സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

പിഎം വിശ്വകർമ പദ്ധതിയുടെ പ്രധാന സവിശേഷതകളും മാർഗനിർദേശങ്ങളും

Posted On: 20 SEP 2023 5:42PM by PIB Thiruvananthpuram

കൈകൾ ഉപയോഗിച്ച് ഉപകരണങ്ങളുടെ സഹായത്തോടെ ജോലി ചെയ്യുന്ന പരമ്പരാഗത കൈത്തൊഴിലാളികൾക്കും കരകൗശല തൊഴിലാളികൾക്കും ആദ്യാവസാന പിന്തുണ നൽകുന്നതിനായി 2023 സെപ്റ്റംബർ 17നാണ് പിഎം വിശ്വകർമ എന്ന കേന്ദ്രമേഖലാ പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. 18 തൊഴിൽ മേഖലകളിൽ വ്യാപൃതരായിട്ടുള്ള കൈത്തൊഴിലാളികളെയും കരകൗശല തൊഴിലാളികളെയും ഈ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിൽ (i) ആശാരി; (ii) വള്ളം നിർമിക്കുന്നവർ; (iii) ആയുധനിർമാതാവ്; (iv) കൊല്ലൻ; (v) ചുറ്റികയും ഉപകരണങ്ങളും നിർമിക്കുന്നവർ; (vi) താഴ് നിർമിക്കുന്നവർ (vii) സ്വർണപ്പണിക്കാരൻ; (viii) കുശവൻ; (ix) ശിൽപ്പി, കല്ല് കൊത്തുന്നവർ; (x) ചെരുപ്പുകുത്തി; (xi) കൽപ്പണിക്കാരൻ; (xii) കുട്ട/പായ/ചൂല് നിർമാതാവ്/കയർ പിരിക്കുന്നവർ; (xiii) പാവ – കളിപ്പാട്ട നിർമാതാക്കൾ (പരമ്പരാഗതം); (xiv) ക്ഷുരകൻ; (xv) ഹാരം/പൂമാല നിർമിക്കുന്നവർ; (xvi) അലക്കുകാരൻ; (xvii) തയ്യൽക്കാരൻ; (xviii) മീൻവല നെയ്യുന്നവർ എന്നിവർ ഉൾപ്പെടുന്നു.

കൈത്തൊഴിലാളികൾക്കും കരകൗശല വിദഗ്ധർക്കും ഇനിപ്പറയുന്ന ആനുകൂല്യങ്ങൾ നൽകുന്നതിനാണു പദ്ധതി വിഭാവനം ചെയ്യുന്നത്:

(i)    തിരിച്ചറിയൽ: പിഎം വിശ്വകർമ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും മുഖേന കരകൗശല വിദഗ്ധരെയും കരകൗശല തൊഴിലാളികളെയും തിരിച്ചറിയുന്നതിന്.

(ii)   നൈപുണ്യ വികസനം: പരിശീലന കാലയളവിൽ പ്രതിദിനം 500 രൂപ വേതനത്തോടെ, 5 മുതൽ 7 ദിവസം വരെയുള്ള അടിസ്ഥാന പരിശീലനവും പതിനഞ്ചോ അതിലധികമോ ദിവസത്തെ അത്യാധുനിക പരിശീലനവും

(iii) പണിയായുധപ്പെട്ടിക്കായുള്ള ആനുകൂല്യം: അടിസ്ഥാന നൈപുണ്യ പരിശീലനത്തിന്റെ തുടക്കത്തിൽ ഇ-വൗച്ചറുകളുടെ രൂപത്തിൽ പണിയായുധപ്പെട്ടിക്കായി 15,000 രൂപ ആനുകൂല്യം.

(iv) വായ്പാ പിന്തുണ: ഒരു ലക്ഷം രൂപ, 2 ലക്ഷം രൂപ എന്നിങ്ങനെ രണ്ട് ഗഡുക്കളായി 3 ലക്ഷം രൂപ വരെ, യഥാക്രമം 18 മാസവും 30 മാസവും കാലാവധിയുള്ള ഈടുരഹിത ‘സംരംഭക വികസന വായ്പകൾ’ 5% എന്ന കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കും. ഇതിൽ എട്ടു ശതമാനം വരെ കേന്ദ്ര ഗവൺമെന്റ് ധനസഹായവും ലഭിക്കും. അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക്, ഒരു ലക്ഷം രൂപ വരെയുള്ള, വായ്പാപിന്തുണയുടെ ആദ്യ ഗഡു ലഭിക്കാൻ അർഹതയുണ്ട്. ഒന്നാം ഗഡു പ്രയോജനപ്പെടുത്തി കൃത്യമായ വായ്പാ അക്കൗണ്ട് നിലനിർത്തുകയും ഇടപാടുകളിൽ ഡിജിറ്റൽ രീതികൾ സ്വീകരിക്കുകയും അതല്ലെങ്കിൽ അത്യാധുനിക പരിശീലനത്തിന് വിധേയരാകുകയും ചെയ്തിട്ടുള്ള ഗുണഭോക്താക്കൾക്ക് രണ്ടാം വായ്പാ ഗഡു ലഭ്യമാകും.

(v)  ഡിജിറ്റൽ ഇടപാടിനുള്ള പ്രോത്സാഹനം: ഒരു ഡിജിറ്റൽ ഇടപാടിന് ഒരു രൂപ എന്ന നിലയിൽ, പ്രതിമാസം പരമാവധി 100 ഇടപാടുകൾ വരെ ഓരോ ഡിജിറ്റൽ പണമിടപാടിനും (പണം നൽകുന്നതിനും സ്വീകരിക്കുന്നതിനും) ഗുണഭോക്താവിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കും.

(vi) വിപണന പിന്തുണ: മൂല്യ ശൃംഖലയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി കൈത്തൊഴിലാളികൾക്കും കരകൗശല തൊഴിലാളികൾക്കും ഗുണനിലവാര അംഗീകാരം, ബ്രാൻഡിങ് എന്നിവയ്ക്കും ജിഇഎം പോലുള്ള ഇ-കൊമേഴ്സ് സംവിധാനങ്ങളിൽ പരസ്യം ചെയ്യൽ, പ്രചാരണം, മറ്റ് വിപണന പ്രവർത്തനങ്ങൾ എന്നിവയുടെ രൂപത്തിലും വിപണന പിന്തുണ നൽകും.

മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾക്ക് പുറമേ, ‘ഉദ്യം അസിസ്റ്റ്’ സംവിധാനത്തിലെ  ഗുണഭോക്താക്കളെ ഔപചാരിക എംഎസ്എംഇ ആവാസവ്യവസ്ഥയിലെ ‘സംരംഭകർ’ എന്ന നിലയിൽ ഈ പദ്ധതി ഉൾപ്പെടുത്തും.

പിഎം വിശ്വകർമ പോർട്ടലിൽ ആധാർ അധിഷ്ഠിത ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം ഉപയോഗിച്ച് പൊതു സേവന കേന്ദ്രങ്ങൾ വഴിയാണ് ഗുണഭോക്താക്കളെ ചേർക്കുന്നത്. ഗുണഭോക്താക്കളെ ചേർത്ത ശേഷം മൂന്നുഘട്ട പരിശോധന നടത്തും. അതിൽ (i) ഗ്രാമപഞ്ചായത്ത്/യുഎൽബി തലത്തിലുള്ള പരിശോധന, (ii) സൂക്ഷ്മപരിശോധനയും ജില്ലാ നിർവഹണ സമിതിയുടെ ശുപാർശയും (iii) നിർണയ സമിതിയുടെ അംഗീകാരം എന്നിവ ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്, പിഎം വിശ്വകർമയുടെ മാർഗനിർദേശങ്ങൾ pmvishwakarma.gov.in-ൽ ലഭ്യമാകും. കൈത്തൊഴിലാളികൾക്കും കരകൗശല വിദഗ്ധർക്കും 18002677777 എന്ന നമ്പറിൽ വിളിക്കുകയോ pm-vishwakarma@dcmsme.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം.

--NS--



(Release ID: 1959146) Visitor Counter : 402