സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

സുവെന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ 9589 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 13 SEP 2023 3:23PM by PIB Thiruvananthpuram

സുവന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ സൈപ്രസ് കമ്പനിയായ ബെര്‍ഹിയന്‍ഡ ലിമിറ്റഡില്‍ നിന്ന് 9589 കോടി രൂപയുടെ വിദേശ നിക്ഷേപത്തിനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ് അംഗീകാരം നല്‍കിയത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡിലും പട്ടികപ്പെടുത്തിയിരിക്കുന്ന പബ്ലിക് ലിമിറ്റഡ് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സുവന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ 76.1 ശതമാനം വരെ ഇക്വിറ്റി ഓഹരികള്‍ സൈപ്രസിലെ ബെര്‍ഹിയന്‍ഡ ലിമിറ്റഡിന്, ഓപ്പണ്‍ ഫോറത്തിലൂടെ നിലവിലുള്ള പ്രൊമോട്ടര്‍ ഓഹരിയുടമകളിൽ  നിന്നും പൊതു ഓഹരിയുടമകളില്‍ നിന്നും ഓഹരികള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ ഏറ്റെടുക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. സുവന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ മൊത്തം വിദേശ നിക്ഷേപം 90.1% വരെ വര്‍ധിക്കാനാണ് സാധ്യത.

സെബി, ആര്‍ബിഐ, സിസിഐ തുടങ്ങിയ ഏജന്‍സികള്‍ ഈ നിർദേശം  വിലയിരുത്തി. ബന്ധപ്പെട്ട വകുപ്പുകള്‍, ആര്‍ബിഐ, സെബി എന്നിവയുടെ നിര്‍ദേശം പരിശോധിച്ചതിന് ശേഷമാണ് അംഗീകാരം നല്‍കിയത്. അതോടൊപ്പം ഇക്കാര്യത്തില്‍ ബാധകമായ എല്ലാ നിയമങ്ങളും ചട്ടങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്യും.

വിവിധ ലിമിറ്റഡ് പങ്കാളികളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ ശേഖരിക്കുന്ന അഡ്വന്റ് ഫണ്ടുകളായിട്ടാണ് വിദേശ നിക്ഷേപക കമ്പനിയായ ബെര്‍ഹിയന്‍ഡ ലിമിറ്റഡിലെ മുഴുവന്‍ നിക്ഷേപങ്ങളും സ്വീകരിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള അഡ്വെന്റ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷനാണ് അഡ്വന്റ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. 1984-ല്‍ സ്ഥാപിതമായ അഡ്വന്റ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ 42 രാജ്യങ്ങളിലായി 7500 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്. 2007 മുതല്‍ അഡ്വന്റ് ഇന്ത്യ, ഇന്ത്യയില്‍ നിക്ഷേപം ആരംഭിച്ചു. ഇതുവരെ 20 ഇന്ത്യന്‍ കമ്പനികളിലായി ഏകദേശം 34,000 കോടി രൂപയാണ് ആരോഗ്യ സംരക്ഷണം, സാമ്പത്തിക സേവനങ്ങള്‍, വ്യാവസായിക ഉല്‍പ്പാദനം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഐടി സേവനം തുടങ്ങിയ മേഖലകളില്‍ നിക്ഷേപിച്ചിട്ടുള്ളത്.

പ്ലാന്റ്, ഉപകരണങ്ങള്‍ എന്നിവയിലെ നിക്ഷേപത്തിലൂടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഇന്ത്യന്‍ കമ്പനിയുടെ ശേഷി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. അഡ്വന്റ് ഗ്രൂപ്പുമായുള്ള സഹകരണം വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ സുവന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന് പ്രവര്‍ത്തന മികവ് കൈവരിക്കുന്ന വലിയ പ്ലാറ്റ്‌ഫോം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.  ഉൽപ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യുക, ഇന്ത്യന്‍ കമ്പനിയുടെ പരിസ്ഥിതി- ആരോഗ്യ- സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തുക, നിർവഹണത്തിൽ ആഗോളതലത്തില്‍ മികച്ച സമ്പ്രദായങ്ങളും ഒപ്പം നിലവിലുള്ള പ്രൊഫഷണലുകള്‍ക്ക് മികച്ച പരിശീലന അവസരങ്ങളും കൊണ്ടുവരിക തുടങ്ങിയവയാണ് ലക്ഷ്യം.

വളരെ വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും സാങ്കേതികവിദ്യ, നവീകരണം, വൈദഗ്ധ്യം എന്നിവയിലൂടെ ആഗോളതലത്തില്‍ മികച്ച സമ്പ്രദായങ്ങള്‍ കൊണ്ടുവരുന്നതിനായി ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്കായി നിക്ഷേപക സൗഹൃദമായ നേരിട്ടുള്ള വിദേശ നിക്ഷേപ നയം (എഫ്ഡിഐ) കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കൽ,  മത്സരശേഷി വര്‍ധിപ്പിക്കല്‍, മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള സാധ്യത ഉയര്‍ത്തൽ തുടങ്ങിയവയാണ് മറ്റ് നേട്ടങ്ങള്‍.

നിലവിലുള്ള എഫ്ഡിഐ നയം അനുസരിച്ച്, ഗ്രീന്‍ഫീല്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രോജക്ടുകളില്‍ ഓട്ടോമാറ്റിക് റൂട്ടില്‍ 100% വിദേശ നിക്ഷേപം അനുവദനീയമാണ്. ബ്രൗണ്‍ഫീല്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രോജക്ടുകളില്‍ ഓട്ടോമാറ്റിക് റൂട്ടില്‍ 74% വിദേശ നിക്ഷേപമാണ് അനുവദിച്ചിട്ടുള്ളത്. 74 ശതമാനത്തിന് മുകളില്‍ നിക്ഷേപം സ്വീകരിക്കുന്നതിന് ഗവണ്മെന്റ് അനുമതി ലഭിക്കേണ്ടതുണ്ട്. 2018-19 മുതല്‍ 2022-23 വരെയുള്ള കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 43,713 കോടി രൂപ ആണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയില്‍ വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ 58 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

--NS--


(Release ID: 1957095) Visitor Counter : 109