പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഛത്തീസ്ഗഢിലെ ബസ്തറിലെ ജഗദൽപൂരിൽ 27,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു



നഗർനാറിലെ എൻഎംഡിസി സ്റ്റീൽ ലിമിറ്റഡിന്റെ സ്റ്റീൽ പ്ലാന്റ് നാടിന് സമർപ്പിച്ചു

ജഗ്‌ദൽപൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തറക്കല്ലിട്ടു

ഛത്തീസ്ഗഢിൽ വിവിധ റെയിൽ-റോഡ് മേഖലാ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

തരോക്കി - റായ്പൂർ ഡെമു ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

“രാജ്യത്തെ ഓരോ സംസ്ഥാനവും ഓരോ ജില്ലയും ഓരോ ഗ്രാമവും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം പൂവണയൂ”

“ഭാവിയുടെ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കണം വികസിത ഭാരതത്തിനായുള്ള ഭൗതിക- സാമൂഹ്യ- ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ”

“ഉരുക്ക് ഉൽപ്പാദിപ്പിക്കുന്ന വലിയ സംസ്ഥാനമെന്ന നിലയിൽ ഛത്തീസ്ഗഢ് നേട്ടങ്ങൾ കൊയ്യുന്നു”

“ബസ്തറിൽ നിർമ്മിച്ച ഉരുക്ക് നമ്മുടെ സൈന്യത്തെ ശക്തിപ്പെടുത്തും; പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യക്കു കരുത്തുറ്റ സാന്നിധ്യമുണ്ടാകും”

“അമൃതഭാരത സ്റ്റേഷൻ പദ്ധതിക്കു കീഴിൽ ഛത്തീസ്ഗഢിലെ 30 ലധികം സ്റ്റേഷനുകൾ നവീകരിക്കും”

“ഛത്തീസ്ഗഢിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഗവണ്മെന്റ് നടത്തുന്നുണ്ട്”

“ഛത്തീസ്ഗഢിന്റെ വികസന യാത്രയ്ക്ക് ഗവണ്മെന്റ് തുടർന്നും പിന്തുണ നൽകും

Posted On: 03 OCT 2023 12:49PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഢിലെ ബസ്തറിലെ ജഗ്ദൽപൂരിൽ 27,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. വിവിധ റെയിൽവേ-റോഡ് മേഖലാ പദ്ധതികൾക്കൊപ്പം 23,800 കോടിയിലധികം രൂപയുടെ എൻഎംഡിസി സ്റ്റീൽ ലിമിറ്റഡിന്റെ ബസ്തർ ജില്ലയിലെ നഗർനാറിലെ സ്റ്റീൽ പ്ലാന്റും പ്രധാനമന്ത്രി  സമർപ്പിച്ചു. തരോക്കി - റായ്പൂർ ഡെമു ട്രെയിൻ സർവീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.

രാജ്യത്തെ ഓരോ സംസ്ഥാനവും ഓരോ ജില്ലയും ഓരോ ഗ്രാമവും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാകൂ എന്ന് സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ഈ ദൃഢനിശ്ചയങ്ങൾ സാക്ഷാത്കരിക്കുന്നതിനായാണ് ഏകദേശം 27,000 കോടിയുടെ ഇന്നത്തെ പദ്ധതികൾക്കു തുടക്കം കുറിച്ചതെന്നും വികസന പദ്ധതികൾക്ക് ഛത്തീസ്ഗഢിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭാവിയുടെ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കണം വികസിത ഭാരതത്തിനായുള്ള ഭൗതിക – സാമൂഹ്യ - ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഈ വർഷത്തെ അടങ്കൽ 10 ലക്ഷം കോടിയാണെന്നും ഇത് ആറിരട്ടി വർധിച്ചതായും അദ്ദേഹം പറഞ്ഞു.

റെയിൽ, റോഡ്, വിമാനത്താവളം, ഊർജ പദ്ധതികൾ, ഗതാഗതം, പാവപ്പെട്ടവർക്കുള്ള വീടുകൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയ പദ്ധതികളിൽ ഉരുക്കിന്റെ പ്രാധാന്യം എടുത്തുകാട്ടിയ പ്രധാനമന്ത്രി, ഉരുക്കുൽപ്പാദനത്തിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കാൻ കഴിഞ്ഞ 9 വർഷത്തിനിടെ ഗവൺമെന്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. “ഉരുക്ക് ഉൽപ്പാദിപ്പിക്കുന്ന വലിയ സംസ്ഥാനമെന്ന നിലയിൽ ഛത്തീസ്ഗഢ് നേട്ടങ്ങൾ കൊയ്യുകയാണ്”- നഗർനാറിലെ ഏറ്റവും ആധുനിക സ്റ്റീൽ പ്ലാന്റുകളിലൊന്നിന്റെ ഉദ്ഘാടനം പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഈ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന ഉരുക്ക് രാജ്യത്തെ ഓട്ടോമൊബൈൽ, എൻജിനിയറിങ്, പ്രതിരോധ നിർമാണ മേഖലകൾക്ക് പുത്തൻ ഊർജം നൽകുമെന്നും അദ്ദേഹം പറഞ്ഞു. “ബസ്തറിൽ ഉൽപ്പാദിപ്പിക്കുന്ന ഉരുക്ക് പ്രതിരോധ കയറ്റുമതി വർധിപ്പിക്കുന്നതിനൊപ്പം സായുധ സേനയ്ക്കു കരുത്തേകുകയും ചെയ്യും”- ശ്രീ മോദി പറഞ്ഞു. ബസ്തറിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ഏകദേശം 50,000 യുവാക്കൾക്ക് സ്റ്റീൽ പ്ലാന്റ് തൊഴിലവസരങ്ങൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ബസ്തർ പോലുള്ള വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ വികസനത്തിന് കേന്ദ്ര ഗവണ്മെന്റ് മുൻഗണന നൽകുന്നതിന് പുതിയ സ്റ്റീൽ പ്ലാന്റ് പുതിയ ആക്കം നൽകും”- അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്പർക്കസൗകര്യങ്ങളിൽ കേന്ദ്ര ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതു പരാമർശിക്കവേ, ഛത്തീസ്ഗഢിലെ സാമ്പത്തിക ഇടനാഴിയെയും ആധുനിക ഹൈവേകളെയും പ്രധാനമന്ത്രി പരാമർശിച്ചു. 2014നെ അപേക്ഷിച്ച് ഛത്തീസ്ഗഢിന്റെ റെയിൽ ബജറ്റ് ഏകദേശം 20 മടങ്ങ് വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾക്ക് ശേഷമാണ് തരോക്കിക്ക് പുതിയ റെയിൽവേ പാതയെന്ന സമ്മാനം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പുതിയ ഡെമു ട്രെയിൻ രാജ്യത്തിന്റെ റെയിൽവേ ഭൂപടത്തിൽ തരോക്കിയെ കൂട്ടിയിണിക്കിയിരിക്കുന്നു. ഇത് തലസ്ഥാനമായ റായ്പൂരിലേക്കുള്ള യാത്ര എളുപ്പമാക്കുന്നു. ജഗ്‌ദൽപൂരിനും ദന്തേവാഡയ്ക്കും ഇടയിലുള്ള റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതി ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുകയും യാത്ര സുഗമമാക്കുകയും ചെയ്യും.

ഛത്തീസ്ഗഢ് റെയിൽവേ ട്രാക്കുകളുടെ വൈദ്യുതവൽക്കരണ പ്രവർത്തനങ്ങൾ 100% പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. വന്ദേ ഭാരത് ട്രെയിനും സംസ്ഥാനത്ത് സർവീസ് നടത്തുന്നുണ്ട്. “അമൃതഭാരത സ്റ്റേഷൻ പദ്ധതിക്കുകീഴിൽ ഛത്തീസ്ഗഢിലെ 30 ലധികം സ്റ്റേഷനുകൾ നവീകരിക്കുന്നു. ഇതിൽ 7 സ്റ്റേഷനുകളുടെ പുനർവികസനത്തിന് തറക്കല്ലിട്ടു കഴിഞ്ഞു. ബിലാസ്പൂർ, റായ്പൂർ, ദുർഗ് സ്റ്റേഷനുകൾക്കൊപ്പം ഇന്ന് ജഗ്‌ദൽപൂർ സ്റ്റേഷനും ഈ പട്ടികയിലേക്ക് ചേർത്തു”- പ്രധാനമന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ ജഗ്‌ദൽപൂർ സ്റ്റേഷൻ നഗരത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയും ഇവിടെ യാത്രാ സൗകര്യങ്ങൾ നവീകരിക്കുകയും ചെയ്യും. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സംസ്ഥാനത്തെ 120-ലധികം സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്,”- അദ്ദേഹം കൂട്ടിച്ചേർത്തു.

ഛത്തീസ്ഗഢിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഗവണ്മെന്റ് നടത്തിവരികയാണെന്നു പറഞ്ഞ ശ്രീ മോദി, ഇന്നത്തെ പദ്ധതികൾ വികസനത്തിന്റെ വേഗത വർധിപ്പിക്കുമെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പുതിയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി. ഛത്തീസ്ഗഢിന്റെ വികസന യാത്രയ്ക്ക് തുടർന്നും ഗവണ്മെന്റ് പിന്തുണയേകുമെന്നും രാജ്യത്തിന്റെ ഭാഗധേയം മാറ്റുന്നതിൽ സംസ്ഥാനം പങ്ക് വഹിക്കുമെന്നും പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി ഉറപ്പുനൽകി. ഈ അവസരത്തിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് ചിന്തിച്ചതിന് ഛത്തീസ്ഗഢ് ഗവർണർ ശ്രീ ബിശ്വഭൂഷൺ ഹരിചന്ദന് അദ്ദേഹം നന്ദി പറഞ്ഞു.

ഛത്തീസ്ഗഢ് ഗവർണർ ശ്രീ ബിശ്വഭൂഷൺ ഹരിചന്ദൻ, പാർലമെന്റ് അംഗം ശ്രീ മോഹൻ മാണ്ഡവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

സ്വയംപര്യാപ്ത ഭാരതം എന്ന വലിയ കാഴ്ചപ്പാടിനു പ്രചോദനമേകുന്ന ചുവടുവയ്പ്പായി, ബസ്തര്‍ ജില്ലയിലെ നഗര്‍നാറില്‍ എന്‍എംഡിസി സ്റ്റീല്‍ ലിമിറ്റഡിന്റെ സ്റ്റീല്‍ പ്ലാന്റ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 23,800 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ സ്റ്റീല്‍ പ്ലാന്റ് ഉയര്‍ന്ന നിലവാരമുള്ള ഉരുക്ക് ഉല്‍പ്പാദിപ്പിക്കുന്ന ഗ്രീന്‍ഫീല്‍ഡ് പദ്ധതിയാണ്. നഗര്‍നാറിലെ എന്‍എംഡിസി സ്റ്റീല്‍ ലിമിറ്റഡിന്റെ സ്റ്റീല്‍ പ്ലാന്റ് ആയിരക്കണക്കിനു പേർക്ക് പ്ലാന്റില്‍ തൊഴില്‍ നല്‍കുന്നതിനോടൊപ്പം അനുബന്ധ വ്യവസായങ്ങളിലും വലിയതോതില്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യും. ഇത് ബസ്തറിനെ ലോക ഉരുക്ക് ഭൂപടത്തില്‍ ഉള്‍പ്പെടുത്തുകയും മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും.

രാജ്യത്തുടനീളം റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, വിവിധ റെയില്‍ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പരിപാടിയിൽ നടന്നു. അന്താഗഢിനും തരോക്കിക്കും ഇടയിലുള്ള പുതിയ റെയില്‍ പാതയും ജഗ്‌ദല്‍പൂരിനും ദന്തേവാരയ്ക്കും ഇടയിലെ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. അമൃതഭാരത സ്‌റ്റേഷന്‍ പദ്ധതിക്ക് കീഴില്‍ ജഗ്‌ദല്‍പൂര്‍ സ്‌റ്റേഷന്റെ പുനര്‍വികസനത്തിനും, ബോറിദന്ത്- സൂരജ്പുര്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്കും അദ്ദേഹം തറക്കല്ലിട്ടു. തരോക്കി - റായ്പൂര്‍ ഡെമു ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ഈ റെയില്‍ പദ്ധതികള്‍ സംസ്ഥാനത്തെ ഗോത്രവര്‍ഗ്ഗ മേഖലകളിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും. മെച്ചപ്പെട്ട റെയില്‍ അടിസ്ഥാന സൗകര്യങ്ങളും പുതിയ ട്രെയിന്‍ സർവീസും പ്രദേശവാസികള്‍ക്ക് ഗുണം ചെയ്യുകയും മേഖലയുടെ സാമ്പത്തിക വികസനത്തിന് സഹായിക്കുകയും ചെയ്യും.

ദേശീയ പാത-43 ന്റെ കുങ്കുരി മുതല്‍ ഛത്തീസ്ഗഢ് - ഝാര്‍ഖണ്ഡ് അതിര്‍ത്തി ഭാഗം വരെയുള്ള റോഡ് നവീകരണ പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. റോഡ് സമ്പർക്കസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന ഈ റോഡ് മേഖലയിലെ ജനങ്ങള്‍ക്ക് ഗുണകരമാകും.

 

 

***

--NS--

(Release ID: 1963606) Visitor Counter : 87