പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

ആഗോള ജൈവ ഇന്ധന സഖ്യം

Posted On: 11 SEP 2023 12:13PM by PIB Thiruvananthpuram

ന്യൂ ഡൽഹി: സെപ്റ്റംബർ 11, 2023  

ആഗോള ജൈവ ഇന്ധന സഖ്യത്തിലൂടെ (ജിബിഎ) ജൈവ ഇന്ധനങ്ങളുടെ കാര്യത്തില് ഇന്ത്യ ലോകത്തിന് ഒരു പുതിയ പാത തുറന്നു നല്കും എന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ഹര്ദീപ് സിംഗ് പുരി പറഞ്ഞു. സാമൂഹിക മാധ്യമമായ 'X'ൽ നിരവധി പോസ്റ്റുകളിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഈ ശ്രമം ലോകമെമ്പാടും, പെട്രോളിനെയും ഡീസലിനെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് കാരണമാകും.

ജൈവ ഇന്ധനങ്ങള് സ്വീകരിക്കുന്നതിന് ഗവണ്മെന്റുകള്, അന്താരാഷ്ട്ര സംഘടനകള്, വ്യവസായങ്ങള് എന്നിവയുടെ സഖ്യം വികസിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ നേതൃത്വത്തിലുള്ള സംരംഭമാണ് ജിബിഎ. ജൈവ ഇന്ധനങ്ങളുടെ വികസനവും വിന്യാസവും വർദ്ധിപ്പിക്കുന്നതിന് ജൈവ ഇന്ധനങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളെയും ഉൽപാദകരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ സംരംഭം ജൈവ ഇന്ധനങ്ങളെ ഊർജ്ജ പരിവർത്തനത്തിന്റെ അടിസ്ഥാനമായി സ്ഥാപിക്കുകയും തൊഴിലിനും സാമ്പത്തിക വളർച്ചയ്ക്കും സംഭാവന നൽകുകയും ചെയ്യുന്നു.

ജി 20 ഉച്ചകോടിയുടെ ഭാഗമായി ജിബിഎ ആരംഭിച്ചതോടെ ശുദ്ധവും ഹരിതവുമായ ഊർജ്ജത്തിനായുള്ള ലോകത്തിന്റെ അന്വേഷണം ചരിത്രപരമായ വേഗത കൈവരിച്ചതായി ശ്രീ ഹർദീപ് പുരി നിരീക്ഷിച്ചു.

മൂല്യ ശൃംഖലയിലുടനീളം ശേഷി വർദ്ധിപ്പിക്കുന്ന ഉദ്യമങ്ങൾ, ദേശീയ പരിപാടികൾക്കുള്ള സാങ്കേതിക പിന്തുണ, നയ പാഠങ്ങളുടെ പങ്കിടൽ പ്രോത്സാഹിപ്പിക്കൽ എന്നിവയിലൂടെ സുസ്ഥിര ജൈവ ഇന്ധനങ്ങളുടെ ആഗോള വികസനത്തെയും വിന്യാസത്തെയും ജിബിഎ പിന്തുണയ്ക്കും.

വ്യവസായങ്ങള്, രാജ്യങ്ങള്,  പങ്കാളികള് എന്നിവരെ ആവശ്യകത-വിതരണം എന്നിവയുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് സഹായിക്കുന്നതിനും സാങ്കേതിക ദാതാക്കളെ അന്തിമ ഉപയോക്താക്കളുമായി ബന്ധിപ്പിക്കുന്നതിനും ഒരു വെര്ച്വല് വിപണി സമാഹരിക്കാന് ഇത് സഹായിക്കും. ജൈവ ഇന്ധനങ്ങളുടെ വികസനവും വ്യാപാരവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര തലത്തില് അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്, കോഡുകള്, സുസ്ഥിരതാ തത്വങ്ങള്, നിയന്ത്രണങ്ങള് എന്നിവയുടെ വികസനം, സ്വീകാര്യത, നടപ്പാക്കല് എന്നിവയും ഇത് സുഗമമാക്കും.

ഇന്ത്യയുടെ ജി 20 അധ്യക്ഷതയുടെ വ്യക്തമായ ഫലമാണ് ജിബിഎ. ഇത് ആഗോളതലത്തില് ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താന് സഹായിക്കും. മാത്രമല്ല, സഖ്യം സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെ കയറ്റുമതിയുടെയും രൂപത്തിൽ ഇന്ത്യൻ വ്യവസായങ്ങൾക്ക് അധിക അവസരങ്ങൾ നൽകുകയും ചെയ്യും. ഇന്ത്യയുടെ നിലവിലുള്ള ജൈവ ഇന്ധന പദ്ധതികള് ത്വരിതപ്പെടുത്താനും അതുവഴി കര്ഷകരുടെ വരുമാനം വര്ദ്ധിപ്പിക്കാനും തൊഴിലവസരങ്ങള് സൃഷ്ടിക്കാനും ഇന്ത്യന് ആവാസവ്യവസ്ഥയുടെ മൊത്തത്തിലുള്ള വികസനത്തിനും ഇത് സഹായിക്കും.

***


(Release ID: 1956298) Visitor Counter : 131