്ഠമെന്ന് വള്ളാളര്‍ വിശ്വസിച്ചു'

'സാമൂഹ്യപരിഷ്‌കരണത്തിന്റെ കാര്യത്തില്‍ വള്ളാളര്‍ തന്റെ കാലത്തിന് മുന്നേ സഞ്ചരിച്ചു'

'വള്ളാളരുടെ പ്രബോധനങ്ങള്‍ സമത്വ സമൂഹത്തിനായി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളത്'

സമയ കാലങ്ങള്‍ക്ക് അപ്പുറം, മഹാന്‍മാരായ ഋഷിവര്യന്‍മാരുടെ ജ്ഞാനത്താല്‍ പരസ്പര ബന്ധിതമായ ഇന്ത്യയുടെ സാംസ്‌കാരിക പ്രബുദ്ധതയുടെ വൈവിധ്യമാണ് 'എക് ഭാരത് ശ്രേഷ്ഠ ഭാരതം എന്ന കൂട്ടായ ആശയത്തിന് ശക്തി പകരുന്നത്


Posted On: 05 OCT 2023 1:48PM by PIB Thiruvananthpuram

വള്ളാളര്‍ എന്നറിയപ്പെടുന്ന ശ്രീരാമലിംഗ സ്വാമിയുടെ 200-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസംഗിച്ചു

വള്ളാളാരുമായി അടുത്ത ബന്ധമുള്ള വടലൂരില്‍ ഈ പരിപാടി നടക്കുന്നതില്‍ പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും ആദരണീയരായ സന്യാസിമാരില്‍ ഒരാളാണ് വള്ളാളരെന്നും പത്തൊന്‍പതാം നൂറ്റാണ്ടില്‍ നമ്മുടെ മണ്ണില്‍ സഞ്ചരിച്ച് അദ്ദേഹം നല്‍കിയ ആത്മീയ ഉള്‍ക്കാഴ്ചകള്‍ ഇന്നും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'വള്ളാരുടെ സ്വാധീനം ആഗോളമാണ്', അദ്ദേഹത്തിന്റെ ചിന്തകളിലും ആദര്‍ശങ്ങളിലും നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ശ്രീ മോദി എടുത്തു പറഞ്ഞു. 

''വള്ളാളറിനെ നാം ഓര്‍ക്കുമ്പോള്‍, അദ്ദേഹത്തിന്റെ കരുതലിന്റെയും കാരുണ്യത്തിന്റെയും ദര്‍ശനം കൂടി നാം ഓര്‍ക്കുന്നു,'' പ്രധാനമന്ത്രി പറഞ്ഞു. സഹജീവികളോടുള്ള കാരുണ്യം പരമപ്രധാനമായി കണ്ട ജീവിതരീതിയിലാണ് വള്ളലാര്‍ വിശ്വസിച്ചിരുന്നതെന്ന് അദ്ദേഹം അടിവരയിട്ടു. വിശപ്പ് അകറ്റാനുള്ള അദ്ദേഹത്തിന്റെ സംഭാവനയും ഇച്ഛാശക്തിയും എടുത്തു പറഞ്ഞ പ്രധാനമന്ത്രി, ''ഒരു മനുഷ്യന്‍ ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ പോകുന്നതാണ് അദ്ദേഹത്തെ ഏറ്റവും വേദനിപ്പിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. വിശക്കുന്നവരുമായി ഭക്ഷണം പങ്കിടുന്നത് കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ഒന്നാണെന്ന് അദ്ദേഹം വിശ്വസിച്ചു. ''വിളകള്‍ ഉണങ്ങുന്നത് കാണുമ്പോഴെല്ലാം ഞാനും ഉണങ്ങി'', അദ്ദേഹത്തിന്റെ ആദര്‍ശത്തോട് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വള്ളാളറിനെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയുടെ സമയത്ത് ഇന്ത്യയിലെ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി വലിയ ആശ്വാസം നല്‍കിയതിന്റെ ഉദാഹരണം അദ്ദേഹം പറഞ്ഞു. 

അറിവ് സമ്പാദനത്തിലും വിദ്യാഭ്യാസത്തിലും ഊന്നിയുള്ള വളളാളറിന്റെ വിശ്വാസങ്ങളിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി ഒരു മാര്‍ഗദര്‍ശി എന്ന നിലയില്‍ വാതില്‍ തുറന്നിട്ട് എണ്ണിയാലൊടുങ്ങാത്ത ആളുകളെ നയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുക്കുറള്‍ കൂടുതല്‍ ജനകീയമാക്കാനുള്ള വള്ളാളരുടെ ശ്രമങ്ങളും ആധുനിക പാഠ്യപദ്ധതികള്‍ക്ക് അദ്ദേഹം നല്‍കിയ പ്രാധാന്യവും ശ്രീ മോദി എടുത്തുപറഞ്ഞു. യുവാക്കള്‍ തമിഴിലും സംസ്‌കൃതത്തിലും ഇംഗ്ലീഷിലും പ്രാവീണ്യമുള്ളവരാകണമെന്നാണ് വള്ളാളര്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു, കഴിഞ്ഞ 9 വര്‍ഷമായി ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. നീണ്ട 3 പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യക്ക് ലഭിച്ച ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, നവീകരണത്തിലും ഗവേഷണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയെ മുഴുവന്‍ മാറ്റുകയാണ് നയമെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ സ്ഥാപിതമായ സര്‍വ്വകലാശാലകള്‍, എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളേജുകള്‍ എന്നിവയുടെ റെക്കോര്‍ഡ് എണ്ണത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു, യുവാക്കള്‍ക്ക് അവരുടെ പ്രാദേശിക ഭാഷകളില്‍ പഠിച്ച് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആകാന്‍ കഴിയുമെന്നും ഇത് യുവാക്കള്‍ക്ക് നിരവധി അവസരങ്ങള്‍ തുറന്നു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

'സാമൂഹിക പരിഷ്‌കരണങ്ങളുടെ കാര്യത്തില്‍ വള്ളാളര്‍ തന്റെ കാലത്തേക്കാളും മുന്നിലായിരുന്നു', മതത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ക്കപ്പുറമാണ് വള്ളാളറിന്റെ ദൈവദര്‍ശനമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. പ്രപഞ്ചത്തിലെ ഓരോ അണുവിലും വള്ളാളര്‍ ദൈവികത കണ്ടിരുന്നുവെന്നും ഈ ദൈവിക ബന്ധം തിരിച്ചറിയാനും നെഞ്ചിലേറ്റാനും മനുഷ്യരാശിയെ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തുല്യതയുള്ള സമൂഹത്തിനായുള്ള വള്ളാളരുടെ ദര്‍ശനങ്ങള്‍ സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവയിലുള്ള തന്റെ വിശ്വാസം കൂടുതല്‍ ദൃഢമാന്നതായും വള്ളാളര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അദ്ദേഹം പറഞ്ഞു. നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്ന നാരീശക്തി വന്ദന്‍ അധീനിയം പാസാക്കിയതിന് വളളാളരുടെ അനുഗ്രഹം ലഭിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വള്ളാളരുടെ കൃതികളുടെ ലാളിത്യം അദ്ദേഹം എടുത്തുകാട്ടി. അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കാനും മനസ്സിലാക്കാനും എളുപ്പമാണെന്നും സങ്കീര്‍ണ്ണമായ ആത്മീയ ജ്ഞാനം ലളിതമായ വാക്കുകളില്‍ അദ്ദേഹം പകര്‍ന്നുനല്‍കിയിരുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന കൂട്ടായ ആശയത്തിന് ശക്തിപകരുന്ന മഹത്തായ സന്യാസിമാരുടെ ദര്‍ശനങ്ങളുടെ പൊതു സത്തയാണ് കാലത്തിനും സ്ഥലത്തിനുമപ്പുറമുള്ള ഇന്ത്യയുടെ സാംസ്‌കാരിക ജ്ഞാനത്തിലെ വൈവിധ്യത്തെ ബന്ധിപ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

ഈ പുണ്യ അവസരത്തില്‍, വള്ളാളരുടെ ആദര്‍ശങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള തന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറയുകയും അദ്ദേഹത്തിന്റെ സ്‌നേഹത്തിന്റെയും ദയയുടെയും നീതിയുടെയും സന്ദേശം പ്രചരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ''അദ്ദേഹത്തിന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന കാര്യങ്ങള്‍ക്കായി നമുക്കും കഠിനാധ്വാനം ചെയ്യാം. നമുക്ക് ചുറ്റുമുള്ള ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കാം. ഓരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് നമുക്ക് ഉറപ്പാക്കാം'', പ്രധാനമന്ത്രി ഉപസംഹരിച്ചു.

*****

NS

(Release ID: 1964745) Visitor Counter : 92