മന്ത്രിസഭ
ന്യൂഡൽഹി ജി20 ഉച്ചകോടിയുടെ വിജയത്തെ പ്രകീർത്തിച്ച് കേന്ദ്രമന്ത്രിസഭ
Posted On:
13 SEP 2023 8:53PM by PIB Thiruvananthpuram
2023 സെപ്തംബർ 9-10 തീയതികളിൽ നടന്ന ന്യൂഡൽഹി ജി20 ഉച്ചകോടിയുടെ വിജയത്തെ പ്രകീർത്തിക്കുന്ന പ്രമേയം ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം പാസാക്കി.
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയത്തിന്റെ വിവിധ വശങ്ങൾ ആവിഷ്കരിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ മന്ത്രിസഭ പ്രശംസിച്ചു. ‘ജൻ ഭാഗിദാരി’ (ജനപങ്കാളിത്തം) എന്ന പ്രധാനമന്ത്രിയുടെ സമീപനം ജി20 പരിപാടികളിലും പ്രവർത്തനങ്ങളിലും നമ്മുടെ സമൂഹത്തിലെ വിശാലമായ വിഭാഗങ്ങളെ ഉൾപ്പെടുത്തി. 60 നഗരങ്ങളിലെ 200ലധികം യോഗങ്ങൾ ജി20 പരിപാടികളുടെ അഭൂതപൂർവമായ പാദമുദ്രകളെ പ്രതിനിധാനം ചെയ്യുന്നു. തൽഫലമായി, ഇന്ത്യയുടെ ജി20 അധ്യക്ഷത യഥാർഥത്തിൽ ജനകേന്ദ്രീകൃതമാകുകയും ദേശീയ ഉദ്യമമായി ഉയർന്നുവരികയും ചെയ്തു.
ഉച്ചകോടിയുടെ ഫലങ്ങൾ പരിവർത്തനപരമാണെന്നും വരുംദശകങ്ങളിൽ ആഗോളക്രമത്തിന്റെ പുനർനിർണയത്തിന് ഇതു സംഭാവനയേകുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി. പ്രത്യേകിച്ചും, സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിലും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ പരിഷ്കരിക്കുന്നതിലും ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കുന്നതിലും, ഹരിത വികസന ഉടമ്പടി പ്രോത്സാഹിപ്പിക്കുന്നതിലും സ്ത്രീകൾ നയിക്കുന്ന വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ഇതു ശ്രദ്ധ കേന്ദ്രീകരിച്ചു.
കിഴക്ക്-പടിഞ്ഞാറ് ധ്രുവീകരണം ശക്തമാകുകയും വടക്ക്-തെക്ക് വിഭജനം ആഴത്തിലാകുകയും ചെയ്ത സമയത്ത്, പ്രധാനമന്ത്രിയുടെ ശ്രമങ്ങൾ അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിൽ നിർണായകമായ സമവായം സൃഷ്ടിച്ചതായും മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടു.
‘വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത്’ (ഗ്ലോബൽ സൗത്തിന്റെ ശബ്ദം) ഉച്ചകോടി നടത്തിയത് ഇന്ത്യയുടെ അധ്യക്ഷതയുടെ സവിശേഷമായ വശമായിരുന്നു. ആഫ്രിക്കൻ യൂണിയനെ ജി20 സ്ഥിരാംഗമായി അംഗീകരിക്കുന്നതിന് ഇന്ത്യയുടെ ശ്രമങ്ങൾ നേതൃത്വം നൽകി എന്നതു പ്രത്യേക സംതൃപ്തി നൽകുന്ന കാര്യമാണ്.
ഇന്ത്യയുടെ സമകാലിക സാങ്കേതിക പുരോഗതിയും നമ്മുടെ പൈതൃകവും സംസ്‌കാരവും പാരമ്പര്യവും പ്രകടമാക്കാനുള്ള അവസരവും ന്യൂഡൽഹി ഉച്ചകോടി ഒരുക്കി. ജി20 അംഗരാജ്യങ്ങളിലെ നേതാക്കളും പ്രതിനിധികളുടെയും വ്യാപക പ്രശംസയ്ക്ക് ഇതു കാരണമായി.
അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയുടെ ഊർജസ്വലത, വികസനത്തിന് കൂടുതൽ വിഭവങ്ങളുടെ ലഭ്യത, വിനോദസഞ്ചാരത്തിന്റെ വിപുലീകരണം, ആഗോള തൊഴിൽ അവസരങ്ങൾ, ചെറുധാന്യ ഉൽപ്പാദനത്തിലൂടെയും ഉപഭോഗത്തിലൂടെയും ശക്തമായ ഭക്ഷ്യസുരക്ഷ, ജൈവ ഇന്ധനങ്ങളോടുള്ള ആഴത്തിലുള്ള പ്രതിബദ്ധത എന്നിവയാണ് ജി 20 ഉച്ചകോടിയുടെ പ്രധാന ഫലങ്ങൾ. അത് രാഷ്ട്രത്തിനാകെ ഗുണം ചെയ്യും.
ഉച്ചകോടിക്കിടെ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉടമ്പടിയുടെ പൂർത്തീകരണവും ആഗോള ജൈവ ഇന്ധന സഖ്യവും ഗണ്യമായ പ്രാധാന്യമുള്ള സംഭവവികാസങ്ങളായിരുന്നു.
ജി20 ഉച്ചകോടിയുടെ വിജയത്തിൽ ഭാഗഭാക്കായ എല്ലാ സംഘടനകളുടെയും വ്യക്തികളുടെയും സംഭാവനകളെ കേന്ദ്രമന്ത്രിസഭ അഭിനന്ദിച്ചു. ഇന്ത്യയിലെ ജനങ്ങൾ, വിശേഷിച്ച് യുവതലമുറ, ഉച്ചകോടിയുടെ പ്രവർത്തനങ്ങളിൽ എത്രമാത്രം ഉത്സാഹത്തോടെ പങ്കുചേർന്നുവെന്ന് കേന്ദ്രമന്ത്രിസഭ വിലയിരുത്തി. ലോകത്ത് വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിന് കരുത്തുറ്റ ദിശാബോധം നൽകാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കഴിഞ്ഞതായും മന്ത്രിസഭായോഗം ചൂണ്ടിക്കാട്ടി.
--NS--
(Release ID: 1957178)
Visitor Counter : 193
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada